Friday, March 22, 2024

 

അൺടിൽ ആഗസ്ത്

(Until August)

ഗബ്രിയേൽ ഗാർസിയ മാർകേസ്

(Gabriel Garcia Marquez)

(നോവൽ ആസ്വാദനം)




സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഗബ്രിയേൽ ഗാർസിയ മാർകേസ് രണ്ടായിരത്തി പതിനാലിലായിരുന്നു നമ്മെ വിട്ടു പോയത്. മരണത്തിന് വളരെക്കാലം മുൻപ് തന്നെ അദ്ദേഹം മറവി രോഗത്തിന്റെ പിടിയിലായിരുന്നു. "ജീവിക്കുന്നതല്ല ജീവിതം; ഓർമ്മിക്കുന്നതാണ്. ഓർമ്മകളാണ് എഴുത്തിന്റെ ഉത്ഭവവും പണിയായുധവും. അതില്ലെങ്കിൽ മറ്റൊന്നുമില്ല." എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (Life is not what one lives, but what one remembers. Memory is at once my source material and my tool. Without it, there’s nothing).

എന്നിരുന്നാലും 2004 ൽ അസുഖം ഓർമ്മകളെ സാരമായി ബാധിക്കുന്നതുവരെ പരിമിതികളോടെയാണെങ്കിലും അദ്ദേഹം തന്റെ സാഹിത്യ സപര്യ തുടർന്നു. പലപ്പോഴും മാർകേസ് പറഞ്ഞ്  സെക്രട്ടറി കേട്ടെഴുത്തുകയായിരുന്നു. പിന്നീട് എഴുതിയത് സെക്രട്ടറി ഉച്ചത്തിൽ വായിക്കുന്നത് കേട്ട് വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യും.


(Photo Courtesy)

 

അത്തരത്തിൽ എഴുതിയ ഒരു ചെറു നോവലാണ് "അൺടിൽ ആഗസ്ത്". ആദ്യം നാല് വ്യത്യസ്ത ചെറുകഥകളായാണ് മാർകേസ് ഇത് വിഭാവനം ചെയ്തത്. പിന്നീട് അഞ്ചു പ്രാവശ്യം മാറ്റി എഴുതി. എന്നിട്ടും അദ്ദേഹത്തിന് തന്റെ കൃതിയിൽ അശേഷം സംതൃപ്തിയോ പ്രസിദ്ധീകരിക്കുവാനുള്ള ആത്മധൈര്യമോ ഉണ്ടായിരുന്നില്ല. അതിനാൽ കൃതി പ്രസിദ്ധീകരിക്കരുതെന്നും നശിപ്പിച്ചു കളയണമെന്നും അദ്ദേഹം തന്റെ മക്കളായ റോഡ്രിഗോ യോടും ഗോൺസാലോ ഗാർസിയ ബാർച്ച യോടും നിർദ്ദേശിച്ചു. അങ്ങിനെ കൃതിയുടെ വെട്ടലും തിരുത്തലും നിറഞ്ഞ, അഞ്ചു പ്രാവശ്യം മാറ്റി എഴുതപ്പെട്ട, പ്രതികൾ ടെക്സാസ് യൂണിവേഴ്സിറ്റിയിലെഹാരി റാൻസം സെൻറർ’ എന്ന ഗ്രന്ഥശാലയിൽ വർഷങ്ങളോളം ഉറങ്ങിക്കിടന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷം മക്കൾക്കത് പ്രസിദ്ധീകരണ യോഗ്യമായി തോന്നി. അവർ ധർമ്മസങ്കടത്തിലായെന്നാണ് പറയുന്നത്. ഒന്നുകിൽ അച്ഛന്റെ ആഗ്രഹപ്രകാരം കൃതി പ്രസിദ്ധീകരിക്കാതെ ഇരിക്കണം. അല്ലെങ്കിൽ അച്ഛന്റെ അന്ത്യാഭിലാഷത്തെ ധിക്കരിച്ച്, ആരാധകർക്ക് അദ്ദേഹത്തിന്റെ അവസാന കാലത്ത് പല കഷ്ടതകളും സഹിച്ച് എഴുതിയ കൃതി രുചിക്കുവാൻ കൊടുക്കണം. വായനക്കാർക്കത് ഇഷ്ടപ്പെട്ടെങ്കിൽ അച്ഛന്റെ ആത്മാവ് തങ്ങളോട് ക്ഷമിക്കും എന്നവർ വിശ്വസിച്ചു. അങ്ങിനെ 2024 മാർച്ച് മാസത്തിൽ, മാർകേസിന്റെ തൊണ്ണൂറ്റി ഏഴാം ജന്മദിനത്തിൽ, കൃതി വെളിച്ചം കണ്ടു.

