ദി വെജിറ്റേറിയൻ
(നോവൽ
ആസ്വാദനം)
2024 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയത് കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങിനാണ്. (Han Kang). 1970 ൽ സൗത്ത് കൊറിയയിലെ ഗ്വാങ്ജു (Gwangju) എന്ന നഗരത്തിലായിരുന്നു അവരുടെ ജനനം. സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തിൽ. അച്ഛൻ, ജ്യേഷ്ഠൻ, അനുജൻ എല്ലാവരും നോവലിസ്റ്റുകൾ. ഹാൻ കാങ് വിദ്യാർത്ഥിയായിരിക്കുമ്പോഴായിരുന്നു ജനാധിപത്യത്തിന് വേണ്ടിയുള്ള വിദ്യാർത്ഥികളുടെ പ്രക്ഷോഭം നടന്നതും രക്തച്ചൊരിച്ചിലോടെ കൊറിയൻ ഭരണകൂടം അത് അടിച്ചമർത്തിയതും. രക്തച്ചൊരിച്ചിലിന്റെ ആ ചിത്രങ്ങൾ പിൽക്കാലത്ത് അവരുടെ രചനകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബിരുദ പഠനത്തിന് ശേഷം അവർ കുറച്ച് കാലം ഒരു മാസികയുടെ റിപ്പോർട്ടർ ആയി ജോലി നോക്കി. പിന്നീട് മുഴുവൻ സമയവും സാഹിത്യത്തിലേക്ക്
തിരിഞ്ഞു. അതിനു
ശേഷം സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ പ്രൊഫസറായും ജോലി നോക്കി.
കോളേജ് പഠനകാലത്ത് യി സാങ് (Yi Sang) എന്ന ആധുനിക കവിയുടെ വലിയ ആരാധകയായിരുന്നു ഹാൻ കാങ്. അദ്ദേഹത്തിന്റെ കവിതയിലെ ഒരു വരി, "മനുഷ്യർ സസ്യങ്ങളാവണമെന്ന് ഞാൻ വിശ്വസിക്കുന്നു" എന്നത് ഹാൻ കാങ്ങിന്റെ മനസ്സിൽ പതിഞ്ഞു കിടന്നു. ആ ഒരു വരിയായിരുന്നു അവരുടെ ഏറ്റവും മികച്ച രചനയായ "ദി വെജിറ്റേറിയൻ" എന്ന നോവൽ പിറക്കാനുള്ള കാരണം. ആ നോവൽ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയതോടെ ഹാൻ കാങ് പ്രശസ്തയായി.
'വെജിറ്റേറിയൻ' മൂന്നു ഭാഗങ്ങളായുള്ള ഒരു നോവൽ ആണ്. മൂന്ന് വ്യത്യസ്ത ചെറു നോവലുകളായാണ് ആദ്യം ഈ കൃതി വെളിച്ചം കണ്ടത്. യങ് ഹേ, ഇൻ ഹേ എന്ന് പേരായ രണ്ടു സഹോദരിമാരുടെ കഥയാണ് ഈ നോവൽ. (Yeong-Hey, In-Hye). യങ് ഹേയുടെ ഭർത്താവ് ചിയോങ് (Cheong) നേരിട്ട് കഥ പറയുന്ന രീതിയിലാണ് ആദ്യ ഭാഗമായ ‘വെജിറ്റേറിയൻ’. ചിയോങ്ങിന്ന് യങ് ഹേയുടെ സൗന്ദര്യത്തെയോ സ്വഭാവത്തെപ്പറ്റിത്തന്നെയോ വലിയ മതിപ്പൊന്നും ഇല്ലെങ്കിലും പ്രശ്നങ്ങൾ ഇല്ലാതെ പരസ്പര സഹകരണത്തോടെ മുന്നോട്ട് പോവുകയായിരുന്നു അവരുടെ ദാമ്പത്യം. അങ്ങിനെയിരിക്കെ ഒരു പ്രഭാതത്തിൽ എഴുന്നേറ്റു വന്ന ചിയോങ് കാണുന്നത് യങ് ഹേ ഫ്രിഡ്ജിൽ നിന്നും വില കൊടുത്തു വാങ്ങിയ മാംസാഹാരമെല്ലാം എടുത്തു വലിച്ചെറിയുന്നതാണ്. അന്ന് മുതൽ അവൾ തികഞ്ഞ സസ്യാഹാരിയായി മാറി. കാരണം അന്വേഷിച്ച ചിയോങ്ങിനോട് അവൾ താൻ ഒരു സ്വപ്നം കണ്ടു എന്ന് മാത്രം പറയുന്നു. മാംസവും രക്തവും ക്രൂരതയും നിറഞ്ഞ സ്വപ്നങ്ങളായിരുന്നു അവൾ കണ്ടത്. അതോടെ അവളുടെ ശാരീരിക മാനസിക നിലകളിലും പ്രകടമായ മാറ്റങ്ങൾ വരുന്നുണ്ട്. അതിനാൽ ചിയോങ് അവളുടെ ബന്ധുക്കളെ എല്ലാവരെയും ഈ പ്രശ്നം അറിയിക്കുന്നു.
