റാണ് ഓഫ് കച്ച്
(Rann of Kutch)
ഭാഗം 1
രാത്രിയുടെ അന്ത്യയാമത്തിലായിരുന്നു ‘ഹംസഫർ എക്സ്പ്രസ്സ്’ ഗാന്ധിധാമിൽ എത്തിയത്. ഷൊറണൂരിൽ നിന്നും ഏകദേശം മുപ്പത്തിമൂന്നു മണിക്കൂർ നീണ്ട യാത്ര. എങ്കിലും പറഞ്ഞ സമയത്ത് തന്നെ എത്തിച്ചതിന്ന് ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി. അസമയത്താണ് എത്തുന്നത് എന്നതിനാൽ ഗാന്ധിധാമിൽ അല്പം ഉറങ്ങുവാനും പ്രഭാത കൃത്യങ്ങൾ നിർവഹിക്കുന്നതിനുമായി ഒരു ഹോട്ടൽ മുറി എടുത്തിരുന്നു. വേണമെങ്കിൽ എത്ര ആളുകളെയും
അവരുടെ ലഗ്ഗേജ്ജും കയറ്റാൻ കെൽപ്പുള്ള ഒരു ജംബോ ഓട്ടോറിക്ഷ ഞങ്ങളെ ആ ഹോട്ടലിൽ എത്തിച്ചു. ഞാനും ഉഷയും മകനും മരുമകളും അവരുടെ രണ്ടുകുട്ടികളും പിന്നെ നാലഞ്ചു കഷണം യാത്രാച്ചുമടും. എല്ലാം കൂടി ഒരു ഓട്ടോയിൽ കയറുമോ എന്ന എന്റെ ഭയം അസ്ഥാനത്തായി. ഉത്തരേന്ത്യയ്ക്ക് അതിന്റേതായ രീതികളും സൗകര്യങ്ങളുമുണ്ട്!
‘റാണ് ഓഫ് കച്ച്’ലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. പ്രകൃതി തീർക്കുന്ന അസംഖ്യം അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നായിരുന്നു റാണ് ഓഫ് കച്ച് (Rann of Kutch) എന്ന പേരിൽ അറിയപ്പെടുന്ന കച്ചിലെ ഉപ്പു പാടങ്ങൾ. ഗാന്ധിധാമിൽ നിന്നും മൂന്നു നാല് മണിക്കൂർ യാത്രയുണ്ട് അവിടെയ്ക്ക്. രാവിലെ എട്ടര മണിയോടെ ഞങ്ങൾ ഹോട്ടലിൽ നിന്നും യാത്രയ്ക്ക് തയ്യാറായി. അപ്പോഴേക്കും നേരത്തെ ബുക്ക് ചെയ്ത കാറുമെത്തി. മദ്ധ്യവയസ്കനായ ഡ്രൈവർ ശാന്തനും മിതഭാഷിയുമായിരുന്നു. വാഹനമോടിക്കുക മാത്രമല്ല ഒരു ഗൈഡിന്റെ അഭാവം പരിഹരിക്കുകയും താൻ ചെയ്യുമെന്ന് പോകെപ്പോകെ അയാൾ തെളിയിച്ചു. അതിന്റെ ആദ്യ ദൃഷ്ടാന്തം പോകും വഴി ഭുജ്ജിലെ കാഴ്ചകൾ കണ്ടു പോകാം എന്ന അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു.
‘ഭുജ്ജ്’ എന്ന് കേട്ടപാടെ എന്റെ ഉള്ളൊന്നു കിടുങ്ങി. ആ ദിവസം ഓർമ്മയിലെത്തി: 2001 ജനുവരി 26. ഭുജ്ജിന് സമീപത്തുള്ള നഗരമായ അൻജാറിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇടുങ്ങിയ ഒരു ഇടവഴിയിലൂടെ നടന്ന് നീങ്ങുകയായിരുന്നു. യൂണിഫോമിട്ട് കൈകളിൽ കൊച്ചു ത്രിവർണ പതാകയുമായി അവർ വരിവരിയായി നടന്നു. സമയം രാവിലെ എട്ടേമുക്കാൽ. പെട്ടെന്നായിരുന്നു അവരുടെ കാൽക്കീഴിൽ ഭയാനക ശബ്ദത്തോടെ ഭൂമി ഇളകിയാടിയത്. അതോടെ ഇടവഴിക്കിരുവശത്തുമുള്ള കെട്ടിടങ്ങൾ അവർക്കു മീതെ തകർന്നടിഞ്ഞു. നിമിഷങ്ങൾ കൊണ്ട് നൂറിലധികം ജീവനുകൾ പൊലിഞ്ഞു. ഭുജ്ജിനെയും സമീപ പ്രദേശങ്ങളെയും നടുക്കിയ ശക്തമായ ഭൂകമ്പം ആയിരുന്നു അത്. ഇരുപതിനായിരത്തിലധികം ജനങ്ങൾക്ക് ജീവൻ നഷ്ടമായി. പതിനായിരങ്ങൾക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് വീടുകളും കെട്ടിടങ്ങളും നിലം പൊത്തി. പല ചരിത്ര സ്മാരകങ്ങളും പുനരുദ്ധരിക്കാൻ പറ്റാത്ത വിധം തകർന്നു. പ്രകൃതിയുടെ ശക്തിക്കു മുന്നിൽ മനുഷ്യനും ശാസ്ത്രവും നിസ്സഹായരാവുന്ന ദയനീയ അവസ്ഥ. വർഷങ്ങൾ ഏറെ എടുത്തു ഭുജ്ജ് നഗരം വീണ്ടും കെട്ടിപ്പടുക്കുവാൻ.
