Saturday, March 23, 2024

 

അജ്ഞാത സുഹൃത്തുക്കൾ





നേരം നാല് മണിയായി. ഇന്നെന്നെ പോകണം ന്ന്ണ്ട്ച്ചാൽ ഇനി ഒട്ടും വൈകിക്കണ്ട...

അച്ഛൻ തിരക്ക് കൂട്ടാൻ തുടങ്ങിയിട്ട് കുറേ നേരമായി. പറയുന്നതിൽ കാര്യമുണ്ട്. നാലഞ്ചു മണിക്കൂർ യാത്രയുണ്ട് മാനന്തവാടിയിലേക്ക്. ചുരം കയറി പോകേണ്ടതാണ്. ഇവിടെ മഴയില്ലെങ്കിലും അവിടെ ഉണ്ടാവാൻ സാധ്യതയുണ്ട്, ട്രാഫിക് ബ്ലോക്കും സാധാരണം. അവിടെ എത്തുമ്പോഴേക്കും രാത്രിയാവുകയും ചെയ്യും. അല്പം നേരത്തെ പുറപ്പെടുന്നത് തന്നെയാണ് നല്ലത്. പക്ഷെ എല്ലാവരും യാത്ര പറയുന്ന തിരക്കിലാണ്. ഉടനെ തീരുന്ന മട്ടില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. ഇനി എപ്പോഴാണ് വരാൻ പറ്റുന്നത് ആവോ! മൂന്നു ദിവസമെങ്കിലും ഒഴിവുണ്ടെങ്കിൽ മാത്രമേ വരവ് നടക്കുകയുള്ളൂ.

അധികം വൈകാതെ യാത്ര തുടങ്ങി. ഞങ്ങൾ മൂന്നു പേർ. ഞാനും ഉഷയും ചിന്നുവും. പിന്നെ വസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന പെട്ടിയും വീട്ടിൽ നിന്നും സാധാരണ കടത്തുന്ന നാളികേരം,പപ്പായ, ചെറുപഴം  തുടങ്ങിയവയും. വൈശാഖ് സമയത്ത് ഞങ്ങളുടെ കൂടെ ഇല്ല. എൻട്രൻസ് പ്രിപ്പറേഷനിലാണ്. മാരുതി എണ്ണൂറാം നമ്പറാണ് ഞങ്ങളുടെ അന്നത്തെ വാഹനം. വളരെ പഴയത് എന്ന് പറഞ്ഞുകൂടാ. യുവത്വം വിട്ടു മാറിയിട്ടില്ല. അതുകൊണ്ടു തന്നെ ഇതുവരെ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുമില്ല. എല്ലാ യാത്രകളിലും വിശ്വസ്തനായ സഹചാരി.

കോഴിക്കോട് റൂട്ടിൽ അങ്ങാടിപ്പുറത്തുനിന്നും മഞ്ചേരി, അരീക്കോട്, മുക്കം വഴി അടിവാരത്തെത്തണം. പിന്നെ ചുരം തുടങ്ങുകയായി. ഭൂരിഭാഗം റോഡുകളും അക്കാലത്ത് തകർന്നു കിടക്കുകയായിരുന്നു. എവിടെനിന്നോ തകർന്ന റോഡിലൂടെ പോകുമ്പോൾ ഒരു വലിയ കല്ല് കാറിന്നടിയിൽ ശക്തിയോടെ വന്നടിച്ചു. കാറിൽ കയറി ഇരുന്ന് യാത്ര ചെയ്യുവാനോ ഓടിച്ചു പോകുവാനോ അല്ലാതെ സാങ്കേതികമായി കാറിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. എങ്കിലും നാട്ടു നടപ്പനുസരിച്ച് കാറു നിറുത്തി ഞാൻ കുനിഞ്ഞ് താഴെയെല്ലാം ഒന്ന് നോക്കി. ബോണറ്റ് തുറന്നു നോക്കി. പ്രത്ത്യേകിച്ചൊന്നും ഇല്ല. ടയറുകൾ വൃത്താകൃതിയിൽ തന്നെ ഉണ്ട്. സമാധാനം. യാത്ര തുടരാം.

