Sunday, June 27, 2021

MINARI

(ഓസ്കാർ വസന്തം2021)

Spoiler Alert: Contains part of the film story.








Poster courtesy


2021 ലെ മികച്ച സഹ നടിക്കുള്ള ഓസ്കാർ അവാർഡ്  ലഭിച്ചത്  യൂൻ യുജുങിനായിരുന്നു. ( Youn Yuh-Jung ) . ' മിനാരി ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഒരു കുടുംബത്തിന്റെ കഥയാണ് മിനാരി എന്ന ചിത്രം പറയുന്നത്. ലീ ഐസക് ചുങ്  (Lee Isaac Chung ) ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1980 കളിൽ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത അദ്ദേഹത്തിന്റെ ആത്മകഥാപരമായ ചിത്രമാണ് ഇതെന്നും പറയാം. മികച്ച ചിത്രത്തിനും, സംവിധായകനും, നടനും അടക്കം പല നോമിനേഷൻസ് ഉണ്ടായെങ്കിലും സഹ നടിക്കുള്ള ഓസ്കാർ മാത്രമാണ് മിനാരിക്ക്  ലഭിച്ചത്.

ജേക്കബ് യിയും കുടുംബവും കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്  ഒരുപാട് ജീവിത സ്വപ്നങ്ങളുമായായിരുന്നു. എന്നാൽ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗ നിർണയം നടത്തി കിട്ടുന്ന തുച്ഛ വരുമാനം അവരെ സാമ്പത്തിക  വിഷമതകളിലാഴ്ത്തി. അങ്ങിനെ ജേക്കബ്  സൗകര്യങ്ങൾ കുറവായ അർകാൻസസ്‌ ഗ്രാമീണ മേഖലയിൽ ചുരുങ്ങിയ വിലക്ക് ഭൂമിയും വീടും വാങ്ങി കുടുംബ സമേതം അങ്ങോട്ടേക്ക് താമസം മാറി. ഭാര്യ മോണിക്ക, മകൻ ഡേവിഡ്, മകൾ ആനി എന്നിവർ ഉൾപ്പെട്ടതാണ് കുടുംബം. മോണിക്കക്ക് സൗകര്യങ്ങൾ  കുറഞ്ഞ വീടും സ്ഥലവും തീരെ ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല ഹൃദയത്തിന് അല്പം തകരാറുള്ള ഡേവിഡിന് പെട്ടന്ന് വൈദ്യ സഹായം ലഭിക്കുവാൻ സൗകര്യമില്ലാത്തതും മോണിക്കക്ക് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കൊറിയയിൽ നിന്നും വർഷം തോറും കുടിയേറുന്ന പതിനായിരക്കണക്കിന് ആളുകൾക്ക്  ആവശ്യമുള്ള കൊറിയൻ പച്ചക്കറി തന്റെ ഫാർമിൽ   വിളയിച്ചെടുക്കുന്നത്  നല്ലൊരു വരുമാന മാർഗമായി ജേക്കബ് കണക്കു കൂട്ടി. അടുത്തുള്ള ഹാച്ചറിയിൽ മോണിക്ക ജോലിക്കു പോയപ്പോൾ അയാൾ ഫാർമിൽ ജോലി ചെയ്‌തു. കുട്ടികൾക്ക് കൂട്ടായി മോണിക്കയുടെ 'അമ്മ സൂൻ ജയേയും അമേരിക്കയിലേക്ക് വരുത്തി.

അമേരിക്കൻ ജീവിത   രീതി വശമില്ലാത്ത മുത്തശ്ശിയെ ആദ്യമാദ്യം ഡേവിഡ് ഇഷ്ടപ്പെടുന്നില്ല. എന്നാൽ ക്രമേണ അവർ കുട്ടികളുടെ സ്‌നേഹം പിടിച്ചു പറ്റുന്നു. ഫാർമിലും അതിനടുത്തുള്ള തൊട്ടിലുമെല്ലാം അവരെയും കൂട്ടി ചുറ്റി നടക്കുന്ന മുത്തശ്ശി, തോട്ടിൻ കരയിൽ പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ച് താൻ കൊറിയയിൽ നിന്നും വരുമ്പോൾ കൊണ്ടുവന്ന മിനാരിയുടെ വിത്തുകൾ പാവുന്നു. കൊറിയൻ ജനത ഭക്ഷണത്തിനും മരുന്നിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് മിനാരി. നമ്മുടെ ചീര പോലെ. മിനാരിയുടെ ഗുണഗണങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട് , മുത്തശ്ശി.

