പർവൽ
(Photo Courtesy)
മുംബൈയിൽ
രാത്രി മുതൽ തോരാത്ത മഴയായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ മഴ മാറി. മകളുടെ
വീട്ടിൽ വിരുന്നു വന്ന ഞങ്ങൾ പകൽ മുഴുവൻ ഫ്ളാറ്റിൽ അടച്ച്
ഇരുന്നതിനാൽ വൈകുന്നേരം ഒന്ന് നടക്കുവാനായി പുറത്തിറങ്ങി. അടുത്ത് തന്നെ ഒരു ചെറിയ പാർക്ക് ഉണ്ട്. നടക്കുവാനും ചില്ലറ വ്യായാമത്തിനും എല്ലാം ഉള്ള സംവിധാനങ്ങൾ ഉണ്ട് അവിടെ. മഴ നിന്നെങ്കിലും അന്തരീക്ഷം
മഴക്കാലത്തിന്റേതായിരുന്നു.
ചേമ്പൂരിലെ തെരുവുകൾ ചളിയും വൃത്തികേടും പരന്ന് നനഞ്ഞു കിടന്നു.
റോഡിനിരുവശത്തും
ചെറിയ ചെറിയ കടകൾ ഉണ്ട്. എല്ലാം പഴക്കമുള്ളവ. സ്റ്റേഷനറി, ഇംഗ്ളീഷ് മരുന്നുകൾ, ഫാൻസി, ഇലെക്ട്രിക്കൽസ് അങ്ങിനെ എല്ലാം. കൂട്ടത്തിൽ പച്ചക്കറിയും. അപ്പോഴാണ് ഒരു പച്ചക്കറി കടയുടെ മുന്നിൽ ഒരു തട്ടിൽ പർവൽ (Pointed Gourd) കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുൻപ് വാരാണസി വാസത്തിനു ശേഷം ഇപ്പോഴാണ് ഈ പച്ചക്കറി കാണുന്നത്. വാങ്ങിയാലോ? ഉഷയ്ക്കും താല്പര്യമാവും.
നാട്ടിൽ
കിട്ടാത്ത പച്ചക്കറികൾ പരീക്ഷിച്ചു നോക്കാൻ വാരാണസി ജീവിത കാലത്ത് വലിയ താല്പര്യമായിരുന്നു. എങ്ങിനെ പാചകം ചെയ്യണമെന്ന് അറിയാത്തവയെപ്പറ്റി വർഷങ്ങളായി
അവിടെ താമസിക്കുന്ന വീട്ടുടമസ്ഥരോട് ചോദിച്ചു മനസ്സിലാക്കും. അങ്ങിനെ പരിചയപ്പെട്ട് എല്ലാവർക്കും ഇഷ്ടമായ ഒന്നായിരുന്നു പർവൽ. അതിനാൽ ഇടയ്ക്കിടെ പർവൽ തീൻമേശപ്പുറത്ത് എത്തുമായിരുന്നു. എന്നാൽ വാരാണസി വിട്ട ശേഷം അവൻ ഞങ്ങളുടെ ഓർമ്മയിൽ നിന്ന് തന്നെ മാഞ്ഞുപോയി.
പെട്ടെന്ന്
വാരാണസിയിൽ ഞങ്ങൾ താമസിച്ച
വീട്ടിനടുത്തുള്ള പച്ചക്കറി വില്പനക്കാരി എന്റെ ഓർമ്മയിൽ ഓടിയെത്തി. മാളുകളും ശീതീകരിച്ച കച്ചവട സ്ഥലങ്ങളും ഇല്ലാത്ത കാലമാണ്. ഭേലുപുരയിലെ റോഡരികിൽ പരത്തിവിരിച്ച ചാക്കുകളിലെ ഏതാനും ചെറിയ പച്ചക്കറി കൂനകൾക്കു പിന്നിൽ അവൾ ഇരിക്കും. ഇരു നിറത്തിൽ മെലിഞ്ഞ ചെറുപ്പക്കാരി. കഷ്ടിച്ച് നടക്കാറായ, മുഷിഞ്ഞ കുപ്പായം മാത്രമിട്ട അവളുടെ കുട്ടി അവിടെ മണ്ണിൽ ഇരുന്നും തത്തി നടന്നും കളിക്കുന്നുണ്ടാവും. അവൻ ദൂരേയ്ക്ക് നടക്കുമ്പോൾ അവൾ നീട്ടി വിളിക്കും: ഓ
മുന്നാ....
