റാണ് ഓഫ് കച്ച്
(Rann of Kutch)
ഭാഗം 2
ഡിസംബർ മാസമായതിനാൽ
ഗുജറാത്തിൽ തണുപ്പ്
തുടങ്ങിയിരുന്നു. എങ്കിലും
പകൽ സമയത്ത്
വെയിലിന് ചൂടുണ്ട്.
ഞങ്ങളുടെ വാഹനം
ഈ വെയിലിൽ
അനക്കമറ്റ് കിടക്കുവാൻ
തുടങ്ങി ഏറെ
നേരമായി. ഏതോ
രാഷ്ട്രീയപ്പാർട്ടിയുടെ പോഷക
സംഘടനയുടെ റാലി
കടന്നു പോവുകയാണ്.
അത് സൃഷ്ടിച്ച
ട്രാഫിക് ബ്ലോക്കാണ്
കാരണം. നമ്മുടെ
രാജ്യം സന്ദർശിക്കുന്ന
ആർക്കും എപ്പോൾ
വേണമെങ്കിലും കിട്ടാവുന്ന പണി; അനുഭവം. കേരളമാണ്
സന്ദർശിക്കുന്നതെങ്കിൽ ചിലപ്പോൾ
ഇരുപത്തി നാലുമണിക്കൂർ
റെയിൽവേ പ്ലാറ്റുഫോമിലോ
കടത്തിണ്ണയിലോ ഭക്ഷണവും
വെള്ളവും ഇല്ലാതെ
കിടക്കാനുള്ള യോഗവും കൂടെ ഉണ്ടായേക്കാം. വഴി തടയുന്ന കാര്യത്തിൽ പൂരം വേല തുടങ്ങിയവയും പിറകിലല്ല.
ഏറെ കാത്തിരിപ്പിന് ശേഷം ഒടുവിൽ റാലിയിലെ
അവസാനത്തെ കൊടിയും
വളവു തിരിഞ്ഞതോടെ
വാഹനങ്ങൾക്ക് ജീവൻ
വെച്ച് തുടങ്ങി.
ഭക്ഷണ സമയം അതിക്രമിച്ചിരുന്നു. വൈശാഖ് റെസ്റ്റോറന്റ് സെർച്ച് തുടങ്ങി. നല്ല റേറ്റിംഗ് ഉള്ള റസ്റ്റോറെന്റുകളെല്ലാം വെജിറ്റേറിയൻ ആയാണ് ഗൂഗിൾ കാണിക്കുന്നത്. ഗുജറാത്തികൾ പൊതുവെ സസ്യാഹാരികളാണെന്ന് തോന്നുന്നു. ഞങ്ങൾ സാരഥിയുടെ സഹായം തേടി. നല്ല വെജിറ്റേറിയൻ ഗുജറാത്തി ഥാലി ആയിരുന്നു റെക്കമെൻഡേഷൻ. അതിൻ പ്രകാരം ഞങ്ങളെ അയാൾ ഒരു നല്ല വെജിറ്റേറിയൻ റെസ്റ്റോറന്റിൽ എത്തിച്ചു. തിരക്കുണ്ടെങ്കിലും എല്ലാവർക്കും ഒന്നിച്ചിരിക്കുവാൻ വലിയ മേശയും കിട്ടി.
ഗുജറാത്തി ഥാലി ഒരു ഒന്നൊന്നര ഥാലിയായിരുന്നു. സെർവർമാർ സംഘംചേർന്ന് ഒന്നിന് പിറകെ ഒന്നായി പലതരം വിഭവങ്ങൾ, അല്ല, പലഹാരങ്ങൾ മുന്നിലെ തളികയിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു. മിക്കവാറും മധുരമുള്ളവ. എണ്ണയിലും നെയ്യിലും പാകം ചെയ്തവ. പാലിലും കടലമാവിലും തൈരിലും തയ്യാർ ചെയ്തവ. അങ്ങനെ അങ്ങനെ... ഇനിയിപ്പോൾ ഭാഷ ശരിക്കും അറിയാത്തതിനാൽ സാരഥി റെസ്റ്റോറന്റിന് പകരം ഏതോ ബേക്കറിയിലാണോ ഞങ്ങളെ കയറ്റിയത്....? എനിക്ക് സംശയമായി. അല്പം ദൂരെ മറ്റൊരു മേശയിലിരുന്ന് അദ്ദേഹം ഥാലിയിൽ വരുന്നവ ആസ്വദിച്ച് അപ്പപ്പോൾ അപ്രത്യക്ഷമാക്കുന്നുണ്ടായിരുന്നു.
