The Father
(ഓസ്കാർ വസന്തം2021)
(Spoiler alert: Contains the film story)
2021 ലെ മികച്ച ആക്ടർക്കുള്ള ഓസ്കാർ അവാർഡ് ആന്റണി ഹോപ്പ്കിൻസിനു നേടിക്കൊടുത്ത
ചിത്രമാണ് "The Father".
മികച്ച തിരക്കഥക്കുള്ള (Adapted screen play) ഓസ്കാർ അവാർഡും ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി. Lionsgate
play എന്ന OTT പ്ലാറ്റ് ഫോമിലൂടെ ഈ മികച്ച ചിത്രം ഇപ്പോൾ കാണാവുന്നതാണ്.
ആന്റണി
എന്ന കഥാപാത്രത്തിലൂടെ വാർദ്ധക്യത്തെ അതിന്റെ എല്ലാ വിഹ്വലതകളോടും കൂടി, അത്യന്തം
ഹൃദയസ്പർശിയായ വിധത്തിൽ ഈ ചിത്രം അവതരിപ്പിക്കുന്നു. ഡിമെൻഷ്യ (dementia) എന്ന മറവി രോഗത്തിന് അടിമപ്പെട്ട ആന്റണി തന്നെ
ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ട ഏൻജലിനെ വിരട്ടി ഓടിക്കുന്നു. ഇതിന്റെ പേരിൽ കുറ്റപ്പെടുത്തിയ മൂത്ത മകൾ ആനിനോട്
അയാൾ തനിക്കു തന്റെ കാര്യങ്ങൾ ഒറ്റക്ക് നോക്കാനാവുമെന്നും മറ്റൊരാളുടെ
ആവശ്യമില്ലെന്നും ശഠിക്കുന്നു. ആൻ, താൻ പോൾ എന്ന
ഒരാളെ കണ്ടുമുട്ടിയെന്നും അയാളോടൊത്ത് ജീവിക്കുവാൻ പാരീസിൽ പോകണമെന്നും ആഗ്രഹം
പ്രകടിപ്പിക്കുന്നു. പിന്നെ താൻ എങ്ങിനെ ഒറ്റക്ക് ഇംഗ്ലണ്ടിൽ കഴിയും എന്ന് അയാൾ
ദുഖത്തോടെ ചോദിക്കുന്നു. ആനിനും ഇത് വളരെ ദുഖകരമായ സംഗതി തന്നെയാണ്. എന്നാൽ പോളിന്
ആന്റണിയോട് തീരെ സഹതാപം ഇല്ല. ഇറ്റലിയിൽ
ഒഴിവുകാലം ആസ്വദിക്കാൻ തീരുമാനിച്ച അവർക്ക് ആന്റണി നഴ്സിനെ പറഞ്ഞയച്ചത് കാരണം അത്
മുടക്കേണ്ടി വന്നു. ആന്റണി എല്ലാം
കരുതിക്കൂട്ടി കാണിക്കുകയാണെന്നും ആനിന്റെ കഷ്ടപ്പാടുകൾക്ക് കാരണം അയാളാണെന്നും പോൾ
കുറ്റപ്പെടുത്തുന്നു. ഒട്ടും തന്നെ സഹാനുഭൂതിയില്ലാതെയാണ് അയാൾ രോഗിയായ അന്റോണിയോട്
പെരുമാറുന്നത്. രണ്ടു വ്യത്യസ്ത അഭിനേതാക്കളിലൂടെ, ഭ്രമാത്മകമായ രീതിയിലാണ് പോളിനെ ചിത്രത്തിൽ
അവതരിപ്പിച്ചിരിക്കുന്നത്.
ആന്റണിയാവട്ടെ മകൾ പോളിനോട് ചേർന്ന് തന്റെ
ഫ്ലാറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും
വരുന്ന ഓർമകൾക്കിടയിൽ അയാൾ ആക്‌സിഡന്റിൽ മരിച്ചു പോയ, തനിക്കു പ്രിയപ്പെട്ട, ചെറിയ മകൾ ലൂസിയെ പലപ്പോഴും ഓർക്കുന്നുണ്ട്; അവൾ മരിച്ചുപോയതോർക്കാതെ. തന്നെ
ശുശ്രൂഷിക്കുവാനായി ആൻ കൊണ്ടുവരുന്ന പുതിയ നേഴ്സിന് ലൂസിയുടെ ഛായ ഉള്ളതായി
അയാൾക്ക് തോന്നുന്നു. വീട്ടിൽ നടക്കുന്ന
കാര്യങ്ങൾ, മകൾ പറയുന്ന കാര്യങ്ങൾ, പോളിന്റെ ക്രൂരമായ
പെരുമാറ്റം, ലൂസിയുടെ തിരോധാനം, പോൾ തന്നെ എന്നവകാശപ്പെടുന്ന ഒരു അപരിചിതന്റെ വീട്ടിലെ സാന്നിധ്യം എല്ലാം അയാളുടെ
ആശയക്കുഴപ്പങ്ങൾ വർധിപ്പിക്കുന്നു. ഒന്നും ചേരും പടി ചേർക്കാൻ അയാളുടെ ഓർമകൾക്കോ
ബോധ തലങ്ങൾക്കോ ആവുന്നില്ല. ഒടുവിൽ പോളിന്റെ നിർബന്ധപ്രകാരം ആൻ അച്ഛനെ ഒരു നഴ്സിംഗ് ഹോമിൽ കൊണ്ടുപോയാക്കുന്നു.