പച്ചക്കറി
വാങ്ങിക്കഴിഞ്ഞാൽ അവൾ കണക്ക് കൂട്ടുന്നത് കാണാൻ രസമാണ്. വാങ്ങിയ പച്ചക്കറി ഓരോന്നായി തൊട്ട് ഉറക്കെ പറയും: പാഞ്ച് റുപ്പിയ ഓർ സാഥ് റുപ്പിയാ......ബാരാ റുപ്പിയാ... ബാരാറുപ്പിയാ… പാഞ്ച് റുപ്പിയാ.. സത്രാ റുപ്പിയാ... സത്രാ റുപ്പിയാ… ആട്ട് റുപ്പിയാ...പച്ചീസ് റുപ്പിയാ...
പൈസ
വാങ്ങി ചാക്കിനടിയിൽ ഇട്ട് അവിടെ നിന്ന് തന്നെ ബാക്കിയും പെറുക്കി തരും. പിന്നെ കുറച്ച് മല്ലിയിലയും പച്ചമുളകും എടുത്ത് സഞ്ചിയിലേക്കിടും. ധനിയ മിർച്ച, ഫ്രീ.
ജീവിത
യാത്രയിൽ നമ്മൾ കണ്ടുമുട്ടുന്ന അപ്രസക്ത കഥാപാത്രങ്ങൾ! അവളും
കുട്ടിയും ഇപ്പോൾ എവിടെയോ, എങ്ങിനെയോ എന്തോ!
കാഴ്ചക്ക്
കോവക്ക പോലെ തന്നെയാണ് പർവ്വലും. ചെടിയും കോവൽ വള്ളി പോലെ തന്നെ. കായക്ക് തൊലിയും കാമ്പും നല്ല കട്ടിയാണെന്നു മാത്രം. കോവൽ കുടുംബത്തിലെ കാണ്ടാമൃഗം എന്ന് പറയാം. ഉള്ളിലെ കട്ടിയുള്ള കുരുക്കൾ കളഞ്ഞ് ചെറിയ നീണ്ട കഷണങ്ങളാക്കി സബ്ജിയോ സൂഖാ സബ്ജിയോ ഉണ്ടാക്കാം. ചപ്പാത്തിക്കോ ചോറിനോ അകമ്പടി സേവിക്കുവാൻ രണ്ടു പേർക്കും ഒരു വിഷമവുമില്ല. ഒരുപാട് പോഷക മൂല്യങ്ങൾ അടങ്ങിയ ഭക്ഷണമാണ് എന്നും പറയുന്നു.
പർവൽ
കൈസാ ഹൈ ഭായ്? കടക്കാരനോട്
ഞാൻ ചോദിച്ചു.
പച്ചീസ്
കാ പാവ്. അയാൾ പറഞ്ഞു.
കാൽക്കിലോ
ഇരുപത്തഞ്ച് രൂപ. അരക്കിലോ വാങ്ങി. കാൽ നൂറ്റാണ്ടിനു ശേഷം പഴയ രുചികൾ ഒരിക്കൽ കൂടി ആസ്വദിക്കുക തന്നെ.
ഉഷയും
മകളുമായുള്ള ഉന്നത
തല ചർച്ചയിൽ ചപ്പാത്തിയും ഗ്രേവിയുള്ള സബ്ജിയും
ആവാമെന്ന് ധാരണയായി.
