ആട്ടം
(Spoiler alert: Contains part of
the film story)
Poster: Courtesy
ചിരി പടങ്ങളുടെ ഒരു നീണ്ട കാലയളവിന് ശേഷം കുറ്റകൃത്യങ്ങളും കുറ്റാന്വേഷണങ്ങളും അടിസ്ഥാനമാക്കിയുള്ള കഥകളുടെ വേലിയേറ്റമാണ് മലയാള സിനിമയിൽ ഇപ്പോൾ. അവയിൽ നല്ല സസ്പെൻസ് നില നിർത്തി പ്രേക്ഷനെ രസിപ്പിക്കുന്ന ചിത്രങ്ങളുണ്ട്; മറ്റു ഭാഷകളിൽ നിന്നും കടം കൊണ്ടവയുണ്ട്; പ്രേക്ഷകന്റെ യുക്തിയെയും സിനിമാ അവബോധത്തെയും തന്നെ ചോദ്യം ചെയ്യുന്നവയുണ്ട്; അപൂർവമായി മൗലികതയും കലാ സുഭഗതയും നിറഞ്ഞവയും ഉണ്ട്. ഒടുവിൽ പറഞ്ഞ വിഭാഗം പലപ്പോഴും പുതു സംരംഭകരിൽ നിന്നാണ് നമുക്ക് ലഭിച്ചത്. അത്തരത്തിൽ പെട്ട ഒരു സിനിമയാണ് ഇപ്പോൾ റിലീസ് ചെയ്ത "ആട്ടം".
ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഈ രംഗത്തെ പുതുമുഖമായ ആനന്ദ് ഏകർഷിയാണ്
(Anand Ekarshi). പന്ത്രണ്ട് ആണുങ്ങളും ഒരു സ്ത്രീയും ഉൾപ്പെട്ട ഒരു നാടക സംഘത്തിലെ സ്ത്രീക്ക് നേരെ ഒരാൾ രാവിന്റെ മറവിൽ അപമര്യാദയായി പെരുമാറുന്നു. തങ്ങൾക്കിടയിലെ ആ കുറ്റവാളിയെ കണ്ടെത്തുവാൻ അവർ തന്നെ നടത്തുന്ന അന്വേഷണമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒപ്പം തന്നെ ഒരു സ്ത്രീയോട് അന്യായം ചെയ്യപ്പെട്ടാൽ മേല്കോയ്മയുള്ള പുരുഷ സമൂഹം എങ്ങിനെ അത് തങ്ങളുടെ കൂടി താല്പര്യങ്ങൾക്ക് ഉതകുന്ന വിധത്തിൽ നോക്കികാണും എന്ന യാഥാർഥ്യവും വെളിച്ചത്തു കൊണ്ടുവരുന്നു. വസ്ത്ര ധാരണത്തിന്റെ കാര്യത്തിലായാലും ഭക്ഷണത്തിന്റെയോ ലഹരി വസ്തുക്കളുടെയോ ഉപയോഗത്തിന്റെ കാര്യത്തിലായാലും പ്രണയത്തിന്റെ കാര്യത്തിലായാലും സ്ത്രീ സ്വാതന്ത്ര്യം ഏതു പരിധി വരെ ആകാമെന്ന പുരുഷ കാഴ്ച്ചപ്പാടും ചർച്ചാ വിഷയമാകുന്നുണ്ട്. മറ്റു സാധാരണ പോലീസ്, വക്കീൽ, കോടതി മുറി കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും
"ആട്ടം"
വ്യത്യസ്തമാവുന്നതും ഇവ കാരണമാണ്.
നാടക ഗ്രൂപ്പിലെ പന്ത്രണ്ടു പുരുഷന്മാരിൽ വിവാഹ മോചനം കാത്തിരിക്കുന്ന വിനയ് യും ഏക സ്ത്രീയായ അഞ്ജലിയും പ്രണയത്തിലാണ്. വിവാഹ മോചനത്തിന്റെ നൂലാ മാലകൾ അവസാനിച്ച ശേഷം വിവാഹിതരാവാൻ കാത്തിരിക്കുന്നവർ. പക്ഷെ ഗ്രൂപ്പിൽ പലർക്കും ഇതേപ്പറ്റി അറിഞ്ഞു കൂടാ. നാടകത്തിൽ നായക വേഷം ചെയ്തിരുന്ന വിനയ് ന് ഹരി എന്ന സിനിമാക്കാരൻ ഗ്രൂപ്പിൽ വന്നതോട് കൂടി ആ സ്ഥാനം നഷ്ടമായി. ഇത് മൂലം അയാൾക്ക് ഹരിയോടുള്ള മാനസിക വിരോധം ചെറുതല്ല. അഞ്ജലിക്കും അതറിയാം. അങ്ങനെയിരിക്കുമ്പോഴാണ് അവരുടെ പ്രകടനത്തിൽ വളരെ സന്തുഷ്ടരായ രണ്ടു വിദേശികൾ അവർക്കായി ഒരു നിശാ പാർട്ടി ഒരുക്കുന്നത്. അന്ന് രാത്രി ജാലകത്തിനരികിൽ കിടന്നുറങ്ങിയ അഞ്ജലിയോട് ആരോ ഒരാൾ അപമര്യാദയായി പെരുമാറുന്നു. ഇരുളിൽ ഓടിപ്പോയ ആളെ കണ്ടില്ലെങ്കിലും അത് ഹരിയാണെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തെളിവായി അയാളുടെ കാറിന്റെ താക്കോലും അവൾക്ക് ലഭിക്കുന്നുണ്ട്. ഇതറിഞ്ഞ് രോഷാകുലനായ വിനയ് ഒരു മുതിർന്ന സഹപ്രവർത്തകനെ കൂട്ടുപിടിച്ച് ഹരിയെ പുറത്താക്കാനുള്ള വഴികൾ എല്ലാവരുടെയും
കൂട്ടായ
ചർച്ചയിലൂടെയും തീരുമാനത്തിലൂടെയും നടപ്പാക്കുവാൻ ശ്രമിക്കുന്നു.
