Sunday, December 21, 2025

 

നൂറു തികയുന്ന 'ബാറ്റിൽഷിപ്പ് പോടെംകിൻ' (Battleship Potemkin)



Photo Courtesy: Wikipedia

Historical references: Wikipedia

(Spoiler Alert: Contains part of the film story)


റഷ്യൻ ക്ലാസ്സിക് സിനിമയായ 'ബാറ്റിൽഷിപ്പ് പോടെംകിൻ' (Battleship Potemkin) റിലീസായത് 1925 ഡിസംബർ ഇരുപത്തിഒന്നാം തിയ്യതി ആയിരുന്നു. കൃത്യം ഒരു നൂറ്റാണ്ട് മുൻപ്. സെർഗി ഐസെൻസ്റ്റൈൻ (Sergei Eisenstein) ആയിരുന്നു സിനിമയുടെ സംവിധായകൻ. കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചിരിക്കുന്ന ഇത് ഒരു നിശ്ശബ്ദ സിനിമയാണ്: പശ്ചാത്തല സംഗീതം ഉണ്ടെങ്കിലും കഥാപാത്രങ്ങളുടെ സംഭാഷണം ഇല്ല.

1905 സ്സാർ (Tsar) ഭരണത്തിനെതിരെ നടന്ന ആദ്യ റഷ്യൻ വിപ്ലവത്തിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് വിപ്ലവത്തിന്റെ യഥാർത്ഥ സംഭവങ്ങൾ ഉൾപ്പെടുത്തി ചിത്രം പിറവിയെടുക്കുന്നത്. അന്ന് കേവലം ഇരുപത്തേഴു വയസ്സുമാത്രം പ്രായമുള്ള സെർഗി ഐസെൻസ്റ്റൈനായിരുന്നു അത് സംവിധാനം ചെയ്യുവാനുള്ള നിയോഗം. പരിമിതമായ സാങ്കേതിക വിദ്യകൾ മാത്രം ഉള്ള അക്കാലത്ത് എങ്ങിനെ അദ്ദേഹം സിനിമ ഇത്രയും കുറ്റമറ്റ രീതിയിൽ ചിത്രീകരിച്ചു എന്ന് നൂറു വർഷങ്ങൾക്കിപ്പുറം ഇന്നും നമ്മെ അത്ഭുതപ്പെടുത്തും.

അഞ്ചു ഭാഗങ്ങളായി തിരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗമായ 'മെൻ ആൻഡ് മഗ്ഗോട്സ്' (Men and Maggots) യുദ്ധക്കപ്പലായ പോടെംകിനിൽ ആണ് നടക്കുന്നത്. ജപ്പാനുമായുള്ള യുദ്ധത്തിന് ശേഷം തിരിച്ചു വരികയാണ് പടക്കപ്പൽ. അതുകൊണ്ടു തന്നെ ഭക്ഷ്യ സാധനങ്ങൾ കുറവാണ്. അതേ സമയം കപ്പലിലെ സെയിലർമാർ പഴകി പുഴുവരിച്ച മാസം ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിന് എതിരെ പ്രതികരിക്കുന്നു. എന്നാൽ ഷിപ്പിലെ ഡോക്ടർ അത് ഉപ്പുവെള്ളം കൊണ്ട് കഴുകിയാൽ മതി; ഭക്ഷ്യയോഗ്യമാണെന്ന് വിധിക്കുന്നു. ഇതേ തുടർന്ന് കുറേപ്പേർ ഭക്ഷണം നിരാകരിക്കുന്നു. ഇതിനിടെ റഷ്യൻ വിപ്ലവത്തെ പിന്തുണക്കണം എന്ന ഒരു ചിന്താഗതിയും കപ്പൽ യോദ്ധാക്കൾക്കിടയിൽ ഉയർന്നു വരുന്നുണ്ട്. വാക്കുലിൻചുക്ക് (Vakulinchuk) എന്ന ആളാണ് അതിന് മുന്കയ്യെടുക്കുന്നത്

'ഡ്രാമ ഓൺ ദി ഡെക്ക്' (Drama on the deck) എന്ന രണ്ടാം ഭാഗത്തിൽ കപ്പലിലെ ഉയർന്ന ഉദ്യോഗസ്ഥൻ തലേദിവസം ഭക്ഷണം നിരാകരിച്ച സെയ്ലർമാരെ  ടാർപോളിൻ കൊണ്ട് മൂടി വെടിവെച്ച് കൊല്ലുവാൻ ഉത്തരവിടുന്നു. എന്നാൽ വാക്കുലിൻചുക്ക് വെടിവെക്കുവാൻ തയാറായി നിൽക്കുന്ന ഉദ്യോഗസ്ഥന്മാരെ പറഞ്ഞ് പിന്തിരിപ്പിക്കുന്നു. അതോടെ ഓഫീസർമാരും സെയിലർമാരും കയ്യാങ്കളിയിലേക്കും വെടിവെപ്പിലേക്കും എത്തുന്നു. എണ്ണത്തിൽ കൂടുതലുള്ള സെയിലർമാർ അഹങ്കാരികളായ ഭരണകൂടത്തിന്റെ ഓഫീസർമാരെയും പുരോഹിതനെയും കടലിൽ എറിഞ്ഞ് കപ്പലിന്റെ നിയന്ത്രണം കയ്യാളുന്നു. പക്ഷെ ഈ വിപ്ലവത്തിനിടയിൽ നേതാവായ വാക്കുലിൻചുക്ക് മരണപ്പെടുന്നു.

