ദുബായ്
കാഴ്ചകൾ 3
ദുബായ്
ഫ്രേമിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ഉച്ച ഭക്ഷണത്തിനുള്ള സമയം അതിക്രമിച്ചിരുന്നു. ഒരുപാട്
വൈകിയാൽ റസ്റ്റോറന്റുകൾ അടയ്ക്കുവാനും മതി. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഉള്ള ടൂറിസ്റ്റുകൾ
വരുന്നത് കാരണം ഏതു രാജ്യത്തിന്റെയും ഭക്ഷണം കിട്ടുന്ന സ്പെഷ്യലൈസ്‌ഡ് റസ്റ്റോറന്റുകൾ
ദുബായിലുണ്ട്. ആര് എവിടെ ചെന്നാലും മനസ്സിനിണങ്ങുന്ന ഭക്ഷണമാണല്ലോ മുഖ്യം. ദുബായിൽ
ആ പേടി വേണ്ട. റെസ്റ്റോറന്റിൽ കയറും മുൻപ് പേഴ്സിൽ കനമോ കാർഡിൽ ലിമിറ്റൊ ഉണ്ടെന്ന്
ഉറപ്പു വരുത്തിയാൽ മാത്രം മതി. അരിയാട്ടലും പൊടിക്കലും എല്ലാം ഇവിടെ യന്ത്രങ്ങളാണെന്ന്
ഓർക്കണം. എവിടെപ്പോയാലും ടാഗിൽ അല്ലെങ്കിൽ
മെനുവിൽ എഴുതി കാണുന്ന വില ദിർഹാം (AED) ആണ്. അതിന്റെ ഏകദേശം ഇരുപത്തിനാല് ഇരട്ടിയാണ്
നമ്മുടെ വില.
ഞങ്ങളുടെ ആതിഥേയർ ഏറെ ചർച്ചയ്ക്കു ശേഷം ഒരു ബാർബെക്യൂ റെസ്റ്റോറന്റ് തിരഞ്ഞെടുത്തു. ബുഫേ ആണ്. ഹാളിനു മൂലയിൽ ഒരു കുടുംബം ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. മലയാളികൾ തന്നെ ആണെന്ന് തോന്നുന്നു. അവൻ തലയിൽ ഒരു കൂർപ്പൻ തൊപ്പി വെച്ചിട്ടുണ്ട്. പിറകിൽ, ചുമരിൽ, ഓരോ അക്ഷരങ്ങളായി "Happy Birthday" എന്നെഴുതിയ വർണ്ണ കടലാസുമാല തൂക്കിയിട്ടുണ്ട്. കുടുംബവും ബന്ധുക്കളും ഹാപ്പി ബർത്ത്‌ഡേ ഗാനം ആലപിച്ചു. മേശപ്പുറത്തു വെച്ച കേക്കിലെ മെഴുകുതിരികൾ അവൻ ഊതിക്കെടുത്തി. ഒരു വെയ്റ്റർ അവർ കൊടുത്ത മൊബൈലിൽ സംഭവങ്ങൾ ഷൂട്ട് ചെയ്തു.
പെട്ടെന്ന് എന്റെ മനസ്സിലേക്ക് കിഴക്കോട്ടു തിരിച്ച് കൊളുത്തി വെച്ച ഒരു നിലവിളക്കും അതിനു മുന്നിലെ നാക്കിലയും ഓടിയെത്തി. അരികിൽ പലകയിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന കുട്ടി. വിളക്കിനരികിലെ ആ സ്ഥാനം പിറന്നാളുകാരന്റെ അവകാശമാണ്. വിളക്കിനു മുന്നിലെ ഇലയിൽ ആദ്യം വിളമ്പി അവന്റെ ഇലയിൽ കിഴക്കോട്ടു തിരിഞ്ഞ് ചോറും വിഭവങ്ങളും വിളമ്പുന്ന അമ്മ..... എല്ലാവർഷവും ആ ദിനത്തിൽ ഓർമ്മയോടെ ഉച്ചയൂണിന്ന് എത്തുന്ന അപ്പു പണ്ടാരനും കോലായയിൽ ഭക്ഷണം വിളമ്പിയിട്ടുണ്ട്. കഴിക്കുവാൻ തുടങ്ങുന്നതിനു മുൻപ് അയാൾ ശംഖെടുത്ത് നീട്ടി വിളിക്കുന്നു....
