TRUST
(നോവൽ ആസ്വാദനം)
2023 ലെ സാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം (Pulitzer
Prize) ലഭിച്ചത് ഹെർനാൻ ഡയസ് (Hernan
Diaz) എഴുതിയ 'ട്രസ്റ്റ്' (Trust) എന്ന നോവലിനായിരുന്നു. അമേരിക്കയിൽ നിന്നും ഉള്ള സാഹിത്യം, ന്യൂസ് പേപ്പർ, മാസിക, സംഗീതം തുടങ്ങി 23 ഇനങ്ങൾക്കാണ് മികവിനുള്ള പുലിറ്റ്സർ സമ്മാനം കൊടുക്കുന്നത്. 1917 മുതൽ വർഷം തോറും കോളുമ്പിയ യൂണിവേഴ്സിറ്റി ഈ സമ്മാനങ്ങൾ നൽകി വരുന്നു. ന്യൂസ് പേപ്പർ പ്രസിദ്ധീകരണത്തിലൂടെ സമ്പന്നനായ ജോസഫ് പുലിറ്റ്സർ ആണ് തന്റെ വില്പത്രത്തിലൂടെ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
അർജന്റീനയിൽ ജനിച്ച ഹെർനാൻ ഡയാസ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് ന്യൂ യോർക്കിൽ താമസമാക്കിയ അദ്ദേഹം അവിടെനിന്നും ഡോക്ടറേറ്റും നേടി. ‘ട്രസ്റ്റ്’ ഡയാസിന്റെ രണ്ടാമത്തെ നോവലാണ്. ആദ്യ നോവലായ 'ഇൻ ദി ഡിസ്റ്റൻസ് (In the Distance)’ ഉം ശ്രദ്ധ നേടിയ കൃതിയാണ്.
ആൻഡ്രൂ ബെവെൽ എന്ന ബിസിനെസ്സുകാരന്റെയും അകാലത്തിൽ മരിച്ചുപോയ അയാളുടെ ഭാര്യ മിൽഡ്രഡ് ബെവെലിന്റെയും ദാമ്പത്യ ജീവിതത്തിന്റെ കഥയാണ് 'ട്രസ്റ്റ്' എന്ന് വേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. എന്നാൽ അത് വളരെ ഉപരിപ്ലവമായ ഒരു വിലയിരുത്തലാകും. സാധാരണ നോവൽ രചനാ സങ്കേതങ്ങളിൽ നിന്നെല്ലാം വിഭിന്നമായി വളരെ വ്യത്യസ്തമായ നാല് വീക്ഷണ കോണിലൂടെയാണ് നോവലിസ്റ്റ് അവരുടെ ജീവിതത്തെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ബെവെൽ ഒരു തികഞ്ഞ ക്യാപിറ്റലിസ്റ് ആണ്. 1921 ലെ അമേരിക്കൻ സാമ്പത്തിക മാന്ദ്യവും തുടർന്നുള്ള അസാധാരണമായ സാമ്പത്തിക വളർച്ചയും അയാൾ തന്റെ കൂർമ്മ ബുദ്ധി ഉപയോഗിച്ച് സമ്പത്ത് നേടാനുള്ള അവസരങ്ങളാക്കി മാറ്റുന്നു. സ്റ്റോക്ക് മാർക്കറ്റിൽ തൊട്ടതെല്ലാം പൊന്നാക്കുവാൻ അയാൾക്ക് സാധിക്കുന്നു. രാജ്യത്തുള്ള നിക്ഷേപകരെല്ലാം അയാളെ മാതൃകയാക്കുകയും പിന്തുടർന്ന് നിക്ഷേപത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കുമിഞ്ഞു കൂടുന്ന സമ്പത്ത് സാമ്പത്തിക ചൂതാട്ടങ്ങളിലേക്കും അത്യാർത്തിയിലേക്കും ആളുകളെ നയിക്കുന്നു. സ്വാഭാവികമായും അതിനൊരു അവസാനം ഉണ്ടാകുമല്ലോ. ആ ഘട്ടത്തിൽ, 1929 ൽ വിപണിയുടെ സുനിശ്ചിതമായ വീഴ്ചക്ക് മുന്നേ തന്നെ ബെവെൽ തന്റെ നിക്ഷേപങ്ങളെല്ലാം വിറ്റഴിച്ച് അവിടെയും ലാഭം നേടുന്നുണ്ട്. എന്നാൽ ഭൂരിഭാഗം നിക്ഷേപകരും സാമ്പത്തിക സ്ഥാപനങ്ങളും ബാങ്കുകളും ആ വീഴ്ചയിൽ തകർന്ന് തരിപ്പണമായി. സാമ്പത്തിക വിദഗ്ദ്ധരെല്ലാം വിപണിയുടെ തകർച്ചക്ക് കാരണം ബെവെൽ ആണെന്ന് പഴി പറഞ്ഞു. എങ്കിലും ബെവെൽ താൻ രക്ഷപ്പെട്ടത് തന്റെ ബുദ്ധിയും ഉൾവിളിയും കാരണമാണെന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. തന്റെ ധന സമ്പാദനമെല്ലാം രാജ്യത്തിന് വേണ്ടിയാണെന്ന ഒരു വാദവും ഉയർത്തുന്നുണ്ട് അയാൾ.
