വർഷങ്ങൾക്ക്
ശേഷം
പെട്രോൾ
പമ്പ് കഴിഞ്ഞാൽ ഇടത്തോട്ടുള്ള ചെറിയ റോഡിലേക്ക് തിരിയണം. അതിലൂടെ കുറച്ച് പോയി കഴിഞ്ഞാൽ
വലതു വശത്ത് ഒരു വലിയ വെള്ള വീടുകാണും. അത് തന്നെയാണ് മുരളിയുടെ വീട്. അതിനു പിറകിലാണ്
പഴയ തറവാട്. മുരളീടെ അമ്മ,
നിങ്ങള് പറയണ
ലീലേടുത്തി, ഭർത്താവ് മരിച്ചേപ്പിന്നെ അവടെ ഒറ്റയ്ക്കാ താമസം.
വഴി
ചോദിച്ചപ്പോൾ കിട്ടിയ വിവരമാണ്. അത് പ്രകാരം ഞാൻ പെട്രോൾ പമ്പ് കഴിഞ്ഞപ്പോൾ കാർ ഇടത്തോട്ടുള്ള
റോഡിലേക്ക് തിരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ വലതു വശത്ത് വലിയ വെള്ള വീട് കണ്ടു. അധികം
പഴക്കമില്ല. ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. വലിയ വാഹന ഗതാഗതം ഒന്നും ഉള്ള റോഡല്ലെന്നു
തോന്നുന്നു. കാർ റോഡരികിൽ പരമാവധി ചേർത്ത് നിറുത്തി ഞാൻ പുറത്തിറങ്ങി.
വീട്ടിൽ
ആരും ഉള്ളതായി തോന്നിയില്ല. വാതിലും ജനലും അടഞ്ഞു കിടക്കുന്നു. ഏതായാലും നോക്കാം. ഞാൻ
സിറ്റൗട്ടിൽ കയറി ബെല്ലടിച്ചു. ആളില്ലെങ്കിൽ ക്ഷണക്കത്ത് വാതിലിൽ തിരുകി വെച്ച് പോവുക
തന്നെ.
ഇവിടെ
അങ്ങിനെ ചെയ്യാം. പക്ഷെ ലീല ഏടുത്തിയെ നേരിട്ട് കണ്ട് ക്ഷണിക്കുക തന്നെ വേണം. അമ്മയുടെ
കസിനാണ്. അതിലുപരി അമ്മയ്ക്ക് വളരെ വേണ്ടപ്പെട്ടവരാണ്. ഞാൻ ലീലേടുത്തിയെ കണ്ടിട്ട്
ഏതാണ്ട് അൻപത് വർഷമായിക്കാണും. അവരുടെ വിവാഹ സമയത്തായിരുന്നു അവസാനമായി കാണുന്നത്.
അന്ന് ഞാൻ ഏഴാം ക്ലാസ്സിലോ മറ്റോ ആണ് പഠിക്കുന്നത്. പെൺകുട്ടികളുടെ സൗന്ദര്യം വിലയിരുത്തുവാനൊന്നും
പ്രായമായിരുന്നില്ലെങ്കിലും ലീലേടുത്തി നേർത്ത സുഗന്ധമുള്ള നന്തിയാർവട്ട പൂവുപോലെ മനസ്സിലെവിടെയോ
കയറിക്കൂടിയിരുന്നു. വെളുത്തു മെലിഞ്ഞ പെൺകുട്ടി. ശ്രീത്വമുള്ള മുഖം. കണ്ണുകളിൽ കുസൃതി.
ചുണ്ടിൽ എല്ലായ്പ്പോഴും പുഞ്ചിരി.
എല്ലാ
വർഷവും വേനലവധിയ്ക്ക് അമ്മയുടെ വീട്ടിൽ വരുമ്പോൾ ഞങ്ങൾ കൂട്ട് കൂടി. അക്കാലത്ത് നാട്ടിൽ
എവിടെയും റബ്ബർ കൃഷി തുടങ്ങിയിട്ടില്ലായിരുന്നു. നാട്ടിൽ ചരൽക്കുന്നുകളും തരിശു പറമ്പുകളും
യഥേഷ്ടമുണ്ടായിരുന്നു. അങ്ങിങ് മാവുകളും പറങ്കി മാവുകളും മാത്രം. ഇന്ന് കാണാൻ പ്രയാസമായ
മുള്ളിൻപഴ ചെടികൾ യഥേഷ്ടമായിരുന്നു. ഞങ്ങൾ മാങ്ങയും പറങ്കിമാങ്ങയും മുള്ളിൻ പഴവും തിന്ന്
ആ ചരൽകുന്നുകളിൽ കളിച്ചു നടന്നു. ചപ്പില കൂട്ടി കത്തിച്ച് കശുവണ്ടി ചുട്ടു. കല്ലുകൊണ്ട്
ഇടിച്ച് പരിപ്പ് തിന്നു. വീട്ടിനു മുന്നിലെ തോട്ടിൽ തെളിഞ്ഞ വെള്ളത്തിൽ പരൽ മീനുകളെ
പിടിച്ചു.
