Monday, October 13, 2025

 

തൊഴുത്ത്

(Picture Courtesy: Internet)


പടർന്നു പന്തലിച്ച ഒരു നെല്ലി മരത്തിന്റെ ചുവട്ടിലായിരുന്നു തൊഴുത്ത്. ഓടിട്ട കെട്ടിടത്തിന്റെ തറ കരിങ്കല്ല് പാകിയതായിരുന്നു. അന്തേവാസികൾക്ക് മുന്ഭാഗത്തുള്ള പുല്ലുവട്ടിയിലേക്ക് തലയിട്ട് പുല്ലും വൈക്കോലും അതുപോലെ പൊന്നമ്പലേട്ടൻ തയ്യാറാക്കി കൊണ്ടുവരുന്ന തവിടിട്ട കഞ്ഞി, ആട്ടിയ പരുത്തികൊട്ട തുടങ്ങിയടുഡേയ് സ് സ്പെഷ്യൽകളും ഭക്ഷിക്കുന്നതിനായി മരം കൊണ്ടുള്ള അഴിയും കുറ്റിയും ഉണ്ടായിരുന്നു. നിരന്തരം അവരുടെ പരുക്കൻ തോലുരസി മര അഴികൾ മിനുസപ്പെട്ടു കഴിഞ്ഞിരുന്നു.

തൊഴുത്തിന് മുന്നിലായിരുന്നു വലിയ വൈലോൽ കുണ്ടകൾ. അതുകൊണ്ടുതന്നെ അന്തേവാസികൾ പട്ടിണിയുടെ ആശങ്കകളില്ലാതെ, മനസമാധാനത്തോടെ പുല്ലുവെട്ടിയിൽ നിന്നും കിട്ടുന്ന സാദയും സ്പെഷ്യലും കഴിച്ച്, പിന്നീട് കരിങ്കൽ തറയിൽ കിടന്ന് അയവെട്ടി അവയെ പുനരാസ്വദിച്ച് കഴിഞ്ഞു കൂടി.

ചെമ്പൻ, കാളി എന്ന് പേരുള്ള രണ്ട് പോത്തുകളും ഒരു പശുവും അവളുടെ മകൻ കുട്ടനും ആണ് തൊഴുത്തിലെ അന്തേവാസികൾ. വെളുത്ത് മിനുത്ത വലിയ ആകാരവും അകിടും ഉള്ള പശുവിനെ എല്ലാവരും നാടൻ ഭാഷയിൽ 'പയ്യ് ' എന്ന് മാത്രം വിളിച്ചു. അവളുടെ മകൻ കുട്ടൻ മിനുത്ത തവിട്ടു നിറക്കാരനായിരുന്നു. സുന്ദരൻ. വൈക്കോൽ കൂനകൾ പുകയൂതി നിൽക്കുന്ന ഒരു ധനുമാസ പ്രഭാതത്തിലായിരുന്നു അവന്റെ ജനനം.

പൊതുവെ കാലത്ത് രാവിലെ ഞങ്ങൾ എഴുന്നേൽക്കുന്നത് പെണ്ണുങ്ങളുടെ താളത്തിലുള്ള വൈക്കോൽ തല്ലുന്ന ശബ്ദം കേട്ടിട്ടായിരുന്നു. വെയിൽ ചൂടായി മഞ്ഞിന്റെ പുക മാറുന്നതിന് മുൻപ് തന്നെ അവരെത്തും. കൂനയിൽ നിന്നും വയ്ക്കോൽ മുറ്റത്ത് പരത്തും. പിന്നെ നിരന്നു നിന്ന് മുന്നോട്ടും പിന്നോട്ടും നടന്ന് വലിയ തോട്ടികൊണ്ട് വൈക്കോൽ അടിക്കും. താളാത്മകമായി. അതിൽ നിന്നും കിട്ടുന്ന നെല്ലിന്റെ പാതി അവർക്കുള്ളതാണ്.

