ദുബായ് കാഴ്ചകൾ 4
ഇബ്ൻ ബത്തൂത്തയും
ദുബായിലെ വ്യാപാരകേന്ദ്രവും.
പതിനാലാം
നൂറ്റാണ്ടിലെ പേരുകേട്ട സാഹസിക യാത്രികനും ഇസ്ലാമിക പണ്ഡിതനും ആയിരുന്നു ഇബ്ൻ ബത്തൂത്ത.
വടക്കൻ ആഫ്രിക്കയിലെ മൊറോക്കോയിൽ 1304 ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ ഇരുപത്തൊന്നാം
വയസ്സിൽ അദ്ദേഹം വീട്ടുകാരോട് യാത്രപറഞ്ഞ് ആദ്യത്തെ ഹജ്ജ് യാത്രയ്ക്ക് പുറപ്പെട്ടു.
സാധാരണഗതിയിൽ ഒന്ന് ഒന്നര വർഷത്തിന് ശേഷം തിരികെ എത്തേണ്ടതിനു പകരം ഇബ്ൻ ബത്തൂത്ത തന്റെ
ഉൾവിളിക്കനുസരിച്ച് സുദീർഘവും സാഹസികവുമായ വിശ്വസഞ്ചാരം തുടങ്ങുകയായിരുന്നു; ഏകനായി.
എങ്കിലും കൊള്ളക്കാരിൽ നിന്നും രക്ഷ നേടുവാനായി ഏതെങ്കിലും കാരവനോടൊപ്പം ചേർന്നായിരുന്നു
യാത്ര. യാത്രയിൽ പല സ്ഥലങ്ങളിലും ആഴ്ചകളോ മാസങ്ങളോ താമസിച്ചു. അതുകൊണ്ടുതന്നെ ആഫ്രിക്കയുടെ
മെഡിറ്ററേനിയൻ കടലോരത്തുകൂടെ സഞ്ചരിച്ച് ഏതാണ്ട് ഒന്നരവർഷത്തിനു ശേഷമാണ് ബത്തൂത്ത മെക്കയിൽ
എത്തുന്നത്. തുടർന്ന് വളരെക്കാലം അറേബിയൻ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി. അതിനിടയിൽ
ആകെ മൂന്നു പ്രാവശ്യം ഹജ്ജ് കർമ്മം നടത്തുകയും ചെയ്തു.
അറേബിയൻ വാസത്തിനിടെ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള ചില രാജ്യങ്ങൾ സന്ദർശിച്ചു. പിന്നീട് തുർക്കി, ഇറാൻ, അഫ്‌ഗാനിസ്ഥാൻ വഴി ഇന്ത്യയിൽ എത്തി. ഇതിനിടെ പല ആതിഥേയരും ഇബ്ൻ ബത്തൂത്തയ്ക്ക് പലവിധ സമ്മാനങ്ങൾ നൽകി. അങ്ങിനെ അയാൾ അടിമകളെയും (ആണുങ്ങളും പെണ്ണുങ്ങളും) സ്വർണം രത്നം തുടങ്ങിയ വിലപിടിപ്പുള്ള മുതലുകളും സ്വന്തമാക്കി. അക്കാലത്ത് ദൽഹി ഭരിച്ചിരുന്നത് മുഹമ്മദ് ബിൻ തുഗ്ലക്ക് ആയിരുന്നു. അദ്ദേഹം ബത്തൂത്തയെ മതപരമായ നിയമം നടപ്പാക്കുന്ന ന്യായാധിപനാക്കി. ഈ ജോലി പിന്നീട് പലസ്ഥലങ്ങളിലും ചെയ്യുന്നുണ്ട്, ഇബ്ൻ ബത്തൂത്ത. മാലി ദ്വീപിൽ കഠിനമായ ശിക്ഷാവിധികളായിരുന്നു അദ്ദേഹം നടപ്പാക്കിയത്. കള്ളന്മാരുടെ കൈ വെട്ടുക, പള്ളിയിൽ പോകാത്തവരെ ചാട്ടവാറടിക്കുക തുടങ്ങിയ ശിക്ഷകൾ. ഡൽഹിയിൽ നിന്നും ഗുജറാത്തിലെത്തി കപ്പൽ മാർഗം ഇബ്ൻ ബത്തൂത്ത കോഴിക്കോട്ടും എത്തി സാമൂതിരിയുടെ ആതിഥേയത്വം സ്വീകരിച്ചു. വാസ്കോ ഡ ഗാമ വരുന്നതിനും രണ്ടു ശതാബ്ദം മുൻപ് ആയിരുന്നു അത്. പക്ഷെ ഇബ്ൻ ബത്തൂത്തയ്ക്ക് കച്ചവടമനസ്ഥിതി അശേഷം ഉണ്ടായിരുന്നില്ലെന്ന് പ്രത്യേകം ഓർക്കണം.
