ദുബായ് കാഴ്ചകൾ
5
സപ്തനക്ഷത്ര
ഹോട്ടൽ.
താജ് മഹൽ, ആഗ്ര ഫോർട്ട്, ചെങ്കോട്ട, ബൃഹദേശ്വര ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രത്തിലെ നീണ്ട ഇടനാഴി, ആയിരംകാൽ മണ്ഡപം, ബേലൂർ, ഹംപി, സൂര്യക്ഷേത്രം, രാജ്യമൊട്ടാകെ ചിതറി കിടക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മുസ്ലിം, ക്രിസ്ത്യൻ പള്ളികളും...... നിത്യഹരിത വനങ്ങൾ, അവയിലെ വൈവിധ്യമാർന്ന മൃഗങ്ങളും പക്ഷികളും, കൃഷി സ്ഥലങ്ങൾ... മഞ്ഞു പുതച്ചും പച്ച പുതച്ചും നിലകൊള്ളുന്ന പർവതങ്ങൾ, അവയുടെ മടിത്തട്ടിലെ പ്രകൃതി രമണീയമായ കൊച്ചു കൊച്ചു തുരുത്തുകൾ... പഞ്ചാരമണൽ വിരിച്ച കടലോരങ്ങൾ, പ്രശാന്തമായ തടാകങ്ങൾ... കളിപറഞ്ഞു ചിരിച്ചു കുതിക്കുന്ന അരുവികളും പുഴകളും…. പറഞ്ഞു തുടങ്ങിയാൽ അവസാനമില്ല. നമ്മുടെ ഭാരതം സന്ദർശിക്കുന്ന ഒരാൾക്ക് ഇനി മറ്റെന്തു വേണം!
പ്രകൃതി കനിഞ്ഞു നൽകിയതും നൂറ്റാണ്ടുകളിലൂടെ ആർജ്ജിച്ചതുമായ ഇത്തരം സൗഭാഗ്യങ്ങൾ ഒന്നും തന്നെയില്ല ദുബായിൽ. പുഴയില്ല; വനമില്ല; വന്യ മൃഗങ്ങളില്ല. എന്തിന്. പൂവോ ചെടിയോ വെച്ചുണ്ടാക്കാൻ മണ്ണ് പോലും ഇല്ല. എന്നാലും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുവാനും അതിൽനിന്നുള്ള വരുമാനം കൊണ്ട് രാജ്യം പുലർത്താനും അവർ നിശ്ചയ ദാർഢ്യത്തോടെ തീരുമാനിക്കുന്നു. അതിൽ വിജയം വരിക്കുകയും ചെയ്യുന്നു.
സിമന്റും ലോഹങ്ങളും ഗ്ളാസ്സും കൊണ്ട് പുതിയ അത്ഭുതങ്ങൾ കെട്ടി ഉയർത്തുക മാത്രമാണ് സന്ദർശകരെ ആകർഷിക്കുവാനുള്ള വഴി എന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങിനെ അറുപത് വർഷങ്ങൾ കൊണ്ട് ആധുനിക എൻജിനീയർമാർ നിരവധി സൗധങ്ങൾ കെട്ടിയുയർത്തി. അങ്ങിനെ ഏറ്റവും പുതിയ കെട്ടിട അത്ഭുതമായ ‘ബുർജ് ഖലീഫ’ വരുന്നതിനു മുൻപ് ദുബായ് എന്ന് കേട്ടാൽ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രമായിരുന്നു "ബുർജ് അൽ അറബ്" എന്ന ഹോട്ടെലിന്റെത്.
ജുമെയ്റ ബീച്ചിനു സമീപം കടലിൽ ഒരു കൃത്രിമ ദ്വീപ് ഉണ്ടാക്കി അതിലാണ് ആഡംബരത്തിന്റെ പര്യായമായ ഈ സപ്തനക്ഷത്ര ഹോട്ടൽ പണിതിരിക്കുന്നത്. ഒരു പായ്ക്കപ്പലിന്റെ ആകൃതിയിൽ; അതി മനോഹരമായി. ഹോട്ടലിലേക്ക് വരുവാനും പോകുവാനുമായി ഒരു പാലവും പണിതിട്ടുണ്ട്.