ദീപങ്ങൾ കൊളുത്തിയാണോ അതോ ഊതിക്കെടുത്തിയാണോ പിറന്നാൾ എന്ന മംഗള ദിനം ആഘോഷിക്കേണ്ടത്? തമസോ മാ ജ്യോതിർഗമയ…!
ഇവിടെ വെച്ച് പിറന്നാൾ ആഘോഷിച്ചാൽ പിറന്നാളുകാരന്റെ ബില്ല് ഫ്രീ ആണ്. മണി പറഞ്ഞു. അടുത്ത ഹാളിൽ നിരത്തി വെച്ച വിഭവങ്ങളിൽ നിന്നും വേണ്ടത് എടുത്ത് ഞങ്ങൾ ഞങ്ങൾക്ക് കിട്ടിയ നീണ്ട മേശയ്ക്കു ചുറ്റും ഇരുന്നു. മേശയ്ക്കു നടുവിലെ ദീർഘ ചതുര കുഴിയിൽ വെയ്റ്റർ ചുവന്നു കത്തിക്കനയ്ക്കുന്ന കനലുകൾ നിറഞ്ഞ ഒരു ഒരു ലോഹപ്പെട്ടി ഇറക്കി വെച്ചു. പിന്നെ ആ കനലിനു മുകളിൽ ഇറച്ചി കഷണങ്ങളും മീൻ കഷണങ്ങളും കൊരുത്ത കമ്പികൾ നിരത്തി. ചിക്കനും ചെമ്മീനും എല്ലാം ഉണ്ട്. വേവിച്ച് ചൂടോടെ ഭക്ഷിക്കേണ്ടവ തന്നെ. പക്ഷെ വിചിത്രമായി തോന്നിയത് തണ്ണി മത്തൻ പോലെയുള്ള പഴങ്ങൾ മുറിച്ച് കമ്പിയിൽ കോർത്ത് വേവിക്കുന്നതാണ്. നമ്മുടെ നാട്ടിലും ഇതേ റസ്റ്റോറന്റുകൾ ഉണ്ട്. പുതുമയൊന്നും ഇല്ല.
ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ദുബായ് മാളിലേക്ക് പുറപ്പെട്ടു. അതിനോട് ചേർന്ന് തന്നെയാണ് ദുബായിലെ ഏറ്റവും വലിയ ആകർഷണമായ ബുർജ്ജ് ഖലീഫ. ഏതാണ്ട് 830 മീറ്റർ ഉയരം. ഇസ്ലാമിക് കെട്ടിട നിർമാണ മാതൃകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആണ് ബുർജ് ഖലീഫ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏറ്റവും ഉയരമുള്ള ടവർ, ഏറ്റവും ഉയർന്ന കാഴ്ച കാണാനുള്ള സ്ഥലം (Obsevation Deck), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (163 നിലകൾ), ഏറ്റവും വലിയ എലിവേറ്റർ തുടങ്ങി ഒട്ടേറെ ലോക റെക്കോർഡുകളുടെ ഉടമസ്ഥനാണ് ഈ മനോഹരമായ കെട്ടിടം. താമസത്തിനായുള്ള ഫ്‌ളാറ്റുകൾ, ഹോട്ടലുകൾ, നീന്തൽ കുളങ്ങൾ, കമ്പനി ഓഫിസുകൾ തുടങ്ങിയവയെല്ലാം ഈ കെട്ടിട ഭീമൻ ഉൾക്കൊള്ളുന്നു. മരുഭൂമിയിലെ കൊടും ചൂടിൽ നിന്നും കെട്ടിടത്തെ രക്ഷിക്കുവാനായി പുറത്ത് ഗ്ലാസ് ആവരണം (Cladding) തീർത്തിട്ടുണ്ട്.
ബുർജ് ദുബായ് എന്നായിരുന്നു ആദ്യം നാമകരണം ചെയ്തത്. പണി നടക്കുന്ന കാലത്ത് 2008 ൽ ലോകത്താകെ സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയും ദുബായ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തു. അന്ന് ദുബായിയെ രക്ഷിച്ചെടുത്തത് അബുദാബിയും മറ്റു എമിറേറ്റുകളും ചേർന്ന് ആയിരുന്നു. അതിന്റെ നന്ദി സൂചകമായി ടവറിന്റെ ഉദ്ഘാടന സമയത്ത് UAE പ്രസിഡണ്ട് ഖലീഫ ബിൻ സെയ്ദിന്റെ (Khalifa bin Zayad) പേര് ഇടുകയായിരുന്നു.
