ദുബായ് കാഴ്ചകൾ
6
വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് അടിവാരത്ത് ജോലി ചെയ്യുമ്പോൾ ഞാൻ ദിവസവും കൊടുവള്ളി ടൗണിലൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. അന്ന് എന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയിരുന്നത് അവിടുത്തെ സ്വർണ്ണക്കടകൾ ആയിരുന്നു. ആ കൊച്ചു ടൗണിൽ സ്വർണ്ണക്കടകളല്ലാതെ മറ്റൊന്നും ഇല്ലെന്നു തന്നെ പറയാം. റോഡിനിരുവശവും തൊട്ടു തൊട്ട് കൊച്ചു കൊച്ചു സ്വർണ്ണക്കടകൾ. ഇവർക്കെല്ലാം എങ്ങിനെ നിന്നുപോകാനുള്ള വ്യാപാരം കിട്ടുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടു
മുതൽ കൊടുവള്ളിയ്ക്ക് ഇങ്ങിനെ ഒരു സ്വർണ്ണ പാരമ്പര്യം ഉണ്ടെങ്കിലും അത് എങ്ങിനെ വന്നു
ചേർന്നതാണ് എന്നതിനെ പറ്റി ആധികാരികമായ രേഖകളൊന്നും കാണുന്നില്ല.
ദുബായിൽ "ഗോൾഡ് സൂക്ക്" എന്ന് വിളിക്കുന്ന ഒരു സ്വർണ്ണ മാർക്കറ്റ് കണ്ടപ്പോഴാണ് ഞാൻ കൊടുവള്ളിയെ ഓർത്തത്. ദുബായിലേത് താരതമ്യം ചെയ്യാനാവാത്ത വിധം സ്വർണ്ണത്തിളക്കമാർന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പല തെരുവുകൾ അടങ്ങിയ ഒരു
പ്രദേശം മുഴുവൻ ചെറുതും വലുതുമായ സ്വർണ്ണക്കടകളാണ് ഗോൾഡ് സൂക്കിൽ. ഇന്ത്യൻ ബ്രാൻഡുകളായ കല്യാൺ ജൂവല്ലേഴ്സ്, മലബാർ ഗോൾഡ്, ജോയ് ആലുക്കാസ് തുടങ്ങിയവരും ഉണ്ട്. ഇന്ത്യയിലേതിനേക്കാൾ അൽപ സ്വൽപ്പം വിലക്കുറവെല്ലാം ഉണ്ട് ഇവിടെ. പല കടകളുടെയും മുൻവശത്ത് മോതിരങ്ങളും വളകളും മുതൽ പണ്ടുകാലത്തെ യോദ്ധാക്കളുടെ പടച്ചട്ട പോലുള്ള വലിയ ആഭരണങ്ങൾ വരെ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിലുള്ള കരകൗശല വസ്തുക്കളും കണ്ടു. ലോക്കറിൽ സ്വർണ്ണം
കൂട്ടിവെയ്ക്കുന്നത് പലർക്കും ഒരു ലഹരിയാണ്. അതിന് സാധിക്കാത്തവർക്ക് സ്വർണ്ണം കാണുന്നത്
തന്നെ ഒരു ലഹരിയാണ്. രണ്ടുകൂട്ടർക്കും മതിവരുവോളം ലഹരി നുകരാൻ പറ്റിയ സ്ഥലം ആണ് ഗോൾഡ്
സൂക്ക്. ഈ ലഹരിയ്ക്ക് അടിമയല്ലാത്തതിനാലും ലഹരിയുള്ളവർ കൂടെ ഉള്ളതിനാലും ഞാൻ വേഗം നടന്ന്
സൂക്കിന് പുറത്തു കടന്നു.
പ്രത്യേകതയുള്ള വ്യാപാരകേന്ദ്രങ്ങൾ വേറെയും ഉണ്ട് ദുബായിൽ. അവയിൽ ഒന്നാണ് "ദുബായ് ഗ്ലോബൽ വില്ലേജ്". ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും കരകൗശല വസ്തുക്കളും ചെറുകിട വ്യവസായങ്ങളുടെ ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും വില്പ്പനയ്ക്കും ഉള്ള ഒരു സ്ഥിരം സംവിധാനമാണ് ഗ്ലോബൽ വില്ലേജ്. ആഫ്രിക്കൻ രാജ്യങ്ങളുടേതടക്കം മിക്കവാറും എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾ വർണ്ണശബളമായി ഇവിടെ ഒരുക്കിയിരിക്കുന്നു. ജയന്റ് വീൽ പോലുള്ള ഗെയിമുകളും ഉണ്ട്. ഒരു സ്റ്റേജിൽ കലാ പ്രകടനങ്ങളും നടക്കുന്നു. വിവിധ രാജ്യങ്ങളിലെ സംസ്കാരം, ഭക്ഷണം എന്നിവയെല്ലാം കാണാനും ആസ്വദിക്കുവാനും പറ്റിയ ഇടം. സന്ധ്യകഴിഞ്ഞാൽ എല്ലാം ചേർന്ന് വർണ്ണ വെളിച്ചങ്ങളുടെയും അലങ്കാരങ്ങളുടെയും ഒരു മായാലോകം തന്നെ.
