Wednesday, March 6, 2024

 

തോട്ടക്കാരനും മയിലും



(photo courtesy)


മദ്ധ്യാഹ്ന വെയിലിന്റെ ആവിയൊന്ന് അടങ്ങിയപ്പോൾ തോട്ടക്കാരൻ തന്റെ തോട്ടം നനക്കുവാനായി വീട്ടിൽ നിന്നും പുറത്തിറങ്ങി. അയാളുടെ തോട്ടത്തിൽ ഇനിയും പട്ട വിരിഞ്ഞിട്ടില്ലാത്ത തെങ്ങിൻ തൈകളും കവുങ്ങിൻ തൈകളും ഇടവിട്ട് വരി വരിയായി നിരന്നു നിന്നു. മറ്റൊരു ഭാഗത്തായിരുന്നു പച്ചക്കറികൾ. കയറുവല കെട്ടിയ പന്തലിനു മുകളിലേക്ക് നനുത്ത ചുരുളൻ വള്ളികളാൽ എത്തിപ്പിടിച്ച് കൈപ്പയും പടവലവും വള്ളിപ്പയറും പടർന്നു കയറി. കുമ്പളവും മത്തനും നീണ്ട മീശ രോമങ്ങൾ നീട്ടി തൊടി മുഴുവൻ കീഴടക്കാനിറങ്ങിയ അശ്വങ്ങളെപ്പോലെ പോലെ കുതിച്ചു മദിച്ചു. വെണ്ടയും വഴുതനയും പച്ചമുളകും അവരെ ഭയന്ന് ഒഴിഞ്ഞു മാറി മറ്റൊരിടത്ത് വരിയായി നിന്നു.

അയാൾ മോട്ടോർ ഓൺ ചെയ്തപ്പോൾ തോട്ടത്തിനരികിലുള്ള കുളത്തിൽ നിന്ന്നും ചുവന്ന മൺ ചാലിലൂടെ തെളിനീരൊഴുകി തടങ്ങൾ നിറയുവാൻ തുടങ്ങി. കുളം എന്ന് പറഞ്ഞെങ്കിലും കിണറിനോളം താഴ്ചയുണ്ടായിരുന്നു അതിന്. ഇറങ്ങിപ്പോവാൻ പടികളില്ലാത്ത വലിയ ചതുരാകൃതിയിലുള്ള കൊക്കർണി. അരികുകളിൽ വളർന്ന കുറ്റിച്ചെടികൾക്കിടയിലൂടെ സൂക്ഷിച്ചു നോക്കിയാൽ ഇരുണ്ട ആഴങ്ങളിൽ പച്ചനിറമാർന്ന വെള്ളം കാണാം. തോട്ടക്കാരൻ കൊച്ചു കുട്ടിയായിരുന്ന കാലത്ത് കുളത്തിൽ ഒരു ഏത്തമുണ്ടായിരുന്നു.  ഉയരത്തിൽ രണ്ട് കാലുകൾക്കിടയിൽ തുലാസ്സു പോലെ സ്ഥാപിച്ച നീണ്ട മരത്തടി. അതിന്റെ ഒരറ്റത്ത് കൊക്കർണിയിലേക്കിറങ്ങി വെള്ളം കോരിയെടുക്കുവാൻ ഇളകിയാടുന്ന ത്രികോണാകൃതിയിലുള്ള വലിയ ഒരു തൊട്ടിയുണ്ട്. മറുഭാഗത്ത് ആട്ടുകല്ലുപോലെ വലിയ വൃത്താകൃതിയിലുള്ള ഒരു കല്ല് ഘടിപ്പിച്ചിരിക്കുന്നു. അച്ഛനും അമ്മയും ചേർന്നായിരുന്നു തോട്ടം നന. അച്ഛൻ തൊട്ടിയോട് ചേർത്ത് കെട്ടിയ കയർ വലിച്ച് തൊട്ടി വെള്ളത്തിൽ മുക്കും. മറ്റേ അറ്റത്ത് കല്ല് മുകളിലേക്ക് പോകും.  അപ്പോൾ അമ്മ അതിനടുത്ത് ഉണ്ടാക്കിയിട്ടുള്ള ഒരു കോണിയിലൂടെ കയറി വൃത്താകൃതിയിലുള്ള ആ കല്ലിൽ കയറി നിൽക്കും. അമ്മയുടെ ഭാരം കാരണം കല്ല് താഴേക്ക് വരികയും മറ്റേ അറ്റത്ത് വെള്ളത്തൊട്ടി മുകളിലേക്ക് വരികയും അച്ഛൻ അത് പിടിച്ച് വെള്ളം ചാലിലേക്ക് ഒഴുക്കി വിടുകയും ചെയ്യും. സന്ധ്യക്ക് തുടങ്ങുന്ന ഈ ജോലി ഇരുട്ടിയാലും ഏറെ നേരം തുടരും.

