Friday, March 18, 2022

 

ഒരു വൃക്ഷത്തിന്റെ പുനർജ്ജന്മം


ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ രണ്ട് വലിയ അശോക മരങ്ങളുണ്ടായിരുന്നു (Saraca asoca). വടക്കേ പടിപ്പുരയിലൂടെ വീട്ടിലേക്കു കയറുന്ന വഴിയരികിലായിരുന്നു ആ മരങ്ങൾ. വഴിയിലേക്ക് പടർന്നു നിന്ന അവയുടെ ശിഖരങ്ങൾക്കു താഴെയായിരുന്നു മകരം കുംഭം മാസങ്ങളിൽ നെല്ല് പുഴുങ്ങിയത്. മൂന്നു കരിങ്കല്ലുകൾ വെച്ച് മണ്ണ് മെഴുകി രണ്ട് അടുപ്പുകൾ കൂട്ടും. അവയിൽ ഒരു വലിയ വട്ട ചെമ്പും ഒരു കുണ്ടൻചെമ്പും കയറ്റി വെക്കും, നെല്ല് പുഴുങ്ങാൻ. അതിന്ന് ഏതാനും ദിവസം മുമ്പ് തന്നെ  മാക്കുട്ടി  വന്ന് ആ ചെമ്പുകളിൽ ഈയം പൂശിയിട്ടുണ്ടാവും. അതോടെ വെള്ളം നിറക്കുമ്പോൾ ചെമ്പുകളുടെ ഉൾവശം വെള്ളി പോലെ വെട്ടി തിളങ്ങും. അടുപ്പുകളിൽ കത്തുന്ന വലിയ മരക്കൊള്ളികൾ വമിക്കുന്ന പുക അശോകത്തിന്റെ ചില്ലകൾ ഏറ്റുവാങ്ങും. ഈ ധൂമ പാനം കൊണ്ട് ഉത്തേജിതരായിട്ടാണോ എന്നറിയില്ല, നെല്ല് വെക്കൽ പരിപാടി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടു മരങ്ങളും പൂത്തുലയും. തെച്ചിപ്പൂവിനോട് സാദൃശ്യമുള്ള കാവി കലർന്ന മഞ്ഞ പൂക്കളും മൊട്ടുകളും കുലകളായി മരത്തിന്റെ തടിയിലും ശിഖരങ്ങളിലും പറ്റിപ്പിടിച്ചിരിക്കും. പൂക്കളുടെ ചുവന്നു നീണ്ട മീശ രോമങ്ങൾ എഴുന്നു നിൽക്കും.

അങ്ങിനെ ഇരിക്കുമ്പോഴായിരുന്നു ഒരു ദിവസം ഒരു അപരിചിതൻ അച്ഛനെ കാണുവാൻ വന്നത്. തൊടിയിൽ അങ്ങുമിങ്ങും നോക്കി മുറ്റത്തു നിന്നും അയാൾ വിളിച്ചു ചോദിച്ചു:

" മാഷേ..അശോകത്തിന്റെ തോല് കൊടുക്കുന്നുണ്ടോ ആവോ...?" ഇല്ലെന്ന് അച്ഛൻ വിളിച്ചു പറഞ്ഞു.

"തരക്കേടില്ലാത്ത വിലയുണ്ട് .....കൊടുക്കുണൂച്ചാൽ ഞാൻ എടുക്കാം " അയാൾ വീണ്ടും വിളിച്ചു പറഞ്ഞു.

"ഇല്ല, ഇല്ല...കൊടുക്കുന്നില്ല.." അച്ഛൻ തീർത്തു പറഞ്ഞു.  

അയാൾ ആ മറുപടിയിൽ സന്തുഷ്ടനായി എന്ന് തോന്നിയില്ല. അശോക മരങ്ങളെ  വീണ്ടും വീണ്ടും നോക്കി കുറെ നേരം ചുറ്റി പറ്റി നിന്ന ശേഷം അയാൾ സ്ഥലം വിട്ടു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ഉണർന്നെഴുന്നേറ്റത് ഹൃദയ ഭേദകമായ ആ കാഴ്ചയിലേക്കായിരുന്നു; രണ്ടു മരങ്ങളും തൊലി ഉരിയപ്പെട്ട് വെളുത്തു നീരൊലിച്ച തടിയുമായി നിൽക്കുന്നു! തൊലിയും മാംസവും നഷ്ടപ്പെട്ട് എല്ലു മാത്രമായ കാല് പോലെ.