 

എന്നാൽ അന്ന് രാവിലെ ഞങ്ങൾ കുട്ടികൾ ഉണർന്നെഴുന്നേറ്റപ്പോൾ പുറത്ത് ഭയങ്കര ബഹളമായിരുന്നു. മൊത്തത്തിൽ ഒരു ഉത്സവ പ്രതീതി. അമ്മയും അച്ഛമ്മയും പാറുക്കുട്ടി ഇളയമ്മയും അടുത്ത വീട്ടിലെ അമ്മാളുവമ്മയും രാമകൃഷ്ണേട്ടനും എല്ലാവരും ഉണ്ട് തൊഴുത്തിന് മുന്നിൽ. അമ്മ പറഞ്ഞു.

കുട്ട്യോളേ.... പയ്യ് പ്രസവിച്ചു... ചെക്കൻ കുട്ടി. വന്ന് നോക്കിൻ...…..”

മിനുത്ത തവിട്ടു നിറമുള്ള ദേഹവുമായി അവൻ കഷ്ടിച്ച് എഴുന്നേറ്റു നിൽക്കുകയായിരുന്നു. നെറ്റിയിൽ വെളുത്ത ചൂട്ടും. അവന്റെ അമ്മ അവനെ നക്കി തുവർത്തിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ അവന്റെ ദേഹം അതിവേഗം ഞെട്ടി വിറച്ചുകൊണ്ടിരുന്നു.

പൊന്നമ്പലേട്ടൻ തന്റെ പുതിയ സന്തതിയെക്കുറിച്ച് പെണ്ണുങ്ങൾ പറയുന്നതും കേട്ട് പുഞ്ചിരിയോടെ, കൃതാർത്ഥതയോടെ നിലകൊണ്ടു. ഇത്തരം സന്ദർഭങ്ങളിൽ അയാൾ തന്റെ മുകൾ വരിയിലെ നഷ്ടമായ ഒരു പല്ലിന്റെ ഒഴിവിലേക്ക് നാവുകൊണ്ട് തുഴയുക പതിവായിരുന്നു.

"ചവറ് വീണിട്ടില്യാലോ....? പയ്യ് തിന്നാതെ നോക്കണം. പാല് ണ്ടാവില്ലാ. കുഞ്ഞിമാളു വന്നാ അത് പാളയിലോ വാഴംപോളേലോ വല്ലോം കെട്ടി പാലക്കൊമ്പത്ത് കെട്ടിത്തൂക്കാൻ പറയണം. "

"പാലെന്നെ വേണം ന്ന് ഒന്നും ഇല്ല്യോ... പാലുള്ള ഏത് മരോം ആവാം..."

"ട്ടൗ പൊന്നമ്പലാ... കൊളപ്പെരേടെ തെക്കേ മുറി ഒഴിവാക്കീട്ട് കുട്ട്യേ അവടെ കെടാത്യാ മതി കൊറച്ച് ദിവസം. മേലേതൊടീൽ കുറുക്കന്മാർ ഇഷ്ടംപോലെ ഉണ്ട്. ഇന്നലേം കൂടി കണ്ടർക്കുണൂ പട്ടാ പകല് ഇറങ്ങി വരണ്....."

"അദൊക്കെ എനിക്കറിയാം. നിങ്ങളൊക്കെ കലപലാന്ന് ബഹളം കൂട്ടാതെ പയ്യിന് ത്തിരി തൗയിരം കൊടുക്കിൻ..... ". പൊന്നമ്പലേട്ടൻ തന്റെ അധികാരം പുറത്തെടുത്തു. അതോടെ പെണ്ണുങ്ങൾ പിൻവാങ്ങി. 

ദിവസവും വൈകുന്നേരം പൊന്നമ്പലൻ കുഞ്ഞിനെ തൊഴുത്തിൽ നിന്നും മാറോടടക്കി എടുത്ത് കുളപ്പുരയിലെ തെക്കേ മുറിയിലിട്ടു പൂട്ടി. മറ്റുള്ളവർ കുഞ്ഞിനെ തൊട്ടാൽ ആശങ്കയോടെ തുറിച്ചുനോക്കി വലിയ ശബ്ദത്തിൽ ഉഛ്വസിക്കുന്ന പശു പൊന്നംമ്പലേട്ടൻ എടുക്കുമ്പോൾ അത് ഗൗനിക്കാതെ ശാന്തയായി തന്റെ വൈക്കോൽ തീറ്റയോ അയവെട്ടലോ തുടർന്നു.

