രഹസ്യങ്ങളുടെ രഹസ്യം.
The Secret of Secrets
(നോവൽ ആസ്വാദനം)
ഡാൻ ബ്രൗണിന്റെ
(Dan Brown) ഏറ്റവും പുതിയ നോവലാണ് ‘ദി സീക്രട്ട് ഓഫ് സീക്രട്ട്സ്’.
2025 സെപ്റ്റംബർ ഒൻപതാം തിയ്യതി ആയിരുന്നു ഈ നോവൽ പുറത്തിറങ്ങിയത്.
തന്റെ മുൻ നോവലുകളെപ്പോലെ തന്നെ ത്രില്ലും സസ്പെൻസും നിറഞ്ഞതാണ് പുതിയ രചനയും.
വായനക്കാരനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തിക്കൊണ്ട് ഓരോ അദ്ധ്യായവും അവസാനിപ്പിക്കുന്ന ഡാൻ ബ്രോണിന്റെ രചനാ പാടവം ഈ നോവലിലും പ്രകടമാണ്. തന്റെ ബുദ്ധിയും പിന്നെ ഭാഗ്യവും ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യുന്ന പ്രൊഫസർ ലാങ്ങ്ഡൺ തന്നെയാണ് ഈ നോവലിലെയും നായകൻ.
ലാങ്ങ്ഡൺ സീരീസിലെ ആറാമത്തെ നോവലാണ് ഇത്.
ഓരോ നോവലിലും ഓരോ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് നോവലിസ്റ്റ് നിഗൂഢതയും സസ്പെൻസും വളർത്തിക്കൊണ്ടുവരുന്നത്.
ഡാവിഞ്ചി കോഡിൽ അത് ചിത്രകലയായിരുന്നെങ്കിൽ ഇൻഫെർണോയിൽ അത് ഡാന്റെയുടെ ഡിവൈൻ കോമെഡി ആസ്പദമാക്കിയാണ്.
പുതിയ നോവലാവട്ടെ ആധുനിക വൈദ്യശാസ്ത്രത്തെ ആധാരമാക്കിയും.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ തലച്ചോറിനെയും മാനുഷിക ബോധത്തെയും
(Brain science and Human Consciousness) പറ്റിയുള്ള പഠന വിവരങ്ങളെ ആസ്പദമാക്കി.
ലാങ്ങ്ഡൻ എന്ന സിംബോളോജിസ്റ്റ് പതിവുപോലെ തന്റെ അടയാള സിദ്ധാന്തങ്ങളും യൂറോപ്പിയൻ നഗരങ്ങളുടെയും അവിടുത്തെ ചരിത്ര സ്മാരകങ്ങളുടെയും പരിജ്ഞാനവും
കൊണ്ട് പല അപകട ഘട്ടങ്ങളെയും തരണം ചെയ്യുന്നുണ്ട്. മൂന്നു ഭസ്മക്കുറിയും നടുവിൽ സിന്ദൂരപ്പൊട്ടും ഉള്ള പളനി
മുരുകന്റെ വേലിനെ ലാങ്ങ്ഡൻ നോവലിൽ പരാമർശിക്കുന്നത് നമുക്ക് കൗതുകമുണർത്തുന്നതാണ്.
ശക്തിയുടെ പ്രതീകമാണ് ‘വേൽ’ എന്നാണ് ലാങ്ങ്ഡന്റെ അഭിപ്രായം.
ലാങ്ങ്ഡന്റെ
സുഹൃത്തും തലച്ചോറിനെക്കുറിച്ചും മനുഷ്യന്റെ ബോധതലങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന
പ്രൊഫസറുമായ കാതറിൻ സോളമൻ ആണ് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം. ഇവരിൽക്കൂടിയാണ് നമ്മുടെ
ബോധത്തെപ്പറ്റിയുള്ള വിചിത്രവും അത്ഭുതകരവുമായ പല പുതിയ കാഴ്ചപ്പാടുകളും അനാവരണം ചെയ്യപ്പെട്ടുന്നത്.
ഇത്തരം ഗവേഷണ ഫലങ്ങൾ ഉൾക്കൊള്ളിച്ച കാതറീനിന്റെ പ്രസിദ്ധീകരിക്കുവാൻ തയ്യാറായ പുസ്തകം
അതീവ സുരക്ഷയുള്ള കമ്പ്യൂട്ടറുകളിൽ നിന്നും അപ്രത്യക്ഷമാവുന്നതോടെയാണ് നോവലിന്റെ തുടക്കം.
