Sunday, April 12, 2026

 

ഗ്രാജുവേഷൻ ഡേ

(Graduation Day)




 

കഴിഞ്ഞ ശനിയാഴ്ച ഗൗതമിയുടെ 'ഗ്രാജുവേഷൻ ഡേ' ആയിരുന്നു. UKG ബിരുദ ദാന ദിവസം. ഉന്നത വിദ്യാഭ്യാസത്തിനായി ഗൗതമിയും കൂട്ടുകാരും ഇനി വേറെ സ്കൂളിലേക്ക് മാറുകയാണ്. നേരത്തെ ചില സുഹൃത്തുക്കൾ തങ്ങളുടെ പേരക്കുട്ടികളുടെ ബിരുദ ദാന ചടങ്ങിനെക്കുറിച്ച് FB പോസ്റ്റിട്ടതും ചില സ്കൂളുകളുടെ ആഘോഷത്തിന്റെ വിഡിയോകളും കണ്ടതിനാൽ എനിക്ക് ചടങ്ങിലേക്ക് ക്ഷണം കിട്ടിയപ്പോൾ അത്ഭുതമുണ്ടായില്ല. കുട്ടികൾക്ക് ആനന്ദിക്കുവാനും ഓർമ്മിക്കുവാനുമായി ഒരു പുതിയ പരിപാടി കൂടി ആവട്ടെ. വളരെ നല്ലത്.

 

ബിരുദ ധാരികൾ വിരളമായിരുന്ന കാലത്തെ ചിലരുടെ കറുപ്പും വെളുപ്പും ചിത്രങ്ങൾ ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നു. പ്രത്യകതരം ഗൗണും തൊപ്പിയും ഉത്തരീയവും (stole) അണിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റും ചുരുട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ. ഞങ്ങളുടെ തലമുറയ്ക്ക്, ഞങ്ങൾ നേടിയ ബിരുദത്തിന്, അത്തരത്തിലുള്ള ആഘോഷങ്ങൾ പതിവില്ലായിരുന്നു. സുഹൃത്ത് ഹരിയുടെ നിർദ്ദേശപ്രകാരം ഞങ്ങൾ രണ്ടുപേരും ഒരു ദിവസം അതിരാവിലെ ഞങ്ങളുടെ ബിരുദവും തേടി തേഞ്ഞിപ്പാലത്തെത്തി. വെള്ളക്കടലാസിൽ ഒരു അപേക്ഷ സ്വീകരിച്ച ശേഷം വൈകുന്നേരം വന്നു കൊള്ളാൻ ഉത്തരവായി. മറ്റെങ്ങും പോകാനില്ലാത്തതിനാൽ വൃക്ഷങ്ങൾ കുറവായ മൊട്ടക്കുന്നിൽ ഞങ്ങൾ വെയിലും കൊണ്ട് അലഞ്ഞ്ഞ്ഞു തിരിഞ്ഞു. വൈകുന്നേരമായപ്പോൾ സാധനം കയ്യിൽ കിട്ടി; പ്രൊവിഷണൽ സർട്ടിഫിക്കറ്റ്. ഒറിജിനൽ വഴിയേ തപാൽ മാർഗം വീട്ടിലെത്തും. നല്ലവരായ സർവ്വകലാശാലക്കാർ ഞങ്ങളെ ആശ്വസിപ്പിച്ച് യാത്രയാക്കി.

 

ദോഷം പറയരുതല്ലോ, പിന്നീടൊരു ഇടപെടലും തേഞ്ഞിപ്പാലം യാത്രയും ഇല്ലാതെ തന്നെ ഏതാനും ആഴ്ചകൾക്ക് ശേഷം ഒറിജിനൽ സാധനം പോസ്റ്റുമാൻ വീട്ടിൽ കൊണ്ടുവന്നു തന്നു. അങ്ങനെ നോക്കുമ്പോൾ ഞങ്ങളുടെ കോൺവൊക്കേഷൻ നടത്തിയതും ബിരുദം കൺഫെർ ചെയ്തതും എല്ലാം സ്ഥലത്തെ പോസ്റ്റുമാൻ തന്നെ. പുതിയ തലമുറയിലെ UKG ക്കാർ എത്ര ഭാഗ്യവാന്മാർ!

