ഉയരങ്ങളിൽ
ചേക്കേറുന്നവർ
കല്ലും കട്ടയും നിറഞ്ഞ മൺറോഡിനു കുറുകെ ഒരു കൊച്ചരുവി മുകളിൽ നിന്നും ഒലിച്ചു വന്ന് താഴോട്ടിറങ്ങുന്നിടത്ത് ബാങ്ക് മാനേജർ ബൈക്ക് നിറുത്തി ചുറ്റിനും നോക്കി. മനുഷ്യ വാസം തീരെ ഇല്ലാത്ത സ്ഥലം. ചുറ്റിനും പശ്ചിമ ഘട്ടം തലയുയർത്തി നിൽക്കുന്നു. സന്ധ്യയാവാറായതു കൊണ്ടാവാം മലനിരകൾക്ക് ഇരുണ്ട നീല നിറമാണ്. പടിഞ്ഞാറു നിന്നും സൂര്യ കിരണങ്ങൾ പതിക്കുന്ന കിഴക്കു വശത്തെ മലകൾക്കു മാത്രം ചെമ്പിന്റെ നിറമാണ്. ഇനിയും എത്ര പോകണമാവോ മേരിയുടെ വീടെത്താൻ. എന്തായാലും ഇനി ഈ കല്ലുകൾക്ക് മുകളിലൂടെ ബൈക്ക് പോകുമെന്ന് തോന്നുന്നില്ല. നടന്നു നോക്കുക തന്നെ. കണ്ണപ്പൻ കുണ്ടിൽ നിന്നും മല കയറി ഇതുവരെ വന്നിട്ട് തന്നെ നടുവൊടിഞ്ഞ പോലെ തോന്നുന്നു. ഇനി ഏതായാലും നിരപ്പായ സ്ഥലമാണ്. വയനാട് റോഡിലെ ലക്കിടിക്കു തുല്യമായ ഉയരത്തിൽ എത്തി എന്ന് തോന്നുന്നു.
ഏറെ നാളായി അയാൾ മേരിയെ അന്വേഷിച്ചു
കൊണ്ടിരിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുന്നേ അവർ ബാങ്കിൽ നിന്നും എടുത്ത ലോണാണ് അടവ് മുടങ്ങി കിട്ടാക്കടമായി കിടക്കുന്നത്. തിരിച്ചടവിനു ഇനിയും സമയം കിട്ടണമെങ്കിൽ
അതിനായുള്ള ഫോറം ഒപ്പിട്ടു വാങ്ങണം. അല്ലെങ്കിൽ ഇപ്പോൾ തന്നെ കോടതിയിൽ
കേസാക്കണം. മറ്റു പോംവഴിയില്ലെങ്കിൽ അത്
ചെയ്യുക തന്നെ. എന്നാലും ബുദ്ധിമുട്ടോർത്ത് ബാങ്ക് മാനേജർ, ( ഇനി നമുക്കിയാളെ സൗകര്യത്തിനായി ബിഎം എന്ന്
ചുരുക്കി വിളിക്കാം ), ഓ കെ, ബി എം, ഒരു അവസാന ശ്രമം
കൂടി നടത്തുവാൻ തീരുമാനിച്ചതായിരുന്നു. ബാങ്കിൽ നിലവിലുള്ള അഡ്രസ്
കണ്ണപ്പൻകുണ്ടിലേതായിരുന്നു. അയച്ച രേജിസ്റെർഡ് നോട്ടീസ് മടങ്ങി വന്നു. കണ്ണപ്പൻ
കുണ്ടിലുള്ള ചില ഇടപാടുകാരോട് അന്വേഷിച്ചു. ആർക്കും വ്യക്തമായി അറിയില്ല. പിന്നീടാണ്
മേരിയുടെ ഫോട്ടോ കാണിച്ച് അങ്ങാടിയിൽ അന്വേഷിച്ചത്. അപ്പോഴാണ് അവർ വീടും സ്ഥലവുമെല്ലാം വിറ്റ്
മലമുകളിലെവിടെയോ സ്ഥലം വാങ്ങി താമസം മാറിയ വിവരം ഒരാൾ പറഞ്ഞ് അറിയുന്നത്. ബി എം അയാളുടെ ജോലിയെ പഴിക്കുന്ന അപൂർവ
അവസരങ്ങളിൽ ഒന്നായിരുന്നു അത്. ഏതായാലും മല കയറി ഒരു ശ്രമം നടത്തുവാൻ തന്നെ അയാൾ
തീരുമാനിക്കുകയായിരുന്നു.