മനുഷ്യന്റെ
തലച്ചോറ് (Brain) ഒരു റേഡിയോ റിസീവർ പോലെയാണെന്ന് കാതറിൻ പറയുന്നു. അന്തരീക്ഷത്തിൽ
അനേകം ഫ്രീക്വൻസികൾ ഉണ്ടെങ്കിലും നമ്മൾ ട്യൂൺ ചെയ്യുന്ന ഫ്രീക്വൻസി മാത്രം റേഡിയോ സ്വീകരിക്കുന്നു.
നമ്മുടെ മസ്തിഷ്കവും അതുപോലെ പുറത്തുള്ള അസംഖ്യം അറിവുകൾ അല്ലെങ്കിൽ ബോധങ്ങളിൽ നിന്ന്
വേണ്ടതുമാത്രം എടുക്കുന്നു. ഗാബ (GABA- Gamma aminobutyric acid) എന്ന രാസവസ്തുവാണ്
മസ്തിഷ്കത്തെ നിയന്ത്രിച്ച് അത് സാദ്ധ്യമാക്കുന്നത്. അപസ്മാര രോഗികൾക്ക് അസുഖമുണ്ടാവുമ്പോഴും
(seizure) ലഹരി മരുന്നുകൾ ഉപയോഗിക്കുമ്പോഴും മരണ സമയത്തും മറ്റും ഗാബയുടെ ലെവൽ വളരെ
താണുപോവുകയും നമ്മൾ അനിയന്ത്രിതമായ അറിവുകളിലേക്ക്, ബോധങ്ങളിലേക്ക്
നയിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ അസാധാരണമായ ഒരു അനുഭൂതി ലഭ്യമാവുന്നു.
ഒരാൾ മരിക്കുന്നതോടെ
അയാളുടെ ബോധം ശരീരത്തിൽ നിന്നും മുക്തമാവുന്നു. താൻ ശരീരത്തിൽ നിന്നും പുറത്തുവന്ന്
ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന തന്റെ ശരീരവും ചുറ്റും ശസ്ത്രക്രിയയിൽ ഏർപ്പെട്ട ഡോക്ടർമാരെയും
നഴ്‌സുമാരെയും കണ്ടതായി ശസ്ത്രക്രിയക്കിടയ്ക്ക് മരിച്ചതായി കരുതിയ, എന്നാൽ മിനുട്ടുകൾക്കകം
ജീവൻ തിരിച്ചു വന്ന, പലരും പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മാവിനെക്കുറിച്ചുള്ള
ഹിന്ദു സങ്കല്പങ്ങളോട് ഒത്തുപോകുന്നതാണ് ഇവ. ഇരട്ട വ്യക്തിത്വം (Dual personality,
Split personality, Dissociative Identity Disorder) തുടങ്ങിയ മാനസിക രോഗങ്ങൾ ആ രോഗിയുടെ
മസ്തിഷ്‌കം, മരിച്ചുപോയ മറ്റൊരാളുടെ ബോധത്തെ സ്വീകരിക്കുന്നത് കൊണ്ടാണെന്ന് കാതറിൻ
പറയുന്നു. മറ്റൊരാളുടെ ആത്മാവ് ഒരാളുടെ ശരീരത്തിൽ ബാധ കയറുക എന്ന് പറയുന്നത് പോലെ തന്നെ.
(മണിച്ചിത്രത്താഴ്, അന്യൻ,
നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളിലെ വിഷയം). മരണാനന്തര
ജീവിതം, ആത്മാവ് തുടങ്ങി പലപ്പോഴും നമ്മൾ അന്ധവിശ്വാസം എന്ന് പറഞ്ഞ് തള്ളിക്കളയുന്ന
വിവിധ മതവിശ്വാസങ്ങൾക്ക് ശാസ്ത്രീയമായി ഒത്തുപോകുന്നതാണ് കാതറീനിന്റെ ഗവേഷണ ഫലങ്ങൾ.
സങ്കീർണമായ
മസ്തിഷ്ക ഗവേഷണ ഫലങ്ങളുടെ വിശദീകരണം വഴി ഡാൻ ബ്രൗണിന്റെ ഈ നോവൽ മുൻ നോവലുകളിൽ നിന്നും
വ്യത്യസ്തമാവുന്നു. രസകരമായ വായന സാദ്ധ്യമാക്കുന്ന രചനാ ശൈലിയ്ക്ക് മാറ്റമില്ലെങ്കിലും.

No comments:
Post a Comment