തന്നെ എനിക്ക് വിശ്വാസമാണെടോ..!

വിശ്വാസം ഊട്ടി ഉറപ്പിച്ച് പൊന്നമ്പലേട്ടൻ അതിരാവിലെ തന്നെ അവളുടെ കുട്ടിയെ മാറോടടക്കിപ്പിടിച്ച് തിരികെ കൊണ്ടുവന്നാക്കി.

വർഷത്തിലൊരിക്കൽ ചെമ്പനും കാളിയ്ക്കും കോഴിയെ കൊടുക്കുന്നതായിരുന്നു ഞങ്ങളെസ്സംബന്ധിച്ചിടത്തോളം തൊഴുത്തിൽ നടക്കുന്ന മഹാസംഭവം. കാളി എന്ന പേരുകേട്ട് എരുമയാണെന്ന് തെറ്റിദ്ധരിക്കരുതേ. അവന്റെ മുഴുവൻ പേര് കാളിദാസനെന്നോ കാളിചരൺ എന്നോ മറ്റോ ആയിരിക്കണം. കാളിദാസൻ തന്നെ. അക്കാലത്ത് ക്രിക്കറ്റോ ഹിന്ദി സിനിമയോ നാട്ടിൽ വ്യാപകമല്ലാത്തതിനാൽ ആരും കാളിചരൺ എന്ന പേര് കേൾക്കാൻ വഴിയില്ല. അങ്ങനെ അവർ സൗകര്യത്തിനായി ചെമ്പനും കാളിയും ആയി.

മേടം ഇടവം മാസങ്ങളിൽ ചെമ്പനും കാളിയും അരിയാനിപ്പാടത്ത് ഒരു നുകത്തിനു കീഴിൽ പണിയെടുത്തു. ഇടവപ്പാതി കഴിഞ്ഞ് വെള്ളം നിറഞ്ഞ് മാനം പ്രതിഫലിക്കുന്ന കണ്ടം നിരത്തുമ്പോൾ അവർ തകർത്തോടി. കണ്ടം നിരത്തുന്ന യുവാക്കളും വരമ്പത്ത് നിൽക്കുന്ന കാണികളും ഹരം കൊണ്ട് ആർത്തുവിളിച്ചു. പണി കഴിഞ്ഞ് അരിയാനി കുളത്തിൽ നീന്തിക്കുളിച്ചു.

ചെമ്പനും കാളിയും തികഞ്ഞ സസ്യഭുക്കുകൾ ആണ്. എങ്കിലും അവരെ നിർബന്ധിച്ച് വർഷത്തിലൊരിക്കൽ ആയുർവേദ മരുന്നുകളും മൂലികളും മറ്റും ചേർത്ത് ഉരലിൽ ഇട്ട് ഇടിച്ച കോഴി ഇറച്ചി തീറ്റിക്കുന്നതാണ് തൊഴുത്തിൽ നടക്കുന്ന ആ മഹാസംഭവം. പാടത്ത് വെള്ളത്തിലും ചെളിയിലും ദീർഘ നേരം നിന്ന് പണിയെടുക്കുന്ന അവർക്ക് അസുഖങ്ങൾ വരാതിരിക്കുവാനാണ് സുഖ ചികിത്സ.

യുവാക്കളായ രണ്ടുമൂന്നു പണിക്കാർ കൊമ്പുകളും മൂക്കുകയറും ബലമായി പിടിക്കും. പോത്തുകൾ കൊമ്പും തലയും വെട്ടിച്ച് തുറിച്ച കണ്ണുകളുമായി ശക്തിയുക്തം എതിർക്കും. ഒരാൾ ബലമായി വായ പിളർന്ന് ഇടിച്ച് ചെറിയ ഉരുളയാക്കിയ കോഴിയും മരുന്നും അണ്ണാക്കിലേക്ക് തള്ളിയിറക്കും. ഒടുവിൽ പ്രകൃതി വിരുദ്ധ ഭക്ഷണം ബലാൽക്കാരമായി അവരുടെ വയറ്റിലെത്തിക്കുമ്പോഴേക്കും രണ്ടുകൂട്ടരും ഒരുപോലെ തളർന്നിട്ടുണ്ടാവും.