കൊടുക്കുന്നില്ലെന്നു പറഞ്ഞ ഒരു വൃക്ഷം ബലാൽക്കാരമായി മോഷ്ടിച്ചെടുക്കുന്നത് അതാദ്യമല്ലായിരുന്നു. അതിനും കുറേക്കാലം മുൻപ്  മേലെ തൊടിയിൽ നിന്നിരുന്ന ചന്ദന മരത്തെ (അകിൽ) കച്ചവടക്കാർ അന്വേഷിച്ചു വന്നു.  കൊടുക്കുന്നില്ലെന്നു പറഞ്ഞതിന്റെ മൂന്നാം ദിവസം അത് തൊടിയിൽ വെട്ടിയിട്ട നിലയിൽ കാണപ്പെട്ടു. രാത്രി വെട്ടിക്കഴിഞ്ഞപ്പോഴേക്കും വെളിച്ചമായതു കൊണ്ടോ എന്തോ മോഷ്ടാക്കൾക്ക് മരം കൊണ്ടുപോകുവാൻ സാധിച്ചില്ല.

ക്ഷതം സംഭവിച്ച അശോകങ്ങളുടെ നില ദിവസങ്ങൾ കഴിയും തോറും ഗുരുതരമായി വന്നു. ഉണക്ക് ബാധിച്ച അവ പിന്നെ ഓർമയായി മാറി. 'ദുഖമില്ലായ്മ' എന്ന് അർത്ഥമുള്ള പേരോടുകൂടിയ 'അശോക' മരങ്ങൾ ഞങ്ങൾക്കങ്ങിനെ ഒരു ദുഃഖ സ്‌മൃതിയായി.

അടുത്ത കാലത്താണ് ഓർമ്മ പുതുക്കാനായി അവരുടെ ഒരു പിൻഗാമി മുറ്റത്തിനരികിൽ വളർന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.  മഴക്കാലത്ത് തളിർത്ത അതിന്റെ ഇളം വയലറ്റ് നിറമുള്ള പുത്തൻ ഇലകൾ ഞങ്ങളുടെ ബാല്യകാലത്തെ ഓർമിപ്പിച്ചു. കൂലിപ്പണിക്കാർ അരിയാനികുളത്തിൽ നിന്നും വലിയ കണ്ണൻ മീനുകളെ പിടിച്ച് ചെകിളപ്പൂക്കൾക്കിടയിലൂടെ വാഴ നാരു കടത്തി വായിലൂടെ പുറത്തെടുത്ത് അവയെ മാലപോലെ കോർത്ത് വിൽക്കാൻ കൊണ്ടുപോവുമായിരുന്നു. അതുപോലെ കോമ്പലയായി തൂങ്ങുന്ന അശോകത്തിന്റെ തളിരിലകൾ പൊട്ടിച്ചെടുത്ത് മീൻ വില്പനക്കാരാവുന്നത് കുട്ടിക്കാലത്തെ ഞങ്ങളുടെ ഒരു വിനോദമായിരുന്നു.

നെല്ല് പുഴുങ്ങലിന്റെയും കുത്താൻ മില്ലിലേക്കു കൊണ്ടുപോവുന്നതിന്റെയും കാലം എന്നോ കഴിഞ്ഞുപോയി. എങ്കിലും ധൂമ പാനം ഇല്ലാതെ തന്നെ ഇപ്പോഴിതാ, ദാരുണ അന്ത്യം സംഭവിച്ച അശോക മരങ്ങളുടെ പിന്മുറക്കാരി പുഷ്പിണിയായിരിക്കുന്നു. ഏതാനും പൂക്കളും മൊട്ടുകളും അടങ്ങിയ ഒരു ചെറിയ കുല ഉയർന്ന ഒരു ശിഖരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു; മനസ്സിന് അത്യന്തം ആനന്ദം തരുന്ന കാഴ്ച. ഇപ്പോൾ കൃശഗാത്രിയായ ഈ വൃക്ഷത്തെ ഏതാനും വർഷത്തേക്കെങ്കിലും പണക്കൊതി മൂത്ത മനുഷ്യർ ക്രൂരമായി ആക്രമിക്കില്ലെന്ന് വിശ്വസിക്കട്ടെ.




(Photo Courtesy)

3 comments:

  1. എന്റെ ഓർമ്മയിൽ ഉള്ളാട്ടിൽ അശോക മരവും, മാവും, പ്ലാവും ഒന്നും മറക്കില്ല .കാരണം അവിടുത്തെ മാങ്ങകളുടെയും, ഫലങ്ങളുടെയും രുചി അറിയാത്ത ഒരു മനുഷൃരും ഉണ്ടാവില്ല. നേരം വെളുത്താൽ ഞങ്ങൾ മാവിൻചുവട്ടിൽ ഉണ്ടാവും കാറ്റ് ഒന്ന് വീശിയാൽ മാവിൽ നിന്നും മാങ്ങ ചറ പറ ചറ പറ.. എന്ന് വീണുകൊണ്ടിരിക്കും അതും പലതരം രുചി

    ReplyDelete
  2. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. ഇതിൽ പേര് വന്നിട്ടില്ല. പേരുകൂടി എഴുതാമോ.

    ReplyDelete
  3. അങ്ങയുടെ blog അഡ്രസ് കിട്ടി വായിക്കാം
    സ്നേഹപൂർവ്വം
    Vinodan

    ReplyDelete