അക്കാലത്തിനു ശേഷം എത്രയോ വേനലുകളിൽ തോട്ടത്തിലെ ചാലുകളിലൂടെ തെളിനീരൊഴുകി. അയാളുടെ അച്ഛനും അമ്മയും ഇന്നില്ല. ഇലക്ട്രിക്ക് മോട്ടോർ ഏത്തത്തിന്റെ ജോലി ഏറ്റെടുത്തു. അച്ഛന്റെ ജോലി അയാളും.

തോട്ടക്കാരൻ വെള്ളം ഒഴുകുന്ന ചെറിയ ചാലുകളിലെ തടസ്സങ്ങൾ നീക്കിയും ചെടികളുടെയും വള്ളികളുടെയും വളർച്ച ശരിയായ ദിശയിലാക്കിയും നടക്കുന്നതിനിടെ മയിൽ വന്നെത്തി. തന്റെ വരവറിയിക്കുവാൻ എന്ന പോലെ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച് നീണ്ട നീല കഴുത്ത് ഇരുഭാഗത്തേക്കും വെട്ടിച്ച് അത് അയാളുടെ തോട്ടത്തിൽ കൂസലില്ലാതെ ചുറ്റി നടക്കുവാൻ തുടങ്ങി. നിറഞ്ഞു നീണ്ട പീലിക്കെട്ടുണ്ടായിരുന്നു അതിന്. ആദ്യമെല്ലാം തോട്ടക്കാരൻ മയിലിനെ സന്തോഷത്തോടെയും അത്ഭുതത്തോടെയും നോക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അയാൾ അല്പം ശത്രുതയോടെയായിരുന്നു പക്ഷിയെ നോക്കിക്കണ്ടത്. അത് തന്നെ ധിക്കരിച്ച് അഹങ്കാരത്തോടെ നിർഭയം തന്റെ തോട്ടത്തിലൂടെ അതിക്രമിച്ചു നടക്കുന്നതായി തോന്നി അയാൾക്ക്.

ഗ്രാമത്തിൽ മയിലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അടുത്ത കാലത്തായിരുന്നു. അതിനു മുൻപ് അയാളുടെ ഓർമ്മയിൽ ആദ്യമായി മയിലിനെ കണ്ടത് കുട്ടിക്കാലത്ത് അച്ഛനോടൊപ്പം പഴനിയിൽ പോയപ്പോഴായിരുന്നു. എട്ടോ പത്തോ വയസ്സ് പ്രായം മാത്രമേ അന്ന് അയാൾക്കുണ്ടായിരുന്നുള്ളു. അച്ഛനും അവനും കാവടികൾ എടുത്തിട്ടുണ്ടായിരുന്നു. വർണ കടലാസുകൾ കൊണ്ട് പൊതിഞ്ഞ ഒരു കൊച്ചു കാവടിയായിരുന്നു അവന്റേത്. ത്രികോണാകൃതിയിലുള്ള കൊച്ചു വർണ കൊടികൾ കുത്തിനിരത്തിയ കാവടി. കൂടെ അപ്പു പണ്ടാരാനും ഉണ്ടായിരുന്നു. നെഞ്ചു വരെ ഇടതൂർന്നു നീണ്ടു പരന്ന താടിയുള്ള അപ്പു പണ്ടാരൻ. അയാൾ ഒരു കാവി മുണ്ട് ഉടുക്കുകയും ഒരു കാവിമുണ്ടു കൊണ്ട് പുതയ്ക്കുകയും ചെയ്തു.  അയാളുടെ കഴുത്തിൽ രുദ്രാക്ഷത്തിന്റെയും പളുങ്കുകളുടെയും വലുതും ചെറുതുമായ ഒട്ടേറെ മാലകൾ ഉണ്ടായിരുന്നു. പിന്നെ വലിയ ഒരു വെളുത്ത ശംഖും. വീടുകൾ തോറും കയറി ഇറങ്ങി നടക്കുമ്പോൾ ഭിക്ഷ ലഭിച്ചു കഴിഞ്ഞാൽ അയാൾ ശംഖ് നീട്ടി വിളിക്കും. കാവടി എടുത്ത് ഏതാനും ദിവസത്തെ ഊരു തെണ്ടലിന്നു ശേഷം അവർ പാലക്കാടു നിന്നും തീവണ്ടി കയറി പഴനിയിലെത്തി. മഞ്ഞയും കാവിയും ഉടുത്ത് കഴുത്തിൽ രുദ്രാക്ഷ മാലയുമായി കാവടിയേന്തി അവർ പഴനിമലയുടെ കൽ പടവുകൾ കയറുവാൻ തുടങ്ങി. ചുറ്റും നിരവധി പേർ അവർക്കൊപ്പം കാവടി എടുത്ത് മല കയറുന്നുണ്ടായിരുന്നു.

