കമ്പിളികണ്ടത്തെ കൽഭരണികൾ
വായിക്കണമെന്ന്
കുറേക്കാലമായി ആഗ്രഹിക്കുന്ന പുസ്തകമാണ് 'കമ്പിളികണ്ടത്തെ കൽഭരണികൾ'. മാതൃഭൂമി പുസ്തകോത്സവത്തിൽ
പുസ്തകം കണ്ടപ്പോൾ പിന്നെ വാങ്ങുവാൻ സംശയിച്ചില്ല.
തീക്ഷണമായ ജീവിത പരീക്ഷകളിലൂടെ
ജയിച്ചു കയറിയ ഒരാളുടെയും കുടുബത്തിന്റെയും കഥയാണ് ശ്രീ ബാബു അബ്രഹാം എഴുതിയ 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന ജീവിതാനുഭവ ഓർമ്മക്കുറിപ്പുകൾ. ഭർത്താവുണ്ടായിരുന്നിട്ടും അദ്ദേഹത്തിൻ്റെ യാതൊരു സഹായവുമില്ലാതെ ഏകയായി മൂന്നു പെൺമക്കളെയും ഒരാൺകുട്ടിയെയും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറ്റിവിട്ട ധീരയായ ഒരു അമ്മയുടെയും കൂടി കഥയാണ് ഇത്.
മദ്യപാനം കാരണം സ്വയം നശിച്ച അച്ഛൻ യുവതിയായ ഭാര്യയേയും നാലു മക്കളെയും അനാഥരാക്കി വീട് വിട്ടു പോയപ്പോൾ എല്ലാവരും ചേർന്ന് ഡാമിൽ ചാടി ജീവിതം അവസാനിപ്പിക്കുവാനാണ് അവർ ആദ്യം തീരുമാനിക്കുന്നത്. എന്നാൽ തങ്ങളെ അറിയാത്ത ഏതെങ്കിലും നാട്ടിൽ പോയി ഭിക്ഷയെടുത്തെങ്കിലും ജീവിക്കാമെന്ന മകളുടെ അഭിപ്രായം അവരെ മാറ്റി ചിന്തിപ്പിച്ചു. അങ്ങനെ അവർ എല്ലാ പ്രതിസന്ധികളെയും അവഗണകളെയും മറികടന്ന് ജീവിക്കുവാനുള്ള മനക്കരുത്ത് ആർജ്ജിച്ചു.
തന്നെയും മൂന്നു സഹോദരിമാരെയും ശരിയായ ഉപദേശങ്ങൾ നൽകി നേർവഴിയിൽ നയിച്ച ആ അമ്മയോടുള്ള രചയിതാവിന്റെ സ്നേഹം പുസ്തകത്തിലുടനീളം വെളിപ്പെടുന്നുണ്ട്. വായനയ്ക്കിടയിൽ പലപ്പോഴും ശ്രീ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയിലെ അദ്ദേഹത്തിന്റെ അമ്മയുമായുള്ള അടുപ്പം ഓർമ്മ വന്നു.
ദുരന്തപൂർണ്ണമായ ബാല്യമായിരുന്നു ഗ്രന്ഥകാരന്റേത്. ട്വിസ്റ്റുകൾ നിറഞ്ഞതും. കഠിന പ്രയത്നം കൊണ്ട് വീണിടത്തുനിന്ന് നിവരാൻ നോക്കുമ്പോൾ പലപ്പോഴും മനുഷ്യത്വമില്ലാത്തവരും ചിലപ്പോൾ വിധിയും വീണ്ടും ചവിട്ടി വീഴ്ത്തുന്ന കാഴ്ച. അതിലൊന്നിലും
തളരാതെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര ആരെയും ത്രസിപ്പിക്കുന്നതാണ്.
കുറച്ച് കാലം അനാഥാലയത്തിൽ കഴിയേണ്ടിവന്ന ആ ബാലന്റെ അനുഭവങ്ങൾ മനസ്സിൽ തട്ടുന്നതാണ്. ഏതാണ്ട് പത്തുനാല്പത് കൊല്ലം മുൻപ് കേരളത്തിലെ ഒരനാഥാലയത്തിൽ ഇങ്ങനെയെല്ലാം നടക്കുമോ എന്ന് നമ്മൾ അതിശയിച്ചുപോവും. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെല്ലാം സർക്കാർ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തേണ്ട ആവശ്യകതയിലേക്ക് ശ്രീ ബാബു അബ്രഹാമിന്റെ ബാല്യകാല അനുഭവങ്ങൾ വിരൽ ചൂണ്ടുന്നു. ബന്ധുക്കളുടെയും മനുഷ്യസ്നേഹത്തെ പറ്റി സദാസമയവും പ്രസംഗിക്കുന്ന വൈദികരുടെയും പുതിയ തലമുറയെ വാർത്തെടുക്കാൻ ഉത്തരവാദപ്പെട്ട അദ്ധ്യാപകരുടെയും കപട മുഖംമൂടികൾ തുറന്നു കാട്ടപ്പെടുന്നുണ്ട് പലയിടത്തായി ഈ കൃതിയിൽ. ഈ വിഭാഗങ്ങളിൽപെട്ട
എല്ലാവരുടെതും എന്നല്ല; ഒപ്പം തന്നെ മനുഷ്യത്വവും ദൈവീകത്വവും ഉള്ള വളരെയേറെ നല്ല മനുഷ്യരെയും കാണാം.
വളരെ ദുഖകരമായ ചുറ്റുപാടുകൾ വർണിക്കുമ്പോഴും നർമ്മം കലർന്ന ഭാഷ ഉപയോഗിക്കുന്നതിനാൽ വായനക്കാരന്ന് ഒട്ടും മുഷിയില്ല. സ്വന്തം ജീവിത കഥ വഴി രചയിതാവ് എത്ര മോശം സാഹചര്യത്തിൽ ജനിച്ചു വീണാലും ആർക്കും എല്ലാ പ്രതിബന്ധങ്ങളെയും അവഹേളനങ്ങളെയും അവഗണനകളെയും അതിജീവിച്ച് ഉയർന്ന നിലയിലെത്താം എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ തലമുറയിലെ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇത്.

No comments:
Post a Comment