ബുർജ് ഖലീഫയ്ക്ക് മുന്നിൽ കൃത്രിമമായി നിർമ്മിച്ച ഒരു തടാകം ഉണ്ട്. അതിൽ പടുകൂറ്റൻ ജലധാരായന്ത്രങ്ങളും. രാത്രി എട്ടു മണിക്ക് മറ്റൊരു ലോക റെക്കോർഡ് ആയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ആ ജലധാരകളും ബുർജ് ഖലീഫയുടെ ക്ലാഡിങ്ങിലെ വർണ്ണ വെളിച്ച സംവിധാനങ്ങളും പങ്കെടുക്കുന്നു.
സമയം എട്ടു മണി ആവാറായി. ഞങ്ങൾ ദുബായ് മാളിലെ ചുറ്റിക്കറക്കം മതിയാക്കി പുറത്തേക്കിറങ്ങി. തടാകക്കരയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണുവാനായി ജനം തിങ്ങി നിറഞ്ഞിരുന്നു. ഞങ്ങളും തിരക്കിൽ സ്ഥലം ഉറപ്പിച്ചു. തടാകത്തിന് അക്കരയിൽ ബുർജ് ഖലീഫ ആകാശത്തിൽ തെളിയുവാൻ തുടങ്ങിയ നക്ഷത്രങ്ങൾക്കിടയിലേക്ക് തലയുയർത്തി നിന്നു. പെട്ടെന്ന് ഒരു സംഗീതം ഉയർന്നു പൊങ്ങി. അതിന്റെ താളത്തിനൊത്ത് ജലധാര പലവർണങ്ങളിൽ നിമ്നോന്നതങ്ങൾ തീർത്തു. ബുർജ് ഖലീഫയുടെ ശിരസ്സിലേക്ക് വർണ വെളിച്ചച്ചങ്ങൾ പാഞ്ഞു കയറി. മുകളിൽ അമിട്ട് പോലെ അവ പൊട്ടി വിടർന്ന് വർണങ്ങൾ ചൊരിഞ്ഞു. പിന്നെ വർണ്ണ വെളിച്ചച്ചങ്ങൾ മുകളിൽ നിന്നും തടാകത്തിലേക്ക് പാഞ്ഞിറങ്ങി. പൂക്കൾ തീർത്തു. പൂക്കളങ്ങൾ തീർത്തു. വർണങ്ങൾ വാരിയെറിഞ്ഞ് ഒരു മായിക പ്രപഞ്ചം തന്നെ തീർത്തു. പൊടുന്നനെ ആരവങ്ങൾ അടങ്ങി. ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. അരമണിക്കൂർ കഴിഞ്ഞ് വീണ്ടുമൊരു ഷോ ഉണ്ട്. ഞങ്ങൾ അതും കൂടി കഴിഞ്ഞ് ഇറങ്ങാം എന്ന് തീരുമാനിച്ചു. തിരക്കൊഴിഞ്ഞതിനാൽ നല്ല കാഴ്ച കിട്ടുന്ന സ്ഥലത്തേക്ക് കയറി നിന്നു.
അങ്ങിനെ കാത്തു നിൽക്കെ പെട്ടെന്ന് ബുർജ് ഖലീഫയുടെ മേൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ഇളകിയാടി. ഏതാനും നിമിഷങ്ങൾ. അപ്പോഴാണ് ഓർത്തത്. ഇന്ന് ജനുവരി ഇരുപത്തിയാറാണ്. റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തെ ആദരിച്ച ബുർജ് ഖലീഫയ്ക്കും ദുബായിക്കും അഭിവാദ്യങ്ങൾ!
എട്ടരയ്ക്കുള്ള ഷോ ആദ്യത്തേതിലും ഗംഭീരം ആയിരുന്നു. മൈസൂർ വൃന്ദാവനിലെ മ്യൂസിക് ഫൗണ്ടൻ മുൻപ് കണ്ടിട്ടുണ്ട്. മനോഹരമാണ് അത്. എന്നാൽ ബുർജ് ഖലീഫയുടെ തലയെടുപ്പ് ഈ ഷോയെ വ്യത്യസ്തവും മികച്ചതുമാക്കുന്നു. ഷോ കഴിഞ്ഞ് ഞങ്ങൾ നക്ഷത്രങ്ങളോട് സല്ലപിക്കുന്ന ബുർജിനോട് യാത്ര പറഞ്ഞ് ഇറങ്ങി.
അടുത്ത ദുബായ് കാഴ്ചയുമായി ഉടനെ വീണ്ടുമെത്താം.
നമസ്കാരം.

No comments:
Post a Comment