വീട്ടേയ് കെട്ടിപ്പാര്….
(കഥ )
1
(Image courtesy)
മുപ്പത്തഞ്ചു വർഷങ്ങൾക്കു
മുൻപ് അച്ഛൻ ഇടക്കെല്ലാം പറയുമായിരുന്നു: നമുക്കും ടൗണിൽ ഒരു വീടുണ്ടായാൽ നന്നായിരുന്നു.... കൂടി വരുന്ന പ്രായം, ഗ്രാമത്തിലെ ചികിത്സാ സൗകര്യങ്ങളുടെ
അഭാവം, കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പരിമിതി തുടങ്ങി പല കാര്യങ്ങളും ചിന്തിച്ചായിരിക്കാം
അങ്ങിനെയൊരു ആഗ്രഹം മനസ്സിൽ തോന്നുന്നത്. അന്ന്
തുടങ്ങിയ അന്വേഷണത്തിനും ശ്രമത്തിനും ഒടുവിലായിരുന്നു ഒലവക്കോടിനടുത്ത് ഞാൻ ഒരു പ്ലോട്ട്
സമ്പാദിച്ചത്. ‘പ്ലോട്ട്’ എന്ന് പറഞ്ഞാൽ കൊയ്ത്തു കഴിഞ്ഞ പാടം തന്നെ. എതായാലും ആ 'പ്ലോട്ടിനെ' പുരയിടം
ആക്കുവാൻ സർക്കാരിന്റെ അനുമതി കിട്ടിയതോടെ അവിടെ വീട് ഉണ്ടാക്കണമെന്ന ആഗ്രഹം ശക്തമായി.
അക്കാലത്ത് ഇന്നത്തേതുപോലെ
ബാങ്കുകാർ ഭവന വായ്പ കൊടുക്കുന്നതിനായി ആളുകളുടെ പിറകെ നടന്ന് ശല്യം ചെയ്യുവാൻ തുടങ്ങിയിരുന്നില്ല.
കാർ, ഭവന വായ്പകൾ ഒരു ബാങ്കിന്റെ പ്രവർത്തന മികവിന്റെ മാനദണ്ഡമായി കണ്ടിരുന്നതുമില്ല.
ബാങ്ക് ജോലിക്കാർക്ക് വീടിനുള്ള വായ്പ ലഭിക്കും. ബാങ്ക് ജോലിയുടെ ഒരു ആകർഷണം തന്നെ
അതായിരുന്നു. ബാങ്കിൽ ജോലിയുള്ള പെൺകുട്ടികളെ ഈ സൗകര്യം മാത്രം മുൻ നിർത്തി ചെറുപ്പക്കാർ
വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചിരുന്നതായും കേട്ടിരുന്നു. സത്യമാണോ എന്തോ. ആർക്കറിയാം!
പക്ഷെ ഒരു പ്രശ്നമുണ്ട്. വീട് എത്ര ചെറുതായാലും അത് മുഴുവനാക്കാനുള്ള തുകയുണ്ടാവില്ല.
കാലാകാലം വായ്പ്പാ തുക കൂട്ടിവന്നിട്ടുണ്ട്. പക്ഷെ എല്ലായ്പ്പോഴും നിർമാണ ചിലവ് ബഹുദൂരം
മുന്നിലും വായ്പ്പാ തുക പിന്നിലുമായിട്ടാണ് ഓടിയിരുന്നത്. അതുകാരണം ജീവിതകാലം മുഴുവൻ
കടക്കെണിയിൽ പെട്ട് ഉഴറിയ ഒരുപാടു സഹ ജീവനക്കാരെ എനിക്ക് അറിയാമായിരുന്നു. സാമ്പത്തിക
തകർച്ച കാരണം തട്ടിപ്പ് നടത്തുവാൻ നിർബന്ധിതരാകുകയും ജോലി നഷ്ടപ്പെടുകയും ചെയ്തവരുമുണ്ട്
അക്കൂട്ടത്തിൽ. എന്നിരുന്നാലും ഞാൻ വീട് പണിക്ക് ഇറങ്ങിത്തിരിക്കുക തന്നെ ചെയ്തു.
ചെറിയ ഒരു വീട് മതി. രണ്ടു
ബെഡ്റൂം ഉള്ളത്. വേണ്ടിവന്നാൽ വാടകയ്ക്ക് കൊടുക്കുവാൻ തക്കത്. അച്ഛനും ഞാനും കൂടി
തീരുമാനിച്ചു. തറയുടെ പണി ഒരു എൻജിനീയറെ കൊണ്ട് ഗംഭീരമായി തന്നെ നടത്തി. പാടമായിരുന്നത്
കൊണ്ട് നല്ലൊരു സംഖ്യ തറക്കടിയിലായി. മോശം വരേണ്ടെന്ന് കരുതി നാട്ടിലെ ഒരു മേസണെയും
കൂട്ടി പൂടൂർ ഇഷ്ടിക കളം സന്ദർശിച്ച് ഇഷ്ടികക്ക് ഏർപ്പാടാക്കി. കെട്ടുപണിക്ക് നാട്ടിലെ
തന്നെ ഒരു പണിക്കാരനെ ഏൽപ്പിച്ചു. അങ്ങിനെ ചുമരുകൾ ഉയരുവാൻ തുടങ്ങി.