അരുവിയിൽ അവിടവിടെ പൊങ്ങി കിടന്ന കല്ലുകളിൽ
ചവുട്ടി ഷൂ നനയാതെ ഒരു വിധം മറുപുറം കടന്നു. ചക്രങ്ങളുടെ രണ്ടു ചാലൊഴിച്ചാൽ ബാക്കി
മുഴുവനും പുല്ലും കടും കയറി കിടക്കുന്ന വഴി. കാലങ്ങൾക്കു മുൻപ് എന്നെങ്കിലും ഉരുൾ
പൊട്ടി ഒലിച്ചിറങ്ങിയ വഴിയായിരിക്കണം ഇത്.
ഇരു വശത്തുമുള്ള കാടുകളിൽ നിന്നും
പലതരം ജീവികളുടെ ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു.
ചുറ്റിനും മല നിരകൾ ഉയർന്നും താഴ്ന്നും അയാളെ ചൂഴ്ന്നു നിന്നു. കാടിന്റെ
ഗന്ധം ഉള്ളിലേക്കാവാഹിച് അയാൾ നടക്കുവാൻ
തുടങ്ങി.
മുൻപ് ഒരു
ദിവസം എടുത്തുവെച്ചകല്ല് എന്ന സ്ഥലത്ത് ഇതുപോലെ ഒരാവശ്യത്തിന്
പോയതായിരുന്നു. നാലുമണി കഴിഞ്ഞ സമയം. താഴെ അങ്ങാടിയിൽ നിന്നും ദൈനംദിന അവശ്യ സാധനങ്ങളുമായി പ്രായമായവരും സ്കൂൾ വിട്ടു പുസ്തക സഞ്ചിയും തൂക്കി ചെറിയ
കുട്ടികളും മല കയറുന്നത് അയാളെ അമ്പരപ്പിച്ച കാഴ്ചയായിരുന്നു. ഇവിടങ്ങളിൽ താമസമാക്കിയവർക്ക്
പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ...! മല കയറുവാൻ പ്രത്യേക ഗിയറുകളുള്ള ജീപ്പ്
മാത്രമായിരിക്കും ഇത് വഴി വരുന്നത്. താഴെ
കണ്ണപ്പൻകുണ്ടിലെത്തി താമരശ്ശേരിയോ കോഴിക്കോടോ എത്തുമ്പോഴേക്കും.....കഷ്ടം തന്നെ. താഴെ കണ്ണപ്പൻകുണ്ടിൽ ഉള്ള വീട്
വിറ്റ് മേരി എന്തിന് ഇതുപോലൊരെ സ്ഥലത്തു
വന്നു കൂടി? അയാൾക്ക് ആശ്ചര്യം തോന്നി.
താൻ കഷ്ടപ്പെട്ട് ഇത്ര ദൂരം വന്ന് ഇനി കാര്യം നടക്കാതെ വരുമോ? അയാൾ ഭയന്നു. അത്തരം സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. കുറച്ചു ദിവസം മുൻപായിരുന്നു ചാക്കോ എന്ന ഒരാളെ അന്വേഷിച്ചു പോയത്. പോസ്റ്റ് കാർഡ് അയച്ചും രജിസ്റ്റർഡ് കത്തയച്ചും അയാൾ ബാങ്കിൽ വന്നില്ല. അയൽക്കാരോട് വിവരം പറഞ്ഞയച്ചു. എന്നിട്ടും വന്നില്ല. ഒടുവിൽ ബി എം മല (ഈ മലയല്ല, മറ്റൊരു മല) കയറി വീട്ടിൽ ചെന്നപ്പോൾ അയാളില്ലായിരുന്നു.
“അയാളൊരു കുഴപ്പക്കാരനാ സാറെ.
രാവിലെ ആറ് മണിക്ക്
ചെന്നാൽ റബ്ബർ തോട്ടത്തിൽ വെട്ടുന്നുണ്ടാവും. അപ്പോൾ പോയി പിടികൂടാം”. അയാളുടെ
ഒരു അയൽക്കാരനായിരുന്നു ഉപദേശിച്ചു തന്നത്. അങ്ങിനെ ഒരു ഹർത്താൽ ദിവസം അതി രാവിലെ ബി എം പകുതി ദൂരം ബൈക്കിലും ബാക്കി നടന്നും
വീണ്ടും അയാളുടെ വീട്ടിലെത്തി. നേരം വെളുത്തു വരുന്നേയുള്ളൂ. ലുങ്കിയും ബനിയനും
തലയിൽ ലൈറ്റുമായി ചാക്കോ ഒരു മരത്തിൽ നിന്നും അടുത്ത മരത്തിലേക്കു ധൃതിയിൽ
പോവുന്നത് ബി എം വീട്ടു മുറ്റത്തു നിന്ന് കണ്ടു.
"ചേട്ടാ..."
ബി എം വിളിച്ചപ്പോൾ അയാൾ കയറി വന്നു.
ആദ്യമായായിരുന്നു ബി എം അയാളെ കാണുന്നത്. എങ്കിലും ഫോട്ടോ പലവട്ടം
കണ്ടിട്ടുള്ളതിനാൽ മുഖം സുപരിചിതമായിരുന്നു. സ്വയം പരിചയപ്പെടുത്തി ബി എം കാര്യം
പറഞ്ഞു.
" ചേട്ടന് ബാങ്കിലൊരു
ലോണുണ്ടല്ലോ. അതിന്റെ കാലവുധി നീട്ടാനാണ് ഈ കടലാസിലൊന്നു ഒപ്പിട്ടു തരണം." ബി
എം തോൾ ബാഗിൽ നിന്നും ഫോറം എടുത്തു നീട്ടി.
അതി രാവിലെ ഒരു അജ്ഞാത വിരുന്നുകാരനെ കണ്ട
ആകാംക്ഷ അപ്പോഴേക്കും അയാളുടെ മുഖത്ത്
നിന്നും മാറിയിട്ടുണ്ടായിരുന്നു.
"ഇത് എന്നാത്തിനാ..?" അയാളുടെ ശബ്ദത്തിലെ ഗൗരവം ബിഎമ്മിനെ ചെറുതായി ഒന്ന് ഞെട്ടിച്ചു.
"ഇത് ഒപ്പിട്ടു
കിട്ടിയാലേ തിരിച്ചടവിനു ഇനി സമയം കിട്ടുകയുള്ളു. ഇല്ലെങ്കിൽ കേസ് കൊടുക്കേണ്ടിവരും."
ബി എം കഴിയുന്നത്ര ഭവ്യതയോടെയായിരുന്നു പറഞ്ഞത്. എങ്ങിനെയെങ്കിലും കാര്യം
നടക്കേണ്ടേ...
" റബറിന്റെ
വിലയെല്ലാം സാറിനറിയാലോ. അടക്കാനൊന്നും
നിവർത്തിയില്ല. വല്യേ കോടീശ്വരന്മാരുടെയെല്ലാം കോടികൾ എഴുതി തള്ളുന്നുണ്ടല്ലോ..
ആദ്യം സാറ് പോയി വിജയ് മല്ലയ്യടെ ഒപ്പു വാങ്ങീട്ടു വാ. എന്നിട്ടു ഞാൻ
ഒപ്പിടാം."
അയാൾ തോട്ടത്തിലേക്ക് ഇറങ്ങി പോയി.
ബി എം കുറച്ചു നേരം തരിച്ചു നിന്നു. പിന്നെ കയറിയ
പോലെ മലയിറങ്ങി. പക്ഷെ കയറുന്നതിനേക്കാൾ കിതപ്പിലായിരുന്നു ഇറക്കം. സാമാന്യം വലിയ തുകയ്ക്കുള്ള
ലോണാണ്. ചാക്കോ ഒപ്പിടാത്ത സ്ഥിതിക്ക് അയാളുടെ
ഓർമ്മ ശരിയാണെങ്കിൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കേസ് കൊടുക്കേണ്ടിവരും.
അതിനുള്ളിൽ മുകളിൽ നിന്നുള്ള അനുമതി വാങ്ങണം,
പേപ്പറുകൾ
വക്കീലിന് കൊടുക്കണം ....ഹർത്താൽ കാരണം
അന്നൊന്നും നടക്കില്ല. പിറ്റേദിവസമാണെങ്കിൽ അയാൾക്കൊരു മുഴുവൻ ദിവസ
മീറ്റിങ്ങുണ്ട്. ഒഴിവാക്കാൻ പറ്റാത്തത്. ഇത്രയും വൈകിച്ചതിനു മേലധികാരിയുടെയും
വക്കീലിന്റെയും എല്ലാം ശകാരം കേൾക്കേണ്ടി വരും;
തീർച്ച! ചാക്കോ ഇന്ന് വരും നാളെ വരും എന്ന്
കാത്തിരുന്നതിന്റെ ഫലം! ഇൻഷുറൻസ്, ഡിജിറ്റൽ ബാങ്കിങ്, ഡെപ്പോസിറ്റ്
തുടങ്ങി മറ്റു ത്രൈമാസിക ബിസിനെസ്സ് ടാർഗെറ്റുകളുടെ പിറകെ പോയി ദിവസങ്ങൾ
കൊഴിഞ്ഞു വീണത് അറിഞ്ഞില്ല. അവയെല്ലാം ചെയ്യിക്കുവാൻ മുകളിൽ ആളുണ്ടായിരുന്നു.സമ്മർദ്ദമുണ്ടായിരുന്നു.