സന്ധ്യക്ക് മുൻപ് തന്നെ ഞങ്ങൾ അടിവാരത്തെത്തി ചുരം കയറുവാൻ തുടങ്ങി. താമരശ്ശേരി ചുരം. കർണാടകയിലെ കുംട്ട മുതലിങ്ങോട്ട് ഒരുപാട് പശ്ചിമ ഘട്ട ചുരങ്ങളിലൂടെ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അവ എല്ലാറ്റിലും വെച്ച് ഏറ്റവും ഭംഗിയുള്ള ചുരമാണ് താമരശ്ശേരി ചുരം. അതുകൊണ്ടു തന്നെ ചുരത്തിലൂടെയുള്ള ഓരോ യാത്രയും എന്നേ സംബന്ധിച്ചിടത്തോളം വളരെ അനുഭൂതിദായകമാണ്.

ഒന്നിന് പിറകെ ഒന്നായി പ്രത്യക്ഷപ്പെടുന്ന മുടിപ്പിൻ വളവുകൾ താണ്ടി കയറ്റം കയറി ഉയരങ്ങളിൽ എത്തുമ്പോൾ വിശാലമായ മലനിരകളുടെ ദൂരക്കാഴ്ച തരുന്ന ഒട്ടേറെ വ്യൂ പോയിന്റുകൾ ഉണ്ട്. യാത്രക്കാർ അവിടെയെല്ലാം വാഹനം നിറുത്തി കാഴ്ച ആസ്വദിക്കുന്നുണ്ട്. ഞങ്ങളും അത് പതിവാണ്. ഒടുവിലത്തെ വളവും കഴിഞ്ഞപ്പോൾ ഞാൻ മറ്റു വാഹനങ്ങൾക്കിടയിൽ സ്ഥലം കണ്ടെത്തി കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങി. റോഡിനു മറുഭാഗത്തെ സുരക്ഷാ മതിലിനു മുകളിൽ വാനരന്മാർ നിരന്നിരിക്കുന്നുണ്ട്. പലരും അവർക്ക് കടലയും മറ്റും കൊടുക്കുന്നുണ്ട്. വാനരന്മാർ നിരന്നിരിക്കുന്ന മതിലിനപ്പുറം അഗാധ ഗർത്തമാണ്. ഇടയിൽ അല്പം സ്ഥലമുള്ള ഇടത്തു കയറി ഞാനും മകളും ദൂരക്കാഴ്ച്ച നോക്കി നിലയുറപ്പിച്ചു.

ചക്രവാള സീമവരെ അടുക്കും ചിട്ടയുമില്ലാതെ പരന്നു കിടക്കുന്ന മലനിരകൾ! ഇടതു വശത്ത് വയനാട് മുതൽ വലത്ത്   പടിഞ്ഞാറേ അറ്റം കോഴിക്കോട് വരെ അവ പരന്നു കിടക്കുന്നു. പടിഞ്ഞാറ് അസ്തമയ സൂര്യന്റെ സ്വർണ കിരണങ്ങൾ പതിക്കുന്ന ഭാഗത്തെ മലകൾക്ക് തെളിഞ്ഞ നീല നിറമാണ്. മഴ ആസന്നമെന്നു തോന്നിച്ച വയനാട് ഭാഗത്തെ മലകളാവട്ടെ കറുത്തിരുണ്ട് നിലകൊണ്ടു. ഓരോ തവണയും കാഴ്ച എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതിയെയും പ്രപഞ്ചത്തെയും ഓർത്ത് അത്ഭുതം കൂറാനുള്ള അവസരമാണ്. പകൽ വെളിച്ചത്തിൽ മനം കവരുന്ന മനോഹാരിത; രാത്രിയായാൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഭീതി ജനകമായ അനന്തത! ഏകാന്തത! പ്രപഞ്ച സ്രഷ്ടാവേ.....എന്തെല്ലാമാണ് അങ്ങ് സൃഷ്ടിച്ചു വെച്ചിരിക്കുന്നത്!