പുതിയതായി പരിചയപ്പെട്ട തേപ്ല, ധോക്ല, ഫാഫ്ട, കടി തുടങ്ങിയവർക്കു പുറമെ നമുക്ക് പരിചിതരായ ചെറിയ സമൂസ, ജിലേബി, ചപ്പാത്തി തുടങ്ങിയവരും ഉണ്ടായിരുന്നു. മേശപ്പുറത്ത് സ്ഥിര താമസക്കാരായി പലതരം അച്ചാറുകളും പച്ചമുളക് വറുത്തതും മോരിൽ ചേർക്കുന്ന ‘ചാസ്’ മസാലയും വെള്ളരിക്ക, ചെറുനാരങ്ങാ കഷണങ്ങളും മറ്റും ഉണ്ട്. വലിയ സ്റ്റീൽ കൂജയിൽ കട്ടി മോരും ഉണ്ട്. എല്ലാം പൊതു സ്വത്തായി. വേണ്ടവർക്ക് ഇഷ്ടാനുസരണം എടുക്കാം.
വിളമ്പുകാരുടെ തിരക്ക് കഴിഞ്ഞ് നോക്കിയപ്പോഴായിരുന്നു തളികയിൽ നേരത്തെ തന്നെ സന്നിഹിതരായിരുന്ന ചില കട്ടോരികളെ ഞാൻ കണ്ടത്. വെള്ളം തൊടാതെ തവയിൽ എണ്ണ ചൂടാക്കി ഉപ്പും മസാലപ്പൊടിയും ചേർത്ത് വാട്ടി എടുത്ത വെണ്ടക്കയായിരുന്നു ഒന്നിൽ. അതേ തരത്തിൽ പീഡിപ്പിക്കപ്പെട്ട പയറായിരുന്നു മറ്റൊന്നിൽ. എനിക്ക് സന്തോഷമായി. ഗുജറാത്തിലെങ്കിലും ഇവർക്കെല്ലാം ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുണ്ടല്ലോ! ഉത്തരേന്ത്യയിൽ മറ്റു സ്ഥലങ്ങളിലെല്ലാം ഇവർ ഉരുളക്കിഴങ്ങിന്റെ തോളിൽ തൂങ്ങി നടക്കുന്നതാണ് കണ്ടിട്ടുള്ളത്. ആലു ഗോബി, ആലു മട്ടർ, ആലു ഭിണ്ടി, ആലു ബോഡ, ആലു പാലക്, ആലു പർവൽ എന്നിങ്ങനെ. അതിന് ഒരു അപവാദം കരേല, കയ്പ്പക്ക, മാത്രമാണ്. കയ്പു കാരണം ഉരുളക്കിഴങ്ങ് അടുപ്പിക്കാത്തതോ എന്തോ! (പക്ഷെ കുട്ടിക്കാലത്ത് എന്റെ വീട്ടിൽ എന്നും സുഹൃത്തായ ചക്കക്കുരുവിനൊപ്പമായിരുന്നു മെഴുക്കുപുരട്ടിയിൽ കയ്പ്പക്ക).