ലീലേടുത്തിയുടെ
വിവാഹത്തിന്റെ തലേ ദിവസം തന്നെ അമ്മയും ഞാനും അവരുടെ വീട്ടിൽ വന്നെത്തി. വീട്ടു മുറ്റത്ത്
പന്തൽ പണി തുടങ്ങിയിരുന്നു. രാവിലെ നേരത്തെ വരന്റെ വീട്ടിൽ നിന്നും കാരണവന്മാരുടെ ഒരു
സംഘം എത്തും. 'പൊൻ വെക്കൽ' ചടങ്ങിന്. സ്വർണ ചെയിനും ലീലേടത്തിക്ക് വിവാഹത്തിന് ഉടുക്കാനുള്ള
സാരിയും മറ്റും കൊണ്ടുവരും.
ചടങ്ങിന് നാട്ടുകാരും
ഉണ്ടാവും. അവർക്കുള്ള പ്രാതൽ, ഇഡ്ഡലിയും സാമ്പാറും, ഉണ്ടാക്കുവാനുള്ള ശ്രമങ്ങളും തകൃതിയായി
നടക്കുന്നു. അത് കഴിച്ച ശേഷം നാദസ്വരത്തിന്റെ
അകമ്പടിയോടെ അവർ കൊണ്ടുവന്ന സാരിയുടുത്ത ലീലേടത്തിയെയും കൊണ്ട് പോകും. വരന്റെ വീട്ടിലാണ്
വിവാഹം.
സന്ധ്യയായതോടെ
പന്തലിൽ പെട്രോമാക്സുകൾ തെളിഞ്ഞു. അടുത്ത വീടുകളിലെ ആളുകൾ കല്യാണ ശ്രമത്തിനായി വന്നുകൊണ്ടിരുന്നു.
അവർ പന്തലിൽ തോരണം കെട്ടുവാനും രാത്രിയിലേക്കും രാവിലേക്കുമുള്ള ഭക്ഷണമുണ്ടാക്കുന്നതിനും
സഹായിക്കുവാൻ തുടങ്ങി.
ലീലേടുത്തി
മുകളിലായിരുന്നു. അമ്മയും വലിയമ്മയുമെല്ലാം താഴത്തെ അറയിൽ അടുത്ത വീടുകളിലെ പെണ്ണുങ്ങൾക്ക് സാരികളും
സ്വർണ്ണവും കാണിച്ച് കൊടുക്കുന്ന തിരക്കിലായിരുന്നു. പാതി ഇരുളിലായ കോണി കേറി ഞാൻ മുകളിലെത്തി. പട്ടുപാവാടയും
ബ്ലൗസുമിട്ട് ലീലേടുത്തി ഡ്രസിങ് ടേബിളിനു മുന്നിൽ ഇരിക്കുകയായിരുന്നു. താഴെ നിന്നും
വരുന്ന പെട്രോമാക്സിന്റെ വെളിച്ചത്തിൽ ലീലേടുത്തി അതി സുന്ദരിയായിരുന്നു. കണ്ണാടിയിലെ
പ്രതിഫലനമാകട്ടെ അതിലും സുന്ദരം. ലീലേടുത്തിയുടെ കണ്ണിൽ സ്വപ്‌നങ്ങൾ മിന്നി മറയുന്ന
പോലെ തോന്നി. ഒപ്പം അവരുടെ ചുണ്ടിൽ നിഗൂഢമായ ഒരു പുഞ്ചിരിയും മിന്നി മറയുന്നുണ്ടായിരുന്നു.
പെട്ടെന്ന്
കാരണം അറിയാത്ത ഒരു ദുഃഖം എന്റെ ഉള്ളിലെവിടെയോ ഉറവ പൊട്ടി. പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നു.
അത് തടയുവാൻ കഴിയാത്ത നിസ്സഹായത….
എന്റെ
അകാരണമായ ദുഖവും മുഖത്തെ മ്ലാനതയും ലീലേടുത്തി തിരിച്ചറിഞ്ഞ പോലെ തോന്നി. അവർ എന്നെ
അടുത്ത് വിളിച്ചിരുത്തി.
"എന്താടാ
നിനക്ക് വിഷമം...."
എന്നെ
ചേർത്ത് പിടിച്ചുകൊണ്ട് അവർ ചോദിച്ചു.
പട്ടു
പാവാടയുടെയും ബ്ളൗസിന്റെയും മൃദുത്വം
ഞാൻ അറിഞ്ഞു.
