നേരത്തെ
വരണേ......!
നാലഞ്ചു ദിവസത്തെ ഓണാഘോഷത്തിനു
ശേഷം നല്ല നാളു നോക്കി, സന്ധ്യ മയങ്ങി, ഒരച്ച് വെല്ലം നേദിച്ച് മഹാബലിയെ യാത്രയാക്കുമ്പോൾ
പണ്ട് കൃഷ്ണമ്മാമൻ പറയുമായിരുന്നു:
"വരും കൊല്ലം നേർത്തെ
വരണേ...!"
പൂരാടം മുതൽ തിരുവോണം വരെ
മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെ ചെറു സംഘങ്ങളായി പരിവാരങ്ങളോടെ വന്ന് മാവേലി അരിമാവ്
കൊണ്ട് അണിഞ്ഞ നടുമുറ്റത്ത് പട്ടക്കുട ചൂടി
ഇരിപ്പുറപ്പിച്ചു.
ധൂപ ദീപങ്ങൾ ഏറ്റുവാങ്ങി. പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും നിവേദ്യമായി സ്വീകരിച്ചു.
പലപ്പോഴും കുട്ടികളായിരുന്നു പൂജാരികൾ. മഹാബലി അവരിൽ സംപ്രീതനായി. അന്തരീക്ഷം ആഘോഷപൂർണമാക്കി.
ഓണം കഴിഞ്ഞപ്പോൾ മാതോരുകളെ ഓരോരുത്തരെയായി നടുമുറ്റത്ത് നിന്നും നീക്കി ദൂരെ വെച്ചു;
അവരെ മണ്ണിൽ മെനഞ്ഞെടുത്ത പൊന്നമ്പലേട്ടൻ തന്നെയായിരുന്നു ആ കർമ്മം നിർവഹിച്ചത്. സൃഷ്ടിയും
സംഹാരവും നിർവഹിക്കുന്നവൻ പൊന്നമ്പലൻ.
അന്നൊന്നും കൃഷ്ണമ്മാവന്റെ
അഭ്യർത്ഥനയുടെ പൊരുൾ എനിക്ക് മനസ്സിലായിരുന്നില്ല.
കൃഷ്ണമ്മാമനും പൊന്നമ്പലേട്ടനും
എല്ലാം വർഷങ്ങൾക്ക് മുൻപ് തന്നെ അരങ്ങൊഴിഞ്ഞു. പിന്നീട് ഓണവും വിഷുവും തിരുവാതിരയുമെല്ലാം
അച്ഛൻ സ്വയം ഏറ്റെടുത്തു. മണ്ണിൽ മെനഞ്ഞ മാതോരുകളെ
അയ്യപ്പനാശാരി പണിത 'ലോങ് ലാസ്റ്റിംഗ്' മര മാതോരുകൾ ഓർമ്മയാക്കി. കാലാനുസൃതമായ മാറ്റം.
എങ്കിലും മനസ്സമാധാനത്തിനായി അച്ഛൻ അവയ്ക്കു മുകളിൽ എല്ലാവർഷവും, ഓണത്തിന് വെക്കുന്നതിനു
മുൻപ്, അല്പം മണ്ണ് തേച്ച് അവരെ മണ്ണാടിയാരാക്കി. സ്വജനം. മാവേലിയെ വരവേൽക്കലും ഓണം
കഴിഞ്ഞ് യാത്രയാക്കലും അച്ഛൻ തന്നെ ചെയ്തു. മാതോരുകൾ മാറ്റുമ്പോൾ കൃഷ്ണമ്മാമൻ പതിവുതെറ്റാതെ
ചെയ്യാറുള്ള അഭ്യർത്ഥന അച്ഛൻ മറന്നുവോ?
എന്തോ
അറിയില്ല. അല്ലെങ്കിലും
ആര്
അഭ്യർത്ഥിച്ചാലും പ്രകൃതി നിയമങ്ങൾ മാറ്റാൻ പറ്റില്ലല്ലോ.
എന്തായാലും അഞ്ചു വർഷം മുൻപ്
അച്ഛൻ വിട പറഞ്ഞു. അങ്ങിനെ മാവേലിയും പൂതനും തിറയും വീട്ടിൽ വരാത്ത ഒരു വർഷം കടന്നു
പോയി. അച്ഛനായിരുന്നു വീട്ടിൽ എല്ലാ ആഘോഷങ്ങളുടെയും നെടുനായകത്വം. അതിനാൽ അടുത്ത വർഷങ്ങളിൽ
പേരിന് ഓണവും പൂരവും വിഷുവും വന്നെങ്കിലും അവയ്‌ക്കൊന്നിനും പഴയ ഉത്സാഹവും ആവേശവും
പകർന്നു തരാനായില്ല. മുതിർന്ന പൗരന്മാർ പേരിന് വീട്ടിൽ മാതോരു വെച്ചു; പായസം വെച്ചു.