 

ആദ്യമായി ഒരു ബിരുദ ദാന ചടങ് എനിക്ക് കാണുവാൻ സാധിച്ചത് മകന്റെ എംബിബിസ് കോൺവൊക്കേഷൻ ആയിരുന്നു. നിറപ്പകിട്ടാർന്ന ചടങ്. ഒരേ രീതിയിൽ വസ്ത്രധാരണം ചെയ്ത് ഗൗണും തൊപ്പിയും ധരിച്ച നൂറ്റമ്പതോളം യുവ ഡോക്ടർമാർ പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ ഹാളിലേക്ക് വരിവരിയായി കടന്നു വന്നു. പിന്നെ വിശിഷ്ടാതിഥികളിൽ നിന്നും ചുരുട്ടിയ ബിരുദ സർട്ടിഫിക്കറ്റും ഫലകവും സ്വീകരിച്ചു. ഒടുവിൽ സ്റ്റേജിൽ എലാവരും ചേർന്ന് തൊപ്പികൾ ആകാശത്തിന്റെ അനന്തതയിലേക്ക് പറത്തിവിട്ടു. ഹാളിനുള്ളിൽ അവ വവ്വാലുകളെപ്പോലെ പറന്നു നടന്നു. എനിക്കും ഭാര്യയ്ക്കും ഒപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു അസുലഭ മുഹൂർത്തത്തിന് സാക്ഷിയാവാൻ. പിൽക്കാലത്ത് മരുമകളുടെയും മകന്റെ ബിരുദാനന്തര ബിരുദത്തിന്റെയും ചടങ്ങിനും ഞങ്ങൾ സാക്ഷിയായി. എന്റെ അച്ഛനും അമ്മയ്ക്കും അവയിൽ ചിലത് കാണുവാൻ ഭാഗ്യമുണ്ടായില്ല.  മകളുടെ എംബിബിസ് ബിരുദം കോവിടുകാലത്തായതിനാൽ ചടങ് ഉണ്ടായില്ല. മകൾക്ക് അതൊരു വലിയ ദുഖമായിരുന്നു. എന്നാൽ അവളുടെ ബിരുദാനന്തര ബിരുദ ദാന ചടങ് വിഷമം തീർത്തു. മുംബൈയിൽ വലിയ ഒരു ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഞങ്ങളും പങ്കെടുത്തു.

 

സമയമായപ്പോൾ UKG ക്കാർ സംഗീതത്തിന്റെ അകമ്പടിയോടെ ഹാളിലേക്ക് വരിയായി വന്നെത്തി. ഒരേരീതിൽ വസ്ത്രധാരണം ചെയ്ത് ഗൗണും തൊപ്പിയും ധരിച്ച്. എംബിബിസ് കാരുടെ അതേ നിറപ്പകിട്ടോടെ. ഗൗതമിയുടെ മാതാപിതാക്കൾക്കൊപ്പം ഞങ്ങൾ മുത്തശ്ശന്മാരും മുത്തശ്ശിമാരും അവൾ UKG സർട്ടിഫിക്കറ്റും ഫലകവും വാങ്ങുന്നതിന്ന് സാക്ഷികളായി. എന്നെ സംബന്ധിച്ചിടത്തോളം അത് സമയറോക്കറ്റിൽ കയറിയുള്ള  ഒരു യാത്രയായി തോന്നി. പതിനാറോ പതിനേഴോ വർഷങ്ങൾക്ക് അപ്പുറത്തേക്ക്. നിറപ്പകിട്ടാർന്ന ചടങ്ങിൽ യുവതിയായ അവൾ ബിരുദവും ബിരുദാനന്തര ബിരുദവും കൈപ്പറ്റുന്നു. കൂട്ടുകാർക്കൊപ്പം ആഹ്ളാദത്തിമിർപ്പോടെ ഹാറ്റ് വായുവിൽ പറത്തുന്നു…

 

മായക്കാഴ്ചയൊരുക്കിയ സ്കൂളുകാർക്ക് നന്ദി. എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും തുടർന്നും നല്ല വിദ്യാഭ്യാസം ലഭിക്കുമാറാകട്ടെ! അവർ ഉയർന്ന നിലയിലെത്തട്ടെ! കലകളിലും കായിക രംഗത്തും മികവ് പുലർത്തട്ടെ!

 

ആശംസകൾ!

No comments:

Post a Comment