ചടങ്ങിന്റെ ഒരു നാടകാവിഷ്കാരം പിറ്റേന്ന് കുളപ്പുരയിൽ നടക്കും. കൃഷ്ണമ്മാമൻ മഹിഷ വേഷം സ്വയം ഏറ്റെടുക്കും. ഞങ്ങൾ പണിക്കാരുടെതും.

നിങ്ങൾ വീട്ടിൽ പോയി കൊണ്ടാട്ടവും വർത്തപ്പേരിയും ഒക്കെ കൊണ്ടുവന്ന് കോഴിയെ കൊടുക്കുന്ന പോലെ എന്നെ നിർബന്ധിച്ച് തീറ്റണം. ഞാൻ പോത്തിനെ പോലെ കുതറും. വിടരുത്......”

സംവിധായകൻ കൂടിയായ കൃഷ്ണമാമൻ അഭിനേതാക്കൾക്ക് നിർദ്ദേശം തരും.

തലേദിവസം തൊഴുത്തിൽ കണ്ട ഭീകര ദൃശ്യത്തിൽ ഹരം കയറിയിരിക്കുന്ന ഞങ്ങളിൽ ഒരാൾ അടുക്കളയിൽ വീതിനപ്പുറത്ത് വറുത്തു കൂട്ടിയ കൊണ്ടാട്ടം പാറുക്കുട്ടി ഇളയമ്മയുടെ കണ്ണ് വെട്ടിച്ച് ട്രൗസർ പോക്കറ്റ് നിറച്ച് കൊണ്ടുവരും. ചക്കകൊണ്ടാട്ടമോ അരികൊണ്ടാട്ടമോ വാഴപ്പിണ്ടിയും അരിയും വിരകി ഉണ്ടാക്കുന്ന ഉണ്ടക്കൊണ്ടാട്ടമോ ഒക്കെ ആയിരിക്കും അത്. 

ഒരാൾ കൃഷ്ണമ്മാമന്റെ തല ബലമായി പിടിക്കും. മൂപ്പർ പോത്തിനെപോലെ തല വെട്ടിച്ച് പ്രതിഷേധിക്കുമ്പോൾ മറ്റെയാൾ വായ തുറപ്പിക്കാൻ നോക്കും. ഒടുവിൽ ഗത്യന്തരമില്ലാത്ത മട്ടിൽ മൂപ്പർ വായതുറന്ന് കൊണ്ടാട്ടം ഏറ്റു വാങ്ങും. സാധനം കഴിഞ്ഞാൽ വീണ്ടും അടുക്കളയിലേക്ക് ഓടും. അതിനിടയ്ക്ക് വീതിനപ്പുറത്തെ കൊണ്ടാട്ടക്കൂന ചെറുതായി ചെറുതായി വരുന്നത് പാറുക്കുട്ടി ഇളയമ്മയുടെ ശ്രദ്ധയിൽ പെടും. മൂക്കത്ത് വിരൽ വെച്ച് അവർ അമ്മയെ വിളിച്ച് പറയും:

കുട്ട്യോള് കൊണ്ടാട്ടം മുഴോൻ തീർത്തൂ ട്ട്വോന്ന് ചോറിന്ന് ഒന്നൂല്ല്യാ...

അതോടെ അമ്മ കുളപ്പുരയിലേക്ക് ഉറക്കെ വിളിച്ച് പറയും: കൃഷ്ണമ്മാമോ..... കൊണ്ടാട്ടം മുഴോൻ കഴിഞ്ഞു ട്ട്വോ... കളി മത്യാക്കിൻ. പോത്തിന് ഇനി അടുത്ത കൊല്ലം കോഴിയെ കൊട്ക്കാം......

അങ്ങനെ നാടകത്തിന് തിരശ്ശീല വീഴുന്നു.

No comments:

Post a Comment