പണി നടക്കുന്ന ദിവസങ്ങളിലെല്ലാം
ജോലി കഴിഞ്ഞാൽ ഞാൻ ബസ്സു കയറി പണിസ്ഥലത്തെത്തും. പണി വിലയിരുത്താനും കൂലി കൊടുക്കാനും
മറ്റുമായി. സൈറ്റിൽ നിന്ന് നോക്കിയാൽ ഇടക്കിടെ തീവണ്ടികൾ ഷൊർണൂർ ഭാഗത്തുനിന്നും ഒലവക്കോട്
സ്റ്റേഷനിലേക്ക് മന്ദമന്ദം ഇഴഞ്ഞു കയറുന്നതും ഒലവക്കോടുനിന്നും ഷൊർണൂർ ഭാഗത്തേക്ക് പോകുന്നവ
വേഗത കൂട്ടി പായുന്നതും കാണാം. ഇരുൾ വീണു കഴിഞ്ഞാൽ, ബോഗികളിൽ വെളിച്ചം തെളിയും.
അതോടെ ട്രെയിൻ ഒരു ഇഴയുന്ന സ്വർണ ചെയിൻ ആയി
മാറും. മനോഹരമായ കാഴ്ച. ആ കാഴ്ചയും നോക്കി ചുരത്തിലൂടെ വരുന്ന കുളിർ കാറ്റും ആസ്വദിച്ച്
ഞാനവിടെ ഏറെ നേരം ഇരിക്കും. അൽപ സ്വല്പം അഭിമാനത്തോടും സംതൃപ്തിയോടും കൂടി. ഒരു ദിവസം
അങ്ങിനെ ഇരിക്കുമ്പോഴാണ് നമ്മുടെ കഥ തുടങ്ങുന്നത്; അയാളുടെ വരവോടു കൂടി.
മെലിഞ്ഞു ചടച്ച ശരീര പ്രകൃതമുള്ള
ചെറുപ്പക്കാരനായിരുന്നു അയാൾ. കണ്ണട ധരിച്ച, ചിരിക്കാത്ത മുഖമായിരുന്നു അയാൾക്ക്. എന്നാൽ
ഗൗരവക്കാരനുമല്ല. അല്പം വിഷാദവാൻ എന്ന് വേണമെങ്കിൽ പറയാം. മെയിൻ റോഡിൽ അധികം ദൂരെയല്ലാതെ
സിമന്റ് കട നടത്തുകയാണ് താൻ എന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. പേര് രാജേഷ്. വീടുപണിക്ക്
വേണ്ട സിമന്റ് അയാളുടെ കടയിൽ നിന്നും എടുക്കണം എന്ന് അയാൾ അഭ്യർത്ഥിച്ചു. തലേ ദിവസമോ
രാവിലെയോ പറഞ്ഞാൽ മതി. അടുത്ത് തന്നെയായതുകൊണ്ട് സൈറ്റിൽ എത്തിച്ചു തരും. മാത്രവുമല്ല
മുൻകൂട്ടി പൈസ അടച്ചാൽ ഇപ്പോഴത്തെ വിലക്ക് തന്നെ സിമന്റ് ലഭിക്കുകയും ചെയ്യും. തിരിച്ചു
പോകുന്ന വഴി കടയിൽ കയറുവാൻ അയാൾ എന്നെ ക്ഷണിച്ചു.
ഞാൻ ബസ്സു കയറുവാൻ പോകുന്ന
വഴി തന്നെയായിരുന്നു രാജേഷിന്റെ കട. വലിയ കടയൊന്നുമല്ല. കുറെ ചാക്ക് സിമന്റ് സ്റ്റോക്ക്
ഉണ്ട്. എല്ലാ നല്ല ബ്രാൻഡുകളും ഉണ്ട്. രാജേഷ്
രണ്ടു മൂന്നു സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയായിരുന്നു. പിന്നീട് വരാമെന്നു പറഞ്
ഞാൻ ഇറങ്ങി.
ബസ്സിൽ പോവുമ്പോൾ ഞാൻ ആലോചിച്ചു.
ആകെക്കൂടി ഡീൽ കൊള്ളാം. ഒരു പ്രോജക്ടിന് സാധാരണയായി വരുന്ന എറ്റവും വലിയ ദുരന്തമാണ്
കോസ്ററ് എസ്കലേഷൻ. സ്വപ്ന സൗധങ്ങൾ നിർമ്മിക്കുവാൻ തുനിഞ്ഞിറങ്ങി പണിതീരാത്ത വീടുമായി
കഷ്ടപ്പെടുന്ന ഒരുപാട് പേരെ എനിക്കറിയാം. നിർമ്മാണച്ചിലവ് ആദ്യം കണക്കുകൂട്ടിയതിനേക്കാൾ
വളരെ കൂടിയത് കാരണം. ആ പ്രശ്നത്തിന്ന് പരിഹാരവുമായി ഇതാ ഒരാൾ, അല്ല ഒരു സുഹൃത്ത്, എനിക്ക്
മുന്നിലെത്തിയിരിക്കുന്നു. മാത്രമോ, ജോലിക്കിടയിൽ ഇനി സിമന്റ് എത്തിച്ച് കൊടുക്കേണ്ടതിനെ
പറ്റി ഞാൻ വേവലാതിപ്പെടേണ്ടതുമില്ല. മുന്നിലൂടെ നടന്നിട്ടും എന്തുകൊണ്ട് ഈ കട ഇത്രയും
ദിവസം എന്റെ ശ്രദ്ധയിൽ പെട്ടില്ല? ആ...! എല്ലാറ്റിനും അതാതിന്റെ സമയമുണ്ടായിരിക്കും!