"ഹര ഹരോ ഹര ഹര!....വേൽ മുരുഗാ....ഹരോ ഹരാ... വടി വേലാ ഹരോ ഹരാ.."

മുല്ല, ജമന്തി, കദംബം തുടങ്ങിയ പൂക്കളുടെയും ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം നിറഞ്ഞ അന്തരീക്ഷം. തല മൊട്ടയടിച്ച് ചന്ദനം തേച്ച സ്ത്രീകളും പുരുഷന്മാരും കുട്ടികളും താഴേക്ക് ഇറങ്ങി വരുന്നു. അവന് കണ്ടു പരിചയമില്ലാത്ത ചേലും തരവും ഉള്ള പുരുഷന്മാരും സ്ത്രീകളും. കേട്ട് പരിചയമില്ലാത്ത ഭാഷ. അവൻ പുതിയ അനുഭൂതിയിൽ മുഴുകി കരിങ്കൽ പടവുകൾ കയറുമ്പോഴായിരുന്നു അച്ഛൻ പെട്ടെന്ന് മലഞ്ചെരിവിലേക്കു കൈ ചൂണ്ടി പറഞ്ഞത്:

'നോക്ക് കുട്ടാ....മയിലിനെ നോക്ക്..."

അവന്റെ കണ്ണുകളിൽ അത്ഭുതം പീലി വിടർത്തി. പാഠ പുസ്തകത്തിലെ ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ള സുന്ദരനായ പക്ഷി. നീണ്ട, തിളങ്ങുന്ന നീല കഴുത്ത് വെട്ടിച്ച്, കനത്ത പീലിക്കെട്ട് നിലത്തിഴച്ച് അത് കുറ്റിക്കാട്ടിനുള്ളിലേക്ക് കയറി മറഞ്ഞു. വർഷങ്ങൾക്കു ശേഷം തന്റെ വീട്ടിലും തോട്ടത്തിലും പക്ഷിയെ ആദ്യമായി കണ്ടപ്പോഴും അതേ ആനന്ദമായിരുന്നു അയാൾക്ക്. എന്നാൽ അത് അധിക ദിവസം നീണ്ടു നിന്നില്ല.

ഒരു ദിവസം പ്രഭാതത്തിൽ പതിവുപോലെ അയാൾ തന്റെ പച്ചക്കറി തോട്ടത്തിൽ നടക്കാനിറങ്ങിയതായിരിന്നു. അതിനും മൂന്നു നാലു ദിവസം മുൻപ്, വരി വരിയായി ഏരി മാടിയ തിട്ടുകളിൽ അയാൾ പയർ വിത്തുകൾ കുത്തിയിട്ടിരുന്നു. തലേ ദിവസം വൈകീട്ട് അയാൾ നനക്കുവാൻ വന്നപ്പോൾ, മുഴുവനായി വിടർന്നിട്ടില്ലാത്ത രണ്ടു വെളുത്ത പരിപ്പുകൾക്കിടയിൽ കൈ കൂപ്പുന്ന നനുത്ത പച്ച ഇലകളുമായി അവ മുളച്ച് നിന്നിരുന്നു; ചിലത് തല ഉയർത്തിയും, ചിലത് തല കുനിച്ചും. എന്നാൽ ഇപ്പോൾ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു. ആൺ മയിലും ഒന്ന് രണ്ടു പിടകളും ചേർന്ന് പയർ മുളകളെ വെറുതെ കൊത്തി അവയുടെ ബലം പരിശോധിച്ച് ഏരികൾക്കിടയിലൂടെ സാവധാനം നടക്കുന്നുണ്ടായിരുന്നു. തലേന്ന് കണ്ട പുതു മുളകളിലധികവും തല പൊട്ടി മണ്ണിൽ വീണു കിടക്കുന്നുണ്ടായിരുന്നു. തോട്ടക്കാരൻ ദുഖവും ദേഷ്യവും സഹിക്കാനാവാതെ ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പിന്നെ മയിലുകൾ വലിയ ശബ്ദത്തിൽ കരഞ്ഞു വിളിച്ചു തോട്ടത്തിൽ നിന്നും പറന്നു പോകുന്നതുവരെ അയാൾ അവയുടെ പിറകെ ഓടി.