ഗുജറാത്തി ഭക്ഷണത്തിന്റെ നെടുന്തൂണുകൾ എണ്ണയും പാലുൽപ്പന്നങ്ങളും തന്നെ എന്ന് എനിക്ക് ബോദ്ധ്യമായി. വെറുതെയല്ല അദാനി തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും ഒപ്പം വിൽമർ കമ്പനിയിലൂടെ എണ്ണക്കച്ചവടവും തുടങ്ങിയത്. എണ്ണകൾക്കെല്ലാം വിലക്കൂടുതൽ ആയതിനാൽ ഏത് എണ്ണയാണ് പ്രധാനമായും ഉപയോഗിക്കുന്നത് എന്ന് ഞാൻ സാരഥിയോട് ആരാഞ്ഞു. പരുത്തിക്കുരു എണ്ണ എന്നായിരുന്നു ഉത്തരം. ഭക്ഷ്യ യോഗ്യമായ അങ്ങനെ ഒരു എണ്ണ ഉള്ള കാര്യം എനിക്ക് പുതിയ അറിവായിരുന്നു. നമ്മൾ അവരുടെ ഭക്ഷണത്തിലെ എണ്ണയുടെ ആധിക്യത്തെ പറ്റി പറയുന്നു. അവരിവിടെ വന്നാൽ എന്ത് തേങ്ങയാണ് നിങ്ങളുടെ ഭക്ഷണം എന്ന് ചോദിക്കാനും മതി.
ഒടുവിൽ വന്നെത്തിയ ഏതാനും സ്പൂൺ ബാസ്മതി റൈസോടുകൂടി ഥാലി ഭോജനത്തിന് ശുഭ പര്യവസാനമായി. മൊത്തത്തിൽ മോശം പറഞ്ഞുകൂടാ.
ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഭുജ്ജിലെ 'ഛത്തർഡി' കാണുവാനായി ഇറങ്ങി ആദ്യം ഛത്തർഡിയെ പറ്റി പറയേണ്ടിയിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ ജഡേജ വംശ രാജാക്കന്മാർ നിർമ്മിച്ച ഓർമ്മകുടീരങ്ങൾ ആണ് അവ. ശവകുടീരങ്ങളുമായി ഛത്തർടിയ്ക്കുള്ള വ്യത്യാസം അവ പടുത്തുയർത്തിയിരിക്കുന്നത് ഓർമ്മിക്കപ്പെടേണ്ട ആളുടെ ഭൗതിക അവശിഷ്ടങ്ങൾക്ക് മുകളിലല്ല എന്നതാണ്. മരിച്ച ആളുടെ ശവസംസ്കാരം നടന്നിരിക്കുന്നത് മറ്റെവിടെയോ ആണ്. ഇംഗ്ളീഷിൽ ‘സെനറ്റാഫ്’ (cenotaph) എന്ന് വിളിക്കുന്ന ഈ സ്മാരകങ്ങൾ പ്രാചീന ഗ്രീസിലും ഈജിപ്തിലും മറ്റും സാധാരണമായിരുന്നു. ലണ്ടനിലെ ‘വൈറ്റ് ഹാൾ സെനറ്റാഫ്’ യുദ്ധത്തിൽ മരിച്ച സൈനികർക്കു വേണ്ടി നിർമ്മിച്ചതാണ്. ഇന്ത്യയിൽ രാജസ്ഥാനിലും ഗുജറാത്തിലും ഇത്തരം ഓർമ്മകുടീരങ്ങൾ ഉണ്ട്. താജ്മഹലും ഹുമയൂണിന്റെ ടൂമ്പും യഥാർത്ഥ ശവകുടീരം അവയ്ക്കു താഴെ മറ്റൊരു നിലയിലാണെന്നതിനാൽ ‘സെനറ്റാഫ്’ ആയി കണക്കാക്കാം.