ലീലേടുത്തി വൈകുന്നേരം കുളിക്കുമ്പോൾ തേച്ച എണ്ണയുടെയും സോപ്പിന്റെയും നനുത്ത സുഗന്ധം
എന്നെ ചൂഴ്ന്നു. ഞാൻ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി. അൽപ നേരത്തെ നിശബ്ദതയ്ക്കു
ശേഷം അവർ ചോദിച്ചു.
"ഞാൻ
പോയാൽ നീയെന്നെ മറക്ക്വോ...."
ഞാൻ
വീണ്ടും ഇല്ലെന്ന് തലയാട്ടി.
"സ്‌കൂൾ
പൂട്ടൽ കാലത്ത് എന്നെ കാണാൻ അങ്ങോട്ട് വരണം ട്ടോ.....”. ഞാൻ ശരിയെന്ന് തലയാട്ടി. പക്ഷെ
ഒപ്പം വിതുമ്പുകയും ചെയ്തു. ലീലേടുത്തി എന്നെ ഒന്നുകൂടി ചേർത്ത് പിടിച്ചു...
ഞാൻ
വീണ്ടും ബെല്ലടിക്കുവാൻ തുടങ്ങിയപ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഇതുവരെ
കണ്ടിട്ടില്ലാത്ത, ലീലേടത്തിയുടെ മകൻ വാതിൽ തുറന്നു വന്നു. ഞാൻ ലീലേടുത്തിയുടെ ഛായ ആ മുഖത്ത് വായിച്ചെടുക്കാൻ
ശ്രമിച്ചു. അയാളുടെ മുഖത്താവട്ടെ, അപരിചിതത്വം ഒരു ചോദ്യ ചിഹ്നമായി നിഴലിച്ചു.
എന്റെ
പേര് ബാലൻ. തമ്മിൽ പരിചയമില്ലെങ്കിലും നമ്മൾ അടുത്ത ബന്ധുക്കളാണ്….
ഞാൻ
സ്വയം പരിചയപ്പെടുത്തി. ചിരിച്ചുകൊണ്ട് അയാൾ ഉള്ളിലേക്ക് ക്ഷണിച്ചു.
സാമാന്യം
നല്ല രീതിയിൽ ഫർണിഷ് ചെയ്ത സ്വീകരണ മുറിയായിരുന്നു. ഞാൻ ലീലേടുത്തിയുമായുള്ള ബന്ധം
വിവരിച്ചു കൊടുത്തു. അയാൾ എറണാകുളത്ത് IT
കമ്പനിയിലാണെന്നും ഇപ്പോൾ വർക്ക് ഫ്രം ഹോം
ആണെന്നും പറഞ്ഞു. പിന്നെ ഞാൻ വന്ന കാര്യം പറഞ്ഞു. മകളുടെ വിവാഹമാണ്. എല്ലാവരും വരണം.
കാർഡ് കൊടുത്തു. അയാൾ ക്ഷമാപണ സ്വരത്തിൽ പറഞ്ഞു: വൈഫ് ജോലിക്ക് പോയിരിക്കുകയാണ്. അതുകൊണ്ട്
ചായ തരുവാൻ നിവർത്തിയില്ല.
സാരമില്ല. ഞാൻ പറഞ്ഞു. കുറെ വീടുകളിൽ പോകാനുണ്ട്. അമ്മ
എവിടെയാണ്...?
അമ്മ
തറവാട്ടു വീട്ടിലാണ് താമസം. പിറകിൽ തന്നെ ആണ്. സൈഡിലൂടെ പോയാൽ മതി.....
ഞാൻ
യാത്ര പറഞ്ഞിറങ്ങി.
വീട്ടീന്ന്
പിറകിൽ തൊടിയിലൂടെ ഒരു കാൽനട വഴി ഉണ്ടായിരുന്നു. പിറകിൽ ജീർണിച്ച ഒരു ഓട്ടുപുരയും.
അതായിരിക്കണം തറവാട്. ഞാൻ ഊഹിച്ചു. ലീലേടത്തിയുടെ മകൻ അമ്മയുടെ അടുത്തേക്ക് എന്റെ കൂടെ
വീട് കാണിക്കുവാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായി.
പണ്ട്
ലീലേടത്തിയുടെ വിവാഹത്തിന് ഈ വീട്ടിൽ ഞാൻ വന്നിട്ടുണ്ട്. ആ വീടിനെ മുന്നിൽ കാണുന്ന
ജീർണ്ണിച്ച കെട്ടിടവുമായി ഒരു താരതമ്യത്തിന് ശ്രമിച്ചു നോക്കി. കാലം ആ വീടിനെ വാർദ്ധക്യത്തിലെത്തിച്ചിരിക്കുന്നു.