കാലക്രമമില്ലാതെ
ഇടകലർന്നു വരുന്ന ആന്റണിയുടെ ഓർമ്മകൾക്കനുസരിച്ചാണ് സംവിധായകനായ ഫ്ലോറിയൻ സല്ലറും (Florian Zeller) ക്രിസ്റ്റഫർ ഹാംപ്‌റ്റനും (Christopher Hampton) ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആന്റണിയുടെ വിഭ്രമാത്മകത പ്രേക്ഷകരിലേക്കും പകർന്നു കിട്ടുന്നു. ഡിമെൻഷ്യ രോഗം മൂർഛിക്കുന്നതിനനുസരിച് ഓർമ്മകൾ ക്രമേണ
വിട്ടകന്ന് നിസ്സഹായനായിത്തീരുന്ന മനുഷ്യന്റെ അവസ്ഥ ഭയാനകം തന്നെ. പോയ വഴിയെല്ലാം
തിരിഞ്ഞു നടക്കുന്ന ജീവിത യാത്രയിൽ ആന്റണി അയാളുടെ ബാല്യത്തിലെത്തിച്ചേരുന്നുണ്ട് . “എന്റെ ഇലകളും
ശാഖകളും കാറ്റും വെയിലുമെല്ലാം നഷ്ടപ്പെട്ടു; മമ്മീ, എന്നെ ഇവിടേ നിന്നും കൊണ്ട് പോകൂ” എന്ന് കൊച്ചു കുട്ടിയെപ്പോലെ വിലപിക്കുന്ന, നഴ്സിന്റെ മാറിൽ കരഞ്ഞുറങ്ങുന്ന ആന്റണിയുടെ ചിത്രം
ഹൃദയ സ്പർശിയാണ്. ആ കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി ഹോപ്‌കിൻസ് തന്റെ എണ്പത്തിമൂന്നാം വയസ്സിൽ
അദ്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അദ്ദേഹം തന്റെ അഭിനയ ജീവിതത്തിലെ
രണ്ടാം ഓസ്കാർ പുരസ്‌കാരത്തിന് തികച്ചും അർഹൻ തന്നെ.
ഭർത്താവുമൊത്തുള്ള
പുതിയ ജീവിതത്തിനും അച്ഛനോടുള്ള സ്നേഹത്തിനും ഇടയിൽ പെട്ടുഴലുന്ന ആനിന്റെ
ധർമ്മസങ്കടം ഒളീവിയ കോൾമാൻ ആവിസ്മരണീയമാക്കി. പോൾ അച്ഛനോട് ക്രൂരമായി
പെരുമാറുമ്പോഴും, അച്ഛൻ തന്റെ ഫ്ലാറ്റ് സ്വന്തമാക്കാനുള്ള, സത്യമല്ലാത്ത പ്ലാനിനെ പറ്റിപറയുമ്പോഴും, ലൂസിയെക്കുറിച്ച് പറയുമ്പോഴുമെല്ലാം ആ
അഭിനേത്രിയുടെ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങൾ ഗംഭീരം. മറ്റു അഭിനേതാക്കളും കാഴ്ചവെച്ചത് മികച്ച പ്രകടനം
തന്നെ. ചിത്രത്തിന്റെ ഛായാഗ്രഹണവും വളരെ മികച്ച നിലവാരം പുലർത്തുന്നു. ഇരുളും
വെളിച്ചവും ക്രമീകരിച്ച് ശ്രദ്ധാ പൂർവം
ചെയ്ത ഓരോ രംഗവും അതി മനോഹരം എന്നെ പറയാവൂ. മികച്ച സംവിധാനവും പശ്ചാത്തല സംഗീതവും എല്ലാം ചേർന്ന് സിനിമാപ്രേമികൾക്ക്
ഒഴിവാക്കാൻ പറ്റാത്ത ഒരു ദൃശ്യാനുഭവം തന്നെ ആണ് ഈ ചിത്രം.
Interesting review.Compelling to watch the movie
ReplyDeleteA must see film.
DeleteThank you.
Brilliant review!
ReplyDelete