വളരെക്കാലത്തിനു ശേഷം വരുന്ന അതിഥിയല്ലെ. നിർമ്മാണ പ്രക്രിയയിൽ പങ്കുചേരുവാനും അതിലുപരി നിർമ്മാണ പ്രക്രിയയ്ക്ക് സാക്ഷിയാകുവാനുമായി
ഞാനും അടുക്കളയിൽ പരുങ്ങി നിന്നു. പർവൽ പുറം ചുരണ്ടി കുരു കളഞ്ഞ് നീളത്തിൽ കഷണങ്ങളാക്കി. ചൂട് തട്ടിയാൽ കാണ്ടാമൃഗ സ്വഭാവമെല്ലാം വെടിഞ്ഞ് ഇവൻ സൗമ്യനാവും. കൂട്ടിന് അതേ നീളത്തിലുള്ള ഉരുളക്കിഴങ്ങ് കഷണങ്ങളും സൃഷ്ടിക്കപ്പെട്ടു. രണ്ടുപേരെയും പാനിൽ അല്പം എണ്ണയിൽ വാട്ടി എടുത്തു. പിന്നെ ഇഞ്ചിയും സവാള അരിഞ്ഞതും തക്കാളിയും, കറിമസാല മെമ്പർമാരെയും വാട്ടി എടുത്ത് മിക്സിയിൽ അരച്ചെടുത്തു. ചതഞ്ഞരഞ്ഞവർ വീണ്ടും എണ്ണ ഒഴിച്ചു ജീരകം പൊട്ടിച്ച ചൂടുപാനിലേക്ക്. അവരും എണ്ണയും തമ്മിൽ തെറ്റിപ്പിരിയുവാൻ അധികം നേരം
വേണ്ടിവന്നില്ല. അതോടെ പർവ്വലും സുഹൃത്തുക്കളും
പാനിലേക്കിറങ്ങി. കൂടെ മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി തുടങ്ങിയവരും സംഘം ചേർന്ന് സപ്പോർട്ടുമായി ഇറങ്ങുന്ന കാഴ്ചയാണ്
പിന്നീട് ഞാൻ കണ്ടത്. ഉപ്പും
വെള്ളവും ഒഴിച്ചശേഷം പാൻ അടക്കപ്പെട്ടു. തിളച്ചു മറിയുവാൻ വിധിക്കപ്പെട്ടവർ! ഒടുവിൽ അല്പം കസൂരി മേത്തിയും നനുന്നനെ അരിഞ്ഞ മല്ലിയിലയും കൂടി പാനിലേക്കിറങ്ങി ചെന്നതോടെ അടുക്കളയിൽ ഒരു വശ്യമായ ഗന്ധം പരന്നു. ആഹാ..! അതോടെ കാൽ നൂറ്റാണ്ട് പിറകോട്ട് താണ്ടി ഞാൻ വാരാണസിയിലെത്തി.
എന്ത്
അത്ഭുതം!
ഒരു
ഗന്ധം, ഒരു ഗാന ശകലം, മിന്നി മറയുന്ന ഒരു ദൃശ്യം, മഴ, മഞ്ഞ് പോലെ കാലാവസ്ഥയിലെ ഒരു ചെറിയ വ്യതിയാനം, ഒരു പ്രത്യേക രുചി.... അങ്ങിനെ എന്തെങ്കിലും ഒന്ന് മാത്രം മതി സമയരഥത്തെ കാൽ നൂറ്റാണ്ട് പുറകോട്ട് കൊണ്ടുപോകാൻ; പഴയ ഓർമ്മച്ചിത്രങ്ങൾ തെളിഞ്ഞു വരാൻ. പർവൽ കണ്ടപ്പോൾ വാരാണസി ദൃശ്യങ്ങൾ എന്നെ ഗ്രസിച്ച പോലെ…. പർവലിന്നു നന്ദി.
NB: ഇതിൽ കൊടുത്ത റെസിപ്പി പരീക്ഷിച്ചു നോക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും. ആധികാരികതയ്ക്ക് ഞാൻ യൂ ട്യൂബ് റെസീപ്പികൾ ശുപാർശ ചെയ്യുന്നു.


No comments:
Post a Comment