കൃതിയെപ്പയറ്റിയും മാർകേസിന്റെ മക്കളുടെ തീരുമാനത്തെപ്പറ്റിയും സമ്മിശ്രമായ അഭിപ്രായങ്ങളാണ് ലോകമെമ്പാടും ഉയരുന്നത്. ഭൂരിഭാഗവും എതിരഭിപ്രായം തന്നെ. ന്യൂയോർക് ടൈംസ് 'മാർകേസിനുള്ള ഒട്ടും തൃപ്തികരമല്ലാത്ത യാത്രാമൊഴി' എന്നു വരെ കൃതിയെ വിശേഷിപ്പിച്ചു. 'വൺ ഹൺഡ്രഡ് യേർസ് ഓഫ് സോളിറ്റ്യൂഡ്' പോലെയോ ' ലവ് ഇൻ ദി ടൈം ഓഫ് കോളറ' പോലെയോ ഒരു മാസ്റ്റർപീസ് ഒന്നുമല്ലെങ്കിലും മാർകേസിന്റെ അനന്യമായ കഥാഖ്യാന രീതികൊണ്ട് ആസ്വാദ്യകരമാണ് ചെറു നോവലും എന്നാണ് ഞാൻ വിചാരിക്കുന്നത്..

അന്ന മഗ്ദലെന ബാച്ച് (Ana Magdalena Bach) എന്ന നാല്പത്തിഏഴുകാരിയുടെ കഥയാണ് മാർകേസ് പറയുന്നത്. ഭർത്താവും മുതിർന്ന ഒരു മകനും മകളും ഉണ്ട് അവർക്ക്. പരസ്പര സ്നേഹവും വിശ്വസ്തതയും അവരുടെ ഇരുപത്തേഴു വർഷത്തെ ദാമ്പത്യത്തിന് തിളക്കം കൂട്ടുന്നു. എല്ലാ വർഷവും ആഗസ്ത് മാസം പതിനാറാം തീയതി അന്ന ഒരു ഫെറിയിൽ കയറി അടുത്തുള്ള ഒരു ദ്വീപിൽ പോകും. അവിടെ ആർഭാടങ്ങളില്ലാത്ത, പാവപ്പെട്ടവരുടെ ഒരു സിമിത്തെരിയിലാണ് മരിച്ചുപോയ അവരുടെ അമ്മയെ അടക്കം ചെയ്തിരിക്കുന്നത്. അന്ന, അമ്മയുടെ കല്ലറയിൽ പുഷ്പങ്ങൾ   അർപ്പിക്കും. ഒരുവർഷത്തെ കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും അമ്മയെ അറിയിക്കും. പിറ്റേദിവസം തന്നെ ഫെറിയിൽ തിരിച്ചു പോരുകയും ചെയ്യും.

കഥ തുടങ്ങുന്ന വർഷം അമ്മയുടെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് ഹോട്ടെലിൽ തിരിച്ചെത്തി, സന്ധ്യക്ക് ബാറിൽ കയറി അല്പം മദ്യപിച്ചപ്പോൾ അന്നയ്ക്കൊരു വിളി തോന്നി. ഇത്രകാലം പതിവ്രതയായി കഴിഞ്ഞു. ഇന്നൊരു ദിവസം അല്പം അവിഹിതമായാലെന്ത്? പറ്റിയ ഒരു പുരുഷനെയും കണ്ടുകിട്ടി. ബാറിൽ നിന്ന് തന്നെ. അയാളോടൊത്ത് ആനന്ദകരമായി ഡാൻസ് ചെയ്യുകയും രാത്രി ചിലവിടുകയും ചെയ്തു. രാവിലെ എഴുന്നേറ്റപ്പോൾ മുറിയിൽ അയാളില്ലായിരുന്നു. പക്ഷെ അന്നയെ ഒരു കാര്യം ഞെട്ടിച്ചു: അയാൾ പോകുമ്പോൾ തന്റെ പുസ്തകത്തിനിടയിൽ ഒരു ഇരുപത്തിന്റെ ഡോളർ നോട്ട് വെച്ചിരിക്കുന്നു. അതോടെ അയാളോട് അവർക്ക് അതിയായ വെറുപ്പും കൊല്ലാനുള്ള ദേഷ്യവും ഉണ്ടായി. പക്ഷെ അയാളുടെ പേരുപോലും അവർക്കറിയില്ലായിരുന്നു!

