Thursday, June 10, 2021

 

ഓസ്കാർ വസന്തം – 2021

(Another Round - Film Review)

 Spoiler Alert: Contains part of the film story


Picture courtesy


2021 ലെ അക്കാദമി അവാർഡുകൾക്കായി നോമിനേറ്റ് ചെയ്യപ്പെട്ടവയും വിവിധ ഇനങ്ങളിൽ പുരസ്‌കാരം ലഭിച്ചവയുമായ ചിത്രങ്ങളുടെ വസന്ത കാലം ഇതാ വന്നെത്തിയിരിക്കുന്നു, ഓ ടി ടി പ്ലാറ്റുഫോമുകളിൽ. സിനിമ കാണുവാനായി തീയേറ്ററുകളെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് സിനിമ പ്രേമികൾക്ക് ഈ സിനിമകൾ പലതും കാണുവാൻ അവസരം ലഭിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി എല്ലാവർക്കും മികച്ച വിദേശ ചിത്രങ്ങൾ ഈ പ്ലാറ്റുഫോമുകളിലൂടെ കണ്ട് ആസ്വദിക്കാം - ആസ്വാദനം തിയേറ്ററിലേതിനോളം വരില്ലെങ്കിലും.


Another Round

 

Picture courtesy


മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അക്കാദമി അവാർഡ് ലഭിച്ച ഡാനിഷ് ചിത്രമാണ് "അനദർ റൌണ്ട്". സംവിധായകനായ തോമസ് വിന്റർബെർഗ് മികച്ച സംവിധായകനായി നോമിനേറ്റ് ചെയ്യപ്പെട്ടുവെങ്കിലും പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായില്ല. ചിത്രത്തിന്റെ രചനയിലും അദ്ദേഹം പങ്കാളിയാണ്.

മാർട്ടിൻ, പീറ്റർ, ടോമി, നിക്കോളാജ് എന്ന നാലു സുഹൃത്തുക്കൾ ഒരേ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരാണ്. അവർക്ക് ജോലിയും കുടുംബജീവിതവും ഒരുപോലെ വിരസമാവുന്ന ഒരു ഘട്ടത്തിലാണ് സിനിമ തുടങ്ങുന്നത്. ഒരു ഒത്തുചേരലിനിടെ അവർ, ഫിൻ സ്കാഡറൂദ് ( Finn Skarderude) എന്ന ഒരു സൈക്കാട്രിസ്റ്റിന്റെ, മനുഷ്യ രക്തത്തിലെ മദ്യത്തിന്റെ  അളവിനെ പറ്റിയുള്ള ഒരു നിരീക്ഷണം  ചർച്ചചെയ്യുന്നു.  രക്തത്തിൽ 0.05 ശതമാനം ആൽക്കഹോൾ നില നിർത്താനായാൽ ( Blood Alcohol Content – BAC ) അത് മനുഷ്യരെ കൂടുതൽ ക്രിയാത്മകമാക്കും എന്നും അവരുടെ മനസ്സിനെ ശാന്തമാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തിയറി. പൊതുവെ അവരാരും അതിനോട് യോജിക്കുന്നില്ലെങ്കിലും മാർട്ടിൻ രഹസ്യമായി അതൊന്നു പരീക്ഷിക്കുവാൻ തന്നെ തീരുമാനിക്കുന്നു. തന്റെ ക്ലാസുകൾ വേണ്ടത്ര നിലവാരം പുലർത്തുന്നില്ലെന്നും പരീക്ഷക്ക് ഉപകാരപ്രദമല്ലെന്നും കുട്ടികളും രക്ഷിതാക്കളും പരാതിയുയർത്തിയതും വീട്ടിൽ ഭാര്യയുമായുള്ള മാനസിക അകൽച്ചയും അയാളെ വല്ലാത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.

രാവിലെ  രഹസ്യമായി മദ്യപിച്ച്  ശ്വാസം ബ്രീത് അനലൈസറിൽ പരിശോധിച്ച് BAC 0.05% ആണെന്ന് ഉറപ്പുവരുത്തിയാണ് അയാൾ ക്ലാസ്സിൽ കയറുന്നത്.  അത്ഭുതമെന്നു പറയട്ടെ എന്നയാൾക്ക് മുന്പില്ലാത്ത വിധം വിദ്യാർത്ഥികളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റുന്ന വിധത്തിൽ ക്ലാസ്സെടുക്കുവാനായി.  ഈ വിവരം അറിഞ്ഞതോടെ  മറ്റു മൂന്നു പേരും ജോലിക്കു മുൻപ് മദ്യപിക്കുന്ന പരീക്ഷണത്തിനൊരുങ്ങി. അങ്ങിനെ അവർ നാലു പേരും സൈക്കാട്രിസ്റ്റിന്റെ തിയറിയിൽ വിജയം കണ്ടു. മാത്രവുമല്ല അവരുടെ കുടുംബ  ഇടപെടലുകളും സ്നേഹ ബന്ധവും എല്ലാം വളരെയധികം മെച്ചപ്പെട്ടു. ഒന്നാം ഘട്ടം ബി എ സി 0.05% പരീക്ഷണം വിജയമായതോടെ അവർ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ബി എ സി 0.10% ആയി ഉയർത്തിയായിരുന്നു പരീക്ഷണം. ഇത് കൂടുതൽ ഫലപ്രദമാണെന്നായിരുന്നു എല്ലാവരുടെയും അനുഭവം.  വര്ഷങ്ങള്ക്കു ശേഷം മാർട്ടിനും കുടുംബവും പിക്നിക്കിനു പോയി. ഇത്രയൂം കാലം തങ്ങൾ ജീവിതം ശരിക്കും ആസ്വദിക്കാതെ വെറുതെ പാഴാക്കിയല്ലോ എന്ന് അയാളും ഭാര്യയും പരിതപിച്ചു.