അങ്ങിനെ സുദീർഘമായ യാത്രയിൽ പല സ്ഥലങ്ങളിലും ഭരണാധികാരികളുടെയോ ധനികരായ കച്ചവടക്കാരുടെയോ ആതിഥ്യം സ്വീകരിച്ച് അദ്ദേഹം ആഴ്ചകളോ മാസങ്ങളോ താമസിച്ചു. അവിടെയുള്ള ഏതെങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് അവിടം വിട്ടു പോകുന്നതിനു മുൻപ് ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ദോഷം പറയരുതല്ലോ, പോകുന്ന സ്ഥലത്തെല്ലാം അദ്ദേഹം ഓരോ വിവാഹം മാത്രമേ കഴിച്ചുള്ളൂ; വർഷങ്ങളുടെ യാത്രയ്ക്ക് ശേഷം മാൽദീവ്‌സിൽ മാത്രമാണ് അതിനൊരു മാറ്റമുണ്ടായത്. അവിടെ അദ്ദേഹത്തിന് നാല് ഭാര്യമാർ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. എങ്കിലും ആകെ മൊത്തം എത്ര വിവാഹം ചെയ്തെന്നോ എത്ര ഭാര്യമാർ ഉണ്ടായിരുന്നെന്നോ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെട്ടെന്നു വേണം അനുമാനിക്കുവാൻ. പതിനാലാം നൂറ്റാണ്ടാണെന്ന് ഓർക്കണം. അതിനാൽ ഇബ്ൻ ബത്തൂത്തയെ കുറ്റം പറഞ്ഞു കൂടാ. ഓരോ കാലത്തും ഓരോ ജീവിത രീതികൾ. ഓരോ ശരികൾ. ഇന്നത്തെ ശരികൾ നാളത്തെ തെറ്റുകളാവുന്നതാണ് ചരിത്രം. ഇന്നത്തെ അഭിമാനം നാളത്തെ പരിഹാസ്യതയും.
ചൈന സന്ദർശിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. തെക്കേ ഇന്ത്യയിൽ നിന്നും യാത്ര തിരിച്ച് മാലി ദ്വീപ്, സിലോൺ, ബംഗാൾ, ആസാം, ജാവ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ചൈനയിൽ എത്തുക തന്നെ ചെയ്തു. പിന്നീടാണ് മൊറോക്കോയിലേക്ക് തിരിച്ചു പോകുന്നത്. അപ്പോഴേക്കും, പതിനഞ്ചു വർഷം മുൻപ് അച്ഛനും ഏതാനും മാസങ്ങൾ മുൻപ് അമ്മയും വിട പറഞ്ഞിരുന്നു.