പപ്പാ... മഴ ചാറാൻ തുടങ്ങി. പോകാം...

മകൾ പറഞ്ഞു. എന്റെ കയ്യിലും ഒന്ന് രണ്ടു തുള്ളികൾ വീണു. ഞങ്ങൾ കാറിൽ കയറി. സ്റ്റാർട്ട് ചെയ്തപ്പോൾ കാർ ചെറുതായി ഒന്ന് പ്രതിഷേധിച്ചു. രണ്ടാമത്തെ പ്രാവശ്യം സ്റ്റാർട്ട് ആയി. ഡാഷ് ബോർഡിലെ ബാറ്ററിയുടെ ഐക്കണിൽ ചെറുതായി ഒരു രക്തഛവി കലർന്നിട്ടുണ്ടോ? എനിക്ക് സംശയം തോന്നി. ...! ഏതായാലും ചുരം കയറി കഴിഞ്ഞല്ലോ. കുഴപ്പമില്ല. ഞാൻ ആശ്വസിച്ചു.

കല്പറ്റ എത്തിയപ്പോഴേക്കും മഴ സാമാന്യം കനത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം യാത്ര ചെയ്തിരുന്നതുകൊണ്ട് കല്പറ്റ എത്തിയാൽ ഒരു ചായ കുടിക്കുക പതിവായിരുന്നു. പതിവ് തെറ്റിച്ചില്ല. തിരിച്ചു കയറി സ്റ്റാർട്ട് ചെയ്തപ്പോൾ കാർ വീണ്ടും പ്രതിഷേധിച്ചു. ഇത്തവണ കാര്യമായിത്തന്നെ. മൂന്നു നാല് പ്രാവശ്യത്തെ പരിശ്രമത്തിനൊടുവിലാണ് സ്റ്റാർട്ട് ആയത്. ബാറ്റെറിച്ചിത്രത്തിന്റെ രക്ത പ്രസാദം ഇപ്പോൾ വളരെ പ്രകടമായിരുന്നു. പ്രശ്നം മണത്ത ഉഷയും ചിന്നുവും പരിഭ്രമം തുടങ്ങിയിരുന്നു. അടുത്ത് ഏതെങ്കിലും മെക്കാനിക്ക് ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഞായറാഴ്ചയായതുകൊണ്ട് സമയത് കടകളൊന്നും ഉണ്ടാവില്ലെന്ന് മനസ്സിലായി. ഏതായാലും പോവുകതന്നെ….യാത്ര തുടർന്നു.

കല്പറ്റ കഴിഞ്ഞ് കുറച്ചു ദൂരം പോയാൽ മാനന്തവാടിക്ക് ഇടത്തോട്ടു തിരിയണം. പിന്നെ കുറെ ദൂരം, എതാണ്ട രണ്ടു മൂന്നു കിലോമീറ്റെർ ദൂരം വളരെ വിജനമായ കാടും കാപ്പിത്തോട്ടവും ആണ്. ട്രാഫിക്കും പൊതുവെ കുറവാണ് റൂട്ടിൽ. പൊതുപ്രവർത്തകനും എഴുത്തുകാരനുമായ വീരേന്ദ്രകുമാറിന്റെ കുടുംബത്തിന്റെയാണ് തോട്ടങ്ങൾ എന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. ശരിയാണോ എന്തോ!

ഞങ്ങൾ ബത്തേരി റോഡിൽ നിന്നും മാനന്തവാടി റോഡിലേക്ക് തിരിഞ്ഞു. മഴ കൂടുതൽ ശക്തമായിരുന്നു. മുന്നിലെ ചില്ലിലൂടെ വെള്ളം കുതിച്ചൊഴുകി. ഞാൻ വൈപ്പർ മുഴുവൻ സ്പീഡിലിട്ടു. പക്ഷെ വൈപ്പറിന് എന്തോ ഒരു ക്ഷീണം ബാധിച്ച പോലെ. ഞങ്ങൾ വിജനമായ കാട്ടു പാതയിലേക്ക് കയറിക്കഴിഞ്ഞിരുന്നു. വഴി വിളക്കുകളില്ല. കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശവും കുറഞ്ഞ പോലെ. റോഡും ചാലും വെള്ളം നിറഞ്ഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. മറ്റു വാഹനങ്ങളൊന്നും കാണുന്നില്ല. എങ്ങിനെയെങ്കിലും രണ്ടുമൂന്നു കിലോമീറ്റർ കടന്നു കിട്ടിയാൽ മതി. അത് കഴിഞ്ഞാൽ കമ്പളക്കാട് എന്ന ചെറിയ ടൗണിലെത്താം.