അങ്ങിനെ ഒരു ദിവസം ആരോഗ്യം വളരെ മോശമായ യങ് ഹേയെ ഉപദേശിച്ചു മാംസാഹാരം കഴിപ്പിക്കുവാനായി അവളുടെ അച്ഛനമ്മമാരും ചേച്ചി ഇൻ ഹേയും ഇരുവരുടെയും ഭർത്താക്കന്മാരും ഒത്തുചേരുന്നു. ഉപദേശത്തിനും ശാസനയ്ക്കും ഒന്നും വഴിപ്പെടാത്ത യങ് ഹേയെ രോഷാകുലനായ അച്ഛൻ ബലംപ്രയോഗിച്ച് മാംസാഹാരം കഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അവൾ കുതറി ഓടി ഒരു കത്തിയെടുത്ത് സ്വന്തം കൈത്തണ്ടയിൽ മുറിവേൽപ്പിച്ചു. അതോടെ യങ് ഹേയ്ക്ക് മാനസിക പ്രശനമുണ്ടെന്ന് എല്ലാവരും വിധിയെഴുതുകയും അവളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചയ്തു. ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു.
രണ്ടാം ഭാഗമായ "മംഗോളിയൻ മാർക്ക്" ഇൻ ഹേയുടെ ഭർത്താവിനെ കേന്ദ്രീകരിച്ചാണ് എഴുതിയിരിക്കുന്നത്. ഇൻ ഹേയുടെ ഭർത്താവ് ഒരു കലാകാരനാണ്. വിചിത്രമെന്ന് തോന്നാവുന്ന ഭാവനാ വിഡിയോകൾ ഉണ്ടാക്കലാണ് അയാളുടെ ജോലി. ജനന കാലത്ത് കുട്ടികളിൽ ഉണ്ടാവുന്ന മറുക് ആണ് മംഗോളിയൻ മാർക്ക്. കുട്ടികൾ വലുതാവുന്നതോടെ അത് അപ്രത്യക്ഷമാവും. എന്നാൽ യങ് ഹേ കുട്ടിയായിരുന്നപ്പോൾ പൃഷ്ഠത്തിലുണ്ടായിരുന്ന മറുക് വലുതായ ശേഷവും മാഞ്ഞുപോയില്ലെന്ന് ഒരിക്കൽ ഇൻ ഹേയിൽ നിന്നും ഭർത്താവ് (ഇയാളുടെ പേര് പരാമർശിക്കുന്നില്ല) അറിയുന്നു. കലാകാരനായ അയാളുടെ ഭാവന അതോടെ കാടുകയറുന്നു. അവളുടെ മറുക് ഒരു പുഷ്പമായി അയാൾ സങ്കൽപ്പിക്കുന്നു. അവളുടെ ദേഹം മുഴുവൻ പൂക്കളും വള്ളികളും ഇലകളും വരച്ച് ഒരു വീഡിയോ ചെയ്യുവാൻ അയാൾ ആഗ്രഹിക്കുന്നു. കൂടെ ദേഹം മുഴുവൻ പൂക്കൾ വരച്ച് ഒരു പുരുഷനും. അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതും ചിത്രീകരിക്കണം. അയാളുടെ അഭ്യർത്ഥന പ്രകാരം യാങ് ഹേ ചിത്രീകരണത്തിന് മോഡലാവാൻ സമ്മതിക്കുന്നു. മാനസിക അസ്വാസ്ഥ്യമുള്ള യങ് ഹേയുമായുള്ള വിവാഹ ബന്ധം ചിയോങ് വേർപെടുത്തിയിരുന്നു. മാനസിക നില മെച്ചപ്പെട്ട ശേഷം ആശുപത്രി വിട്ട അവൾ ഇപ്പോൾ ഏകയായി താമസിക്കുകയായിരുന്നു. മറ്റാരും തയ്യാറാവാത്തതിനാൽ പുരുഷന്റെ റോൾ ഇൻ ഹേയുടെ ഭർത്താവ് തന്നെ ഏറ്റെടുത്തു. എന്നാൽ ചിത്രീകരണം കഴിഞ്ഞതോടെ അവർ തമ്മിലുള്ള ബന്ധം അറിഞ്ഞ ഇൻ ഹേ എമെർജെൻസി മെഡിക്കൽ സർവീസ് വിളിച്ച് രണ്ടുപേരെയും ആസ്പത്രിയിലാക്കി.
