മദർ മേരി
കംസ് ടു മി
(Mother Mary
Comes To Me)
അരുന്ധതി
റോയിയുടെ ഏറ്റവും പുതിയ പുസ്തകമാണ് "മദർ മേരി കംസ് ടു മി" (Mother Mary Comes To Me). ഗ്രന്ഥകാരിയുടെ ആത്മകഥ തന്നെയാണ് ഇതെങ്കിലും അമ്മ മേരി റോയിയുമായുള്ള അവരുടെ അസാധാരണമായ ബന്ധത്തിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടാണ് രചന നിർവഹിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ അരുന്ധതി റോയിയോളമോ അതിലധികമോ ആ അമ്മ ഈ
കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. പുസ്തകത്തിലുടനീളം ചിതറിക്കിടക്കുന്ന ചെറിയ ചെറിയ സംഭവങ്ങളിലൂടെ വലിയ വലിയ സ്വപ്നങ്ങളും നിശ്ചയദാർഢ്യവും ആജ്ഞാശക്തിയും ഉള്ള ഉരുക്കു വനിതയായി മേരി റോയിയുടെ ചിത്രം വായനക്കാർക്കു മുന്നിൽ തെളിഞ്ഞു വരുന്നു.
അരുന്ധതി
റോയിയുടെ അമ്മ എന്നതിലുപരിയായി മേരി റോയ് മറ്റു രണ്ടു കാരണങ്ങളാലാണ് അറിയപ്പെടുന്നത്.
ഒന്ന് കോട്ടയത്തെ "പള്ളിക്കൂടം" എന്ന മികച്ച സ്കൂളിന്റെ സ്ഥാപക
എന്ന നിലയിൽ. രണ്ട്,
ക്രിസ്ത്യാനി സ്ത്രീകൾക്ക് അച്ഛന്റെ സ്വത്തിൽ തുല്യ അവകാശത്തിനായി സുപ്രീം കോടതി വരെ പോയി പോരാടി ജയിച്ചതിൻറെ പേരിൽ. രണ്ടും
സാമ്പത്തികവും സാമൂഹികവും ആയ എല്ലാ പരിമിതികളെയും
പ്രതിബന്ധങ്ങളെയും ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ച് നേടിയ തിളക്കമാർന്ന ജീവിത വിജയങ്ങളാണ്.
ഇങ്ങിനെയെല്ലാമാണെങ്കിലും
മേരി റോയിയുടെ സ്വന്തം മക്കളോടുള്ള സമീപനം വളരെ ക്രൂരവും വാത്സല്യ രഹിതവും ആയിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം കാലിൽ നിൽക്കാറായ ഉടനെ തന്നെ കുട്ടികൾ അമ്മയിൽ നിന്നും അകന്നു പോയി. വർഷങ്ങളോളം അരുന്ധതി റോയ് അമ്മയെ നേരിൽ കണ്ടില്ല. എങ്കിലും അമ്മയുടെ ഒരു അദൃശ്യ സാന്നിദ്ധ്യം അക്കാലത്തെ കുത്തഴിഞ്ഞ ജീവിതത്തിലും അവർക്ക് ഒരു ദിശയും സംരക്ഷണവും നൽകുന്നുണ്ട്. കൗമാരം കഴിഞ്ഞ് യൗവ്വനം പടിവാതിൽക്കൽ
എത്തി നിൽക്കുന്നേയുള്ളു. ആ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ, അരുന്ധതി റോയിയുടെ,
ദൽഹി മഹാനഗരത്തിലെ ജീവിതം നമുക്ക് സങ്കല്പിക്കുവാൻ പോലും കഴിയാത്ത തരത്തിൽ സാഹസികത
നിറഞ്ഞതാണ്. എന്തൊരു ജീവിതമായിരുന്നു
അത്! അക്കാലത്തെ
കഥകൾ പറയുവാൻ അവർ ബാക്കിയായത് നമ്മുടെ സൗഭാഗ്യം എന്ന് വേണം കരുതാൻ.