ഓർമ്മയിൽ നിന്നും ഇബ്ൻ ബത്തൂത്ത പറഞ്ഞുകേട്ട് എഴുതിയ "റിഹ്ല" എന്ന യാത്രാവിവരണത്തിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ യാത്രകളെ പറ്റി ലോകത്തിന് വിവരം ലഭിക്കുന്നത്. എങ്കിലും അത് പൂർണ്ണമാണെന്നോ ആധികാരികമാണെന്നോ പറഞ്ഞുകൂടാ. ചരിത്രകാരന്മാർ തമ്മിൽ ഇതേപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്. എന്നിരുന്നാലും ആധുനിക കാലത്തേതു പോലെ വാർത്താ വിനിമയ സൗകര്യങ്ങളോ യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത പതിനാലാം നൂറ്റാണ്ടിൽ കൊള്ളക്കാരെയും കടൽ കൊള്ളക്കാരെയും പ്രകൃതി ക്ഷോഭങ്ങളെയും പ്ലേഗ് പോലെയുള്ള മഹാമാരികളെയും അതിജീവിച്ച് ഒരാൾ ഇത്രയും യാത്ര ചെയ്തു എന്നത് അത്ഭുതാവഹം തന്നെ. മരുഭൂമിയും മലകളും കാടുകളും സമുദ്രങ്ങളും താണ്ടി വിജയം വരിച്ച ഇബ്ൻ ബത്തൂത്തയ്ക്ക് നമസ്കാരം!
ദുബായ് കാഴ്ചകളിൽ ഇബ്ൻ ബത്തൂത്തയ്ക്ക് എന്ത് കാര്യം എന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാവും. ഇബ്ൻ ബത്തൂത്തയുടെ പേരിൽ മനോഹരമായ ഒരു മാൾ ഉണ്ട് ദുബായിൽ. അതാണ് അദ്ദേഹത്തിന്റെ ജീവ ചരിത്രം ഇവിടെ പ്രതിപാദിക്കുവാൻ കാരണം. ആ യാത്രികന്റെ ഓർമ്മ നിലനിറുത്തുവാനാണല്ലോ മനോഹരമായ ഈ മാൾ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് അല്പം വിശദമായി ഓർത്തെന്നു മാത്രം.
ഇബ്ൻ ബത്തൂത്ത ഇരുപത്തി നാല് വർഷം കൊണ്ട് യാത്ര ചെയ്ത ആറ് ഭൂവിഭാഗങ്ങളുടെ പേരാണ് മാളിന്റെ ആറു ഭാഗങ്ങൾക്ക് കൊടുത്തിരിക്കുന്നത്. ട്യുനേഷ്യ, ഈജിപ്ത്, പേർഷ്യ, ഇന്ത്യ, ചൈന, ആൻഡലൂഷ്യ. ഓരോ വിഭാഗങ്ങളുടെയും അകത്തള അലങ്കാരങ്ങളിൽ ആ രാജ്യത്തെ പതിനാലാം നൂറ്റാണ്ടിലെ സവിഷേതകൾ ഉൾക്കൊള്ളിക്കുവാൻ നിർമാതാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്. പലയിടത്തും അതതു രാജ്യത്തെ പ്രാചീന ശാസ്ത്ര വിജ്ഞാന ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ഉദാഹരണമായി ഇന്ത്യൻ വിഭാഗത്തിൽ ആനപ്പുറത്തിരിക്കുന്ന മഹാരാജാവിന്റെ രൂപമുള്ള വലിയ ക്ളോക്ക് നല്ലൊരു ആകർഷണമാണ്. (Al Jasari’s Elephant Clock). പ്രാചീന ഇസ്ലാമിക് വാനനിരീക്ഷകർ ഉപയോഗിച്ചിരുന്ന ചില ഉപകരണങ്ങളും മറ്റൊരിടത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. (Astrolabes,Armillary spheres etc.)
പേരിലും അകത്തെ മനോഹരമായ അന്തരീക്ഷത്തിലുമുള്ള ഈ പ്രത്യേകതകൾ ഒഴിച്ചാൽ മറ്റേതൊരു മാളും പോലെയേ ഇബ്ൻ ബത്തൂത്ത മാളും ഉള്ളൂ. ആധുനിക സാധനങ്ങൾ വിൽക്കുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും തന്നെ. ആളുകളെ എങ്ങിനെ ആകർഷിക്കുന്നു എന്നതാണല്ലോ കാര്യം!
മറ്റു
ദുബായ് കാഴ്ചകളുമായി വീണ്ടും കാണാം. വൈകാതെ.



No comments:
Post a Comment