ഐതിഹ്യപരമായ ചില നഷ്ടങ്ങൾ.
ഇപ്പോൾ നടക്കുന്ന ചാനൽ ചർച്ചകളും പത്രവാർത്തകളും കാണുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു…… കൊല്ലൂരിലെ മൂകാംബിക ക്ഷേത്രവും പളനിയിലെ ദണ്ഡായുധപാണി ക്ഷേത്രവും കൂടി നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നെകിൽ എത്ര നന്നായേനെ! ഈ രണ്ടു പേർക്കും, അതായത് മൂകാംബികാ ദേവിയ്ക്കും മുരുകനും, മലയാളികളോട് പ്രത്യേക മമതയുണ്ടെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാണത്രെ രണ്ടു പേരും കേരളത്തിലേക്ക് നോക്കിയിരിക്കുന്നത്.
മലയാളിയായ ആദി ശങ്കരാചാര്യരാണ് കൊല്ലൂരിൽ മൂകാംബിക ക്ഷേത്രം സ്ഥാപിച്ചത്
എന്ന് പറയുന്നു. ഭാരത പര്യടനത്തിനിടയിൽ മറ്റെവിടെയോ വെച്ച് ദേവി അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷയാവുകയായിരുന്നു. ദേവിയെ പ്രതിഷ്ഠിച്ച് ആരാധിക്കുവാനായി
തന്റെ കൂടെ വരണം എന്ന് അപേക്ഷിച്ച അദ്ദേഹത്തോട് ദേവി ഒരു ഉപാധി വെച്ചു:
ഞാൻ പിറകെ വരാം. പക്ഷെ എന്നെ തിരിഞ്ഞു നോക്കരുത്.
അങ്ങിനെ അവർ യാത്ര പുറപ്പെട്ടു. സ്വാഭാവികമായും സ്വന്തം നാട്ടിൽ ക്ഷേത്രം
സ്ഥാപിക്കണം എന്നാവും ശങ്കരാചാര്യർ ആഗ്രഹിച്ചിട്ടുണ്ടാവുക. ദേവിയുടെ കാൽച്ചിലങ്ക നാദവും ശ്രവിച്ച് അദ്ദേഹം മുന്നിൽ നടന്നു. ഏറെ നടന്നു ചെന്നപ്പോൾ ചിലങ്കയുടെ ശബ്ദം കേൾക്കാതായി. അവർ കൊല്ലൂരെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ചിലങ്ക ശബ്ദം നിലച്ചപ്പോൾ ദേവി പിന്തുടരുന്നില്ലേ എന്ന് ശങ്കരാചാര്യർക്ക് സംശയമായി. സംശയമാണല്ലോ എല്ലാ കുഴപ്പങ്ങൾക്കും കാരണം. അത് സഹിക്കാൻ പറ്റാതായപ്പോൾ അദ്ദേഹം തിരിഞ്ഞു നോക്കി.
ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു: നമ്മുടെ ഉടമ്പടി തെറ്റിച്ചല്ലോ ശങ്കരാ... ഇനി ഞാൻ മുന്നോട്ടില്ല. എന്നെ ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചു കൊള്ളൂ..
കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ! എത്രവലിയ ജ്ഞാനിയാണ് ശങ്കരാചാര്യർ. എന്നിട്ടും അബദ്ധം പറ്റി. കുറച്ചുകൂടി നടന്ന് കാസർക്കോടോ നീലേശ്വരമോ എത്തിയിട്ടാണ് തിരിഞ്ഞു നോക്കിയിരുന്നതെങ്കിലോ. മൂകാംബിക ക്ഷേത്രം നമ്മുടെ കയ്യിലിരുന്നേനെ. എന്തെല്ലാം സാദ്ധ്യതകളാണ് നഷ്ടമായത് എന്ന് നിങ്ങൾ അറിയുന്നുണ്ടോ. ആലോചിച്ചു നോക്കൂ.
പിടി കിട്ടുന്നില്ലെങ്കിൽ
ഞാൻ വഴിയേ പറയാം. ആദ്യം കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് പഴനി മുരുകനെ നഷ്ടമായ ഐതിഹ്യം
കൂടി പറയട്ടെ. മുൻപൊരിക്കൽ പറഞ്ഞതാണ് എങ്കിലും. ആവർത്തന വിരസത ക്ഷമിക്കണം.