ഇതാവട്ടെ തന്റെ മാത്രം ഉത്തരവാദിത്വവും. തുടർന്ന് ഉറക്കമില്ലാത്ത
രാത്രികളായിരുന്നെങ്കിലും അവസാന ദിവസം ഒരു വിധത്തിൽ കേസ് ഫയൽ ചെയ്യുക തന്നെ ചെയ്തു.
ആലോചനയിൽ മുഴുകി നടക്കുമ്പോൾ പെട്ടെന്നായിരുന്നു
ഉച്ചത്തിൽ ഒരു വന്യ മൃഗത്തിന്റെ ശബ്ദം കേട്ട് അയാൾ ഞെട്ടി തരിച്ചു നിന്നത്. ഇതുവരെ
താൻ കേൾക്കാത്ത ശബ്ദം. ജുറാസിക് പാർക്ക്
സിനിമയിലെ ദിനോസറിന്റേത് പോലെ. മുന്നോട്ടു പോണോ പിറകോട്ടു പോണോ എന്നറിയാത്ത അവസ്ഥയിലായി അയാൾ. ഒടുവിൽ മുന്നോട്ടു തന്നെ നീങ്ങി. അല്പം കഴിഞ്ഞ് ദൂരെ നിന്നും ആരൊക്കെയോ
ഉച്ചത്തിൽ സംസാരിക്കുന്ന ശബ്ദങ്ങൾ കേട്ട് തുടങ്ങിയപ്പോൾ അയാൾക്ക് ആശ്വാസമായി.
താമസിയാതെ ദൂരെ പണി പൂർത്തിയാവാത്ത ഒരു വീട് അയാളുടെ ശ്രദ്ധയിൽ പെട്ടു.
വീടിന്റെ മുറ്റത്ത് അഞ്ചാറ് കോഴികൾ
കൊത്തിപ്പെറുക്കി കൊണ്ടിരുന്നു. വീടിനടുത്ത് കെട്ടിയിട്ട രണ്ട് ആടുകൾ മുന്നിൽ തൂക്കിയിട്ട ചെറിയ പ്ലാവിൻ കൊമ്പിൽ
നിന്നും ഇലകൾ ചവച്ചുകൊണ്ടിരുന്നു. ബി എം അടഞ്ഞു കിടക്കുന്ന മര പലകകൾ
ചേർത്തുണ്ടാക്കിയ താത്കാലിക വാതിലിനു നേരെ നോക്കി
അകത്തേക്ക് വിളിച്ചു.
"ഇവിടെ ആരുമില്ലേ ..."
മുഷിഞ്ഞ വീട്ടു
വേഷവുമായി ഒരു മധ്യ
വയസ്ക വാതിൽ തുറന്ന്
പ്രത്യക്ഷപ്പെട്ടു. ഫോട്ടോയിൽ കണ്ടതിലും വളരെ കൂടുതൽ വയസ്സ് തോന്നിച്ചു
മേരിക്ക്. ബി എം സ്വയം പരിചയപ്പെടുത്തി ആവശ്യം പറഞ്ഞു. ഒപ്പിടുവാനായി ഫോറം നീട്ടി.
ഭാഗ്യം. മേരി വിജയ് മല്യയെയും നീരവ് മോദിയെയും പറ്റി കേട്ടിട്ടുള്ളതായി തോന്നിയില്ല.
എന്തിനെന്നു പോലും ചോദിക്കാതെ വീടിന്റെ തിണ്ണയിൽ ഒരു പേപ്പറിന് മുകളിൽ ഫോറം വെച്ച് അവർ ഒപ്പിടുവാൻ തയ്യാറായി. ചൂണ്ടി കാണിച്ച ഇടങ്ങളിൽ
വിറയാർന്ന കയ്യോടെ മലയാളത്തിൽ മേരി എന്നെഴുതി 'രി' യുടെ വള്ളിയ്ക്കു മുകളിൽ ലൈറ്റനിംഗ് കണ്ടക്ടർ പോലെ
ഒരു കുരിശും വരച്ചതോടു കൂടി ബി എമ്മിന്
ശ്വാസം നേരെ വീണു.
