സ്ലോട്ടർ
തറവാടിന്റെ
തെക്കുവശത്ത് റബ്ബർ തോട്ടമായിരുന്നു. മുപ്പത്തഞ്ചു വർഷമായി ആ കുന്നിൻ ചെരുവിലെ മണ്ണൊലിപ്പ്
തടഞ്ഞും തറവാട്ടു തോടിയ്ക്ക് തണുപ്പേകിയും മഞ്ഞുകാലത്ത് ഇലപൊഴിച്ചും പിന്നീട് പുത്തനിലകളുടെ
പച്ച പുതച്ചും ആ മരങ്ങൾ നിലകൊണ്ടു. തോട്ടത്തിനുള്ളിൽ തറവാട്ടിലെ കാരണവന്മാർ അലിഞ്ഞു
ചേർന്ന ആറടി മണ്ണിന്ന് കൊടും വേനലിൽ അവർ തണലേകി. വർഷത്തിൽ നാലഞ്ചു മാസം പാൽ ചുരത്തി.
കഴിഞ്ഞ രണ്ടു വർഷമായി തടിയെന്നോ ശിഖരമെന്നോ വ്യത്യാസമില്ലാതെ നിർദ്ദയം അവരുടെ പാൽ ഊറ്റി
എടുക്കപ്പെട്ടു. ഒടുവിൽ അനിവാര്യമായ ആ ദിവസവും വന്നെത്തി.
ആധുനിക ഈർച്ച വാളുകളുടെ മുരൾച്ചയിൽ നാട് മുഖരിതമായി. വൃദ്ധ ദാരുക്കൾ ശിഖരങ്ങൾ ഒടിഞ്ഞ് നിമിഷങ്ങൾക്കകം തലങ്ങും വിലങ്ങും മറിഞ്ഞു വീണു. ട്രാക്ടറുകൾ അവരെ നിർദ്ദയം വലിച്ചിഴച്ചു. ശിഖര സന്ധികളിൽ വാളുകൾ ആഴ്ന്നിറങ്ങി. ലോറികൾ ആ കബന്ധങ്ങൾ വഹിച്ച് യാത്രയായി.
ഒടുവിൽ യുദ്ധക്കളം ശാന്തമായി. യുദ്ധഭൂവിൽ അളിഞ്ഞും ചെളിയിലാഴ്ന്നും കിടന്ന ഇലകൾക്കും ചില്ലകൾക്കും ഇടയിലൂടെ തോരാത്ത കർക്കിടക മഴ പുതിയ നീർച്ചാലുകൾ തീർത്തു.
തൊടി ശൂന്യമായി. കൂട്ടത്തിൽ പെടാത്ത ചിലർ മാത്രം അങ്ങിങ് ആ ദുരന്തത്തിന്റെ സാക്ഷികളായി ഏകാന്തതയുടെ വ്യഥ പേറി നിന്നു. തങ്ങളുടെ കാൽക്കീഴിൽ പുതിയൊരു തലമുറ വരുന്നതും കാത്ത്.
മഴ മാറി നിന്ന ഒരു സന്ധ്യയ്ക്ക് അവശേഷിച്ച മരങ്ങളിൽ കാക്കകൾ കൂട്ടത്തോടെ പറന്നിറങ്ങി. വൃദ്ധ ദാരുക്കളുടെ പിതൃക്കളെപ്പോലെ അവ ശൂന്യ ഭൂമിക്കു മുകളിൽ വട്ടമിട്ടു പറന്നു നടന്നു. പിന്നെ ഇരുൾ വീണപ്പോൾ സ്ഥിരം വാസസ്ഥലമായ മദനശ്ശേരി അങ്ങാടിയിലെ ആലിൻ മുകളിലേക്ക് യാത്രയായി.
വൃക്ഷ പിതൃക്കളെ പൊറുത്താലും.

No comments:
Post a Comment