ഫ്ലേമിങ് ട്രീസ് (Flaming Trees) എന്ന മൂന്നാം ഭാഗം ഇൻ ഹേയെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. നോവൽ ഇതോടെ രണ്ടാം ഭാഗത്തിലേതിനേക്കാൾ അയഥാർത്ഥമായ ഒരു തലത്തിലേക്ക് നീങ്ങുന്നുണ്ട്. ആശുപത്രിയിലേക്ക് അനുജത്തിയെ കാണാൻ പോകുന്ന ഇൻ ഹേ ചിന്ത കാടുകയറി എല്ലാറ്റിനും താനാണ് കാരണക്കാരി എന്ന ഒരു കുറ്റബോധത്തിൽ അകപ്പെടുന്നു. ഭർത്താവ് അവളെയും മകനെയും പിരിഞ്ഞ് പോയി. അവളും ഇപ്പോൾ എന്തെല്ലാമോ സ്വപ്നങ്ങൾ കാണുവാൻ തുടങ്ങിയിരിക്കുന്നു.
ആശുപത്രിയിൽ യങ് ഹേ ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്. തീരെ ഭക്ഷണം കഴിക്കുവാൻ കൂട്ടാക്കാത്തതിനാൽ ശരീരം എല്ലും തോലുമായി. താൻ ഒരു മരം ആയി പരിണമിച്ചെന്നും തനിക്കിനി വെള്ളവും സൂര്യപ്രകാശവും മാത്രം മതിയെന്നും അവൾ വിശ്വസിച്ചു. പലപ്പോഴും കൈകൾ കുത്തി തലകീഴായി നിന്നു. കൈകൾ വേരുകളും കാലുകൾ ശാഖകളും പോലെ. ഇൻ ഹേ സ്നേഹപൂർവ്വം നിർബന്ധിച്ചിട്ടും ഡോക്ടറും സംഘവും ബലം പ്രയോഗിച്ചിട്ടും അവളെ ഭക്ഷണം കഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ സിറ്റിയിൽ വലിയ സംവിധാനങ്ങളുള്ള മറ്റൊരു ആസ്പത്രിയിലേക്ക് ഇൻ ഹേയുടെ കൂടെ അവളെ മാറ്റുന്നിടത്ത് നോവൽ അവസാനിക്കുന്നു.
രസകരമായി വായിച്ച് പോകാവുന്ന തരത്തിലാണ് ഈ നോവലിന്റെ ഇംഗ്ലീഷ് തർജമ. ഡെബോറ സ്മിത്ത് (Deborah Smith) എന്ന ബ്രിട്ടീഷുകാരിയാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ വെജിറ്റേറിയനിസവുമായി ഈ രചനയ്ക്ക് വലിയ ബന്ധമൊന്നുമില്ല. സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നും അല്പം മാറി സഞ്ചരിച്ചാൽ ഒരാൾ നേരിടുന്ന ക്രൂരമായ അനുഭവങ്ങൾ, ഒരു ചേച്ചിയ്ക്ക് അനുജത്തിയോടുള്ള അചഞ്ചലമായ സ്നേഹം, ഹിംസയ്ക്കും ക്രൂരതയ്ക്കും എതിരായി മനുഷ്യൻ പ്രകൃതിയിലേക്ക് തിരിയേണ്ടുന്നതിന്റെ ആവശ്യകത, അങ്ങിനെ പലതും ഈ നോവലിൽ നമുക്ക് വായിച്ചെടുക്കുവാൻ കഴിയും. പല അർത്ഥതലങ്ങൾ ഈ കൃതിയിൽ ഒളിഞ്ഞു കിടക്കുന്നു. വായനക്കാരന്ന് സ്വന്തം ഇഷ്ടപ്രകാരം അതെല്ലാം സ്വയം കണ്ടെത്താവുന്ന തരത്തിൽ എഴുത്തുകാരി ആ തലങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.


No comments:
Post a Comment