ബെവെലിന്റെ ഭാര്യ മിൽഡ്രെഡിന് ആവട്ടെ സംഗീതം, സാഹിത്യം, ചിത്രകല തുടങ്ങിയവയിലായിരുന്നു കമ്പം. ആഡംബരം നിറഞ്ഞ വലിയ വീട്ടിൽ സദാ സമയവും ബിസിനെസ്സിൽ മുഴുകിയ ഭർത്താവുമൊത്ത് വളരെ ഏകാന്തമായ ജീവിതമായിരുന്നു അവളുടേത്. സംഗീത സദസ്സുകൾ നടത്തിയും കലാകാരന്മാരെയും സാഹിത്യകാരന്മാരെയും വായനശാലകളെയും ആസ്പത്രികളെയും മറ്റും കൈയയച്ച് സഹായിച്ചും അവൾ ജീവിതം പോക്കി. അർബുദം ബാധിച്ച് മരണത്തോടടുക്കുമ്പോഴും അവൾ ആ താൽപ്പര്യങ്ങൾ മുറുകെപ്പിടിച്ചു. അതിനുള്ള പണം അവൾക്ക് കൊടുക്കുന്നതിന്ന് ബെവെലിന്ന് യാതൊരു പ്രശ്നവും ഇല്ലായിരുന്നു. അയാൾ ചൂതാട്ടത്തിലൂടെയും വിശ്വാസവഞ്ചനയിലൂടെയും നേടിയ മുതലാളിത്തത്തിന്റെ ഉല്പന്നമാണെങ്കിലും ആ 'പണം' മിൽഡ്രഡ് ചെയ്യുന്ന സദ്പ്രവർത്തികൾക്ക് ഉപകരിച്ചു.
തങ്ങളുടെ ദാമ്പത്യ ജീവിതത്തെയും ബിസിനസ് വിജയത്തെയും പറ്റി എന്ന് തോന്നത്തക്ക വിധം ആയിടെ പുറത്തിറങ്ങിയ 'ബോണ്ട് സ്' എന്ന നോവലിനെ ചൊല്ലി ബെവെൽ ക്ഷുഭിതനായിരുന്നു. നോവലിസ്റ്റായ ഹാരോൾഡ് വാന്നെർ തന്റെ ഭാര്യയുടെ രോഗവും മരണവും അതുപോലെ തന്റെ ബിസിനെസ്സ് വിജയവും ശരിയായ രീതിയിലല്ല അതിൽ അവതരിപ്പിച്ചത് എന്നായിരുന്നു അയാളുടെ പരാതി. അതിനാൽ അയാൾ തന്റെയും ഭാര്യ മിൽഡ്രെഡിന്റെയും കഥ നോവലാക്കി എഴുതാൻ ഇഡാ പാർട്ടൻസ എന്ന ഒരു പെൺകുട്ടിയെ നിയോഗിക്കുന്നു. അവരുടെ ജീവിതത്തിന്റെ യഥാതഥമായ ആവിഷ്കരണമല്ല ബെവേലിന് വേണ്ടത്; കലയെയും സംഗീതത്തെയും മാത്രം സ്നേഹിച്ച ഒരു സാധു പെണ്കുട്ടിയായാണ് മിൽഡ്രെഡ് അവതരിപ്പിക്കപ്പെടേണ്ടത്. ബിസിനെസ്സ് വിജയങ്ങളെല്ലാം ബെവേലിന്റെതായി ചിത്രീകരിക്കപ്പെടണം. എന്നാൽ അത് യാഥാർഥ്യത്തിൽ നിന്നും എത്രയേറെ ദൂരെയായിരുന്നെന്ന് ഇഡ കണ്ടെത്തുന്ന മിൽഡ്രെഡിന്റെ ഡയറിയിൽ നിന്നും നമുക്ക് തിരിച്ചറിയാം. മരണത്തെ മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ഒരു സ്ത്രീയുടെ ശുഷ്കമായ, ചിതറി തെറിച്ച ചിന്തകളും ഓർമകളുമാണ് ആ ഡയറിക്കുറിപ്പുകൾ. എങ്കിലും അതുവരെ വായനക്കാർ മനസ്സിലാക്കിയ, തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ബിസിനസ്സുകാരൻ ബെവെലിൽ നിന്നും വ്യത്യസ്തനായ, വിശ്വാസ വഞ്ചകനും ധന സമ്പാദനത്തിനായി എന്തും ചെയ്യുന്ന ഒരു ബെവെൽ ആ കുറിപ്പുകളിൽ നിന്നും ഉയർന്നു വരുന്നു. കലയെയും സംഗീതത്തെയും സ്നേഹിക്കുന്നതിന്നു പുറമെ ബെവെലിന്റെ വിപണി വിജയത്തിന്റെ പിന്നിലെ കൂർമ്മ ബുദ്ധിയായി ഒരു മിൽഡ്രെഡും ഉയർന്നു വരുന്നു.
മുതലാളിത്ത വ്യവസ്ഥിതിയുടെ ബെവെൽ എന്ന പ്രതിനിധിക്കൊപ്പം തന്നെ കമ്മ്യൂണിസത്തിന്റെ ഒരു പ്രതിനിധിയെയും അവതരിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. ഇഡാ പാർട്ടൻസയുടെ അച്ഛൻ. ആശയാധിഷ്ഠിതമായ കമ്മ്യൂണിസത്തിലാണ് അയാൾ അടിയുറച്ചു വിശ്വസിക്കുന്നത്. അച്ഛന്റെ വിശ്വാസങ്ങൾ ഇഡയെയും സ്വാധീനിക്കുന്നുണ്ട്. എന്നാൽ ബെവെലിനെപ്പോലെ ഒരു മുതലാളിക്ക് വേണ്ടി ജോലി ചെയ്യുന്നത് അവളെ ധർമ്മസങ്കടത്തിലാക്കുന്നു. ഇഡയുടെ ചിന്തകളിലൂടെ കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും താരതമ്യം ചെയ്യുവാനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്.
ഏതാണ്ട് പകുതി നോവൽ വായിക്കുന്നതുവരെ വായനക്കാർക്ക് അതിന്റെ കഥാതന്തു പിടികൊടുക്കാതെ അങ്കലാപ്പിലാക്കുന്നുണ്ട് നോവലിസ്റ്റ്. നാല് വ്യത്യസ്ത ആൾക്കാർ എഴുതിയ വ്യത്യസ്ത ചെറു നോവലുകളുടെ സമാഹാരമാണോ അത് എന്നുവരെ അവർ സംശയിച്ചു പോകും വിധം. എന്നാൽ മൂന്നാം ഭാഗം വായിച്ചു മുന്നേറുന്നതോടെ വായനക്കാർ ആകാംക്ഷയുടെ മുൾമുനയിലാവുന്നു. ഈ നോവലിനെ 'നോവൽ' ആക്കുന്നതും ആ കഥാകഥന രീതി തന്നെ. ഇറ്റാലോ കാൽവിനോ എഴുതിയ ‘ഇൻവിസിബിൾ സിറ്റീസ്’ എന്ന നോവൽ പോലെ നമ്മുടെ നോവൽ സങ്കല്പത്തെ മാറ്റി മറിക്കുന്ന ഒരു മികച്ച രചനയായി ഈ കൃതി അനുഭവപ്പെടുന്നു.


informative. shall try to get it for a read.
ReplyDeleteWorth reading. Thank you.
Deleteലോക ക്ലാസിക്കുകളെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്താനുള്ള നല്ല ഉദ്യമം! അഭിനന്ദനങ്ങൾ.
ReplyDeleteThank you.
ReplyDelete