ദിവസവും പണിയുടെ കാര്യങ്ങൾ
റിപ്പോർട് ചെയ്യുന്നതിനിടയിൽ ഞാൻ രാജേഷിന്റെ ഓഫറിനെ പറ്റിയും അച്ഛനോട് പറഞ്ഞു. ആകെക്കൂടി
തെറ്റില്ലലോ എന്ന് അച്ഛനും പറഞ്ഞു. (ആളുകളെ
കണ്ണടച്ചു വിശ്വസിക്കുന്ന കാര്യത്തിൽ ഞങ്ങളിൽ ആരാണ് മുന്നിൽ എന്ന് പറയുക വയ്യ). എതായാലും
ഞാൻ അല്പം വിഷമിച്ചാണെങ്കിലും ധൃതിയിൽ ഒരു മൂലധന സമാഹരണം നടത്തി. ഇനി ഓഫെറെങ്ങാനും
തീർന്നു പോയാലോ! പതിനയ്യായിരം രൂപ രാജേഷിനെ ഏൽപ്പിച്ചു ബാങ്കിൽ കൊടുക്കുവാനായി റെവന്യൂ
സ്റ്റാമ്പ് ഒട്ടിച്ച രസീദും വാങ്ങിയതോടെ വീടുപണി പകുതി കഴിഞ്ഞ ആശ്വസത്തിലായി ഞാൻ. പരസ്യങ്ങളിൽ
പറയുന്ന പോലെ ആരോ എന്റെ ചെവിയിൽ മന്ത്രിച്ചു: ഇനി സിമെന്റിന്റെ കാര്യമങ്ങു മറന്നേക്കൂ!
ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.
ചുമർ ഉയർന്നു കൊണ്ടിരുന്നു. പണിക്കാർ രാവിലെ വരുന്ന വഴി രാജേഷിന്റെ കടയിൽ കയറി രണ്ടോ
മൂന്നോ അന്ന് എത്ര ചാക്ക് സിമന്റ് വേണമെന്ന് പറയും. അത് സൈറ്റിലെത്തും. ഇടക്ക് വൈകുന്നേരം
ഞാനുള്ളപ്പോൾ അയാളും വരും; പണിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ. അങ്ങിനെ ആദ്യ വാർപ്പിന്റെ
ദിവസമായി. കൂടുതൽ ചാക്ക് സിമന്റ് വേണമെന്ന് രാജേഷിനോട് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ
രാവിലെ പണിക്കാർ വന്നിട്ടും സിമന്റ് എത്തുന്നില്ല. സമയം വൈകുന്നു. അവർ അസ്വസ്ഥരാവാൻ
തുടങ്ങി. ഒടുവിൽ ഞാൻ കടയിലേക്ക് പുറപ്പെട്ടു. കട അടഞ്ഞു കിടക്കുകയായിരുന്നു. എന്റെ
ഉള്ളിൽ ഒരു അസ്വസ്ഥത രൂപപ്പെടുന്നത് ഞാൻ അറിഞ്ഞു. അടുത്ത കടക്കാരനോട് അന്വേഷിച്ചപ്പോൾ
എതാനും ദിവസമായി തുറക്കാറില്ലെന്നായിരുന്നു മറുപടി. ഞാൻ നിന്ന് വിയർത്തു. ആകെക്കൂടി
ഒരു തളർച്ച അനുഭവപ്പെടുന്നു. പക്ഷെ എങ്ങിനെയെങ്കിലും
കാര്യം നടത്തിയല്ലേ പറ്റൂ. ഉടനെ ഒരു ഓട്ടോ വിളിച്ച് ഒലവക്കോട് പോയി വേണ്ട സിമന്റ് സൈറ്റിൽ
എത്തിച്ചു കൊടുത്തു. അങ്ങിനെ അന്നത്തെ കാര്യം നടന്നു; അല്ലെങ്കിൽ നടത്തി.
ഞാൻ കണക്കുകൾ നോക്കി. എതാണ്ട്
മൂവായിരം രൂപയുടെ സിമെൻറ് വാങ്ങിക്കഴിഞ്ഞിട്ടുണ്ട്. വാർപ്പ് കഴിഞ്ഞു അടുത്ത ഘട്ടം പണികൾ
തുടങ്ങുന്നതേയുള്ളൂ. രാജേഷിന്റെ കട ഇപ്പോൾ തുറക്കാറേയില്ലായിരുന്നു. ഞാൻ രാജേഷിനെ അന്വേഷിച്ചു
കൊണ്ടേ ഇരുന്നു. അയാളുടെ വീട് അന്വേഷിച്ചു കണ്ടുപിടിച്ചു. ഒരു ദിവസം സന്ധ്യക്ക് ഞാൻ അയാളുടെ വീട്ടിലേക്ക്
കയറിച്ചെന്നു. അല്പം പ്രായമായ ഒരാൾ മുറ്റത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. മുഖ ഭാവവും
ശരീര ഭാഷയുമെല്ലാം അയാൾ എന്തോ അസുഖ ബാധിതനാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.