അർകാൻസസിലെ ജീവിതം ജേക്കബിനും  കുടുംബത്തിനും അത്ര പ്രശ്ന രഹിതമായിരുന്നില്ല. അവർ കുഴിച്ച കിണറിലെ വെള്ളം വറ്റിപ്പോയി. വിളവെടുപ്പ് കഴിഞ്ഞ സമയത്ത്   വാങ്ങാമെന്ന് ഏറ്റവർ ഓർഡർ ക്യാൻസൽ ചെയ്തു. മുത്തശ്ശിയാവട്ടെ സ്ട്രോക്ക് വന്ന് തളർന്നു പോയി. ആശുപത്രി ചികിത്സക്ക് ശേഷം അവർ കഷ്ടിച്ചു നടക്കാൻ തുടങ്ങുന്നുണ്ട്.  ജേക്കബിന്റെ ഫാം ജോലിക്കാരനായ പോൾ ഈ സമയത്തെല്ലാം  അയാൾക്ക്  മാനസികമായി ധൈര്യം കൊടുക്കുന്നുണ്ട്.  എങ്കിലും ഈ കഷ്ടപ്പാടുകളെല്ലാം ജേക്കബ് മോണിക്ക ദമ്പതിമാരുടെ ജീവിതത്തിൽ വിള്ളൽ വീഴ്ത്തുന്നുണ്ട്.

ഒരു ദിവസം ജേക്കബും കുടുംബവും മുത്തശ്ശിയെ വീട്ടിൽ തനിച്ചാക്കി നഗരത്തിലേക്ക് യാത്രയാവുന്നു. ഡേവിഡിനെ ഡോക്ടറെ കാണിക്കുക, ജേക്കബിന്റെ പച്ചക്കറിക്ക് പുതിയ വിപണി കണ്ടെത്തുക എന്നിവയായിരുന്നു യാത്രയുടെ ഉദ്ദേശം. ഡേവിഡിന്റെ ഹൃദയത്തിന്റെ പ്രശ്‌നം അവൻ വലുതാവുന്നതിനനുസരിച് സ്വയം ശരിയാവുന്നുണ്ട് എന്നത് മോണിക്കക്ക് വളരെ ആശ്വാസമാവുന്നു. പുതിയ ഒരു വ്യാപാരി പച്ചക്കറി എടുക്കാമെന്ന് പറഞ്ഞത് ജേക്കബിനും ആശ്വാസമാവുന്നുണ്ട്. എന്നിരുന്നാലും ജേക്കബ് കുടുംബത്തേക്കാളേറെ ഫാർമിംഗിന് മുൻ‌തൂക്കം കൊടുക്കുന്നു എന്നത് അവരുടെ കുടുംബ ജീവിതം തകർച്ചയുടെ വക്കിലെത്തിക്കുന്നു.  തിരിച്ചു വീട്ടിലേക്ക് പോകുന്ന അവരെ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു.

അതീവ ലളിത സുന്ദരമായ ഈ ചിത്രത്തിൽ രസകരവും ഉദ്വേഗ ജനകവുമായ നിരവധി മുഹൂർത്തങ്ങളുണ്ട്. അരപ്പിരി ഇളകിയ  ഫാം ജോലിക്കാരൻ പോൾ ചിത്രത്തിലുടനീളം നർമം വിതറുന്നു. ഡേവിഡിന്റേയും മുത്തശ്ശിയുടെയും അസുഖങ്ങൾ നൊമ്പരങ്ങളും. എങ്കിലും എടുത്തുപറയേണ്ടത് യുൻ യൂജംഗിന്റെ അഭിനയം തന്നെ.

ഏതു പ്രതികൂല ചുറ്റുപാടിലും തഴച്ചു വളരുന്ന മിനാരിയെ  സംവിധായകൻ പറിച്ചു നടപ്പെട്ട ജേക്കബിന്റെ കുടുംബത്തിന്റെ  കഥ പറയുവാൻ നല്ലൊരു പ്രതീകമായി ഉപയോഗിച്ചിരിക്കുന്നു. ലളിത സാധാരണമായ ഒരു കഥ പറയുന്ന ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തുന്നതും ഈ പ്രതീകം തന്നെ.


2 comments:

  1. കാണാൻ ശ്രമിക്കാം.ശശിയുടെ വിവരണം അതിനു ആക്കം കൂട്ടി തരട്ടെ.

    ReplyDelete