1994
ൽ ആയിരുന്നു ഹോട്ടലിന്റെ നിർമ്മാണം തുടങ്ങിയത്. ഏതാണ്ട് മൂന്നു വർഷം കടലിൽ കൃത്രിമ ദ്വീപ് ഉണ്ടാക്കുവാനായി എടുത്തു. പിന്നീട് രണ്ടുവർഷത്തോളം വേണ്ടിവന്നു ഹോട്ടൽ നിർമ്മാണത്തിന്ന്. ഒടുവിൽ 1999 ഡിസംബറിൽ ഹോട്ടൽ തുറന്നു. 199 സ്വീറ്റ് റൂമുകളും ആറ് റെസ്റ്റോറന്റുകളും ഉള്ള ഈ ഹോട്ടലിൽ ഒരു ഹെലിപാഡും ഉണ്ട്. ഇരുപത്തിയെട്ടാം നിലയിൽ. ഈ ഹെലിപ്പാഡ് തന്നെ കാർ റേസിങ്ങിനും ടെന്നീസ് കളിക്കുവാനും ഏറ്റവും ഉയരത്തിൽ നിന്നും ചാടി കൈറ്റ് സർഫിങിനും മറ്റും കൂടി ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടലുകളിൽ ഒന്നാണ് ഇത്. ഏറ്റവും വലിയ ആഡംബര സ്വീറ്റിന്
(Luxury suite) ഒരു രാത്രി താമസിക്കുവാൻ ഇരുപത്തയ്യായിരത്തിലധികം ഡോളർ വരുമെന്ന് കാണുന്നു. അതിലധികം വരുമെന്നും ചില സൈറ്റുകളിൽ പറയുന്നു. എന്തായാലും അധികം പേർക്ക് അതറിഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും വിഷമിക്കേണ്ടതില്ല. താമസിക്കുവാനല്ലെങ്കിലും ഒരു നേരം പോയി അതിനുള്ളിൽ ഒരുക്കിയിട്ടുള്ള ആഡംബരങ്ങൾ കാണുവാൻ ഹോട്ടലുകാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. മോശമല്ലാത്ത ചാർജ് അതിനും കൊടുക്കണമെങ്കിലും.
തൊട്ട് അടുത്തുതന്നെയുള്ള ജുമൈറ ബീച്ച് ഹോട്ടലിൽ ആണ് അൽ അറബ് ഹോട്ടലിലേക്ക് ഉള്ള സന്ദർശകരും വിരുന്നുകാരും ആദ്യം എത്തുന്നത്. അവിടെ കാർ പാർക്ക് ചെയ്ത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി വാഹനത്തിലാണ് ഈ ഹോട്ടലിലിക്ക് എത്തുന്നത്. സ്വീറ്റ് കാണുവാനുള്ള സന്ദർശകരെ ലോബ്ബിയിൽ നിന്നും നേരെ ഇരുപത്തിയാറാം നിലയിലുള്ള റോയൽ സ്വീറ്റിലേക്കാണ് ലിഫ്റ്റിൽ എത്തിക്കുന്നത്. സ്വർണവും ചുവന്ന പട്ടു ഫർണിഷിങ്ങുകളും ചേർന്ന ഒരു ആഡംബര മായാലോകം തന്നെയാണ് അത്. കിടപ്പറകൾ, കുളിമുറികൾ, ഹാൾ എല്ലായിടത്തും സ്വർണസ്പർശം തന്നെ. എങ്ങും ആഡംബരത്തിന്റെ നിറവ് മാത്രം. പല മുറികളിലെയും വലിയ ഗ്ലാസ് ജാലകത്തിലൂടെ, അല്ല ഒന്നുകൂടി ശരിയായി പറഞ്ഞാൽ ഗ്ലാസ് ചുമരിലൂടെ, പേർഷ്യൻ ഗൾഫിന്റെ മനോഹര ദൃശ്യം കാണാം. അവിടെനിന്നും സന്ധ്യാസമയത്ത് സൂര്യൻ അസ്തമിക്കുന്ന ദൃശ്യം എന്നെന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്.
നിങ്ങൾ ചെറിയ ചിലവിൽ (നമുക്ക് വലുത് തന്നെ) വെറും കാഴ്ചക്കാരായാണ് പോകുന്നതെങ്കിലും ഹോട്ടലുകാർ ആതിഥ്യ മര്യാദയില്ലാത്തവരാണെന്ന് കരുതരുത്. റോയൽ സ്വീറ്റ് ചുറ്റിനടന്ന് കണ്ട് ക്ഷീണിച്ചു വരുമ്പോൾ പത്തു മില്ലി അറബിക് ചായയും ഒരു ഉണക്കിയ ഈത്തപ്പഴവും അവർ പാക്കേജിന്റെ ഭാഗമായി തരുന്നുണ്ട്. അതിനു ശേഷം താഴെ ഇറങ്ങി കടലിനോട് ചേർന്ന പൂന്തോട്ടത്തിൽ അൽപനേരം ഇരുന്ന് വിശ്രമിക്കുകയും അസ്തമയം കാണുകയും ചെയ്യാം.