ഇതിനകം കാറിനുള്ളിൽ യാത്രക്കാർ ബഹളം തുടങ്ങിയിരുന്നു. അവരുടെ പരിഭ്രമം ഭീതിയിലേക്ക് വളർന്നു കഴിഞ്ഞിരുന്നു. ഇത്രയും വൈകി പുറപ്പെട്ടതിന്, കൽപറ്റയിൽ ചായ കുടിക്കാൻ നിറുത്തിയതിന്, കാർ അവിടെ നിറുത്തി മറ്റു വല്ല വാഹനത്തിലും യാത്ര തുടരാത്തതിന്...... അങ്ങിനെ ചെയ്യാതെ പോയതും ചെയ്തുപോയതുമായ അനേകം അപരാധങ്ങൾ പരാമർശിക്കപ്പെട്ടു.  തൃശ്ശൂരുനിന്നും മകനും മൊബൈലിൽ ഭീതിയിൽ പങ്കു ചേർന്നു.

വാസ്തവത്തിൽ സ്ഥിതിഗതികൾ മോശമായി വരികയായിരുന്നു. മഴ കുറയുന്നില്ല. ജനൽ ചില്ലുകളെയും മറികടന്ന് തണുപ്പ് ഉള്ളിലേക്ക് അരിച്ചു വരുന്നു.  വൈപ്പർ വളരെ വിഷമിച്ചാണ് ഒരു വശത്തേക്ക് തന്നെ തുടയ്ക്കുന്നത്. അല്പം കഴിഞ്ഞ് തിരിച്ചു തുടയ്ക്കും. ചിലപ്പോൾ വെറുതെ വിറയ്ക്കുക മാത്രം ചെയ്യും. ഓഫ് ചെയ്ത് ഓൺ ചെയ്താൽ വീണ്ടും മനസ്സില്ലാമനസ്സോടെ ഒന്ന് തുടയ്ക്കും. മുന്നിലെ ലൈറ്റും വളരെയധികം മങ്ങിയിരിക്കുന്നു. ജനവാസ സ്ഥലം എത്തുവാൻ ഇനിയും എത്ര പോകണമെന്ന് അറിയില്ല. കുറേ ദൂരം അങ്ങിനെ പോയിക്കാണണം. ഹെഡ് ലൈറ്റിന്റെ വെളിച്ചം തീരെ കുറഞ്ഞു. വൈപ്പർ അനക്കമറ്റു. പിന്നെ ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു; കാർ ഒന്ന് രണ്ടു തവണ ചെറുതായി മുന്നോട്ടു ചാടി എൻജിൻ ഓഫായി. വണ്ടി നിശ്ചലമായി. എല്ലാം അവസാനിച്ചു. ജീവനില്ലാത്ത അവസ്ഥ. എന്ത് ചെയ്യും. ഞാൻ ഒറ്റക്കാണെങ്കിൽ മഴയായാലും ഇരുട്ടായാലും ഇറങ്ങി നടക്കാമായിരുന്നു. ഇപ്പോൾ അതിനും പറ്റില്ല. എതായാലും കുടയുമെടുത്തു പുറത്തിറങ്ങി. എന്തെങ്കിലും ചെയ്തേ പറ്റൂ.