" എന്താ കണ്ണപ്പൻകുണ്ടിൽ
നിന്നും ഇങ്ങോട്ടു പോന്നത്?" അയാൾ ചോദിച്ചു.
"മോക്കടെ
കല്യാണത്തിന് കുറെ രൂപ വേണാരുന്നു. അതാ ആ വസ്തു വിറ്റ് കുറഞ്ഞ വിലയ്ക്ക് ഇവിടെ വസ്തു വാങ്ങിയേ. പക്ഷെ വീട് പണി എല്ലാം
തുടങ്ങിയപ്പോഴേക്കും മിച്ചം വന്ന കാശു തീർന്നു,"
" ലോൺ കുറെ
കാലമായില്ലേ. പലിശയടച്ചു പുതുക്കാൻ നോക്കിക്കൂടെ? ഇനി അധികം
വെച്ചിരിക്കാൻ പറ്റില്ല ". അയാൾ പറഞ്ഞു.
"വരുമാനം ഒന്നും
ഇല്ല സാറെ. ചേട്ടനാണേൽ ഇപ്പോൾ അസുഖം കാരണം പണിക്കുപോകാൻ മേലാ. നോക്കട്ട്. സാറിന്
കട്ടൻ എടുക്കട്ടേ?"
അയാൾ വേണ്ടെന്നു പറഞ്ഞു. നേരം ഇരുട്ടി
തുടങ്ങിയിരുന്നു. മല മുകളിൽ എപ്പോൾ വേണമെങ്കിലും മഴയും തുടങ്ങാം. തിരിച്ചു പോകേണ്ട
വഴി ആലോചിച്ചപ്പോൾ അയാളിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉയർന്നു. അപ്പോൾ നേരത്തെ
കേട്ട ദിനോസറിന്റെ ശബ്ദം വീണ്ടും വളരെ അടുത്ത് നിന്നും ഉയർന്നു പൊങ്ങി. അയാളുടെ പരിഭ്രമം കണ്ടിട്ടാവണം
മേരി പറഞ്ഞു:
" അത് പന്നിയാണ് സാറെ. അപ്പുറത് ഒരു ചേട്ടൻ പന്നി
വളർത്തുന്നുണ്ട്."
ആശ്വാസത്തോടെ അയാൾ ഇറങ്ങി. ഇരുൾ വീണ ദുർഘട വഴി
അയാൾക്ക് മുന്നിൽ നീണ്ടു കിടന്നു.

Good narration.
ReplyDeleteബാങ്ക് മാനേജർമാർ , ലോൺ ഓഫീസർമാർ സ്ഥിരം അനുഭവം.അന്വേഷിച്ച ആൾ തന്നെ അത് അപ്പുറത്തെ വീട്ടിലെ ആളാണെന്ന് പറഞ്ഞു അപ്രത്യക്ഷമായ അനുഭവം ഉണ്ട്.വിജയ് മല്ലിയക്കും നീരവ് മോഡിക്കും ഉള്ള ആരാധകരെ കണ്ട് ഞെട്ടി പോകുന്ന അനുഭവങ്ങൾ. പിന്നാലെ ഭീഷണികളും. എന്നാല് വീട്ടിലെ പരിതസ്തികൽ കണ്ട് സ്വന്തം കയ്യിൽ നിന്ന് കാശു കൊടുത്തു മരുന്ന് മേടിക്കാൻ പറഞ്ഞ അനുഭവവും ഉണ്ട്.
ReplyDeleteഅതേ. എല്ലാ ബാങ്കുകാർക്കും ഇതുപോലെയുള്ള നിരവധി അനുഭവങ്ങൾ ഉണ്ടാവും.
ReplyDeleteThank you.
Interesting experience
ReplyDeleteപുറമെ നിന്നു നോക്കുന്നവർക്ക് BM വലിയ പദവി തന്നെ. യഥാർത്ഥ BMന്റെ ആകുലത കൾ വരച്ചു കാട്ടിയ എഴുത്ത്. വളരെ നന്നാ
ReplyDeleteയിട്ടുണ്ട്
പുറമെ നിന്നു നോക്കുന്നവർക്ക് BM വലിയ പദവി തന്നെ. യഥാർത്ഥ BMന്റെ ആകുലത കൾ വരച്ചു കാട്ടിയ എഴുത്ത്. വളരെ നന്നാ
ReplyDeleteയിട്ടുണ്ട്
Too good Sasietta..
ReplyDelete