ദുബായ് സന്ദർശകർക്ക് ഒഴിവാക്കാനാകാത്ത
മറ്റൊരു സംഗതിയാണ് "ഡെസേർട്ട് സഫാരി". ദുബായിൽ വന്നാൽ യഥാർത്ഥ മണലാരണ്യവും കാണണമല്ലോ. ഉച്ച കഴിഞ്ഞ് ഞങ്ങൾ അതിന് പുറപ്പെപ്പട്ടു. ഒമാൻ അതിർത്തിയിലുള്ള ഒരു മരുഭൂമി സഫാരി കേന്ദ്രത്തിലേക്കാണ് യാത്ര. നഗര വീഥികൾ കഴിഞ്ഞ് കാർ ഇരുവശത്തും മരുഭൂമി മാത്രമായ റോഡിലേക്ക് കടന്നു. കത്തിക്കാളുന്ന സൂര്യൻ അപ്പോഴേക്കും അല്പം മയപ്പെട്ടിരുന്നു.
സഫാരി കേന്ദ്രത്തിൽ പലവിധ സന്ദർശക ആകർഷണങ്ങൾ ഉണ്ട്. ദുബായ്ക്കാർക്ക് പ്രിയപ്പെട്ട ഫാൽക്കൺ വേണമെങ്കിൽ നിങ്ങളുടെ കയ്യിൽ ഇരുന്നു തരും. ഫോട്ടോ എടുക്കാം. യുവാക്കൾക്ക് ബഗ്ഗി വണ്ടിയോ മോട്ടോർ സൈക്കിളോ മരുഭൂമിയിലെ മണൽ പാതയിലൂടെ ഓടിച്ച് നോക്കാം. ഫോട്ടോയും വിഡിയോയും എടുത്ത്, പ്രാസം ഒപ്പിച്ചു പറഞ്ഞാൽ, 'ഇൻസ്റ്റയിൽ പോസ്റ്റാം'. അതാണല്ലോ ആത്യന്തികമായി നമ്മുടെ ലക്ഷ്യം.
ഡെസേർട് സഫാരി പാക്കേജിലെ
ത്രസിപ്പിക്കുന്ന ഐറ്റെം ആണ് മരുക്കാറ്റിൽ അല ഞൊറിഞ്ഞ് കുന്നും കുഴിയുമായി കിടക്കുന്ന
മരുഭൂമിയിലൂടെ ഇളകിയും ചാടിയുമുള്ള കാർ യാത്ര. റോളർ കോസ്റ്ററിലെന്ന പോലെ. അതിനുള്ള
പ്രത്യേക കാറിൽ കയറിയപ്പോൾ ചെറുപ്പക്കാരനായ ഡ്രൈവർ ചോദിച്ചു: നല്ല സ്പീഡ് വേണോ അതോ
മീഡിയം മതിയോ? സഫാരിക്കാരിൽ ഭൂരിഭാഗവും ഇടുപ്പിനും മുട്ടിനും എല്ലാം പ്രശ്നമുള്ളവരായിരുന്നു.
മീഡിയം മതി. ഞാൻ പറഞ്ഞു. യാത്രികരെ ഉലച്ചുകൊണ്ട് കാർ മണൽ തിട്ടുകളിൽ പാഞ്ഞു കയറുകയും
സ്പീഡിൽ താഴേക്കു കുതിക്കുകയും ചെയ്തു. മണലും പൊടിയും തിരമാലപോലെ കാറിലേക്ക് ആഞ്ഞടിച്ചു.
യാത്രികരുടെ എല്ലും ഇറച്ചിയും ഏതാണ്ട് വേർപെട്ടെന്ന് ഉറപ്പായപ്പോൾ ഡ്രൈവർ താണ്ഡവം നിറുത്തി
ശാന്തനായി. പിന്നെ ഞങ്ങളെ മരുഭൂമിയ്ക്കുള്ളിലെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെയുമുണ്ട് പല പല ആകർഷണങ്ങൾ. അറേബിയൻ വസ്ത്രങ്ങൾ ധരിച്ച് തലപ്പാവണിഞ്ഞ് കയ്യിൽ വാളേന്തി ഏതോ പുരാതന അറേബിയൻ
യുദ്ധത്തിലെ യോദ്ധാവായി മാറാം.