എന്നാൽ ഇതോടൊപ്പം തന്നെ മറ്റു ചില പ്രശ്നങ്ങളും ഉയർന്നു വരുന്നുണ്ടായിരുന്നു. സ്കൂളിൽ പലയിടത്തുനിന്നും  ഒഴിഞ്ഞ  മദ്യ കുപ്പികൾ കണ്ടെടുത്തത് വലിയ പ്രശ്നമായി. ടോമി തികച്ചും മദ്യപാനിയായി മാറിപ്പോയി. എല്ലാവർക്കും മദ്യാസക്തി കൂടുകതന്നെയായിരുന്നു. ഒരുദിവസം നിക്കോളാജിന്റെ പിറന്നാൾ പാർട്ടിയിൽ അവർ ബോധം നഷ്ടപ്പെടുന്നതുവരെ മദ്യപിക്കുവാൻ തീരുമാനിക്കുന്നു. ആദ്യം നിരസിക്കുന്നുണ്ടെങ്കിലും മാർട്ടിനും ആ പ്രലോഭനം ചെറുക്കുവാൻ ആകുന്നില്ല. അതോടെ അവരുടെയെല്ലാം ജീവിതങ്ങൾ ദുരന്തത്തിലേക്ക് നീങ്ങുന്നതാണ്  നാം പിന്നീട് കാണുന്നത്. ടോമിയുടെയും മാർട്ടിന്റെയും കഥയിൽ പലതും പ്രേകഷകരുടെ ഭാവനക്ക് വിട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.  

തുടക്കത്തിൽ നിരുപദ്രവകാരിയായി തോന്നുന്ന മദ്യപാനം ക്രമേണ എങ്ങിനെ മദ്യപന്മാരുടെയും കുടുംബങ്ങളുടെയും ദുരന്തത്തിൽ അവസാനിക്കുന്നു എന്ന സോദ്ദേശപരമായ  ഒരു സന്ദേശം ഈ ചിത്രത്തിൽ അടങ്ങിയിരിക്കുന്നു. എന്നാൽ അത് കേവലം ഒരു സാമൂഹ്യ പ്രസക്തിയിൽ ഒതുക്കി ഡോക്യുമെന്ററി തലത്തിലേക്ക് താഴ്ത്താതെ ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകൻ. നാല് അധ്യാപർക്കും ഇടയിലുള്ള സുഹൃദ് ബന്ധം, മാർട്ടിന്റെയും നിക്കോള്ളാജിന്റെയും കുടുംബ ബന്ധങ്ങൾ, ടോമിയും അല്പം അന്തർ മുഖനായ ഒരു വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം, ആത്മ വിശ്വാസമില്ലാത്ത വിദ്യാർത്ഥിയെ പീറ്റർ വിജയത്തിലെത്തിക്കുന്നത് തുടങ്ങി ഒട്ടേറെ രസകരവും വികാരഭരിതവുമായ  രംഗങ്ങൾ കോർത്തിണക്കിയിട്ടുണ്ട് തിരക്കഥയിൽ.   ഡാനിഷ് താരങ്ങൾ എല്ലാവരും തന്നെ നല്ല അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എല്ലാം ഒത്തുചേർന്ന  ഈ ചിത്രം തികച്ചും ആസ്വാദ്യകരം തന്നെ. റിലീസ് ആമസോൺ പ്രൈമിൽ.

(മികച്ച ഛായാഗ്രഹണത്തിനു ഓസ്കാർ നേടിയ “Mank”  എന്ന ചിത്രത്തിന്റെ ആസ്വാദനം,  പിറകെ).

4 comments:

  1. havent seen the movie yet, but the narrative is good. we do get an idea of what we are in for. keep going.

    ReplyDelete
  2. After reading your review, I am now planning to watch this movie

    ReplyDelete
  3. Good interesting movie. Please do watch.
    Thank you.

    ReplyDelete