"രാജേഷിന്റെ വീടാണോ..."
ഞാൻ ചോദിച്ചു.
"എത്ര രൂപയാണ് കൊടുത്തത്?"
തിരിച്ച് ഒട്ടും മയമില്ലാത്ത ഒരു ചോദ്യമായിരുന്നു
ഉത്തരം.
ഞാൻ എന്തെങ്കിലും പറയുന്നതിന്
മുൻപ് അയാൾ ആത്മഗതം പോലെ പറഞ്ഞു കൊണ്ടേ ഇരുന്നു. "കൊച്ചു കുട്ടികൾക്ക് കളിപ്പാട്ടം
കിട്ടിയ പോലെയാണ് അവന്ന് പൈസ കിട്ടിയാൽ. എത്ര ലക്ഷമായാലും കൂട്ടുകാരെയും കൂട്ടി എവിടെയെങ്കിലും
പോയി മണിക്കൂറുകൾക്ക് ഉള്ളിൽ പൊടിച്ചു കളയും...ആരോട് ചോദിച്ചിട്ടാണ് പൈസ കൊടുത്തത്?”
അയാൾ ആദ്യമായി എനിക്ക് നേരെ നോക്കി. ആ നോട്ടത്തിന്റെ രൂക്ഷതയിൽ ഞാൻ നിന്നിടത്ത് നിന്ന്
ഉരുകി.
“നിങ്ങളുടെ മണ്ടത്തരത്തിന് നിങ്ങൾ തന്നെ ഉത്തരവാദി.
എനിക്ക് മറ്റൊന്നും പറയാനില്ല."
ആ പിതാവിന്റെ വാക്കുകളിലെ
മാറി മാറി വന്ന അവജ്ഞയും രോഷവും നിസ്സഹായതയും എല്ലാം തന്നെ എന്നെ ഞെട്ടിച്ചു കളഞ്ഞു.
അയാൾ എന്റെ മുഖത്ത് നോക്കാതെ അനന്തതയിലേക്ക് നോക്കി നിന്നു. കടം വാങ്ങി നാട്ടുകാരെ
പറ്റിക്കുന്ന, കയ്യിൽ കിട്ടുന്ന പൈസ മുഴുവൻ കൂട്ടുകാരുമൊത്ത് കാറ്റിൽ പറത്തുന്ന മകനെ
ചൊല്ലിയുള്ള ഒരു പിതാവിന്റെ വിഷമം ഞാൻ പൂർണമായും ഉൾക്കൊണ്ടു. നേരം ഇരുളുകയായിരുന്നു.
എന്തോ യാത്ര പറഞ്ഞെന്നു വരുത്തി ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി പൊന്നു.
ഏതായാലും ഒരു കാര്യം ഉറപ്പായി.
വിലക്കയറ്റത്തിനെതിരായി രാജേഷിൽ നിന്നും ഇൻഷുറൻസ് പരിരക്ഷക്കു ശ്രമിച്ച ആദ്യത്തെ മണ്ടൻ
ഞാനല്ല. മറ്റു പലരുമുണ്ട്. അത്രയും ആശ്വാസം. എന്റെ സുഹൃത്തും സാഹിത്യകാരനുമായ അരവിന്ദേട്ടൻ
ഡോസ്റ്റോവ്സ്കിയുടെ ഒരു കഥാപാത്രത്തെ ഉദ്ധരിച്ച് പറയുമായിരുന്നു: "എന്നാലും ഞാൻ
അയാളെ അല്ലല്ലോ, അയാൾ എന്നെ അല്ലെ പറ്റിച്ചത്. സാരമില്ല". ഞാനും അങ്ങിനെ തന്നെ
ആശ്വസിക്കാൻ തീരുമാനിച്ചു.
ഏതായാലും പറ്റിയത് പറ്റി.
ഇനി പോം വഴികളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അപ്പോഴത്തെ അവസ്ഥയിൽ എഴുതി തള്ളുവാൻ പറ്റിയ
ഒരു സംഖ്യയല്ല നഷ്ടത്തിലായിരിക്കുന്നത്. പന്ത്രണ്ടായിരം രൂപയുണ്ടെങ്കിൽ ഇലക്ട്രിക്
പണികൾ തീർക്കാം; പ്ലംബിംഗ് തീർക്കാം;തേപ്പ് തീർക്കാം; നിലം പണി, പെയിന്റിംഗ്....ചുരുക്കി
പറഞ്ഞാൽ ഈ സംഖ്യ കൊണ്ട് വീട് പണി മൊത്തം തീർക്കാമെന്ന് തോന്നി എനിക്ക്. അത് തിരിച്ചു
പിടിച്ചേ പറ്റൂ. ജെഫ്രി ആർച്ചറുടെ അതേ പേരുള്ള
നോവലിൽ പറഞ്ഞത് പോലെ “Not a penny more, Not a penny less”.