ഫാൽക്കണെ കയ്യിലിരുത്താം. ഒട്ടകപ്പുറത്ത് യാത്രചെയ്യാം.
സൂര്യൻ വലിയ ചുവന്ന ഗോളമായി മണൽപ്പരപ്പും ചക്രവാളവും ചേരുന്നിടത്ത് അസ്തമിക്കുവാൻ തയ്യാറെടുക്കുകയായിരുന്നു. മരുഭൂയിയിലും ചക്രവാളത്തിലും സുവർണ രശ്മികൾ ചിതറിപ്പരന്നു. മണൽത്തരികൾ സ്വർണ്ണത്തരികളായി.
എന്തായാലും ഒട്ടകയാത്ര ഒന്ന് പരീക്ഷിക്കുവാൻ തന്നെ ഞാൻ നിശ്ചയിച്ചു. അനന്തമായ മണലാരണ്യത്തിലൂടെ കത്തിക്കാളുന്ന വെയിലിൽ, ഉണ്ടെന്നു തീർച്ചയില്ലാത്ത മരുപ്പച്ചകൾ തേടി എങ്ങിനെയാണ് മനുഷ്യർ യാത്രചെയ്തിരുന്നത് എന്ന് അറിയുവാൻ ഒരു കൗതുകം.
ആസ്വദിച്ച് അയവെട്ടി, മുൻകാലുകൾ ഉള്ളിലേക്ക് മടക്കി നിസ്സംഗനായി കിടക്കുകയായിരുന്ന ഒരു ഒട്ടകം എന്നെ സ്വാഗതം ചെയ്തു. ഉടമസ്ഥൻ എന്നെ അതിന്റെ പുറത്തുള്ള ഇരിപ്പിടത്തിലേക്ക് കയറുവാൻ സഹായിച്ചു. മുൻപ് ട്രൗസറും ടോപ്പും ധരിച്ച ഒരു മദാമ്മയും സായിപ്പും അവരുടെ തടിച്ച ആകാരം മറന്ന് ഒട്ടകപ്പുറത്ത് കയറുവാൻ ശ്രമിച്ചച്ചതിന്റെയും ഒട്ടകം എഴുന്നേൽക്കുമ്പോൾ മറുവശത്തേക്ക് മൂക്കും കുത്തി വീഴുന്നതിന്റെയും വിഡിയോ കണ്ട് ഞാൻ ഏറെ ചിരിച്ചിരുന്നു.
ഏതോ അജ്‍ഞാത തൃഷ്ണയാൽ ഇപ്പോഴിതാ ഞാൻ അത്തരത്തിലൊരു ഘട്ടം നേരിടുന്നു. ദൈവമേ.. കാത്തുകൊള്ളണേ.
മരുഭൂമിയിലെ കപ്പലിന്റെ കപ്പിത്താൻ പുറകോട്ട് ആഞ്ഞ് ഇരിക്കുവാൻ നിർദ്ദേശിച്ചത് ഞാൻ നിഷ്ഠയോടെ അനുസരിച്ചു. അങ്ങിനെ ഒട്ടകം എഴുന്നേറ്റപ്പോൾ ഉണ്ടായ ഭൂമികുലുക്കത്തെ വിജയകരമായി അതീജീവിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. ഭൂമിയിൽ നിന്നും ഏറെ ഉയരത്തിലായി ഇപ്പോൾ എന്റെ ഇരുപ്പ്. ഒട്ടകം അതിന്റെ "ഠ" വട്ടത്തിലുള്ള പ്രയാണം ആരംഭിച്ചു. ഞാൻ ചുറ്റുംനോക്കി മണലാരണ്യത്തിന്റെ അപാരതയെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ഏതോ മരീചിക തേടി മാസങ്ങളോ വർഷങ്ങൾ
തന്നെയോ രാവും പകലും മണലാരണ്യത്തിലൂടെ ഒട്ടകപ്പുറത്ത് അലഞ്ഞ്ഞ്ഞ പ്രാചീന യാത്രികരേ, ഈ എളിയ ഒട്ടക യാത്രികൻ നിങ്ങളെ നമിക്കട്ടെ!
സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. മരുഭൂയിൽ തയ്യാറാക്കിയ സഫാരി കേന്ദ്രത്തിൽ അലങ്കാര വിളക്കുകൾ തെളിഞ്ഞു. ജമുക്കാളം വിരിച്ച് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിരുന്നു. നടുവിൽ ഒരു വലിയ സ്റ്റേജ്ഉം ഉണ്ട്. ഇരിപ്പിടങ്ങളിൽ ആളുകൾ നിറയുവാൻ തുടങ്ങി. അധികവും ചെറുപ്പക്കാരായ സ്ത്രീ പുരുഷന്മാർ. അയൽ രാജ്യങ്ങളിൽ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളിൽ നിന്നും സ്വാതന്ത്ര്യം തേടിയാവാം അവർ ഇവിടെ എത്തിയിരിക്കുന്നത്. അവരുടെ ആധുനിക, അൽപ വസ്ത്രധാരണങ്ങളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അങ്ങിനെ വേണം ഊഹിക്കുവാൻ.
തിന്നും കുടിച്ചും ഹുക്കയും സിഗരറ്റും വലിച്ചും സ്റ്റേജിൽ അരങ്ങേറുന്ന അറേബിയൻ ഡാൻസുകൾ ആസ്വദിച്ചും അവർ തണുപ്പുവീഴാൻ തുടങ്ങിയ മരുഭൂമി രാവ് ആസ്വദിക്കുകയാണ്. ഒന്ന് രണ്ടു മണിക്കൂറിനു ശഷം എല്ലാവർക്കും ഭക്ഷണം കിട്ടി. സ്റ്റേജിൽ അവസാന ഇനമായ പന്തം കൊളുത്തിയുള്ള അഭ്യാസങ്ങൾ തുടങ്ങി. പിന്നെ ആളുകൾ പിരിയുവാൻ തുടങ്ങി.
പിറ്റേന്ന് വൈകുന്നേരം അബുധാബിയിൽ നിന്നായിരുന്നു തിരിച്ചു വരാനുള്ള ഞങ്ങളുടെ ഫ്ളൈറ്റ്. ഉച്ച ഭക്ഷണ ശേഷം ഞങ്ങൾ ദുബായിയോട് യാത്ര പറഞ്ഞ് കാറിൽ അബുദാബിയിലേക്ക് പുറപ്പെട്ടു.
"ഇനിയും പലതും കാണുവാനുണ്ടായിരുന്നു. കുറച്ച് ദിവങ്ങൾ കൂടി നിൽക്കേണ്ടതായിരുന്നു...." ദീപ പറഞ്ഞു.
ഒഴുകി നീങ്ങുന്ന വാഹനങ്ങളെ നോക്കി ഞാൻ യാത്രയുടെ ഒരു മാനസിക അവലോകനം നടത്തി. ദുബായ് നഗരത്തിന്റെ ഞങ്ങൾ കണ്ട മുഖം ആഡംബരത്തിന്റെയും സമ്പന്നതയുടെയും മാത്രമായിരുന്നു. 1960 കളിൽ ആധുനിക ദുബായുടെ നിർമ്മാണം തുടങ്ങിയപ്പോൾ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ഏറെയും ദുബായിലെത്തിയത്. ഇന്ന് നമ്മൾ ദുബായിൽ കാണുന്ന മനോഹര സൗധങ്ങളുടെയെല്ലാം പിന്നിൽ അവരുടെ വിശ്രമമില്ലാത്ത അത്യദ്ധ്വാനവും വിയർപ്പും ഉണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിനെ പിരിയേണ്ടി വരുന്ന യുവാക്കൾ.... ആദ്യകുഞ്ഞ് ജനിച്ച് കുഞ്ഞിനെ കാണുവാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നവർ... പ്രിയപ്പെട്ടവരുടെ വേർപാടറിഞ്ഞ് നാട്ടിൽ പോകാൻ പറ്റാതെ മനംനീറി കഴിയുന്നവർ... കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഉള്ള അവരുടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മാരകങ്ങൾ കൂടിയാണ് ഞങ്ങൾ കണ്ട ആഡംബര സൗധങ്ങൾ.
പക്ഷെ ഈ യാത്രയിൽ അവരെ ആരെയും ഞങ്ങൾ കണ്ടില്ലല്ലോ... എവിടെയാണ് അവർ താമസിക്കുന്നത്? എന്തെല്ലാമാണ് അവരുടെ ജീവിത സൗകര്യങ്ങൾ? അല്ല. ഞങ്ങളുടെ ദുബായ് കാഴ്ചകൾ പൂർണ്ണമല്ല. ആ പ്രവാസി ജീവിത കാഴ്ചകൾ കൂടി ഉണ്ടെങ്കിലേ അത് പൂർണ്ണമാവുകയുള്ളു. ഞങ്ങൾ കാണാതെപോയ ജീവിതങ്ങളെ കൂടി ഓർമ്മിച്ചുകൊണ്ട് ഞാൻ ഈ കുറിപ്പുകൾ അവസാനിപ്പിക്കട്ടെ. നമസ്കാരം.

No comments:
Post a Comment