‘ഗോഡ്
ഓഫ് സ്മാൾ തിങ്ങ്സ്’, പ്രസിദ്ധീകരിക്കുകയും ബുക്കർ സമ്മാനം നേടുകയും ചെയ്തതോടെ അവരുടെ ജീവിതം വിപ്ലവങ്ങൾക്ക് പിറകെയായി. നർമ്മദാ ബചാവോ ആന്ദോളൻ, മാവോയിസ്റ്റുകളുടെ പ്രശ്നങ്ങൾ എന്നിങ്ങനെ. പുസ്തകത്തിന്റെ ഈ ഭാഗങ്ങളിൽ സർക്കാരിനും
നീതിന്യായ വ്യവസ്ഥിതിയ്ക്കും എതിരായ ഗ്രന്ഥകാരിയുടെ നിലപാടുകൾ കാണാം. അവയിൽ പലതും വസ്തുതകളേക്കാൾ തന്റെ നിഗമനങ്ങളും ബോദ്ധ്യങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തിയാണോ എന്നും വായനക്കാർക്ക് സംശയം തോന്നാം. പ്രത്യേകിച്ചും പാർലമെന്റ് ഭീകര ആക്രമണത്തെ പറ്റിയും അതിന്റെ അന്വേഷണത്തെപ്പറ്റിയും
മറ്റുമുള്ള അഭിപ്രായങ്ങൾ.
എങ്കിലും ഗ്രന്ഥകാരി വരച്ചുകാട്ടുന്ന തരത്തിലുള്ള ഭരണകൂട ചെയ്തികളും നീതിന്യായ വ്യവസ്ഥകളും ഏതൊരു പൗരനും ഭീതിജനകമാണ്. സത്യം എന്താണെന്ന് ആർക്കറിയാം!
വീണ്ടും
അമ്മയോർമ്മകളിലേക്ക് തിരിച്ചു വന്നാണ് പുസ്തകം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങുന്നത്.
പുറമെ എത്രതന്നെ വെറുപ്പും വിദ്വേഷവും ആ അമ്മ-മകൾ ബന്ധത്തിലുണ്ടായിരുന്നുവോ അതിലധികം
വേർപ്പെടുത്താനാവാത്ത സ്നേഹവും കൂട്ടിപ്പിടുത്തവും അവർക്കിടയിൽ ഉണ്ടായിരുന്നു. അമ്മ
ഒരേസമയം തന്റെ ജീവിതത്തിലെ പേമാരിയും അതിൽ നിന്നും സംരക്ഷണം ലഭിക്കുന്ന മേൽക്കൂരയും
ആയിരുന്നെന്ന് ഗ്രന്ഥകാരി ആ ബന്ധത്തെ വിശേഷിപ്പിക്കുന്നു.
അരുന്ധതി
റോയിയുടെ കഥാഖ്യാനത്തിലെ പ്രത്യേകത അതിലെ നിറഞ്ഞ നർമ്മമാണ്. ഓരോ വാചകത്തിൽ നിന്നും കിനിഞ്ഞിറങ്ങുന്ന നർമ്മം. അത് പരിഹാസമാകാം, ആക്ഷേപഹാസ്യമാവാം, ശുദ്ധമായ ഹാസ്യവും ആകാം. ആദ്യനോവലിലും അത് അങ്ങിനെതന്നെ ആയിരുന്നെന്ന് ഓർക്കുന്നു.
എന്തായാലും
ഒരു കഥാപാത്രത്തിനും വ്യക്തിയ്ക്കും ആ നർമ്മത്തിന്റെ കൂർത്ത
നഖങ്ങളിൽ നിന്നും രക്ഷപ്പെടാനാവില്ല. ഈ പുസ്തകത്തിൽ അമ്മയും
അച്ഛനും അമ്മാവനും എല്ലാം അതിനു വിധേയരാവുന്നുണ്ട്. അതുപോലെതന്നെയാണ് സംഭവങ്ങളുടെ വിവരണവും. എത്ര ഹൃദയഭേദകമായ സംഭവമായാലും അത് നർമത്തിൽ പൊതിഞ്ഞാണ് വായനക്കാരിലേക്ക് എത്തുന്നത്. ആ
ഭാഷ തന്നെയാണ് ഈ പുസ്തകത്തിന്റെ ശക്തിയും
ആകർഷണവും.

No comments:
Post a Comment