രാത്രി ഭക്ഷണത്തിനായി മണി ഒരു ക്രൂയിസ് ഡിന്നർ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. ഞങ്ങൾ ആ ബോട്ടുകൾ നങ്കൂരമിട്ട ജെട്ടിയിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് ഓർമ്മ വന്നത്. വണ്ടിയിൽ പെട്രോൾ നിറയ്ക്കണമായിരുന്നു. ഇനി ഏതാനും കിലോമീറ്ററുകൾ ഓടുവാനുള്ള പെട്രോൾ മാത്രമേ ഉള്ളു. GPS ൽ ഏറ്റവും അടുത്ത പെട്രോൾ പമ്പ് ഇട്ട് ഞങ്ങൾ യാത്ര തുടങ്ങി. പക്ഷെ കിലോമീറ്ററുകൾ ഓടിയിട്ടും GPS ചേച്ചി റൂട്ട് മാറ്റി മാറ്റി പറഞ്ഞുകൊണ്ടേ ഇരുന്നത് ഞങ്ങളെ സമ്മർദ്ദത്തിലാക്കി. നമ്മുടെ നാട്ടിൽ അടുത്തടുത്ത് കാണുന്ന പോലെ ഇവിടെ പെട്രോൾ പമ്പുകൾ എവിടെയും കണ്ടില്ലല്ലോ എന്ന് ഞാനും അപ്പോൾ അത്ഭുതപ്പെട്ടു.
“ഞാൻ കാഫ്യൂ (CAFU Mobile Car Service) ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും നിറുത്തി നമുക്ക് പെട്രോൾ നിറയ്ക്കാം”. ദീപ പറഞ്ഞു.
അങ്ങിനെയാണ് ഞാൻ നമ്മുടെ നാട്ടിൽ ഇല്ലാത്ത ആ സൗകര്യത്തെ പറ്റി അറിയുന്നത്. വഴിയിൽ ഇവിടെ നിന്നെങ്കിലും ഇതുപോലെ അത്യാവശ്യം വന്നാൽ CAFU കമ്പനി വണ്ടി വന്ന് നിങ്ങളുടെ വാഹനത്തിൽ ഇന്ധനം നിറച്ച് തരും. കൂടുതൽ വിലയോ ചാർജോ ഇല്ലാതെ. ഇന്ധനം മാത്രമല്ല, ടയർ മാറ്റൽ, ഓയിൽ മാറ്റൽ, കാർ വാഷിംഗ് തുടങ്ങിയ സർവീസുകളും ഉണ്ട്. എന്തൊരു സൗകര്യം അല്ലെ!
രണ്ടു മണിക്കൂർ നീണ്ട ക്രൂയിസ് ഡിന്നർ ആയിരുന്നു. പല സമയ ദൈർഘ്യവും ചാർജുകളും ഉള്ള വിവിധ തരാം പാക്കേജുകൾ ഉണ്ട്. അതുപോലെ പല റൂട്ടുകളിൽ പോകുന്നവ. ദുബായ് മറീന, അറ്റ്ലാന്റിസ്, പാം ജുമേയ്റ എന്നിങ്ങനെ. പ്രശാന്തമായ കനാലിലൂടെ യാത്ര ചെയ്ത് ഇരുവശത്തും ജനൽ ചതുരങ്ങളിൽ വൈദ്യുത ദീപങ്ങൾ തെളിഞ്ഞ അംബര ചുബികളെയും കണ്ട് ഭക്ഷണം കഴിക്കാം. അറേബ്യൻ ഫോക് ഡാൻസ് രൂപമായ "തനൗറ" യും (Tanoura dance) ആസ്വദിക്കാം. പാവാട പോലുള്ള വർണ്ണ ഡ്രസ്സ് അണിഞ്ഞ പുരുഷ നർത്തകൻ വേഗത്തിൽ തിരിഞ്ഞാണ് ഇത് അവതരിപ്പിക്കുന്നത്. സൂഫി ഡാൻസിന്റെ മറ്റൊരു രൂപം.
ഡിന്നർ കഴിഞ്ഞെത്തി ഫോൺ ചെയ്ത് അല്പസമയത്തിനകം ഇന്ധനം എത്തി. നിറഞ്ഞ ഇന്ധനവുമായി ഞങ്ങളുടെ വാഹനം യാത്ര തുടങ്ങി. അങ്ങിനെ ദുബായ് കാഴ്ചകളുടെ മറ്റൊരു ദിവസംകൂടി ഇതാ അവസാനിക്കുകയാണ്.
മറ്റു കാഴ്ചകളും അനുഭവങ്ങളുമായി വീണ്ടും കാണാം. നമസ്കാരം.

No comments:
Post a Comment