കാര്യം അതൊരു പുതിയ അനുഭവവും ത്രില്ലും എല്ലാമായിരുന്നെങ്കിലും വീട്ടിലെത്തി ഭർത്താവിനെ അഭിമുഖീകരിക്കേണ്ടി വന്നതോടെ അന്നയ്ക്ക് അൽപ സ്വല്പം മാനസിക അലോസരങ്ങൾ തുടങ്ങി. വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും മെല്ലെ മെല്ലെ അകൽച്ചയും. മാറ്റങ്ങൾ ഭർത്താവും അറിയുന്നുണ്ടായിരുന്നു. അടുത്ത വർഷവും ആഗസ്ത് പതിനാറിന്ന് എതാണ്ടിതുപോലെ ഒക്കെ തന്നെ സംഭവിക്കുന്നു. അതിന്റെ അടുത്ത വർഷവും. വർഷത്തിൽ ഒരു ദിവസത്തെ സ്വാതന്ത്ര്യവും വ്യത്യസ്ത അനുഭവങ്ങളും. അതേസമയം കൂടിക്കൂടി വരുന്ന കുടുംബത്തിൽ നിന്നുമുള്ള അകൽച്ച. അതിന്റെ മാനസിക സംഘർഷങ്ങളുമായാണ് നോവൽ പുരോഗമിക്കുന്നത്. ഇടയ്ക്കിടക്ക് നാടകീയമായ ട്വിസ്റ്റുകളും സംഭവിക്കുന്നുണ്ട്. അവയ്ക്ക് അൽപ സ്വല്പം വിശ്വാസ്യതയുടെ പ്രശ്നങ്ങളുണ്ടെങ്കിലും.

പ്രണയം, യൗവനത്തിലേതായാലും വാർദ്ധക്യത്തിലേതായാലും പ്ലാറ്റോണിക് ആയാലും ശാരീരികം മാത്രമായാലും അതിന്റെ എല്ലാ രൂപത്തിലും ഭാവത്തിലും, ഇഷ്ടപ്പെട്ട വിഷയമാണ് മാർകേസിന്ന്. നോവലിലും അത് നിറഞ്ഞു നിൽക്കുന്നു. ലളിതമായ വിവരണങ്ങളിലൂടെ വായനക്കാരനെ കഥാപരിസരത്ത് കൊണ്ടുചെന്നെത്തിക്കുന്ന മാസ്മരികത നോവലിലും പ്രകടമാണ്. കഥാപാത്രങ്ങളുടെ വിചാര വികാരങ്ങൾ വായനക്കാരിലേക്കും പടർന്നു കയറുന്നു. പുസ്തകത്തിനിടയിൽ ഇരുപത് ഡോളർ നോട്ട് കണ്ട് അന്ന ഞെട്ടി അസ്വസ്ഥയാകുന്നതുപോലെ വായനക്കാരും അസ്വസ്ഥരാകുന്നു. തെറ്റിദ്ധരിക്കപ്പെട്ട, വിലയിടപ്പെട്ട പ്രണയം! അതുപോലുള്ള മുഹൂർത്തങ്ങളും ചിന്താധാരകളും വേറെയും ഉണ്ട് നോവലിൽ.

കൃതി പ്രസിദ്ധീകരിക്കുവാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്ന കഥ മാർകേസിന്റെ മക്കൾ ഒരു ആമുഖ കുറിപ്പായി വെളിപ്പെടുത്തുന്നുണ്ട്. അഞ്ചു പ്രതികളിലായി പരന്നു കിടന്ന നോവലിനെ ഇപ്പോൾ കാണുന്ന രൂപത്തിലാക്കിയ കഥ പുസ്തകത്തിന്റെ അവസാന ഭാഗത്ത് എഡിറ്ററും പങ്കുവെക്കുന്നു. മാർകേസ് വെട്ടും തിരുത്തും നടത്തിയ യഥാർത്ഥ പേജുകളുടെ ചിത്രങ്ങളും ഉണ്ട്. സാഹിത്യ കുതുകികൾക്ക് എല്ലാം ആസ്വാദ്യം തന്നെ.

എന്റെ അഭിപ്രായത്തിൽ നോവൽ നമുക്ക് വായിക്കുവാൻ അവസരമൊരുക്കിയതിന്ന് മാർകേസ് മക്കൾക്ക് മാപ്പു നൽകുക തന്നെ ചെയ്യും. നിലവാരമെങ്കിലുമുള്ള സർഗാത്മക സാഹിത്യ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ അദ്ദേഹം ഇനിയുമില്ലല്ലോ എന്ന ദുഃഖം നമ്മിൽ അവശേഷിക്കുകയും ചെയ്യുന്നു.

No comments:

Post a Comment