സ്ട്രോ
(Straw)
Film Review
(Spoiler alert:
Contains part of the film story)
നെറ്റ്ഫ്ലിക്സിൽ
ഇറങ്ങിയ പുതിയ സിനിമയാണ് "സ്ട്രോ". ടൈലർ പെറി (Tyler Perry) എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ആശയത്തിന്റെയും
അവതരണത്തിന്റെയും കാര്യത്തിൽ സമകാലിക സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. അതേ സമയം ഒരു നല്ല ചിത്രത്തിന് വേണ്ട ഹൃദയ സ്പർശിയായ രംഗങ്ങൾ ഉദ്വേഗം നിറഞ്ഞ രംഗങ്ങൾ അപ്രതീക്ഷിത വഴിത്തിരിവുകൾ തുടങ്ങിയവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. അങ്ങിനെ നല്ല സിനിമാ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കാൻ പറ്റാത്ത ഒരു ചിത്രമായി മാറുന്നു.
‘ജാനിയ വിൽക്കിന്സൺ’ എന്ന ഒറ്റയ്ക്ക് കഴിയുന്ന ഒരു അമ്മയുടെ (Single Mother) കഥയാണ് ഈ ചിത്രം പറയുന്നത്. സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന മകൾ 'എറിയ' യായാണ് അവളുടെ ലോകം. ആ കുഞ്ഞാകട്ടെ അസുഖക്കാരിയും. ഒരു സൂപ്പർമാർക്കെറ്റിൽ ജോലി ചെയ്യുന്ന ജാനിയയ്ക്ക് പരിമിതമായ വരുമാനമേയുള്ളു. അതുകൊണ്ടുതന്നെ താമസിക്കുന്ന ചെറിയ വീടിന്റെ വാടക കുടിശ്ശികയായിട്ടുണ്ട്, എറിയയുടെ ഭക്ഷണ ഫീസ് കുടിശ്ശികയായി, ഇനി ഉച്ച ഭക്ഷണം കൊടുക്കില്ലെന്ന് സ്കൂളിൽ നിന്ന് അറിയിച്ചിട്ടുണ്ട്...... എല്ലാം പ്രശ്നങ്ങൾ തന്നെ. സമൂഹത്തിൽ അവളെ സഹായിക്കുവാനായി ആരുമില്ല. എങ്കിലും ശമ്പളം കിട്ടുന്ന ദിവസം എല്ലാ കുടിശ്ശികകളും തീർക്കാമെന്ന് അവൾ എല്ലാവർക്കും ഉറപ്പു കൊടുക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു. അങ്ങിനെയാണ് അവൾ ആ ദിവസം തുടങ്ങുന്നത്. പക്ഷെ ജീവിതം പലപ്പോഴും നമ്മൾ കണക്കു കൂട്ടുന്നത് പോലെ ആവില്ലല്ലോ. ആ ദിവസം അവൾക്ക് കഷ്ടപ്പാടും പ്രശ്നങ്ങളും അഴിയാക്കുരുക്കുകൾ പോലെ കൂടിക്കൂടി വരുന്ന ഒരു ദിവസമായി മാറുന്നതാണ് നമ്മൾ കാണുന്നത്.
സ്കൂളിൽ ഏറിയയെ ചൈൽഡ് പ്രൊട്ടക്ഷൻ സെർവീസുകാർ പിടിച്ച് കൊണ്ടുപോകുന്നു. സൂപ്പർ മാർക്കറ്റിലെ മാനേജർ അവൾക്ക് ശമ്പള പൈസ കൊടുക്കാതെ വൈകിപ്പിച്ച് വിഷമിപ്പിക്കുന്നു, അവിടെ കയറി വരുന്ന കള്ളന്മാർ അവളുമായി ഏറ്റുമുട്ടി കൊലചെയ്യപ്പെടുന്നു. ബാങ്കുകാർ അവളുടെ ചെക്ക് മാറ്റിക്കൊടുക്കാതെ അവളെ ബാങ്ക് കൊള്ളക്കാരിയായി പൊലീസിന് റിപ്പോർട്ടുചെയ്യുന്നു അങ്ങിനെ തീർത്താൽ തീരാത്ത പ്രശ്നങ്ങൾ. ഒരു ലേഡി പോലീസ് ഓഫീസറും ലേഡി ബാങ്ക് മാനേജരും മാത്രമാണ് അവളെ സഹതാപപൂർവം മനസ്സിലാകുകയും സഹായിക്കുകയും ചെയ്യുന്നത്.
സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്ന വർണ്ണ വിവേചനവും ഈ കഥയിലുണ്ട്. നിരാലംബർക്കും നിസ്സഹായാർക്കും താങ്ങാവേണ്ട പോലീസ് സംവിധാനങ്ങൾ എങ്ങിനെ അവർക്കെതിരായി ജീവിതം ദുരന്തമാക്കുന്നു എന്നും കാണാം. സഹജീവികളോട് മനുഷ്യത്വപരമായ നിലപാട് ഇല്ലായ്മ, ജോലിയിൽ ഇരിക്കുന്നവരുടെ കടുംപിടിത്തം തുടങ്ങിയവ സാധാരണ മനുഷ്യരെ ദുരന്തത്തിലാഴ്ത്തുന്നു.
ഈ ചിത്രത്തിന്റെ കഥാഖ്യാനം എടുത്തു പറയേണ്ട ഒന്നാണ്. ജാനിയ കടന്നു പോകുന്ന സംഭവങ്ങൾ യാഥാർഥ്യവും ഭ്രമാത്മകതയും വേർതിരിക്കുവാൻ പറ്റാത്തവണ്ണം കൂടിക്കുഴഞ്ഞതാണ്. സിനിമയുടെ അന്ത്യത്തിൽ കഥയ്ക്ക് വരുന്ന വഴിത്തിരിവ് (twist) പ്രേക്ഷകനെയും അങ്ങിനെ ഒരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും അവനവന്റെ ഭാവനയ്ക്ക് അനുസരിച്ച് ഹൃദയസ്പർശിയായതും ഉദ്വേഗജനകവുമായ ആ സംഭവങ്ങൾ യാഥാർഥ്യമായോ ഭ്രമാത്മകതയായോ നോക്കിക്കാണാം.
ജാനിയയെ അവതരിപ്പിച്ച താരാജി ഹെൻസൺ (Taraji P Henson) മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ബാങ്ക് മാനേജർ നിക്കോൾ ആയി വരുന്ന ഷെറി ഷെപ്പേർഡ് (Sherry Shepherd) ഡിറ്റക്റ്റീവ് കേ റെയ്മോൻഡ് ആയി വരുന്ന ടെയാന ടൈലർ (Teyana Taylor) എന്നിവരും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു. മൊത്തത്തിൽ ഇതൊരു മികച്ച സ്ത്രീ പക്ഷ സിനിമയാണെന്ന് പറയാം. ജീവിതത്തിൽ അവസാന വൈക്കോൽ തുരുമ്പ് പിടിച്ച് അനിശ്ചിതത്വത്തിൽ നിൽക്കുന്ന ജാനിയയുടെ അവസ്ഥ കാരണമാകണം 'സ്ട്രോ' എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

No comments:
Post a Comment