അതായത് കൈലാസത്തിൽ
ഒരിക്കൽ ദേവന്മാരുടെ സമ്മേളനം നടക്കുമ്പോൾ ഭാരം താങ്ങാനാവാതെ ഭൂമിയുടെ ഉത്തരാർദ്ധം
ചരിയുവാൻ തുടങ്ങിയത്രേ. ഉടനെ കൈലാസനാഥന്റെ ആവശ്യപ്രകാരം അഗസ്ത്യമുനി കുറച്ചു ഭാരം ദക്ഷിണാർദ്ധത്തിലേക്ക്
മാറ്റുവാൻ ഒരാളെ ഏർപ്പാടാക്കി. ഇടുമ്പൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അസുരൻ.
ശക്തൻ. അദ്ദേഹം ഉത്തരാർദ്ധത്തിൽ നിന്നും രണ്ടു മലകൾ പറിച്ചെടുത്ത് കാവടി കെട്ടി ദക്ഷിണ
ദിക്കിലേക്ക് യാത്രയായി. പളനിയെത്തിയപ്പോൾ വിശ്രമിക്കുവാനായി മലകളെ താഴെ ഇറക്കി. പക്ഷെ
വീണ്ടും എടുത്തു യാത്രതിരിക്കുവാൻ നോക്കുമ്പോൾ മലകൾ ഇളകുന്നില്ല. ആ മലയിലൊന്നിലായിരുന്നു
പിന്നീട് മുരുകൻ താമസമാക്കിയത്.
ഞാൻ ആലോചിക്കുകയായിരുന്നു;
ഇടുമ്പൻ പത്ത് അടി കൂടി നടന്ന് പൊള്ളാച്ചിക്കിപ്പുറം കൊഴിഞ്ഞാമ്പാറയിലോ ചിറ്റൂരോ ആയിരുന്നു മലകൾ ഇറക്കി വെച്ചിരുന്നതെങ്കിലോ! ദണ്ഡായുധപാണി ക്ഷേത്രം കേരളത്തിലിരുന്നേനെ. എങ്കിൽ... എങ്കിൽ... നമുക്ക് വർഷത്തിലൊരു ആഗോള മുരുക സംഗമം നടത്താമായിരുന്നു; അത്യാവശ്യം വരുമ്പോൾ ദണ്ഡായുധപാണി
ക്ഷേത്രത്തിലെ ദ്വാരപാലക
പോളകളോ കട്ടിൽ പടിയോ കൊണ്ടുപോയി സ്വർണം പൂശാമായിരുന്നു. എന്തെല്ലാം സാദ്ധ്യതകൾ!
മൂകാംബികാ ദേവിയുടെ കാര്യത്തിലും ഞാൻ നേരത്തെ പറഞ്ഞ സാദ്ധ്യതകൾ അത് തന്നെ. ആഗോള മൂകാംബികാ സംഗമം; സ്വർണ്ണം പൂശൽ.....
അതിനൊന്നുമുള്ള ബുദ്ധിവൈഭവം ഇല്ലാത്ത തമിഴന്മാരുടെയും
കന്നടക്കാരുടെയും കയ്യിലായിപ്പോയി ആ ക്ഷേത്രങ്ങൾ. അല്ലെങ്കിലും വിഷമുള്ളവന്ന് കടിയ്ക്കാൻ അറിയില്ല; കടിയ്ക്കാൻ
അറിയുന്നവന്ന് വിഷം കൊടുക്കില്ല എന്ന് പറഞ്ഞതു പോലെയാണ് ലോക നീതി.
ഇനിയിപ്പോൾ അതെല്ലാം ഓർത്ത് വിലപിച്ചിട്ടെന്തു പ്രയോജനം. കയ്യിലുള്ള ശബരിമലയെയും ഗുരുവായൂരിനെയും കൊണ്ട് പരമാവധി സംതൃപ്തി അടയുക തന്നെ.
സ്വാമി ശരണം!
(ഈ കഥ പറഞ്ഞപ്പോൾ ചാറ്റ് ജി പി ടി വരച്ച ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.)

No comments:
Post a Comment