Friday, April 12, 2024

 

പോപ്പിറ്റ് മാജിക്





മകനും മരുമകളും ജോലിക്ക് പോയിരിക്കുകയാണ്. പേരക്കുട്ടി ഗൗതുവിന്റെ രക്ഷിതാക്കളായി ഏതാനും ദിവസത്തേക്ക് അവരുടെ വീട്ടിൽ വന്നിരിക്കുകയാണ് ഞാനും ഭാര്യയും. ഉച്ചയായപ്പോൾ ഗൗതുവിനെ ഞാൻ അവളുടെ പ്രീ കെ ജി ക്ലാസ്സിൽ നിന്നും കൂട്ടിയിട്ടു വന്നു. എതാണ്ടൊരു മണിക്കൂർ നേരത്തെ കഠിനാദ്ധ്വാനത്തിലൂടെ ഉഷ അവളെ ഭക്ഷണം കഴിപ്പിച്ചു. മാഷാ എന്ന കുസൃതി പെൺകുട്ടി, ഒരു തടിയൻ കരടി, അവന്റെ ഭാര്യ അതേ രൂപമുള്ള പെൺകരടി, (Masha and the Bear), പിക്കാസോയുടെ ചിത്രങ്ങളിലെ പോലെ ത്രിമാന മുഖമുള്ള, പെപ്പ എന്ന പേരുള്ള പന്നി, അവന്റെ സുഹൃത്ത് ജോർജ് (Peppa Pig) തുടങ്ങി ഒരു വൻ സംഘത്തിന്റെ ടീം വർക്കും ഉണ്ടായിരുന്നു അതിനു പിന്നിൽ. ഭക്ഷണം കഴിഞ്ഞ ഉടനെ കാർട്ടൂൺ ചാനൽ ഓഫാക്കപ്പെട്ടു. സ്‌ക്രീൻ ടൈമിന് പരിധി വെച്ചിട്ടുണ്ട്. ഗൗതുവിന്റെ ചാർജ് എനിക്ക് കൈമാറി ഉഷ ഭക്ഷണം കഴിക്കുവാൻ അടുക്കളയിലേക്ക് പോയി.

കാർട്ടൂൺ ഒഴിവായതോടെ ഗൗതു തന്റെ വികൃതികൾ പുറത്തെടുത്തു തുടങ്ങി. എങ്ങിനെയെങ്കിലും അര മണിക്കൂർ അവളെ ഒതുക്കി നിറുത്തണം. ഞാൻ അതിനുള്ള വഴി ആലോചിച്ചപ്പോഴാണ് ഇന്നലെ അവൾക്ക് ക്ലാസ്സിൽ നിന്നും സമ്മാനമായി കിട്ടിയ പോപ്പിറ്റ് (popit) ശ്രദ്ധയിൽ പെട്ടത്. നാലോ അഞ്ചോ ഇഞ്ച് നീളവും വീതിയുമുള്ള മഴവില്ലിന്റെ നിറങ്ങളുള്ള മിനുസമാർന്ന ഒരു റബ്ബർഷീറ്. അതിൽ നിറയെ വരി വരിയായി ചെറിയ പൊള്ളങ്ങളാണ്. കുമിളകൾ. വിരലുകൊണ്ട് അമർത്തിയാൽ കുമിള കുഴിയായി മാറും. മറുവശത്ത് കുഴി കുമിളയായും മാറും. കുട്ടികൾക്കും വാർദ്ധക്യം ബാധിച്ചവർക്കും നേരം പോക്കാൻ ഒരു വഴി - കുമിളകളെ കുഴികളായും കുഴികളെ കുമിളകളായും മാറ്റിക്കൊണ്ടേ ഇരിക്കുക! ഏതാണ്ട് നാറാണത്ത് ഭ്രാന്തന്റെ പണി തന്നെ.