രജപുത്രന്മാരുടെയും മുഗളന്മാരുടെയും വാസ്തുവിദ്യകൾ സംയോജിപ്പിച്ചതാണ് ഭുജ്ജിലെ ഛത്തർടികൾ. സ്മാരകങ്ങളുടെ മുകൾ വശം കുടപോലിരിക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്. ഭുജ്ജിലെ ഹാമിർസാർ തടാകത്തിനടുത്താണെങ്കിലും തടാകത്തിന്റെ വിദൂരമായൊരു കാഴ്ചയെ ഇവിടെ നിന്നും കിട്ടുകയുള്ളു. ചുവന്ന കല്ലിൽ നിർമ്മിച്ച മനോഹരമായ സ്മാരകങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. സ്മാരകങ്ങളിൽ ഏറ്റവും വലുതും മികച്ചതും റാവു ലഖ്പത്ജിയുടേതായിരുന്നത്രെ. അദ്ദേഹം മരിച്ചപ്പോൾ പതിനഞ്ചോളം ഭാര്യമാർ ചിതയിൽ ആത്മാഹൂതി ചെയ്തെന്ന് ഇവിടുത്തെ ഒരു ശിലാ ലിഖിതത്തിൽ പറയുന്നു. എന്റെ ഉള്ളിൽ ഒരു തേങ്ങലുയർന്നു.
ചരിത്രമേ..! കാലമേ...!
എന്തെല്ലാം സംസ്കൃതികളും വിശ്വാസങ്ങളും എത്ര എത്ര കണ്ണീരും രക്തച്ചൊരിച്ചിലും മറികടന്നാണ് നീ ഇവിടെയെത്തിയത്!
2001 ലെ ഭൂകമ്പം സ്മാരകങ്ങളിൽ പലതിനെയും പുനർനിർമ്മിർക്കാനാവാത്ത വിധം തകർത്തുകളഞ്ഞു. തിണ്ണകളും തൂണുകളും മനോഹരമാക്കിയ മണ്ഡപങ്ങൾ; വളരെ സങ്കീർണ്ണവും മനോഹരവുമായ കൊത്തുപണികൾ ഉള്ളവ. ചിത്രപ്പണിയോടുകൂടിയ കമാനങ്ങൾ; സ്തൂപങ്ങൾ…. അവയിൽ മുക്കാൽ പങ്കും വിസ്തൃതമായ ഈ വിജന ഭൂമിയിൽ മണ്ണടിഞ്ഞ് ചിതറിക്കിടക്കുന്നു.
തങ്ങളുടെ പേരിന്റെയും പ്രൗഢിയുടെയും അനശ്വരതയ്ക്കുവേണ്ടി മനുഷ്യൻ കെട്ടി ഉയർത്തിയ സ്മാരകങ്ങൾ! അവയെ തകർത്തെറിഞ്ഞ് നശ്വരമല്ലാത്തതായി പ്രപഞ്ചത്തിൽ ഒന്നുമില്ലെന്ന് ഓർമ്മിപ്പിക്കുന്ന പ്രകൃതി!
ചിതറിക്കിടക്കുന്ന സ്തൂപങ്ങൾക്കും ശിൽപ്പക്കല്ലുകൾക്കും മുകളിൽ സൂര്യൻ ചായുവാൻ തുടങ്ങി. തടാകത്തിൽ നിന്നും തണുത്ത കാറ്റ് വീശി. സന്ധ്യയ്ക്ക് മുൻപ് ഞങ്ങൾക്ക് ധോർഡോ ഗ്രാമത്തിലെത്തണമായിരുന്നു. ആ ഗ്രാമം കേന്ദ്രീകരിച്ചാണ് റാണ് ഉത്സവവും ഉപ്പുപാട സന്ദർശനവും. രാത്രി താമസവും അവിടെത്തന്നെ. അസ്തമിച്ച പ്രൗഢിയുടെ ചരിത്രാവശിഷ്ടങ്ങളോട് വിട പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
റാണ് കാഴ്ചകളെ പറ്റി കൂടി പറഞ്ഞുകൊണ്ട് അടുത്ത പോസ്റ്റോടെ ഈ യാത്രാവിവരണം അവസാനിപ്പിക്കാം. ഇനി നീട്ടിക്കൊണ്ടുപോവില്ല. ഉറപ്പ്.
വായനയ്ക്ക് വളരെ
നന്ദി.

നീട്ടി കൊണ്ടു പൊക്കൊളു.. ബോറടി ഇല്ല..
ReplyDeleteThank you.
Delete