ഞാൻ പ്രൊമോഷൻ ടെസ്റ്റിന്
വേണ്ടി തയ്യാറെടുപ്പു നടത്തുന്ന കാലമായിരുന്നു അത്. അക്കാലത്താണ് അക്കൗണ്ടിൽ പൈസ ഇല്ലാതെ
ചെക്ക് മടക്കുന്നത് ക്രിമിനൽ കുറ്റമായി NI Act ൽ ഒരു പുതിയ വകുപ്പ് വരുന്നത്. (Sec
138). പ്രൊമോഷൻ പരീക്ഷക്ക് മിക്കവാറും ചോദിക്കുവാൻ സാധ്യതയുള്ള ചോദ്യമായതിനാൽ ആ വകുപ്പിന്റെ
എല്ലാ വശങ്ങളും ഞാൻ വ്യക്തമായി പഠിച്ചിരുന്നു. തിയറി ഹൃദിസ്ഥം. പ്രാക്ടിക്കലിനാവട്ടെ
ഇതാ രാജേഷ് ഒരു അവസരം മുന്നിൽ കൊണ്ടുവന്നു തന്നിരിക്കുന്നു. പക്ഷെ ആദ്യം അയാളിൽ നിന്നും
ഒരു ചെക്ക് സമ്പാദിക്കണം. ആളെ കണ്ടുകിട്ടുന്നതു തന്നെ വിഷമമാണെന്നിരിക്കെ അതൊരു വലിയ
വെല്ലുവിളിയാണ്.
അങ്ങിനെയിരിക്കെ, വീട്ടിൽ
അന്വേഷിച്ചു ചെന്നത് കൊണ്ടാണെന്നു തോന്നുന്നു, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ
ഒരു ദിവസം എന്റെ വീട്ടിൽ വന്നു. കച്ചവടത്തിൽ അല്പം നഷ്ടം പറ്റിയെന്നും തുക അധികം വൈകാതെ
തന്നുകൊള്ളാം എന്നും അയാൾ പറഞ്ഞു. അയാളുടെ വാക്കുകളിലെ ആർജവം എന്നെ വീണ്ടും ആശയകുഴപ്പത്തിലാക്കി.
Section 138 പ്രാക്ടിക്കൽ ചെയ്യുവാനുള്ള ചെക്കിന്റെ കാര്യം എങ്ങിനെ പറയും? മോശമല്ലേ. എങ്കിലും ഞാനെന്റെ സാമ്പത്തിക വിഷമങ്ങൾ
അവതരിപ്പിക്കുകയും ആ പൈസ കിട്ടിയാൽ മാത്രമേ വീടുപണി മുന്നോട്ടു പോകൂ എന്ന് അയാളെ ധരിപ്പിക്കുവാൻ
ശ്രമിക്കുകയും ചെയ്തു. കൂട്ടത്തിൽ എനിക്ക് തരാനുള്ള പൈസക്ക് ഒരു ചെക്ക് കിട്ടേണ്ടതിന്റെ
അത്യാവശ്യവും ഞാൻ അവതരിപ്പിച്ചു. ഉൾക്കിടിലത്തോടെ. വാക്കുകളിൽ വേണ്ടത്ര ആർജവം വന്നില്ലല്ലോ
എന്ന് ഞാൻ വിഷമിക്കുന്നതിന്റെ ഇടക്ക് അയാൾ ചെക്ക് തരാം എന്നു പറഞ്ഞ് എന്നെ വീണ്ടും
അത്ഭുതപ്പെടുത്തി.
രാജേഷ് വാക്ക് പാലിക്കുകതന്നെ
ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കിട്ടാനുള്ള തുകക്കുള്ള ഒരു ചെക്ക് എന്റെ കയ്യിലെത്തി.
ഏതോ ഒരു കോ ഓപ്പറേറ്റീവ് ബാങ്കിലേക്കുള്ളത്. അത് പ്രശ്നമല്ല. ഏതായാലും മടങ്ങാനുള്ളതാണ്.
ബാങ്ക് അതിൻ്റെ കർത്തവ്യം ഭംഗിയായി നിർവ്വഹിക്കുകതന്നെ ചെയ്തു. കളക്ഷന് അയച്ചതിന്റെ
അടുത്ത ആഴ്ച ചെക്ക് സുരക്ഷിതമായി എന്റെ കൈകളിൽ മടങ്ങിയെത്തി. Reason: Insufficient Fund
ബാങ്കിൻറെ പാനലിലുള്ള ഒരു
സീനിയർ വക്കീലിനെ എനിക്ക് പരിചയമുണ്ടായിരുന്നു. ചെക്കും രാജേഷ് തന്ന റെസിപ്റ്റും ഞാൻ
അദ്ദേഹത്തെ ഏൽപ്പിച്ചു. നടന്ന കഥകളെല്ലാം പറഞ്ഞു.വക്കീൽ എന്നെ സമാധാനിപ്പിച്ചു.
"പേടിക്കേണ്ട. നമുക്ക് പൈസ എല്ലാം തിരിച്ചു വാങ്ങാം". തുടർന്ന് അദ്ദേഹം സുമുഖനും
പ്രസന്ന വദനനുമായ ഒരു ജൂനിയർ വക്കീലിനെ പരിചയപ്പെടുത്തി തന്നു. "ക്രിമിനൽ കേസ്
എല്ലാം രാജനാണ് നോക്കുന്നത്". ചെക്കും മറ്റു ഡോക്യൂമെന്റുകളും സീനിയർ ജൂനിയറിനെ
ഏൽപ്പിച്ചു. അങ്ങിനെ കേസ് ഫയലായി. രാജേഷിനു സമൻസ് പോയി. അയാൾ കോടതിയിൽ ഹാജരാവേണ്ട ദിവസം
വന്നു ചേർന്നു.