ഏതു തുരങ്കത്തിൽ അകപ്പെട്ടാലും ദൈവം അറ്റത്തൊരു വെളിച്ചം കാണിച്ചു തരുമല്ലോ. ഞാൻ കണ്ട വെളിച്ചം കുറച്ചു ദൂരെ റോഡിൻറെ തിരിവിൽ ഒരു ചെറിയ വീടിന്റെ ചുമരിൽ തൂക്കിയ ഷേഡ് ഇല്ലാത്ത ബൾബ് ആയിട്ടായിരുന്നു. ആശ്വാസം തോന്നി. എതായാലും വിജനമായ കാപ്പിക്കാടുകൾ കഴിഞ്ഞിരിക്കുന്നു. ഇനി കമ്പളക്കാട്ടേക്ക് അധികം ദൂരമില്ല. മഴയുടെ ശക്തിയും കുറഞ്ഞിരിക്കുന്നു. ഇപ്പോൾ ചാറ്റൽ മഴയെ ഉള്ളു. പക്ഷെ ശരീരത്തിൽ തുളഞ്ഞു കയറുന്ന തണുപ്പ്.

ഞാൻ വീട്ടിലേക്ക് നടന്നു. അവിടെ നിന്നും എതാനും യുവാക്കളുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നുണ്ടായിരുന്നു. വിവാഹം നടക്കുവാൻ പോകുന്ന വീടാണെന്ന് തോന്നുന്നു. കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽകല്യാണപ്പൊര’. വീടിനു വെളിയിൽ എതാനും ബൈക്കുകൾ നനഞ്ഞു കിടന്നു. ഞാൻ അകത്തു കയറി ഒരു യുവാവിനോട് കാർ നിന്നുപോയ വിവരം പറഞ്ഞു. പെട്ടെന്നു തന്നെ നാലഞ്ചു പേർ ചുറ്റും കൂടി. ഒരാൾ പറഞ്ഞു:

കാറ് ഓഫായതാണേ ബാറ്ററിടെ കൊയപ്പാവും. എടാ...അനാസ് എവടെ...ഓന് നോക്കിയാ അറിയാം. ജീപ്പ് ഓടിക്കണതല്ലേ...

എല്ലാവരും ചാറ്റൽ മഴയെയും തണുത്ത കാറ്റിനെയും അവഗണിച്ച് കാറിനടുത്തേക്ക് നടന്നു. എന്റെ കയ്യിലൊഴിച്ച് മറ്റാരുടെയും കയ്യിൽ കുടയില്ലായിരുന്നു. നനഞ്ഞ് ചൂളിപ്പിടിച്ചായിരുന്നു എല്ലാവരും നടന്നത്. തണുപ്പ് കാരണം മാറിൽ കൈകൾ പിണച്ച് തോളിൽ പിടിച്ച്. ബോണറ്റ് തുറന്ന് മൊബൈലിന്റെ വെളിച്ചത്തിൽ അനാസ് അകത്തു പരിശോധിച്ചു.

ഡയനാമോന്റെ ബെൽറ്റ് പൊട്ടീക്ക് ണ്. അതാ ബാറ്ററി ചാർജാവാത്തത്. കമ്പളക്കാട് പോയാ അഹമ്മദ്ക്കാന്റെ കടേല് ണ്ടാവും.

ന്ന് ഞായറാഴ്ചയല്ലേ... ഓല് കട അടച്ചിട്ടുണ്ടാവും...

ഓല്ടെ പൊരേ പോയി വിളിച്ചാ തൊറന്ന് എടുത്ത് തരും. വണ്ടി അവടെ എത്തിക്കണം..... ഡാ ഒരു കഷണം കയറ് കിട്ടോ നോക്ക്…. തൽക്കാലത്തേക്ക് ഒപ്പിക്കാൻ പറ്റുവോ നോക്കാ…

അങ്ങിനെ ചർച്ചയും അഭിപ്രായങ്ങളും പുരോഗമിച്ചു. ഞാൻ കേവലം ദൃക്സാക്ഷിയായി കുടയും പിടിച്ച് ചാറ്റൽ മഴയിൽ മൂകനായി നിന്നു. അപ്പോഴേക്കും ഒരാൾ പോയി കയറുമായി വന്നു. അനസ് മൊബൈലിന്റെ വെളിച്ചത്തിൽ ബോണെറ്റിനുള്ളിൽ എന്തെല്ലാമോ ചെയ്തു. പിന്നെ എന്നോട് പിന്നിൽ കയറുവാൻ പറഞ്ഞ് ഡ്രൈവർ സീറ്റിൽ കയറി.  അവരിൽ ഒരാൾ കൂടി മുന്നിൽ കയറി. ഞാൻ പിന്നിലും. അനസ് വിളിച്ചക്കു പറഞ്ഞു;

തള്ളടാ....