അതിനും കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു അയാളുടെ വാഴക്കൃഷി കാട്ടു പന്നികൾ കുത്തി നശിപ്പിച്ചത്. തൂമ്പ് തളിരിലയുടെ ചുരുൾ ഉയർത്തി നിന്നിരുന്ന വാഴത്തൈകൾ ഒരു പ്രഭാതത്തിൽ മണ്ണിൽ ഒടിഞ്ഞു ചതഞ്ഞു കിടന്നു. ഏതാനും തെങ്ങിൻ തൈകളും നശിപ്പിക്കപ്പെട്ടു.  ഓല വിടർന്നിട്ടില്ലാത്ത, പട്ടകൾ വിരിച്ചു നിന്ന തെങ്ങിൻ തൈകൾ കട പുഴങ്ങി കിടന്നു. അവയ്ക്കടിയിലെ തേങ്ങ പന്നികൾ ഭക്ഷണമാക്കി കഴിഞ്ഞിരുന്നു. ബാക്കിയുള്ളവയെ അയാൾ വല കെട്ടി സംരക്ഷിക്കുവാൻ ശ്രമിച്ചു. ചിലപ്പോഴെല്ലാം വലയും തകർക്കപ്പെട്ടു.

തോട്ടക്കാരൻ വെള്ളം നനച്ചുകൊണ്ടിരുന്നപ്പോഴെല്ലാം മയിലുകൾ അലസമായി അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. ആൺ മയിൽ പിന്നെ കമ്പി വേലി കെട്ടുവാനായി നാട്ടിയ സിമന്റ് തൂണിൽ കയറി ഇരുന്നു. അതിന്റെ നീണ്ട പീലികൾ നിലത്തു മുട്ടുന്നുണ്ടായിരുന്നു. തോട്ടത്തിനരികിലെ ഒരു മാവിൻ കൊമ്പിലാണ് മയിലുകൾ രാത്രി ചേക്കേറുന്നത് എന്ന് തോട്ടക്കാരൻ ഇതിനകം കണ്ടുപിടിച്ചിരുന്നു. മയിലുകളെയും പന്നികളെയും തുരത്താതെ തനിക്കിനി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് അയാൾക്ക് പതുക്കെ പതുക്കെ ബോദ്ധ്യമാവുകയായിരുന്നു.

അന്നു രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം തോട്ടക്കാരൻ വീട്ടിൽ നിന്നും പുറത്തിറങ്ങി. രാത്രിയിൽ എങ്ങോട്ടാണെന്ന ഭാര്യയുടെ ചോദ്യത്തിന് അയാൾ ഉത്തരമൊന്നും പറഞ്ഞില്ല. എക മകളെ വിവാഹം ചെയ്തു കൊടുത്ത ശേഷം അവർ രണ്ടു പേരും മാത്രമായിരുന്നു വീട്ടിൽ. ഏതാനും ദിവസങ്ങളായി അയാളുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഭാര്യ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അയാൾ മൂകനും ദുഃഖിതനുമായി കാണപ്പെട്ടു. പല വട്ടം ചോദിച്ചെങ്കിലും തന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നമെന്താണെന്ന് ഭാര്യയോട് തുറന്ന് പറയുവാൻ അയാൾ തയ്യാറായില്ല. കൃഷി നാശം വരുത്തുന്ന മയിലിന്റെയും വന്യ മൃഗങ്ങളുടെയും കാര്യം അയാൾ പലപ്പോഴും പറയുമായിരുന്നു. അയാളുടെ വിഷമത്തിന് അതാവാം ഹേതു എന്ന് അവർ നിരൂപിച്ചു. അതുകൊണ്ടു തന്നെ അയാൾ ഒന്നും മിണ്ടാതെ പുറത്തിറങ്ങിയതിൽ അവർക്ക് അസ്വാഭാവികതയൊന്നും തോന്നിയതുമില്ല.