പതിനൊന്നു പേരല്ലേ, സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കുമല്ലോ. ഇത്തരം കടുത്ത തീരുമാനത്തിന് മുന്നേ ഹരിയാണ് തെറ്റ് ചെയ്തതെന്ന വ്യക്തത വേണം എന്ന ചിലരുടെ അഭിപ്രായത്തെ തുടർന്ന് അഞ്ജലിയെ വരുത്തി നടന്ന കാര്യങ്ങൾ കേൾക്കുവാനും അതിനു ശേഷം ഹരിയെ പുറത്താക്കുവാനും അവർ തീരുമാനിക്കുന്നു. ഇതിനിടക്ക് വിദേശികൾ അവർക്ക്
ഒരു
വിദേശ യാത്രയും സാമ്പത്തിക ലാഭവും തരപ്പെടുത്തി കൊടുക്കുവാൻ
തീരുമാനിച്ച വിവരം ഹരിയിൽ നിന്നും അവർ അറിയുന്നു. അതോടെ സ്ത്രീ പീഡനത്തിൽ അമർഷം പൂണ്ട് തിളച്ചു നിന്നവരൊക്കെ മയപ്പെടുന്നതും തങ്ങളുടെ നിലപാടുകൾ മാറ്റുന്നതും ആണ് നാം കാണുന്നത്. അഞ്ജലി വന്ന് കാര്യങ്ങൾ വിസ്തരിച്ചപ്പോഴാകട്ടെ കുറ്റം ചെയ്തത് ഹരിയല്ല, മറ്റാരോ ആണെന്ന് വ്യക്തവുമായി. അതോടെ ചിത്രത്തിന് ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗവും ചടുലതയും കൈവരുന്നു.
എങ്കിലും പതിവ് കുറ്റാന്വേഷണ ചിത്രങ്ങളുടെ ചിട്ട വട്ടങ്ങളെല്ലാം തെറ്റിച്ച് വേറിട്ട വഴികളിലൂടെയാണ് തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ മുന്നേറുന്നത്. കുറ്റം ചെയ്ത ആളെ കണ്ടുപിടിക്കുന്നതിനേക്കാൾ ഇത്തരം കാര്യങ്ങളിൽ സമൂഹത്തിനും വിശിഷ്യാ പുരുഷന്മാർക്കും ഉള്ള കാപട്യം നിറഞ്ഞ നിലപാടുകളെ പൊളിച്ചു കാണിക്കുന്നതിനാണ് പ്രാധാന്യം കൽപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ വിജയവും അത് തന്നെ. എന്നിരുന്നാലും കുറ്റവാളിയെക്കുറിച്ചുള്ള സൂചനകൾ പലതും അങ്ങിങ്ങായി സൂക്ഷ്മ ദൃക്കുകളായ പ്രേക്ഷകർക്ക് കണ്ടെത്തുവാനായി
ചിതറി ഇട്ടിട്ടുണ്ട്.
അഞ്ജലിയായി വേഷമിട്ട സരിൻ ഷിഹാബ് (Zarin
Shihab) അഭിനയത്തിന്റെ കാര്യത്തിൽ മുന്നിട്ടു നില്ക്കുന്നു. സഹ പ്രവർത്തകയെന്ന നിലയിൽ അഞ്ജലിയുടെ
പുരുഷന്മാരോടുള്ള ഇടപഴകലും അവരിൽ ഒരാളിൽ നിന്നേറ്റ പീഡനം
ഏൽപ്പിച്ച ഞെട്ടലും നുണ പറയേണ്ടി വരുന്നതിലെ ധർമ്മസങ്കടങ്ങളും വിചാരണ ചെയ്യപ്പെടുന്നതിലെ മാനസിക സംഘർഷങ്ങളും ഒടുവിൽ ചെറുത്ത് നിൽക്കുന്ന സ്ത്രീയുടെ ധൈര്യവും എല്ലാം എല്ലാം നന്നായി ആവിഷ്കരിച്ചു. വിനയ് ആയി വിനയ് ഫോർട്ടും ഹരിയായി കലാഭവൻ ഷാജോണും മറ്റു പുതുമുഖ അഭിനേതാക്കളും താന്താങ്ങളുടെ കഥാപാത്രങ്ങളോട് തികച്ചും നീതി പുലർത്തി.
സാങ്കേതിക വിഭാഗത്തിൽ എടുത്തുപറയേണ്ടത് പശ്ചാത്തല സംഗീതത്തിന്റെ മിതത്വത്തെ പറ്റിയാണ്. ഒരുപാട് രംഗങ്ങളിൽ നിശബ്ദത ആ രംഗങ്ങളുടെ ആഴവും വൈകാരികതയും വർദ്ധിപ്പിക്കുന്നുണ്ട്. ബേസിൽ സി ജെ യാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അനുരുദ്ധ് അനീഷ് ആണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
സ്ത്രീ പീഡനത്തിന്റെ കാര്യത്തിൽ കപടവും നിക്ഷിപ്ത താല്പര്യങ്ങളുള്ളതുമായ സമൂഹ പ്രതികരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന വ്യത്യസ്തമായ ചിത്രം എന്ന നിലയിൽ ഈ ആദ്യ സംരംഭത്തെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷിക്ക് അഭിമാനിക്കാം.

No comments:
Post a Comment