മൂന്നു നാല് പേര് ചേർന്ന് കാർ തള്ളി. അങ്ങിനെ സ്റ്റാർട്ടായ കാറും പിറകിൽ രണ്ടു മൂന്നു ബൈക്കുകളുടെ അകമ്പടിയുമായി ഞങ്ങൾ പെട്ടെന്ന് കമ്പളക്കാട് സ്പെയർ പാർട്ട് കടയ്ക്കു മുന്നിലെത്തി. അൽപ സമയത്തിനുള്ളിൽ തന്നെ കടക്കാരനെത്തി. കട തുറന്നു ഒരു കറുത്ത റബ്ബർ ബെൽറ്റ് അനസിന് കൊടുത്തു. ചെറിയ വിലയെ ഉണ്ടായിരുന്നുള്ളു. നിമിഷങ്ങൾക്കകം പണി കഴിഞ്ഞ് അയാൾ താക്കോൽ കയ്യിൽ തന്നു. ഞങ്ങളുടെ സന്തോഷത്തിനും അവരോടുള്ള നന്ദിക്കും കണക്കില്ലായിരുന്നു. ഓരോരുത്തരോടും ഞങ്ങൾ പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു. തണുപ്പിൽ ഒരു ചുടു ചായ കുടിക്കുവാനായി ഞാൻ ചെറിയ ഒരു സംഖ്യ നിർബന്ധിച്ചു കൊടുത്തെങ്കിലും അവരത് വാങ്ങിയില്ല.

പിന്നെ സമാധാനത്തോടെ മാനന്തവാടിയിലേക്ക് വണ്ടി ഓടിക്കുമ്പോൾ ഞാൻ ചിന്തിച്ചു; പലപ്പോഴും വഴി പോകുമ്പോൾ ബൈക്കുകാർ പയ്യന്മാരെ മനസാ പഴിക്കുകയും തെറി വിളിക്കുകയും ചെയ്തിട്ടുണ്ട്; അമിത വേഗത്തിലും അപകടകരമായും വണ്ടി ഓടിക്കുന്നതിന്...സൈഡ് തരാതെ മുന്നിൽ അശ്രദ്ധമായി ഓടിക്കുന്നതിന്ന്.... ഇപ്പോൾ ഇത്രയും കഷ്ടം സഹിച്ച് ഞങ്ങളെ സഹായിച്ച ആരെങ്കിലും കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കുമോ? എനിക്ക് വല്ലാത്ത കുറ്റബോധം തോന്നിഏതു നിമിഷവും ആരുടെയെങ്കിലുമൊക്കെ, ചിലപ്പോൾ തികച്ചും അപരിചിതരുടെ പോലും,  സഹായം നമുക്ക് ആവശ്യമായി വരും എന്ന ജീവിത സത്യം ഞാൻ അറിഞ്ഞു. എത്ര വലിയ ഒരു പാഠമാണ് ഞാൻ ഇന്ന് പഠിച്ചത്!  വിദ്യാലയങ്ങളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കാത്ത പാഠം പകർന്നു തന്ന അജ്ഞാത സുഹൃത്തുക്കളേ.... നിങ്ങൾക്ക് നന്ദി.....! നന്ദി...!

2 comments:

  1. ത്രില്ലടിപ്പിക്കുന്ന യാത്ര.. എന്തായാലും അധികം കഷ്ടപ്പെട്ടില്ലല്ലോ ഭാഗ്യം

    ReplyDelete
  2. അതെ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete