പളനിയിൽ
സന്ധ്യ
ആയതോടെ പളനി മലമുകളിൽ ഇടവിട്ട് നനുത്ത മഴ ചാറുവാൻ തുടങ്ങി.
തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഏഴുമണിക്ക് തങ്കത്തേര് പ്രദക്ഷിണം ഉണ്ട്. അതിനാൽ ക്ഷേത്രത്തിനു ചുറ്റും നല്ല തിരക്കായിരുന്നു. തേരിന്റെ ദർശനത്തിനായി രാവിലെ മുതൽ മലകയറി എത്തിയ ഭക്തർ സ്വാമി ദർശന ശേഷം പ്രസാദ ഊട്ടും
കഴിച്ച് മലമുകളിൽ തന്നെ ഇരുന്നും നിന്നും നടന്നും സമയം കഴിച്ചുകൂട്ടി.
ഉഷയും ഞാനും ഉച്ചയോടെ മുകളിലെത്തിയതായിരുന്നു. ശാരീരിക ക്ഷമതയുടെ ഒരു പരീക്ഷണം എന്ന നിലയിൽ കൂടിയായിരുന്നു പളനിയിലെത്തിയ ഉടനെയുള്ള മലകയറ്റം. മുപ്പതോളം വർഷങ്ങൾക്ക് ശേഷമാണ് പഴനിയിൽ വരുന്നത്.
ഗൃഹാതുരത്വം
നിറഞ്ഞ ഓർമകളാണ് പഴനിയെപ്പറ്റി. അച്ഛനും അമ്മയും അച്ഛമ്മയും ഒത്തുള്ള ആദ്യയാത്രയുടെ
മങ്ങിയ ഓർമകളെ ഉള്ളു. കുതിരവണ്ടി യാത്ര; വലിയ പീലിക്കെട്ടും നിലത്തിഴച്ച് കുറ്റിക്കാട്ടിലേക്ക്
കയറിപ്പോയ ആണ്മയിലിനെ കണ്ടത്; തല മൊട്ടയടിച്ച് ചന്ദനം തേച്ച സ്ത്രീകളും പുരുഷന്മാരും;
കൊയ്യാപ്പഴത്തിൻറ്റെയും മുല്ലയുടെയും കദംബത്തിന്റെയും മണമുള്ള തെരുവുകൾ; വളയും മാലയും
പഴനി ചരടും കളിക്കോപ്പുകളും വിൽക്കുന്ന ചെറിയ ചെറിയ കടകൾ.......
മല
കയറാനുള്ള പ്രവേശന കവാടമൊഴിച്ചാൽ ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നും ഇല്ല. എന്തായാലും വലിയ പ്രയാസം കൂടാതെ മുകളിലെത്തി. ക്യൂ
നിന്ന് ടിക്കറ്റെടുത്ത് ദർശനവും കിട്ടി. മലമുകളിൽ ഭക്ഷണത്തിനുള്ള ഏക മാർഗം പ്രസാദ ഊട്ടു
തന്നെ. അത് കഴിഞ്ഞും പ്രധാന ആകർഷണമായ തങ്കത്തേരിന്ന് മണിക്കൂറുകൾ പിന്നെയും ബാക്കി.
ക്ഷേത്രത്തിനു ചുറ്റും നടന്നും ഇരുന്നും സമയം പോക്കുക തന്നെ.
അങ്ങനെ
നടക്കുമ്പോൾ ഞാൻ പഴനിമലയുടെ ഐതിഹ്യത്തെപ്പറ്റി ഓർത്തു. ഒരിക്കൽ കൈലാസത്തിൽ ദേവന്മാരെല്ലാവരും
എന്തിനോ വേണ്ടി ഒത്തുകൂടി. അത് കൈലാസത്തിന് താങ്ങാനാവുന്നതിലധികം ഭാരം വരുത്തി എന്ന്
വേണം വിചാരിക്കുവാൻ. ഭൂമിയുടെ ഉത്തര അർദ്ധഗോളം ഭാരം കാരണം ചെരിയുവാൻ തുടങ്ങി. ഉടനെ
കൈലാസനാഥനായ ശിവൻ അഗസ്ത്യ മുനിയെ വിളിച്ച് പറഞ്ഞു: കുറെ ഭാരം ദക്ഷിണ അർദ്ധഗോളത്തിലേക്ക്
ഉടൻ മാറ്റണം. മേലനങ്ങി ജോലി ചെയ്തു ശീലമില്ലാത്ത ദേവന്മാരെക്കൊണ്ട് അത് പറ്റില്ല. അതിനാൽ
അഗസ്ത്യർ ഇടുമ്പൻ എന്ന ഒരു അസുരനെ ആ പണി ഏൽപ്പിച്ചു. ഇടുമ്പൻ പുല്ലുപോലെ രണ്ടു മലകളെ
പറിച്ചെടുത്ത് ഒരു വടിയുടെ രണ്ടറ്റത്തും കെട്ടിത്തൂക്കി, അത് തോളിൽ വെച്ച് ദക്ഷിണ ദിക്കിലേക്ക്
യാത്രയായി. ഇവിടെയെത്തിയപ്പോൾ മലകളെ ഇറക്കിവെച്ച് വിശ്രമിക്കാനിരുന്നു. കുറേക്കഴിഞ്ഞ്
തിരിച്ചെടുത്ത് യാത്ര തുടരാൻ നോക്കുമ്പോൾ മലകൾ അനങ്ങുന്നില്ല. അവ അവിടെ ഉറച്ച് പോയി.
അതിലൊന്നിലായിരുന്നു അച്ഛനമ്മമാരോട് കലഹിച്ച് മുരുകൻ കയറി ഇരിപ്പുറപ്പിച്ചത്.
പിൽക്കാലത്ത്
ഭോഗർ എന്ന സന്യാസി അവിടെ ക്ഷേത്രം പണികഴിപ്പിച്ച് മുരുകനെ ഉള്ളിൽ പ്രതിഷ്ഠിച്ചു. നവപാഷാണം
എന്ന് അറിയപ്പെടുന്ന മൂലകങ്ങളുടെയും മൂലികളുടെയും കൂട്ടുകൊണ്ടായിരുന്നു ബിംബ നിർമ്മാണം.
പിൽക്കാലത്ത് രാജ്യം ഭരിച്ച ചേരന്മാരും ചോളന്മാരും നായ്ക്കന്മാരും അവരുടേതായ മാറ്റങ്ങൾ
വരുത്തി ഇന്ന് നാം കാണുന്ന ദണ്ഡായുധപാണി ക്ഷേത്രമുണ്ടായി.
ഇരുൾ
വീണു തുടങ്ങി. ക്ഷേത്രത്തിൽ ചാരിവെച്ചതു പോലുള്ള ഭീമാകാരമായ വേൽ ചുവന്നു പ്രകാശിച്ചു. താഴെ പളനി നഗരം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോലെയായി. നിരയായി നീങ്ങുന്ന വാഹനങ്ങളുടെ വെളിച്ചങ്ങൾ നീങ്ങുന്ന ഗ്രഹങ്ങളായി.
സന്ധ്യ
കഴിഞ്ഞും മലമുകളിലേക്ക് ഭക്തർ സംഘം സംഘമായി കയറി വന്നു കൊണ്ടിരുന്നു. അങ്ങനെ ക്ഷേത്രത്തിനു
ചുറ്റും ജനം നിറഞ്ഞു. തിക്കും തിരക്കുമായി. രഥം സൂക്ഷിക്കുന്ന കെട്ടിടത്തിലെ
തിരശ്ശീല പ്രകാശിതമായി. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങിയ ഭക്തർ ആകാംക്ഷയോടെ തിരശ്ശീല മാറി രഥം പുറത്തുവരുന്നതും കാത്തിരുന്നു.
ഒടുവിൽ
എല്ലാവരും കാത്തിരുന്ന ആ നിമിഷം വന്നെത്തി.
മലമുകളിലെ ഇരുളിൽ സൂര്യതേജസ്സോടെ സ്വർണ രഥത്തിൽ മുരുകന്റെ സുന്ദര രൂപം പുറത്തു വന്നു. തമിഴ് ഭക്തർ ഉന്മാദാവസ്ഥയിലായി. മുകളിലേക്ക് കയ്യുയർത്തി അവർ രഥത്തിനടുത്തേക്ക് ചെന്നെത്താൻ തിക്കിത്തിരക്കി.