പോടെംകിൻ ഉക്രൈനിലെ ഒഡെസ എന്ന തുറമുഖത്തെത്തിയ ശേഷമുള്ള കഥയാണ് ' എ ഡെഡ് മാൻ കാൾസ് ഫോർ ജസ്റ്റിസ് ' (A dead man calls for justice) എന്ന മൂന്നാം ഭാഗത്തിൽ. സെയിലർമാർ വാക്കുലിൻചുക്കിന്റെ മൃതദേഹം ഒരു കൂടാരത്തിൽ കിടത്തി നെഞ്ചിൽ ഒരു ബോർഡുവെക്കുന്നു: "ഒരു സ്പൂൺ സൂപ്പിന് വേണ്ടി". ഈ സംഭവം ഒഡേസയിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുന്നു. വാക്ക്‌ലിൻചുക്കിന്ന് ഒരു നായക പരിവേഷം കിട്ടുകയും സർക്കാരിനെതിരെ പൊതുജന രോഷം ഉയരുകയും ചെയ്യുന്നു.    

തുറമുഖ നഗരമായ ഒഡേസ സമുദ്രതീരത്തു നിന്നും വളരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ നഗരത്തിൽ നിന്നും തുറമുഖത്തേക്ക് നേരിട്ട് ചെന്നെത്തുന്നതിനായി വളരെ വീതിയുള്ള പടിക്കെട്ടുകൾ നിർമ്മിക്കപ്പെട്ടു. ഇരുപതു മീറ്ററിലധികം വീതിയുള്ള ഇരുനൂറോളം പടിക്കെട്ടുകൾ. ഓരോ ഇരുപത് പടി കഴിഞ്ഞാലും കയറുന്നവർക്ക് കിതപ്പാറ്റാൻ നിരപ്പായ പത്ത് ഇടനിലങ്ങളും. അതിഗംഭീര ദൃശ്യഭംഗി ഒരുക്കുന്ന ആ പടിക്കെട്ടുകളിൽ വെച്ചാണ് നാലാം ഭാഗമായ "ഒഡേസ സ്‌റ്റെപ്സ്" (Odessa Steps) ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ വളരെ വികാരപരവും ഹൃദയസ്പർശിയുമായ ഒട്ടേറെ രംഗങ്ങൾ ഉണ്ട് ഭാഗത്ത്. നൂറുകണക്കിന് ആളുകളെ അണിനിരത്തിയ പല രംഗങ്ങളുടെയും ചിത്രീകരണം അത്ഭുതാവഹമാണ്. ചെറിയ ചെറിയ രംഗങ്ങൾ കോർത്തിണക്കി പ്രേക്ഷകനിൽ വലിയ പ്രഭാവം സൃഷ്ടിക്കുന്ന മൊണ്ടാഷ് (Montage) രീതി സംവിധായകൻ വളരെ വിജയകരമായി ഭാഗത്തു ഉപയോഗിച്ചിരിക്കുന്നു. വിപ്ലവം അടിച്ചമത്തുന്ന സർക്കാർ ശക്തികളുടെ ക്രൂരതയും അതിന് ഇരയാവുന്ന സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, അംഗവിഹീനർ തുടങ്ങിയവരുടെ നിസ്സഹായതയും പ്രേക്ഷക മനസ്സിലെത്തിക്കുവാൻ രീതി സഹായകമായി.

അഞ്ചാമത്തേയും അവസാനത്തേതുമായ ഭാഗത്തിന് 'വൺ എഗൈൻസ്റ് ഓൾ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഒഡേസയിൽ സർക്കാർ പട്ടാളത്തിന് കാര്യമായ നാശം വരുത്തുകയും ജനങ്ങളെ സർക്കാരിനെതിരായി സംഘടിപ്പുക്കുകയും ചെയ്ത പോടെംകിനെ നേരിടാൻ റഷ്യൻ പടക്കപ്പലുകൾ വരുന്നതായി വിവരം ലഭിക്കുന്നു. അതോടെ പോടെംകിലെ ഓരോ പോരാളിയും പടക്കപ്പലുകളെ നേരിടുവാൻ തയ്യാറെടുക്കുന്നു. വളരെ ഉദ്വേഗജനകമായി ആണ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവിൽ അപ്രതീക്ഷിത ക്ളൈമാക്സോടുകൂടിയാണ് ചിത്രം അവസാനിക്കുന്നത്.

മറ്റു ചില ചിത്രങ്ങൾക്കൊപ്പം ചിത്രത്തിനും IFFK 2025 പ്രദർശനാനുമതി കിട്ടാതിരുന്നത് വിവാദമായിരുന്നു. ശക്തമായ വിപ്ലവ സന്ദേശം ഉൾക്കൊള്ളുന്നതിനാൽ മുൻപും പല രാജ്യങ്ങളിലും ചിത്രം നിരോധിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണുന്നു. ആധുനിക കാലത്ത് അത്തരത്തിലൊരു ആവേശം പകരാനൊന്നും ചിത്രത്തിന് ആകില്ലെങ്കിലും അതിന്റെ കലാമേന്മ വർഷങ്ങളെ അതിജീവിക്കുക തന്നെ ചെയ്യുന്നു. അതുകൊണ്ടു തന്നെ സിനിമാ ചരിത്രത്തിലെ എണ്ണപ്പെട്ട ഒരു കലാസൃഷ്ടിക്ക് അതിന്റെ നൂറാം വാർഷികത്തിൽ നമ്മുടെ രാജ്യത്ത് ഒരു വിലക്കുണ്ടായത് ദൗർഭാഗ്യമെന്നേ പറയേണ്ടു. ചിത്രം യൂട്യൂബിൽ ലഭ്യമാണ്.  



Potemkin Stairs, Odesa, Ukrain.

Photo courtesy: Shutterstock


No comments:

Post a Comment