മദ്ധ്യവയസ്കർ ടി വി യും മൊബൈലും നോക്കി സമയം പൊക്കി. യുവജനങ്ങൾ വർഷത്തിലൊരിക്കൽ വരുന്ന
മാവേലിയിൽ നിന്നും ഓടിയകന്ന് ഏതെങ്കിലും റിസോർട്ടിൽ അഭയം തേടി.
അച്ഛൻ പോയി മൂന്നു വർഷം കഴിഞ്ഞിരുന്നു. ഓണക്കാലത്തിന് ശേഷം മഞ്ഞും കുളിരും വന്നപ്പോഴായിരുന്നു അമ്മയുടെ എൺപതാം പിറന്നാൾ. ബന്ധുക്കളും അയൽക്കാരും ആയുരാരോഗ്യങ്ങൾ നേർന്നു. ആശിർവദിച്ചു: ആയിരം പൂർണ്ണചന്ദ്രന്മാരുടെ ദർശനം ലഭിക്കട്ടെ! അമ്മയുടെ യാത്രയിലെ അടുത്ത നാഴികക്കല്ല്. പിന്നെ മഞ്ഞും കുളിരും പോയി. വേനൽ വന്നു. നാലീരിക്കാവിലെ പൂരം വന്നു. മുറ്റത്ത് പറ കൊട്ടിനൊത്ത് പൂതനും തിറയും കളിക്കുന്നത് നിറഞ്ഞ മനസ്സോടെ അമ്മ കണ്ടുനിന്നു. അടുത്ത വർഷം വീട്ടിൽ പൂതനും തിറയും കളിക്കില്ലെന്ന് ആരറിഞ്ഞു! എത്ര ആകസ്മികമായാണ് പ്രിയപ്പെട്ടവർ തിരോധാനം ചെയ്യുന്നത്!
അങ്ങിനെ മഹാബലി വീട്ടിൽ വരാത്ത ഒരു വർഷം വീണ്ടും.
"പൂവേ പൊലി, പൂവേ പൊലി! പൂ....പൂ...!"
അതിരാവിലെ അയൽവീടുകളിൽ നിന്നും
മാതോരു വെച്ച് പൂവിളി ഉയർന്നു. പെട്ടെന്ന് എന്റെ മനസ്സിൽ വിഷാദ സ്മരണയുയർത്തി കൃഷ്ണമ്മാമന്റെ
പ്രാർത്ഥനയുടെ പൊരുൾ തെളിഞ്ഞു.
കഴിഞ്ഞ മൂന്നു വർഷം ഞാനായിരുന്നു
മഹാബലിയെ വെച്ചതും യാത്രയാക്കിയതും. അപ്പോൾ ‘അടുത്ത വർഷം വരണേ’ എന്ന് അഭ്യർത്ഥിക്കുവാൻ
ഞാൻ എന്ത് കൊണ്ടോ ഓർത്തിരുന്നില്ല. അതുകൊണ്ടായിരിക്കുമോ ഈ വർഷം മാവേലിയും ഓണവും ഒഴിഞ്ഞു
നിന്നത്? അല്പം കുറ്റബോധത്തോടെ ഞാൻ ഓർത്തു.
വീട്ടിലും നാട്ടിലും മാതോരുവെച്ചും
ഗണപതിയെയും ദുർഗ്ഗയെയും വെച്ചും നമ്മൾ ഉത്സവങ്ങൾ കൊണ്ടാടുന്നു. ഈ വർഷം വീട്ടിൽ വന്ന
ഇവർ അടുത്ത വർഷം വരുമോ എന്ന അനിശ്ചിതത്വം ആ ഉത്സവത്തിമർപ്പിലും അദൃശ്യമായൊരു നിഴൽ വീഴ്ത്തുന്നു.
ആയുസ്സിന്റെ, ജീവിതത്തിന്റെ അനിശ്ചിതത്വം. ഈ വർഷം ആഘോഷത്തിൽ പങ്കെടുത്തവർ അടുത്ത വർഷം
ഉണ്ടാവണമെന്നില്ല. ആരെങ്കിലും ഉണ്ടായില്ലെങ്കിൽ ഓണമില്ല; വിഷു ഇല്ല; പൂരമില്ല. ആഹ്ളാതിരേകങ്ങൾക്ക്
പിറകെ ഒളിച്ചിരിക്കുന്ന ദുഃഖങ്ങൾ എപ്പോൾ വേണമെങ്കിലും മുന്നിലവതരിക്കാം. ആ അറിവിൽ വേവലാതി
പൂണ്ടായിരിക്കണം കൃഷ്ണമ്മാമൻ മഹാബലിയോട് താഴ്മയോടെ പ്രാർഥിച്ചത്:
"വരും കൊല്ലം നേർത്തെ
വരണേ...."
ഇന്ന്, അവിട്ടം നാൾ സന്ധ്യയ്ക്ക്
പൂജിച്ച് മഹാബലിയെ യാത്രയാക്കുമ്പോൾ ഞാനും ആ പ്രാർത്ഥന ഓർത്തു ചൊല്ലുന്നു:
"വരും കൊല്ലം നേർത്തെ
വരണേ....!"

No comments:
Post a Comment