എന്നോട് കോടതിക്ക് പുറത്തു
മാവിൻ ചുവട്ടിൽ കാത്ത് നില്ക്കാൻ പറഞ്ഞ് വക്കീൽ മറ്റെങ്ങോ പോയി. വെളുത്ത പാന്റും കറുത്ത
കോട്ടും ഇട്ട വക്കീലന്മാരും പ്രതികളും അന്യായക്കാരും സാക്ഷികളും പോലീസുകാരും ജയിൽപ്പുള്ളികളും
കുറ്റവാളികളും മറ്റു തൊഴിലും പണിയും ഇല്ലാത്തവരും എല്ലാം എല്ലാം എനിക്ക് ചുറ്റും ധൃതിയിൽ
എങ്ങോട്ടെന്നില്ലാതെ കറങ്ങി നടന്നു. എന്തൊരു ലോകം! നാട്ടിൽ ഇത്രയധികം അന്യായങ്ങളും
കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടെന്ന യാഥാർഥ്യം എന്നെ അത്ഭുതപ്പെടുത്തി. അങ്ങിനെ ചിന്തയിലാണ്ടു
നിൽക്കുമ്പോഴായിരുന്നു തിരക്കിനിടയിൽ നിന്നും പെട്ടെന്ന് രാജേഷ് എന്റെ മുന്നിൽ അവതരിച്ചത്.
പതിവ് ശാന്ത സ്വരത്തിൽ അയാൾ പറഞ്ഞു: ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു, സർ….
എന്നെ സാമ്പത്തികമായും മാനസികമായും
ഇത്രയും ഞെരുക്കത്തിലാക്കി ഇപ്പോൾ.... എനിക്കു തരിച്ചു കയറുന്നുണ്ടായിരുന്നു. എങ്കിലും
ഞാൻ സംയമനം പാലിച്ച് ശാന്തനായി നിന്നു. അപ്പോഴേക്കും വക്കീൽ എത്തി. ഇതാണ് രാജേഷ്. ഞാൻ
വക്കീലിന് രാജേഷിനെ പരിചയപ്പെടുത്തി. "ആരാ നിങ്ങളുടെ വക്കീൽ?" വക്കീൽ ചോദിച്ചു.
"വക്കീലിനെയൊന്നും കണ്ടില്ല". രാജേഷ് തെല്ലൊരു കുറ്റ ബോധത്തോടെ പറഞ്ഞു.
"നോട്ടീസ് കിട്ടിയപ്പോൾ
നേരെ ഇങ്ങു പോരുകയാണോ ചെയ്തത്?" വക്കീൽ ആരാഞ്ഞു. രാജേഷ് അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
വക്കീൽ എന്നോട് പറഞ്ഞു:
"പേര് വിളിക്കുമ്പോൾ
കൂട്ടിൽ കയറി നിന്നാൽ ഇയാളെ പോലീസ് ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോകും".
ഞാനാണോ രാജേഷനോ കൂടുതൽ പരിഭ്രമിച്ചത്
എന്ന് അറിയില്ല. അയാളുടെ സ്വതവേ ചിരിക്കാത്ത, പരിഭ്രമിച്ച മുഖം വിളറി. അയാളെന്നെ ദയനീയമായി
നോക്കി.
"സർ പ്ളീസ്.."
എന്ത് ചെയ്യണമെന്നറിയാതെ
ഞാൻ വക്കീലിനെ നോക്കി. "സർ എന്താണ് ചെയ്യാൻ പറ്റുക?" വക്കീൽ അയാളെ നോക്കി
എന്നോട് പറഞ്ഞു: "ഞാൻ വേണമെങ്കിൽ തൽക്കാലത്തേക്ക് ഒരു വക്കീലിനെ പരിചയപ്പെടുത്തി
കൊടുക്കാം. നിങ്ങൾ പറയുകയാണെങ്കിൽ."
എന്റെ പൈസ പറ്റിച്ചയാൾക്കെതിരെ
ഞാൻ കേസ് കൊടുക്കുക. എന്നിട്ട് എനിക്കെതിരെ വാദിക്കാൻ ഞാൻ തന്നെ അയാൾക്ക് ഒരു വക്കീലിനെ
ഏർപ്പാടാക്കി കൊടുക്കുക. ഭേഷ്! എന്റെ മനോവിചാരം
വായിച്ചിട്ടെന്ന പോലെ രാജേഷ് അതി ദയനീയമായി വീണ്ടും എന്നെ നോക്കി. അയാൾ ഇപ്പോൾ കരയുമെന്നു
തോന്നി.
ഒടുവിൽ ഞാൻ വക്കീലിനോട് പറഞ്ഞു.
എന്താണെന്നു വെച്ചാൽ ചെയ്തു കൊടുക്കൂ. അതോടെ എനിക്ക് ആശ്വാസമായി.
വക്കീൽ പോയി മറ്റൊരു ചെറുപ്പക്കാരൻ
വക്കീലിനെ വിളിച്ചു കൊണ്ടുവന്നു. രാജേഷിനെ പരിചയപ്പെടുത്തിയ ശേഷം കാര്യങ്ങൾ പറഞ്ഞു
കൊടുത്തു. പിന്നെ രാജേഷിനെയും കൂട്ടി അയാൾ അകത്തേക്ക് പോയി. കുറെ കഴിഞ്ഞു. കോടതി കൂടി, രാജേഷിന്റെ പേര് വിളിച്ചപ്പോൾ അയാൾ
ഹാജരായില്ല. പകരം അയാളുടെ താത്കാലിക വക്കീൽ എഴുന്നേറ്റു നിന്ന് എന്തോ പിറുപിറുത്ത്
ഒരു കടലാസ് കോടതിയിൽ സമർപ്പിച്ചു. ന്യായാധിപൻ അടുത്ത മാസത്തിലെ ഒരു തീയതി പറഞ്ഞത് എന്റെ
വക്കീൽ കുറിച്ചെടുത്തു. പിന്നെ എന്റെ അടുത്ത് വന്ന് പറഞ്ഞു; അടുത്ത മാസം ഇരുപതാം തിയ്യതിയിലേക്ക്
പോസ്റ്റ് ചെയ്തു. ഇനി അന്ന് വന്നാൽ മതി.
ഞാൻ പുറത്തിറങ്ങിയപ്പോൾ കോടതിയിൽ
‘ഹാജരില്ലാതിരുന്ന' രാജേഷ് എനിക്ക് മുന്നിൽ ഹാജരായി.
"സർ.... വക്കീൽ നൂറു
രൂപ ഫീസ് ചോദിക്കുന്നു. എന്റെ കയ്യിൽ.... പൈസയില്ല..."
എങ്ങിനെ പ്രതികരിക്കണം എന്ന്
എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് പോക്കറ്റിൽ നിന്നും നൂറു രൂപ എടുത്തു കൊടുത്ത് ഞാൻ
ധൃതിയിൽ പുറത്തേക്കോടി. ഇനിയും നിന്നാൽ മറ്റെന്തു ചിലവാണ് അയാൾ കൊണ്ട് വരികയെന്ന് ആരറിഞ്ഞു!
(കഥയുടെ രണ്ടാം ഭാഗം അടുത്ത
വെള്ളിയാഴ്ച.)

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അല്പം തമാശയും വായിക്കാൻ നല്ല രസവും തോന്നുമെങ്കിലും അന്ന് അച്ഛനും ഏട്ടനും അനുഭവിച്ച മാനസിക സമ്മർദ്ദം ഇടയ്ക്കെങ്കിലും ഞാനും നിസ്സഹായനായി കണ്ടു നിന്നിട്ടുണ്ട്. ആ വഴി പോകുമ്പോൾ ഇപ്പോഴും അയാളുടെ പേരുള്ള ഏജൻസിയുടെ ബോർഡ് അവിടെ തന്നെ ഉണ്ടോ എന്ന് ഞാൻ നോക്കാറുണ്ട് ; ഉണ്ട്, അത്
ReplyDeleteഅവിടത്തെ അടഞ്ഞ ഷട്ടറിന് മുകളിൽ ത്തന്നെയുണ്ട് ! ഭദ്രമായി !!!
Thank you.
Deleteകൂടുതലറിയില്ലെങ്കിലും ബാങ്കിലെ സഹപ്രവർത്തകനെന്ന നിലയിൽ ശശി അനുഭവിച്ച മനോവ്യാപാരത്തിന്റെ അസഹിഷ്ണുത ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. വായിക്കുമ്പോൾ വർഷങ്ങൾക്കു പുറകിലേക്കെന്നെ കൂട്ടി ക്കൊണ്ടുപോകുന്നു.
DeleteThank you.
DeleteWaiting for part 2
ReplyDeleteThank you.
Deleteനമ്മളുടെ വീക്ക് പോയൻ്റു തന്നെ നോക്കി പ്രഹരിക്കുന്ന ഇത്തരക്കാർ എല്ലാക്കാലത്തും ഉണ്ട് ഒരു ഗൾഫ് ഏജൻ്റിൻ്റെ വീട്ടിലേക്ക് നടന്നു ചെരുപ്പ് തേഞ്ഞ1982 കാലം ഓർമ്മിപ്പിച്ചു ഈ എഴുത്ത്.മാനസികാവസ്ഥ പ്രതിഫലിക്കുന്ന എഴുത്ത്.
ReplyDeleteThank you.
DeleteKathayude randaam bhagavum ottum moshamavillya. 👌
ReplyDeleteThank you.
Deleteരണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.അവതരണം ഗംഭീരം.
ReplyDeleteThank you.