വിവാഹത്തിന്
ശേഷം ഞാൻ ലീലേടുത്തിയെ കണ്ടിട്ടില്ലായിരുന്നു. പഠനവും ജോലിയുമെല്ലാമായി ഞാനെന്നും പുറം
നാടുകളിലായിരുന്നു. ഇപ്പോൾ അവരെ കാണുവാൻ പോവുകയാണെന്ന ചിന്ത മനസ്സിൽ എനിക്കറിയാത്ത
ചില വികാരങ്ങളുടെ വേലിയേറ്റമുണ്ടാക്കുന്നുണ്ടായിരുന്നു.
നനുത്ത
സുഗന്ധമുള്ള നന്തിയാർവട്ടപൂ ….
എണ്ണയുടെയും
സോപ്പിന്റെയും നനുത്ത ഗന്ധം……
വീട്ടു
തിണ്ണയിൽ ഒരു മെലിഞ്ഞ നായ കിടക്കുന്നുണ്ടായിരുന്നു. ശാന്തൻ. അലസൻ. കയറിച്ചെല്ലുമ്പോൾ
അവൻ എന്നെ തല പൊക്കി ഒന്ന് നോക്കി. പിന്നെ എഴുന്നേൽക്കുവാനോ കുരയ്ക്കുവാനോ മിനക്കെടാതെ
കണ്ണടച്ച് കിടന്നു.
വാതിൽ
തുറന്ന് പുറത്തേക്കു വന്ന സ്ത്രീയെ എനിക്ക് പരിചയം തോന്നിയില്ല. മെലിഞ്ഞുണങ്ങിയ ശരീരം.
നര കയറിയ തലമുടി. വാർദ്ധക്യം ബാധിച്ചതെങ്കിലും കണ്ണുകളിൽ മാത്രം അല്പം തിളക്കമുണ്ടായിരുന്നു.
ലീലേടുത്തി!
ഭഗവാനെ....
എന്റെ മനസ്സിലുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്നും എത്ര മാറ്റം! ഞാൻ അമ്പരന്ന് നിശ്ശബ്ദനായി
നിന്നപ്പോൾ തിരിച്ചറിവിന്റെ പുഞ്ചിരിയിൽ അവരുടെ മുഖം പ്രസന്നമായി.
"ബാലാ...!
എത്ര കാലായി കണ്ടിട്ട്! ഉള്ളിലേക്ക് വാ...."
ഞാൻ
ഉള്ളിലേക്ക് കയറി. പഴക്കം ചെന്ന രണ്ടുമൂന്നു പ്ലാസ്റ്റിക് കസേരകളിൽ ഒന്നിൽ ഞാൻ ഇരുന്നു.
മറ്റൊന്നിൽ ലീലേടുത്തിയും. എന്ത് ചോദിക്കണമെന്നോ പറയണമെന്നോ അറിയാതെ ഞാൻ വിഷമിച്ചു.
പക്ഷെ ലീലേടുത്തി എന്റെ കുടുംബ വിവരങ്ങൾ എല്ലാം ചോദിച്ചറിയുവാൻ തുടങ്ങി. ഒടുവിൽ മകളുടെ
വിവാഹക്കാര്യം പറഞ്ഞ് ഞാൻ പത്രിക കൊടുത്തു. മകനെയും കൂട്ടി വരണമെന്ന് പ്രത്യേകം പറഞ്ഞു.
മകന്റെ കാര്യം പറഞ്ഞപ്പോൾ ആ മുഖം ഒന്ന് മങ്ങിയോ?
അൽപ
നേരം സംസാരിച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി. നായ തിണ്ണയിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു.
ഇപ്രാവശ്യം അവൻ തിരിഞ്ഞു നോക്കാൻ പോലും മിനക്കെട്ടില്ല. എങ്കിലും അവനെന്നെ സുഹൃത്തായി
അംഗീകരിച്ചതായി കിടന്നു കൊണ്ട് തന്നെ വാൽ നിലത്തടിക്കുന്നതിൽ നിന്നും എനിക്ക് മനസ്സിലായി.
ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി യാത്ര പറഞ്ഞ ശേഷം ഞാൻ വഴിയിലേക്കിറങ്ങി. ലീലേടുത്തി വാതിൽക്കൽ
എന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ
ഞെട്ടലിൽ നിന്നും വിമുക്തനായിട്ടുണ്ടായിരുന്നില്ല. നന്ത്യാർവട്ടപ്പൂ…. ഇന്നത്തെ കൂടിക്കാഴ്ച
ഉണ്ടായിരുന്നില്ലെങ്കിൽ അത് മനസ്സിൽ അങ്ങിനെ തന്നെ ഉണ്ടാവുമായിരുന്നു. ഗേറ്റു കടന്ന്
കാറിനടുത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ കാരണമറിയാത്ത ഒരു ദുഃഖം ഉറവയെടുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..

No comments:
Post a Comment