തോട്ടക്കാരൻ നേരത്തെ തയ്യാറാക്കിവെച്ച തെങ്ങോല ചൂട്ടു കറ്റ കത്തിച്ച് തോട്ടത്തിലേക്ക് നടന്നു. വേനൽ അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു. തപിച്ചു കിടന്ന ഭൂമിയിൽ നിന്നും പൊങ്ങുന്ന ചൂടുള്ള ആവി അയാളെ ആവരണം ചെയ്തു. അയാളുടെ കാൽക്കീഴിൽ കരിയിലകൾ ഞെരിഞ്ഞമർന്നു. നിലാവില്ലാത്ത ഇരുണ്ട രാത്രിയായിരുന്നു അത്. ആകാശത്ത് ഏതാനും നക്ഷത്രങ്ങൾ മാത്രം അങ്ങിങ്ങായി ചിതറി കിടന്നു. അയാളുടെ ചൂട്ടു കറ്റയിൽ നിന്നും ഇരുണ്ട രാവിൽ തീ പോരികൾ മിന്നാമിനുങ്ങുകൾ പോലെ ചിതറി വീണു. ചെറു ജീവികളുടെ ശബ്ദവും അയാളുടെ കാൽ കീഴിൽ ഞെരിയുന്ന കരിയിലകളുടെ ശബ്ദവും കൂടിക്കുഴഞ്ഞു. നടന്നു നടന്ന് അയാൾ തോട്ടത്തിനടുത്തുള്ള മാവിൻ ചുവട്ടിലെത്തി. മുകളിലേക്ക് നോക്കിയാൽ മാവിന്റെ ഇടതൂർന്ന് ഇരുണ്ട ഇലച്ചാർത്തല്ലാതെ മറ്റൊന്നും കാണുവാനില്ലായിരുന്നു. ശാന്തവും നിശ്ചലവുമായ അന്തരീക്ഷം. ഇത് തന്നെയാണോ മയിലുകളുടെ താവളം?

താൻ എന്തിനാണ് ഇവിടെ വന്നതെന്നോ എന്താണ് ചെയ്യുവാൻ പോകുന്നതെന്നോ തോട്ടക്കാരന്ന് ഒരു രൂപവുമില്ലായിരുന്നു. എങ്കിലും പെട്ടെന്നൊരു ഉൾവിളിയാലെന്ന പോലെ അയാൾ ചൂട്ടു കറ്റ വീശി ജ്വലിപ്പിച്ച് മാവിൻ കൊമ്പിനു നേരെ ഉയർത്തി. പെട്ടെന്ന് മാവിന്റെ ചില്ലകളുലച്ച് കനത്ത ചിറകടി ശബ്ദങ്ങൾ ഉയർന്നു പൊങ്ങി. ഇരുളിൽ ഒന്നും കാണുവാൻ സാധിക്കുന്നില്ലെങ്കിലും ശക്തമായ വലിയ ചിറകുകൾ മുതുകിൽ വന്ന് പതിക്കുന്നത് അയാൾ അറിഞ്ഞു. കൂർത്ത നഖങ്ങൾ അയാളുടെ പിറകിൽ കോറി വരച്ചു. കൂർത്ത കൊക്കുകൾ അയാളുടെ മുഖത്തും കഴുത്തിലും ആഴ്ന്നിറങ്ങി. കുറ്റിക്കാട്ടിൽ നിന്നും ഓടി അടുക്കുന്ന ഏതോ മൃഗങ്ങളുടെ കാലടി ശബ്ദങ്ങൾ ഉയർന്നു പൊങ്ങി. അവിടെ നിന്നും ഓടി രക്ഷപ്പെടുവാനായി മുന്നോട്ടാഞ്ഞ അയാൾ ഒരു വലിയ കല്ലിൽ തട്ടി തടഞ്ഞു വീണു. ചൂട്ടു കറ്റ കയ്യിൽ നിന്നും തെറിച്ച് ചിതറി വീണു. കത്തുന്ന ഓലകൾ കരിയിലകളിലും പച്ചക്കറി പന്തലിലും തീ പടർത്തി. തോട്ടക്കാരൻ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും വളഞ്ഞു കൂർത്ത നഖങ്ങളുള്ള വന്യമൃഗ പാദങ്ങൾ അയാളെ ചവിട്ടി മെതിച്ചു. കൂർത്ത പല്ലുകളും തേറ്റകളും അയാളുടെ ശരീരത്തിൽ അവിടവിടെ ആഴ്ന്നിറങ്ങി. പ്രതിരോധമില്ലാതെ, എഴുന്നേൽക്കുവാനാകാതെ, അയാൾ മണ്ണിൽ തളർന്നു കിടന്നു. അയാൾക്കു ചുറ്റും രാവിൻറെ ഇരുളിൽ അഗ്നി നാളങ്ങൾ പടർന്നു കയറി. അതിന്റെ തീക്ഷണത താങ്ങുവാനാകാതെന്ന പോലെ അയാളുടെ കണ്ണുകൾ സാവധാനം അടഞ്ഞു വന്നു.

2 comments:

  1. ദുരന്തമാകുന്ന കർഷക ജീവിതം വരച്ചുകാട്ടുന്ന വരികൾ. വളരെ നല്ല എഴുത്ത്.

    ReplyDelete