Deleteമുപ്പത്തിയഞ്ചു വർഷം മുമ്പുള്ള പാലക്കാടും ഒലവക്കോടുമൊക്കെ എന്റെ മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നു. 1982 ഏപ്രിൽ മുതൽ മൂന്നുവർഷക്കാലത്തിലധികം ഞാൻ കാനറാ ബാങ്കിന്റെ പുതുശ്ശേരി ശാഖയിൽ ജോലി ചെയ്തിട്ടുണ്ട്. അക്കാലങ്ങളിലെ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമൊക്കെ പാലക്കാടിന്റെ വിവിധ പ്രദേശങ്ങൾ കറങ്ങിനടന്നു കാണുക ഒരു ഹരമായിരുന്നു. ശശിധരന്റെ "വീട്ടേയ് കെട്ടിപ്പാരി"ന്റെ മൂന്നു ഭാഗങ്ങളും ഒന്നിച്ച് ഇന്നാണ് വായിച്ചുതീർത്തത്.
ReplyDeleteഅന്നത്തെ കാർ-ഭവന വായ്പകളൊന്നും ഓർമ്മയിലേയില്ല. ഓർമ്മകളിൽ വന്നു നിറയുന്നത് കുറെ പണ്ടപ്പണയങ്ങളും DIR, ഡയറി, DPN ലോണുകളും പിന്നെ കുറേ ഓ സി സി അക്കൗണ്ടുകളും.
ശശിധരന്റെ സംഭവകഥ ( കഥയോ സംഭവമോ അതോ രണ്ടും കൂടിയോ ) നന്നായി വായിച്ചാസ്വദിച്ചു. ചില കാര്യങ്ങൾ സരസമായി അവതരിപ്പിക്കുമ്പോഴും അതിൽ ഉൾക്കൊണ്ടിരിക്കുന്ന ഗൗരവപരമായ കാര്യങ്ങളെ തിരിച്ചറിയാൻ വായനക്കാരന് കഴിയുന്നുണ്ട്. കടം വാങ്ങി നാട്ടുകാരെ പറ്റിച്ച് കയ്യിൽ കിട്ടുന്ന പൈസ ദീവാളി കളിച്ചു ( കുളിച്ചു എന്നുമാകാം ) കളയുന്ന മകനെയോർത്ത് വിലപിക്കുന്ന നിസ്സഹായരായ അച്ഛൻമാർ ഇന്നത്തെ സമൂഹത്തിൽ ഒരുപാടുണ്ട്.
തലകുത്തിനിന്ന് പഠിച്ചാൽപ്പോലും തലയിൽ കയറാത്ത NI ആക്ടും Sec 138 മൊക്കെ പ്രായോഗികമായി പഠിക്കാൻ കഴിഞ്ഞല്ലോ. എതിർകക്ഷിക്ക് വക്കീലിനെയും തരപ്പെടുത്തി വക്കീലിനു ഫീസും കൊടുക്കുന്ന ശശിധരൻ അത്രയ്ക്കും പാവമായിരുന്നോ?
അന്നനുഭവിച്ചതുപോലെ വീടുപണിയുടെ നൂലാമാലകൾ ഇന്ന് അധികമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇന്ന് സ്വന്തമായി പണിയുന്നതിനേക്കാൾ വച്ചിട്ടിരിക്കുന്ന വീടുകളോ ഫ്ലാറ്റുകളോ വാങ്ങുകയാണല്ലോകൂടുതൽ പേരും ചെയ്യുന്നത് ( ഇത് റെഡിമെയ്ഡിന്റെ കാലമാണല്ലോ).മുകളിലിരിക്കുന്ന ചന്ദ്രന് ( ആകാശത്തിലേതായാലും കെട്ടിടത്തിന്റെ ഉത്തരത്തിലേതായാലും ) ഭൂമി പരന്നതാണെന്നു തോന്നിയാൽ സമ്മതിച്ചു കൊടുക്കുക തന്നെ. ചന്ദ്രൻ മരവും സാധനങ്ങളും മാത്രമല്ലേ കൊണ്ടുപോയുള്ളു, അയാളുടെ അസുഖം മൂത്തിരുന്നേൽ വീടോടെ കൊണ്ടുപോയേനെ. സാധാരണ രീതിയിൽ ഒരു വീട് വയ്പ്പിന്റെ പരിസമാപ്തിയിലെത്തുമ്പോൾ ഉദ്യോഗക്കയറ്റമായാലും അല്ലെങ്കിലും ഒരു സ്ഥാനമാറ്റം( സ്ഥലം മാറ്റം ) നമ്മുടെ ബാങ്കിൽ പതിവായിരുന്നു. ഇന്നും അതിൽ വലിയ വ്യത്യാസമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. അവധി കൂടുതൽ എടുക്കുന്നത് ഉത്തരായനത്തിൽ നിന്നും ദക്ഷിണായനത്തിലേക്കുള്ള പലായനത്തിന് താമസമുണ്ടാക്കും എന്നുള്ള പ്രസ്താവന കൊള്ളാം. തച്ചന്മാരിൽ ഒരാൾ കാലത്തിലും മറ്റൊരാൾ അകാലത്തിലും വിട്ടുപോയി എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു.
അതെ, മനുഷ്യൻ ഒന്നു ചിന്തിക്കുന്നു ദൈവം മറ്റൊന്ന് തീരുമാനിക്കുന്നു. എഴുത്ത് തുടരുക. ആശംസകൾ. അഭിനന്ദനങ്ങൾ.
നല്ല വായനക്കും ആസ്വാദനത്തിനും വളരെ നന്ദി.
Delete