ഞാൻ ഗൗതുവിനോട് പറഞ്ഞു: ഞാൻ ഒരു മാജിക് കാണിക്കാം. അവൾക്ക് താല്പര്യമായി. ഞാൻ പോപ്പ് ഇറ്റ് കയ്യിൽ വെച്ച് അവളോട് എല്ലാ കുമിളകളെയും വിരലുകൊണ്ട് അമർത്തി കുഴിയാക്കുവാൻ ആവശ്യപ്പെട്ടു. പിന്നെ ഒരു ടവൽ കൊണ്ട് ഷീറ്റ് മൂടി. അവളോട് ജാലവിദ്യക്കാരനെ പോലെ കൈകൊണ്ട് ആംഗ്യം കാണിച്ച് മൂന്നു പ്രാവശ്യം 'ഓം ഹ്രീം ഹ്രൂമ്' എന്ന് മന്ത്രം ചൊല്ലുവാൻ പറഞ്ഞു. അവൾ മന്ത്രം ചൊല്ലുന്നതിനിടയിൽ സൂത്രത്തിൽ ടവ്വലിന് കീഴെ പോപ്പിറ്റ് ഞാൻ മറിച്ചു പിടിച്ചു. കുമിളകളുള്ള ഭാഗം മുകളിലാക്കി. പിന്നെ നാടകീയമായി ടവൽ മാറ്റി. പോപ്പിറ്റ് അതാ പഴയ പോലെ എല്ലാ കുമിളകളും മുകളിലായി! അവളുടെ സന്തോഷത്തിനും ആശ്ചര്യത്തിനും അതിരില്ലായിരുന്നു. മാജിക് അങ്ങിനെ പലപ്പോഴും ആവർത്തിക്കപ്പെട്ടു. എന്റെ മന്ത്രം പ്രയോഗിക്കുവാൻ നാവിന് അല്പം പ്രയാസമുള്ളതു കൊണ്ട് അവൾ അതിനെ പരിഷ്കരിച്ച് പുതിയ വേർഷൻ ഇറക്കി. മന്ത്രം 2.0 - കൈകൂപ്പി മൂന്നു പ്രാവശ്യം 'നമസ്കാരം' പറയുക!

നാലഞ്ചു ദിവസം കഴിഞ്ഞ് ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചു വന്നു. ഇന്ന് മകൻ വൈശാഖ് ഒരു വീഡിയോ അയച്ചിരുന്നു. ഗൗതു അവളുടെ പപ്പയും അമ്മയും മാത്രം അടങ്ങിയ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ ആ മാജിക് അവതരിപ്പിക്കുന്നതിൻറെ. അവൾ അതാ മേശപ്പുറത്തു വെച്ച പോപ്പിറ്റ് ടവൽ കൊണ്ട് മൂടുന്നു. പുതിയ വേർഷൻ മന്ത്രം കൈകൂപ്പി മൂന്നു പ്രാവശ്യം ചൊല്ലുന്നു; നമസ്കാരം, നമസ്‍കാരം, നമസ്കാരം! പിന്നെ പതുക്കെ ടവൽ മാറ്റുന്നു. ഹാ...കഷ്ടം! പോപ്പിറ്റിന്ന് ഒരു മാറ്റവുമില്ല. കുഴികൾ കുഴികളായിത്തന്നെ നിലകൊള്ളുന്നു! ചതിക്കുഴികൾ! പപ്പയും അമ്മയും ചിരിക്കുന്നു. അവൾ അവിശ്വസനീയതയോടെ പോപ്പിറ്റ് നോക്കി ജാള്യതയോടെ വിഷണ്ണയായി ഇരിക്കുന്നു. എന്റെ ഉള്ളിൽ ഒരു തേങ്ങൽ ഉയർന്നു. കഷ്ടം! ഞാൻ കാരണം അവൾ പപ്പയും അമ്മയും മാത്രമേ ഉള്ളൂ എങ്കിലും ഒരു സദസ്സിനു മുന്നിൽ പരാജയപ്പെട്ടിരിക്കുന്നു. എന്റെ ഉള്ളിൽ വിഷമവും കുറ്റബോധവും നിറഞ്ഞു. മനസാ അവളെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു: സോറി...സോറി...കുഞ്ഞേ...നിഷ്കളങ്കയായ നിന്നെ കബളിപ്പിച്ചതിന്ന്! അടുത്ത പ്രാവശ്യം ഞാൻ വരുമ്പോൾ ആ സൂത്രം പഠിപ്പിച്ചു തരാം. ജാഗ്രതയ്ക്കും പ്രതിരോധത്തിനുമായി ഈ ലോകത്തിന്റെ കാപട്യങ്ങളും കളങ്കങ്ങളും ക്രൂരതകളും നീ അറിഞ്ഞിരിക്കേണ്ടുന്ന സമയമായിത്തുടങ്ങി...

 

No comments:

Post a Comment