ഹരോ...ഹര...
ഹരഹരോ…ഹര ഹരാ.....
രഥം
ഞങ്ങൾ നിൽക്കുന്നിടത്തുനിന്നും മുന്നോട്ട് പോയി. കൂടെ തിക്കും തിരക്കും. അങ്ങനെ രഥ ദർശനവും കഴിഞ്ഞു.
വലിയ തിരക്ക് വരുന്നതിനു മുന്നേ മലയിറങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചു.
ആ
തീരുമാനം കൊണ്ട് വലിയ ഗുണം ഉണ്ടായെന്നു പറഞ്ഞു കൂടാ. ജനം ഒഴുകിയിറങ്ങുകയായിരുന്നു. കാലിനും ഇടുപ്പിനും നിയന്ത്രണമില്ലാത്ത വൃദ്ധരും കുട്ടികളും എല്ലാം ഉണ്ടായിരുന്നു ആ ഒഴുക്കിൽ. കാൽച്ചുവട്ടിലെ
ഇരുളിൽ, നൂറ്റാണ്ടുകളിലൂടെ ജനങ്ങളുടെ പാദസ്പർശമേറ്റ് മിനുസമായ കരിങ്കൽ പടവുകളും ചരിവുകളും. പടവുകളുടെ അറ്റത്ത് വലിയ താഴ്ച്ചകൾ. കാലുറപ്പിക്കുവാൻ പ്രയാസം. താഴേയ്ക്ക് നോക്കിയാൽ ഒന്നും കണ്ടുകൂടാ.
ഒരു
കാരണവർ പിന്നിൽ നിന്നും എന്റെ തോളിൽ ബലമായി പിടിച്ചാണ് ഇറങ്ങുന്നത്. പാവം. ഒന്ന് അടി തെറ്റി ആരെങ്കിലും മുന്നോട്ടു വീണാൽ കുത്തി നിറുത്തിയ ശീട്ടുകൾ പോലെ മുന്നിലെ ആളുകളും വീണുപോകും. പിറകെ വരുന്നവർ ചവിട്ടി മെതിയ്ക്കും.
മുരുകാ...
കാത്തോളണേ...!
ഏറെ
നേരത്തെ ആശങ്കകൾക്കൊടുവിൽ ഞങ്ങൾ താഴെ എത്തി. ശ്വാസം നേരെ വീണു. ഒരു കാര്യം ബോദ്ധ്യമായി. പഴനിമലയിൽ കൂടിക്കൂടി വരുന്ന ഭക്തരുടെ സുരക്ഷക്കായി സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.
തിരക്കുള്ളപ്പോൾ നിയന്ത്രണങ്ങളും. കയറുന്നവർക്കും ഇറങ്ങുന്നവർക്കും പ്രത്യേകം വഴികൾ ഉണ്ടാക്കുന്നത് നന്നായിരിക്കും.
ഈ
കാര്യത്തെ പറ്റി എഴുതാൻ ആലോചിച്ചിരിക്കുമ്പോഴാണ് നടൻ വിജയിന്റെ രാഷ്ട്രീയ റാലിയിൽ വൻ ദുരന്തം നടന്നത്
അറിയുന്നത്. 'പുഷ്പ 2 ' സിനിമയുടെ റിലീസ് ദിവസം സമാനമായ ഒരു ദുരന്തം നടന്ന് അധികം കാലമായിട്ടില്ല. മുൻപും ഇതുപോലുള്ള സംഭവങ്ങൾ ഉത്സവ സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും മറ്റും പലപ്പോഴും നടന്നിട്ടുണ്ട്. എന്നാലും എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ മാത്രമേ മുൻകരുതൽ എടുക്കുവാൻ അധികാരപ്പെട്ടവരുടെ കണ്ണ് തുറക്കൂ.
നമ്മുടെ
'റിസ്ക് പെർസെപ്ഷൻ’ നിലവാരം ഉയർത്തേണ്ടിയിരിക്കുന്നു.

No comments:
Post a Comment