Thursday, August 14, 2025

 

മാരീസൻ




ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ തമിഴ് ചിത്രമാണ് 'മാരീസൻ' (മാരീചൻ?). ഫഹദ് ഫാസിലും വടിവേലുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി കൃഷ്ണമൂർത്തി എഴുതി സുധീഷ് ശങ്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ആദ്യം പറയേണ്ടത് ആദ്യം പറയട്ടെ.

‘പുതുപ്പാട്ട്’ എന്ന ഒരു പഴയ തമിഴ് സിനിമയുണ്ട്. അതിൽ ഇളയരാജയും ചിത്രയും ചേർന്ന് പാടുന്നൊരു പാട്ടുണ്ട്: "നേത്ത് ഒരുത്തരെ ഒരുത്തര് പാതോം....". ഈ സിനിമയിൽ ഒരു ഉത്സവ പറമ്പിൽ നടക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായി ആ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നു. മുഷിപ്പിക്കുന്നില്ലെങ്കിലും അതുവരെ അല്പം ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തിന് ആ ഗാനവും ചിത്രീകരണവും തികച്ചും ഉത്തേജകമായി. വടിവേലുവും ഫഹദ് ഫാസിലും നാട്ടുകാരും ചേർന്ന് കൊഴുപ്പിച്ച ഡാൻസും ഇളയരാജയുടെ സംഗീതവും ശബ്ദവും..... ഹൊ! മനസ്സു കുളിർപ്പിച്ചു. കൂട്ടത്തിൽ പറയട്ടെ, ഈ ചിത്രത്തിന്റെ സംഗീതം ഇളയരാജയുടെ മകനായ യുവാൻ ശങ്കർ രാജയാണ് ചെയ്തിരിക്കുന്നത്.

ഒരു വിധത്തിൽ പറഞ്ഞാൽ സിനിമയിൽ പുതിയ പാട്ടുകൾ ചേർക്കുന്നതിന് പകരം ഇതുപോലുള്ള പഴയ മെലഡി ഗാനങ്ങൾ ചേർക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഓർമയില്ലേ, മഞ്ഞുമ്മൽ ബോയ്സിലെ "കണ്മണി ഉന്നോട് കാതലൻ.."   എന്ന ഗാനം. ആ ചിത്രത്തിന് ക്ളൈമാക്‌സിൽ ജീവൻ നൽകിയത് ആ ഗാനമായിരുന്നു. ആൻഡ്രോയിഡ് കുഞ്ഞാപ്പുവിൽ "മല്ലികാ ബാണൻ തന്റെ വില്ലെടുത്തു.." എന്ന ഗാനം, ന്നാ താൻ കേസുകൊട്, രേഖാചിത്രം എന്നീ ചിത്രങ്ങളിൽ "ദേവ ദൂതർ പാടി" എന്ന ഗാനം, തുടരും സിനിമയിൽ "ശാന്തമീ രാത്രിയിൽ.." എന്ന ഗാനം…… എല്ലാം വിജയകരമായിരുന്നു.

നമുക്ക് മാരീസനിലേക്ക് വരാം. അല്ലറ ചില്ലറ കളവുകൾ നടത്തി ജീവിക്കുന്ന ആളാണ് ദയാളൻ. (ഫഹദ് ഫാസിൽ. ഏതാണ്ട് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ വേഷത്തിന്റെ തുടർച്ച). ജയിലിൽ നിന്നും പുറത്തിറങ്ങിയ അയാൾ മോഷണത്തിനായി ഒരു വീട്ടിൽ കടക്കുന്നു. നോക്കുമ്പോൾ അകത്ത് ഒരാൾ കയ്യിൽ ചങ്ങലയുമായി ബന്ധനസ്ഥനായി കിടക്കുന്നു. (വടിവേലു).

തനിക്ക് അൽഷീമേഴ്‌സ് രോഗമാണെന്നും ഇടക്കിടെ ഓർമ്മ നഷ്ടമാവുമെന്നും അയാൾ അറിയിക്കുന്നു. അതിനാൽ അയാളുടെ മകൻ കുമാർ അയാളെ ബന്ധനസ്ഥനാക്കിയിരിക്കുകയാണ്.   വേലായുധം പിള്ളൈ എന്നാണ് അയാളുടെ പേര്. തന്നെ ചങ്ങലയിൽ നിന്നും മോചിപ്പിച്ചാൽ ഇരുപത്തയ്യായിരം രൂപ നൽകാമെന്ന് ഉറപ്പു കൊടുത്തതിനാൽ ദയാളൻ അയാളെ മോചിപ്പിക്കുന്നു. എ ടി മ്മിൽ നിന്നും ദയാളന് കൊടുക്കുവാനായി പൈസ എടുക്കുമ്പോൾ അയാളുടെ അക്കൗണ്ടിൽ ഇരുപത്തഞ്ച് ലക്ഷം രൂപയുണ്ടെന്ന് ദയാളൻ മനസ്സിലാക്കുന്നു. എങ്ങിനെയും കാർഡും അതിന്റെ പിന്നും മനസ്സിലാക്കി ആ പൈസ തട്ടുവാനായി ദയാളൻ അയാളെ ബസ്സിന്‌ പോകാൻ വിടാതെ തന്റെ മോഷ്ടിച്ച ബൈക്കിന്റെ പിന്നിലിരുത്തി ഒരു ദീർഘയാത്ര തുടങ്ങുന്നു.

എ ടി എം പിൻ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് ഇടവേള വരെ. കഥയിൽ പുരോഗതിയൊന്നും ഇല്ലെങ്കിലും ചെറിയ ചെറിയ ട്വിസ്റ്റുകൾ കൊണ്ട് രസകരമാണ് ആ യാത്ര. യാത്രയിൽ അവർ താമസിച്ചസ്ഥലങ്ങളിലെല്ലാം ഓരോ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത് പോലീസ് അന്വേഷണം തുടങ്ങുന്നതോടെയാണ് കഥാഗതി മാറുന്നത്. അതോടെ ഇടവേളയ്ക്കു ശേഷം കാര്യങ്ങൾ ചൂടുപിടിച്ചു. ക്രൈമും                  സസ്‌പെൻസും കടന്നു വന്നു.

ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും അഭിനയ മികവ് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. സിതാര, കോവൈ സരള തുടങ്ങിയവരുമുണ്ട്. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന് മുതൽക്കൂട്ട് തന്നെ.

ഒരു നല്ല എന്റർടെയ്നറിനു വേണ്ട എല്ലാ ചേരുവകകളും, നർമ്മം, സസ്പെൻസ്, ഡ്രാമ, സംഘട്ടനം എല്ലാം ഈ ചിത്രത്തിലുണ്ട്. ഒട്ടും ഓവർ ഡോസില്ലാതെ.  ആവശ്യത്തിന് മാത്രം. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഭംഗിയും.

 

No comments:

Post a Comment