ആ ദുരന്തത്തിന്റെ ഓർമയ്ക്കായി നഗരത്തിൽ ഭുജിയ കുന്നുകളിൽ ഒരു മ്യൂസിയം "സ്മൃതിവൻ" എന്ന പേരിൽ നിർമ്മിച്ചിട്ടുണ്ട്. കുന്നിന്റെ ചെരിവിനനുസരിച്ച് പല നിലകളിലായി ഒരുക്കിയിരിക്കുന്ന മ്യൂസിയം വളരെ ആകർഷകമാണ്. നാലോ അഞ്ചോ മണിക്കൂറുകൾ ചിലവഴിച്ചാലേ പൂർണമായും ആ മ്യൂസിയവും അവിടെ ഓരോ നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന വീഡിയോ പ്രദർശനങ്ങളും കണ്ടുതീർക്കാനാവൂ. ഏറ്റവും മുകളിൽ ഭൂകമ്പത്തിന്റെ സിമുലേറ്ററും (5D Earthquake Simulator) സജ്ജീകരിച്ചിരിക്കുന്നു. വളരെ വിജ്ഞാനപ്രദമാണെന്നു മാത്രമല്ല, ഭൂകമ്പത്തിന്റെ ഭയാനകതയും അത് വിതയ്ക്കുന്ന ദുരന്തവും ഈ മ്യൂസിയം നമുക്ക് അനുഭവവേദ്യമാക്കുന്നു.
വാസ്തവത്തിൽ പിറ്റേ ദിവസം ‘റാണ്’ കണ്ടു തിരിച്ചുവരുമ്പോഴായിരുന്നു മ്യൂസിയം കണ്ടത്. സാരഥിയുടെ അഭിപ്രായം മാനിച്ച് സ്വാമിനാരായൺ ക്ഷേത്രമായിരുന്നു ആദ്യം സന്ദർശിച്ചത്. വെണ്ണക്കല്ലും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ച മനോഹര സൗധം. നമ്മുടെ സങ്കൽപ്പത്തിലെ ക്ഷേത്രത്തിൽ നിന്നും വിഭിന്നമെങ്കിലും ക്ഷേത്രം നല്ലൊരു ദൃശ്യ വിരുന്നു തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിൽ മറ്റൊരു സ്ഥലത്ത് ആയിരുന്നു ആൾ ദൈവമായ സ്വാമിനാരായൺ തന്റെ പേരിലുള്ള ക്ഷേത്രം ആദ്യം പണിയിച്ചത്. ഭൂകമ്പത്തിൽ ആ ക്ഷേത്രം തകർന്നതിനു ശേഷമായിരുന്നു ഈ ക്ഷേത്ര നിർമ്മാണം. പ്രധാന പ്രതിഷ്ഠ 'നർ-നാരായൺ' എന്ന രണ്ട് മുനിമാരുടെത്. ഇവർ വിഷ്ണുവിന്റെ അവതാരങ്ങൾ ആണ് എന്ന് സ്വാമിനാരായൺ അനുയായികൾ വിശ്വസിക്കുന്നു. എന്തായാലും ശാന്തവും മനോഹരവുമായ ഇടം.
ഭൂകമ്പം സദയം ബാക്കി വെച്ച ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് 'പ്രാഗ് മഹൽ'. പത്തൊമ്പതാം നൂറ്റാണ്ടിൽ കച്ച് ഭരിച്ച ജഡേജ വംശജനായ റാവു പ്രാഗ്മാൽജി രണ്ടാമൻ പണികഴിപ്പിച്ചത്. പൂനയിലെ സസൂൺ ആസ്പത്രിയടക്കം പല കെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത കേണൽ വിൽകിൻസ് ആയിരുന്നു പ്രാഗ് മഹലിന്റെയും ശില്പി. ഇറ്റാലിയൻ ശൈലിയിൽ നിർമ്മിച്ച കൊട്ടാരത്തിന്റെ താഴത്തെ ഹാളുകൾ മൈസൂർ പാലസിന്റെ ആഡംബരത്തോട് കിടപിടിക്കുന്നതാണ്. മുകൾ നിലകൾ മറ്റൊരു രീതിയിലാണ്.
ചുറ്റും നൂറുകണക്കിന് പ്രാവുകൾ കുടിപാർക്കുന്ന വലിയ കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്ന ഒരു ചെറിയ ചത്വരമുണ്ട് മുകളിൽ. വട്ടം കറങ്ങുന്ന ഒരു ചെറിയ പ്ലാറ്റുഫോമും അതിൽ ഘടിപ്പിച്ച മൊബൈൽ ഹോൾഡറുമായി ഒരാൾ അവിടെ സ്ഥലം പിടിച്ചിരിക്കുന്നു. ആർക്കുവേണമെങ്കിലും ചെറിയ ചാർജിൽ ആ പ്ലാറ്റഫോമിൽ കയറിനിന്ന് വട്ടം കറങ്ങി കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ റീൽസ് ഷൂട്ട് ചെയ്യുവാൻ പറ്റും. ന്യൂജൻ സന്ദർശകർ ആ സൗകര്യം ശരിക്കും മുതലാക്കുന്നുണ്ട്. ചിലർക്ക് ജീവിതമേ റീൽസ്!
യാത്രാവിവരണം നീണ്ടു പോകുന്നെന്ന് തോന്നുന്നല്ലേ. ബാക്കി ഭുജ് കാഴ്ചകളും റാണ് ഉത്സവവും അടുത്ത പോസ്റ്റിലാവാം. വൈകാതെ തന്നെ.
എല്ലാവർക്കും പുതുവത്സരാശംസകൾ!


No comments:
Post a Comment